ഖുഫ്ഫ തടവല്‍
ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ഒരു ആരാധനയാണ് നിസ്കാരം. ഈ നിസ്കാരം സ്വഹീഹാകുന്നതിനുള്ള ശര്‍ത്വുകളില്‍ ഒന്നാണ് വുളൂഅ് ഉണ്ടായിരിക്കുക എന്നത്. വുളൂഇന്ന് ഒരു പ്രത്യേകരൂപം ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ പൂര്‍ണമായ വുളൂഅ് എടുക്കുന്നതില്‍ ചില റുഖ്സ്വ(വിട്ടുവീഴ്ച)കള്‍ ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു റുഖ്സ്വയാണ് രണ്ട് കാലുകള്‍ ഞെരിയാണി വരെ കഴകുന്നതിന് പകരം ഖുഫ്ഫ(കാലുറ)യുടെ മേല്‍ തടവിയാല്‍ മതി എന്നത്. ഇതിന് ധാരാളം തെളിവുകള്‍ നബി(സ്വ)യുടെ പ്രവൃത്തിയിലും വാക്കുകളിലും കാണാന്‍ സാധിക്കും.
ഇമാം ബുഖാരിയും ഇമാം മുസ്ലിമും (റ) മുഗീറത്ബ്നു ശുഅ്ബ (റ) വില്‍ നിന്നുദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം നബി(സ്വ) മലമൂത്രവിസര്‍ജ്യത്തിന് പുറപ്പെട്ടു. അപ്പോള്‍ ഞാന്‍ ഒരു വെള്ളപ്പാത്രവുമായി നബി(സ്വ)യെ അനുഗമിച്ചു. ആവശ്യ നിര്‍വഹണത്തിനു ശേഷം നബി(സ്വ) വുളു ചെയ്തു കാലുറ തടവുകയും ചെയ്തു.
ചില സന്ദര്‍ഭങ്ങളില്‍ ഖുഫ്ഫ തടവല്‍ നിര്‍ബന്ധമാവുകയും ചെയ്യും. ഉദാഹരണമായി, ഒരു മനുഷ്യന്‍ ധരിച്ച രണ്ട് ഖുഫ്ഫയും അഴിച്ച് രണ്ട് കാലും കഴുകുമ്പോഴേക്ക് നിസ്കാരത്തിന്റെ വഖ്ത്(സമയം) നഷ്ടപ്പെട്ടു പോകും എന്ന് ഉറപ്പായി, അല്ലെങ്കില്‍ രണ്ട് കാലും കഴുകാന്‍ മതിയാവുന്നത്രവെള്ളം ഇല്ലാതെ വന്നു. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ കാല്‍ കഴുകുന്നതിന് പകരമായി ഖുഫ്ഫ തടവല്‍ നിര്‍ബന്ധമായി വരും. എന്നാല്‍ ഇങ്ങനെ ഖുഫ്ഫയെ തടവല്‍ അനുവദിക്കപ്പെട്ടതിന് നിശ്ചിത സമയ പരിധിയും ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്. യാത്രക്കാരന് മൂന്ന് രാപ്പകലും നാട്ടില്‍ താമിസിക്കുന്നവന് ഒരു ദിവസവുമാണ് അനുവദിക്കപ്പെട്ട സമയം. ഈ നിശ്ചിത സമയം കഴിഞ്ഞാല്‍ അത് ഊരിയെടുത്ത് വീണ്ടും കാല് രണ്ടും കഴുകി മേല്‍ പ്രകാരം തുടരാം.
അബൂഹുറൈറ (റ) വില്‍ നിന്ന് ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇത് പറഞ്ഞിട്ടുണ്ട്. ഇതേ അഭിപ്രായം കര്‍മശാസ്ത്ര പണ്ഢിതനായ ഇമാം ഇബ്നു ഹജര്‍(റ) അവിടുത്തെ തുഹ്ഫ (1/244) ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇതേ അഭിപ്രായം തന്നെ ഹനഫി മദ്ഹബിലെ ഭൂരിപക്ഷം പണ്ഢിതന്മാരും പറഞ്ഞതായി ഇമാം നവവി(റ) ശരഹുല്‍ മുഹദ്ദബില്‍(1/483) പറഞ്ഞത് കാണാം.
എന്നാല്‍ മാലിക് മദ്ഹബില്‍ ഭൂരിപക്ഷം പണ്ഢിതന്മാരും ഖുഫ്ഫ തടവുന്നത് നിശ്ചിത സമയമില്ലെന്നും അവ അഴിക്കുന്നതുവരെയോ വലിയ അശുദ്ധി ഉണ്ടാവുന്നത് വരെയോ തടവാം എന്ന അഭിപ്രായമുള്ളവരാണ് (മജ്മൂഅ് 1/484). തടവുന്ന കാലയളവില്‍ ഫര്‍ളും സുന്നത്തും നേര്‍ചയും ഖളാഉം എത്രയും നിസ്കരിക്കാം എന്ന വിഷയത്തിലും പണ്ഢിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല(ശറഹുല്‍ മുഹദ്ദബ്. 1/481). ഖുഫ്ഫ ധരിച്ച ശേഷമുണ്ടാവുന്ന മൂത്രം, ഉറക്കം, അന്യസ്ത്രീ സ്പര്‍ശം മുതലായ അശുദ്ധി മുതലാണ് നിശ്ചിത സമയത്തിന്റെ തുടക്കം (തുഹ്ഫ. 1/244,5).
എന്നാല്‍ അശുദ്ധിക്കാരനായി, നാട്ടില്‍ വെച്ച് തടവല്‍ തുടങ്ങി ഒരു ദിവസം പൂര്‍ത്തിയാവുന്നതിന് മുമ്പ് അയാള്‍ യാത്ര തുടങ്ങിയാല്‍ ശാഫി, മാലികി, ഹമ്പലി എന്നീ മദ്ഹബ് പ്രകാരം ഒരു ദിവസത്തെ തടവല്‍ പൂര്‍ത്തിയാക്കാം. എന്നാല്‍ ഹനഫി മദ്ഹബ് പ്രകാരം യാത്രക്കാരന്റെ സമയപരിധി അവന് ലഭിക്കും (മജ്മൂഅ്. 1/488). ഇതുപോല ത്തന്നെ യാത്രയില്‍ ഖുഫ്ഫ തടവി നാട്ടിലെത്തിയവനും ഖുഫ്ഫ തടവിയത് യാത്രയിലോ നാട്ടിലോ എന്ന് സംശയിച്ചാലും നാട്ടില്‍ താമസിക്കുന്നവന്റെ യാത്രപരിധിയേ ലഭിക്കൂ (തുഹ്ഫ 1/255). ഖുഫ്ഫ തടവുന്നതിന്റെ പരിധി കഴിഞ്ഞോ ഇല്ലയോ എന്ന് സംശയിച്ചാല്‍ പിന്നെ തടവാന്‍ പാടുള്ളതല്ല( തുഹ്ഫ 1/255). അശുദ്ധിയുണ്ടായത് ളുഹ്റിന്റെ സമയത്തോ അസ്വറിന്റെ സമയത്തോ എന്ന് സംശയിച്ചാല്‍ ളുഹ്റിന്റെ സമയത്തെന്ന് തീരുമാനിച്ച് അതനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കണം (ശറഹുല്‍ മുഹദ്ദബ് 1/490). ഖുഫ്ഫ തടവുന്ന കാലയളവില്‍ വലിയ അശുദ്ധി ഉണ്ടായാല്‍ ഖുഫ്ഫ അഴിച്ച് കാല്‍കഴുകല്‍ നിര്‍ബന്ധമാണ്.
നിബന്ധനകള്‍
ഖുഫ്ഫ തടവല്‍ അനുവദനീയമാവണമെങ്കില്‍ ഒരുപാട് നിബന്ധനകള്‍ മേളിച്ചിരിക്കണം. ഒന്ന്: ഖുഫ്ഫകള്‍ രണ്ട് അശുദ്ധിയില്‍ നിന്നും പൂര്‍ണമായും ശുദ്ധിയായതിന് ശേഷം ധരിച്ചതായിരിക്കണം (തുഹ്ഫ 1/247). ഇങ്ങനെയാവു മ്പോള്‍ ഒരു കാല്‍ കഴുകി അതില്‍ ഖുഫ്ഫ ധരിച്ചു, ശേഷം മറ്റേ കാല്‍ കഴുകി അതിലും ഖുഫ്ഫ ധരിച്ചാല്‍ ഒന്നാമത്തേത് ഊരി വീണ്ടും ധരിച്ചില്ലെങ്കില്‍ അവിടെ തടവല്‍ അനുവദനീയമല്ല. കാരണം ഒന്നാമത്തേത് തടകിയത് ശുദ്ധിപൂര്‍ത്തിയാവുന്നതിന്ന് മുമ്പാണ് (തുഹ്ഫ് 1/248). രണ്ട്: ഖുഫ്ഫ ശുദ്ധിയുള്ളതായിരിക്കുക. നജസു കൊണ്ടുണ്ടാക്കിയ ഖുഫ്ഫ തടവല്‍ അനുവദനീയമല്ല. ഖുഫ്ഫ നജസായതാണെങ്കില്‍ ആ നജസ് ഇളവ് നല്‍ക പ്പെടാത്തതുമാണെങ്കില്‍ തടവല്‍ അനുവദനീയമല്ല. ഇനി ഇളവ് നല്‍കപ്പെടുന്ന നജസാണെങ്കില്‍ നജസില്ലാത്ത സ്ഥലം തടവിയാല്‍ സാധുവാകും. നജസുള്ള സ്ഥലം തടവി വെള്ളവും നജസും കൂടിക്കലര്‍ന്നാല്‍ അത് അനുവദ നീയമല്ല (തുഹ്ഫ 1/249).
നായയുടെയോ, പന്നിയുടെയോ, ഊറക്കിടാത്ത മറ്റു ശവങ്ങളുടെയോ തോലുകൊണ്ടുള്ള ഖുഫ്ഫ തടവാന്‍ പറ്റില്ല എന്നതില്‍ പണ്ഢിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഇല്ല (ശറഹുല്‍ മുഹദ്ദബ് 1/510). മൂന്ന്: കാലില്‍ നിന്ന് കഴു കല്‍ നിര്‍ബന്ധമുള്ള ഭാഗം മുഴുവന്‍ ഖുഫ്ഫ കൊണ്ട് മറഞ്ഞിരിക്കണം. നാല്: കാലിലേക്ക് വെള്ളമൊഴിച്ചാല്‍ ഉള്ളി ലേക്ക് വെള്ളമിറങ്ങാന്‍ പഴുതില്ലാത്ത രൂപത്തിലുള്ളതായിരിക്കണം. എന്നാല്‍ ഉള്‍ഭാഗം കാണുന്ന ഗ്ളാസ് പോലുള്ള വസ്തുകൊണ്ടുണ്ടാക്കിയ ഖുഫ്ഫ ധരിച്ച് നടക്കാന്‍ സാധ്യമാണെങ്കില്‍ അത് തടവുന്നതിന്ന് വിരോധമില്ല. ഇത് ഔ റത്ത് മറക്കുന്നതിന് വിപരീതമായ മസ്അലയാണ്. കാരണം ഇവിടെ വെള്ളം ഉള്ളിലേക്ക് ചേരുന്നത് തടയുന്നതാവ ണം എന്നേ ഉദ്ദേശ്യമുള്ളു (തുഹ്ഫ 1/248). അഞ്ച്: ഖുഫ്ഫ ധരിച്ച് തന്റെ ആവശ്യനിര്‍വഹണത്തിന് മുഴുവനും നട ക്കാന്‍ സൌകര്യമുള്ളതാവണം (അഥവാ അത് ഊരാതെ തന്നെ എല്ലാറ്റിനും സാധിക്കണം). ഈ പറയപ്പെട്ട നിബന്ധ നകള്‍ മുഴുവനും മേളിക്കുകയാണെങ്കില്‍ കാല്‍ കഴുകുന്നതിന് പകരം ഖുഫ്ഫയുടെ മേല്‍ തടവുന്നത് വിരോധമില്ല.
ഇതില്‍ നിന്ന് ഏതെങ്കിലും ഒരു നിബന്ധന ഇല്ലാതായാല്‍ തടവല്‍ അനുവദനീയമല്ല.
ആധുനിക സോക്സ് തടവുന്നതിന്റെ വിധി
ഇതുവരെ നാം ചര്‍ച ചെയ്തത് പഴയ കാലത്ത് ആളുകള്‍ വ്യാപകമായി ധരിച്ചിരുന്ന ഖുഫ്ഫയെ കുറിച്ചാണ്. ഈ ഖുഫ്ഫ നിര്‍മിക്കുന്നത് തോല്‍, തൂവല്‍, മുടി, പഞ്ഞി പോലോത്ത വസ്തുക്കള്‍ കൊണ്‍ടാണ്. ഇതില്‍ തോല്‍ അല്ലാ ത്ത വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കിയതിന് ജൌറബ് എന്നാണ് പറയുക. ഇതാണ് നാം സോക്സ് കൊണ്‍ട്് ഉദ്ദേശി ക്കുന്നതും.
എന്നാല്‍ മേല്‍ പറഞ്ഞ നിബന്ധനകള്‍ വെച്ച് നോക്കിയാല്‍ ആധുനിക സോക്സ് ധരിച്ചാല്‍ അതിന് മുകളില്‍ തടവി യാല്‍ മതിയാവുകയില്ല എന്ന് വളരെ വ്യക്തമായി ബോധ്യപ്പെടും. കാരണം ഉള്ളിലേക്ക് വെള്ളം ചേരാതിരിക്കുക, അത് മാത്രം ധരിച്ച് പുറമെ ചെരിപ്പ് ധരിക്കാതെ ആവശ്യപൂര്‍ത്തികരണത്തിന് മുഴുവനും നടക്കാന്‍ കഴിയുക തുടങ്ങിയ നിബന്ധനകള്‍ ഒരിക്കലും ഇതില്‍ മേളിക്കുന്നില്ല.
ഇമാമാം നവവി(റ) പറയുന്നു: ഒരാള്‍ ജൌറബ് ധരിച്ചാല്‍ രണ്ട് നിബന്ധനകളോട് കൂടി അതിന്മേല്‍ തടവല്‍ അനുവ ദനീയമാകുന്നതാണ്. ഒന്ന്: ജൌറബ് നല്ല കട്ടിയുള്ളതാവണം. നേര്‍മയുള്ളതാവാന്‍ പാടില്ല. രണ്ട്: ചെരിപ്പില്‍ നട ക്കാന്‍ കഴിയുന്നത് പോലെ അതിന്മേല്‍ സ്വന്തം നടക്കാന്‍ സാധിക്കണം (ശറഹുല്‍ മുഹദ്ദബ്). ഈ രണ്ട് നിബന്ധന യും ആധുനിക സോക്സില്‍ യോജിക്കുന്നില്ല എന്നത് ഉറപ്പാണ്. അതു കൊണ്‍ട്് തന്നെ ഒരിക്കലും ജൌറബിന്റെ മേല്‍ തടവിയാല്‍ അത് ശരിയാവുകയുമില്ല. ഇതേ അഭിപ്രായം തന്നെ (കുര്‍ദി 1/95) ലും ഉദ്ദരിച്ചിട്ടുണ്ട്.
ഹനഫീ മദ്ഹബില്‍ തടവല്‍ ശരിയാവണമെങ്കില്‍ അത് ധരിച്ച് ഒരു ഫര്‍സഖില്‍ കൂടുതല്‍ നടക്കാന്‍ സാധിക്കണം. (ഫര്‍സഖ് 3 മൈല്‍). മാലിക് മദ്ഹബില്‍ തടവല്‍ ശരിയാവണമെങ്കില്‍ തന്നെ ഖുഫ്ഫ തോലിന്റേതാകണം എന്ന് നിര്‍ബന്ധം ഉണ്ട്. ഹമ്പലി മദ്ഹബില്‍ തടവല്‍ ശരിയാവണമെങ്കില്‍ അത് ധരിച്ച് നടക്കാന്‍ കഴിണം. പ്രത്യേക വഴിദൂരം ഒന്നും അവര്‍ നിശ്ചയിച്ചിട്ടില്ല. നാട്ട് നടപ്പാണ് അതില്‍ അവലംബമെന്നവര്‍ പറഞ്ഞു(മദാഹിബുല്‍ അര്‍ബഅ 1/141).
ചുരുക്കത്തില്‍ നാല് മദ്ഹബനുസരിച്ചും ആധുനിക സോക്സ് തടവിയാല്‍ ശരിയാവുകയില്ല്. കാരണം ഒരു മദ്ഹ ബിലും പറഞ്ഞ നിബന്ധനകള്‍ അതില്‍ ഒരുമിച്ച് കൂടിയിട്ടില്ല. എന്നാല്‍ ഇന്ന് പലയാളുകളും ഇങ്ങനെ സോക്സിന്റെ മേല്‍ തടവുന്നുണ്‍ട്്. ഇത് വിവരമില്ലാത്തത് കൊണ്ടാണ്. ആരെങ്കിലും ചെയ്യുന്നത് നോക്കി അവരെ അനുകരിക്കാന്‍ നമുക്ക് നിവൃത്തിയുള്ളതല്ല. ഏതൊരു പ്രവൃത്തിയും നാലാലൊരു മദ്ഹബനുസരിച്ച് സ്വഹീഹാവല്‍ ശര്‍ത്വാണ്. ഈ വിഷയത്തില്‍ ഒരു മദ്ഹബിന്റെയും പിന്‍ബലം ഇല്ലാത്തത് കൊണ്‍ട്് ഒരിക്കലും ശരിയാവുകയില്ല. ഇതിന് പുറമെ ജൌറബിനെ കുറിച്ച് ഖുഫ്ഫ എന്ന പേര് പറയാറില്ല എന്നത് കൊണ്ട് തന്നെ ഏത് ജൌറബിന്റെ മേലിലും തടവല്‍ ശരിയാവുകയില്ല എന്നാണ് പല പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്.
തടവേണ്‍ട രൂപം
തടവുന്ന സമയത്ത് ഊരുകയോ പാദം വെളിവാവുകയോ ചെയ്യരുത് ഇടതു കൈ വിരലുകള്‍ വിടര്‍ത്തി മടമ്പിന്റെ താഴ്ഭാഗത്തും വലതു കൈ വിരലുകള്‍ കാല്‍ വിരലുകളുടെ മുകള്‍ ഭാഗത്തും വെച്ച് വലതു കൈ കാലിന്റെ വണ്ണ വരെയും ഇടതു കൈ കാല്‍വിരലുകള്‍ വരെയും നീക്കണം. ഇതാണ് പൂര്‍ണ രൂപം. എന്നാല്‍ ഖുഫ്ഫയുടെ മുകള്‍ ഭാഗത്ത് നിന്നും കാലിന്റെ കഴുകല്‍ നിര്‍ബന്ധമായ സ്ഥലത്തിന് നേരെയുള്ള ഭാഗത്തു നിന്നും അല്‍പം മാത്രം തടവിയാലും മതിയാവുന്നതാണ്.
ഖുഫ്ഫ തടവല്‍ അനുവദനീയമായ കാലയളവില്‍, അവ രണ്‍ടും അഴിച്ചോ ഒന്നഴിച്ചോ അല്ലെങ്കില്‍ കെട്ടഴിഞ്ഞോ മറ്റോ കാലില്‍ നിന്നും അല്‍പം വെളിവായാല്‍ തടവല്‍ അനുവദനീയമല്ല. വെളിവായത് എത്ര കുറച്ചാണെങ്കിലും ശരി. എന്നാല്‍ അത് അഴിച്ചാല്‍ വുളു മുറിഞ്ഞിട്ടില്ലെങ്കില്‍ കാല്‍ കഴുകിയാല്‍ മതി. മുമ്പുള്ളതൊന്നും ആവര്‍ത്തിക്കേണ്ട തില്ല (തുഹ്ഫ 1/256).
കൈവിരല്‍ കൊണ്‍ട് തന്നെ തടവണം എന്നില്ല. മരക്കഷ്ണം, തുണിക്കഷ്ണം തുടങ്ങിയ ഏതെങ്കിലും വസ്തുക്കള്‍ കൊണ്ട് തടവിയാലും മതിയാവുന്നതാണ്. തടവല്‍ ആവര്‍ത്തിക്കല്‍ സുന്നത്തില്ല. മൂന്ന് പ്രാവശ്യം തടവല്‍ ഉത്ത മത്തിന് വിരുദ്ധമാണ് (ശറഹു ബാ ഫള്ല്‍ 1/98,99).
ഹമ്പലി മദ്ഹബ് പ്രകാരം ഖുഫ്ഫയുടെ ഉള്ളിലോ അടിഭാഗത്തോ നജസുണ്‍ടാവുകയും ഊരല്‍ കൂടാതെ നജസിനെ നീക്കല്‍ ബുദ്ധിമുട്ടാവുകയും ചെയ്താല്‍ അതിന്റെ മേല്‍ തടവിയാല്‍ സ്വഹീഹാകുന്നതാണ്. ഹനഫി മദ്ഹബ് പ്രകാരം വിടുതി നല്‍കപ്പെടുന്ന നജസാണെങ്കില്‍ തടവല്‍ സ്വഹീഹാകുന്നതാണ്.
ഉള്വ്ഹിയ്യത്തും മറ്റും അറവുകളും
ഹാജിമാര്‍ക്ക് പെരുന്നാള്‍ ദിവസം ചെയ്യാനുള്ള നാല് പ്രധാനകര്‍മ്മങ്ങളില്‍ ഒന്ന് അറുക്കലാണ ല്ലോ. ഹാജിമാര്‍ക്ക് മൂന്ന് വിധത്തില്‍ അറവുണ്ടാകാം.
ഉള്ഹിയ്യത്ത്: പെരുന്നാളിനോടനുബന്ധിച്ച് ഹാജിമാര്‍ക്കും അല്ലാത്തവര്‍ക്കും ശക്തിയായ സുന്നത്തുള്ള അറവാണിത്. ഹാജിമാര്‍ക്ക് ഉള്ഹിയ്യത്ത് പ്രത്യേകം നിര്‍ബന്ധമില്ല. ദാനധര്‍മ്മങ്ങള്‍ക്കും സദ്കര്‍മ്മങ്ങള്‍ക്കും കൂടുതല്‍ പുണ്യം ലഭിക്കുന്ന സന്ദര്‍ഭവും സ്ഥലവും സമയവുമാണ് ഹജ്ജ് വേള. അതിനാല്‍ സാധിക്കുന്നവര്‍ ഉള്ഹിയ്യത്ത് അറുക്കേണ്ടതാണ്. ആട്, മാട്, ഒട്ടകം എന്നിവയിലൊന്നാണ് അറുക്കേണ്ടത്. ഒട്ടകമോ, മാടോ ആണെങ്കില്‍ ഏഴുപേര്‍ക്കുകൂടി ഒന്ന് മതിയാകും. ആടില്‍ ഒരാളില്‍ കൂടുതലാകാന്‍ വകുപ്പില്ല.
ബലിമൃഗത്തിന്റെ നിബന്ധനകള്നെയ്യാടിന് ഒരു വയസ്സും കോലാടിനും മാടിനും രണ്ടുവയസ്സും ഒട്ടകത്തിനു അഞ്ചു വയസ്സും തികഞ്ഞിരിക്കണം. പറയത്തക്ക ന്യൂനതകള്‍ ഇല്ലാത്തതും നിശ്ചിത പ്രായം തികഞ്ഞതും ആക ല്‍ ബലിമൃഗത്തിന്റെ നിബന്ധനകളാണ്.
ബലിയുടെ സമയം
പെരുന്നാള്‍ ദിനം സൂര്യനുദിച്ച് ചുരുങ്ങിയ രണ്ട് റക്അത്തിനും രണ്ട് ഖുത്വുബക്കും മതിയാകുന്നത്ര സമയം കഴിഞ്ഞാല്‍ ബലി അറുക്കാന്‍ സമയമായി. ദുല്‍ഹജ്ജ് പതിമൂന്നിന്റെ സൂര്യാസ്തമയം വരെ സമയമുണ്ട്. രാത്രി അറുക്കല്‍ ഉപേക്ഷിക്കുന്നത് നല്ലതാണ്.
ഹാജിമാര്‍ പെരുന്നാള്‍ ദിനം ജംറ എറിഞ്ഞയുടനെ, മുടിയെടുക്കുന്നതിന് മുമ്പ് മിനയില്‍ വെച്ച് അറുക്കലാണുത്തമം. മിനയില്‍ അറവിനു സജ്ജമാക്കിയ വിശാലമായ പ്രത്യേക സ്ഥലവും സൌകര്യങ്ങളുമുണ്ട്. മന്‍ഹര്‍ എന്നാണ് അതിനു പറയുക. അതിനു തൊട്ടടുത്തായി ബലിമൃഗങ്ങളെ വിലക്കുവാങ്ങാന്‍ വിപുലമായ ചന്തയുമുണ്ട്.
നേര്ച്ചയാക്കിയാല്നേര്ച്ചയാക്കിയാല് ഉള്ഹിയ്യത്ത് നിര്‍ബന്ധമായിത്തീരും. നിര്‍ബന്ധമായ ഉള്ഹിയ്യത്തിന്റെ മാം സം സ്വയം ഭക്ഷിക്കാനോ തോല് പോലുള്ളവ സ്വന്തം ഉപയോഗിക്കുവാനോ പാടില്ല. മുഴുവനും വിതരണം ചെയ്യേണ്ടതാണ്.
സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്ന് അല്‍പ്പമെങ്കിലും ധര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണ്. ബാക്കി മുഴുവന്‍ സ്വയം ഭക്ഷിക്കാം. അല്‍പ്പം സ്വയം ഭക്ഷിക്കാനെടുത്ത് ബാക്കി മുഴുവന്‍ പാവങ്ങള്‍ക്ക് ധര്‍മ്മം ചെയ്യലാണ് ഏറ്റവും ശ്രേഷ്ഠമായത്. ഉള്ഹിയ്യത്തിന്റെ ഒന്നും വില്‍ക്കാനോ പണിക്കാര്‍ ക്ക് കൂലിയായി കൊടുക്കാനോ പാടില്ല. അയ്യാമുത്തശ്രീഖ് കഴിഞ്ഞാല്‍ ആ വര്‍ഷത്തെ സുന്നത്തായ ഉള്ഹിയ്യത്തിന്റെ സമയം നഷ്ടപ്പെട്ടു. നേര്‍ച്ചയാക്കിയതാണെങ്കില്‍ ഖള്വാഅ് വീട്ടണം.
ഹദ്യഹാജിമാരുമായി ബന്ധപ്പെടുത്തി വിശുദ്ധ ഖുര്‍ആന്‍ കൂടുതല്‍ പരാമര്‍ശിച്ച ബലിയാണിത്. നേര്‍ച്ചയാക്കിയതോ അല്ലാതെയോ മക്കയില്‍ അറുത്ത് വിതരണം ചെയ്യാന്‍ ഹാജിമാര്‍ കൊണ്ടുപോകുന്ന ബലിമൃഗത്തിന് പൊതുവെ ഹദ്യ് എന്ന് പറയുന്നു. മക്കാശരീഫിലേക്ക് പോകുന്നവര്‍ കഴിയുമെങ്കില്‍ ആട്, മാട്, ഒട്ടകങ്ങളില്‍ വല്ലതിനെയും ഹദ്യ് ആയി കൂടെ കൊ ണ്ടുപോകല്‍ സുന്നത്താണ്. ഹജ്ജത്തുല്‍ വിദാഇല്‍ മഹാനായ നബി(സ്വ) നൂറ് ഒട്ടകത്തെ ഹദ്യായി കൊണ്ടുപോയിരുന്നു. ഉള്ഹിയ്യത്തിന്റെ മൃഗത്തിന് വിവരിക്കപ്പെട്ട വിധികളെല്ലാം ഹദ് യിനും ബാധകമാണ്. ഹദ്യ് കൊണ്ട് പോയവര്‍ക്കും ഉള്ഹിയ്യത്ത് സുന്നത്തുണ്ട്.
ഫിദ്യഹജ്ജിലോ ഉംറയിലോ സംഭവിച്ചേക്കാവുന്ന ന്യൂനതകള്‍ പരിഹരിക്കാനായി നല്‍കപ്പെടുന്ന അറവാണ് ഫിദ്യ. അത് അറുക്കേണ്ട സമയം ന്യൂനത സംഭവിച്ചത് മുതല്‍ ആരംഭിക്കും. തമത്തുഅ്, ഖിറാന്‍ എന്നിവക്കുള്ള ഫിദ്യയും മറ്റു നിര്‍ബന്ധമായ അറവുകളും പെരുന്നാള്‍ ദിവസം മിനയില്‍വെച്ച് ഉള്വ്ഹിയ്യത്തിന്റെ സമയത്ത് അറുക്കലാണ് സുന്നത്ത്.
തമത്തുഉകാര്‍ക്ക് ഹജ്ജിന് ഇഹ്റാം ചെയ്തത് മുതലാണ് അറവ് നിര്‍ബന്ധമാകുന്നതെങ്കിലും മക്കയിലെത്തി ഉംറ ചെയ്തു വിരമിച്ച ശേഷം ഹജ്ജിന്റെ ഇഹ്റാമിനു മീഖാത്തിലേക്ക് പോകാനുദ്ദേശിക്കാത്തവര്‍ എപ്പോള്‍ അറുത്തുകൊടുത്താലും മതിയാകുന്നതാണ്. മിക്കപേര്‍ക്കും നിര്‍ബന്ധമാകുന്ന ഈ അറവ് മക്കയില്‍ ഉംറക്കു ശേഷം നിര്‍വഹിച്ചാല്‍ ഇക്കാലത്ത് പലര്‍ക്കും മാംസം ഉപകരിക്കും. മിനയില്‍ മാംസം സ്വീകരിക്കാന്‍ പലപ്പോഴും ആവശ്യക്കാരെ കിട്ടാന്‍ പ്രയാസമാകാറുണ്ട്.
ഫിദ്യയും ഹദ്യും ഹറമിന്റെ പരിധിക്കുള്ളില്‍വെച്ച് അറുക്കലും അവിടെയുള്ള ദരിദ്രര്‍ക്ക് വിതരണം ചെയ്യലും നിര്‍ബന്ധമാണ്. മിന ഹറമില്‍പ്പെട്ട സ്ഥലമാണല്ലോ. ബലിമൃഗത്തിന്റെ മാംസം വിതരണം ചെയ്യേണ്ടതാണ്. ഫിദ്യക്ക് ചിലപ്പോള്‍ ഹദ്യ് എന്നും പറയാറുണ്ട്.
പുരുഷന്‍ സ്വന്തമായി തന്നെ അറുക്കലാണ് സുന്നത്ത്. അറുക്കുമ്പോള്‍ നിയ്യത്ത് നിര്‍ബന്ധമാണ്. അറുക്കാന്‍ കഴിവുണ്ടെങ്കിലും മറ്റൊരാളെ ഏല്‍പ്പിക്കുന്നതിന് വിരോധമില്ല. സ്ത്രീകള്‍ പുരുഷനെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. അറുക്കുന്ന സമയത്ത് ഹാജരാകല്‍ സുന്നത്താണ്. അറുക്കുമ്പോഴോ മറ്റുള്ളവരെ ഏല്‍പ്പിക്കുമ്പോഴോ ഉടമസ്ഥന്‍ നിയ്യത്ത് ചെയ്യണം. അറുക്കുമ്പോള്‍ ബലിമൃഗത്തിന്റെ കഴുത്ത് ഖിബ്ലയിലേക്ക് തിരിക്കലും ദിക്റുകള്‍ ദുആകള്‍ എന്ന ഭാഗത്ത് ചേര്‍ത്ത ദിക്റ് ചൊല്ലലും സുന്നത്താണ്.
അറവിന്റെ കാര്യത്തില്‍ അവനവന്റെ കടമ വീടണമെന്ന ബോധം ഏവര്‍ക്കുമുണ്ടായിരിക്കണം. ഇന്ന് വ്യാപകമായ, ബാങ്കുകളെ ഏല്‍പ്പിക്കുന്നതും ചിട്ടിയെടുക്കുന്നതും മതിയാവുകയില്ല. അവയുടെ സൂക്ഷ്മാവസ്ഥ അറിയാത്ത സ്ഥിതിക്ക് സ്വന്തം ബാധ്യതകള്‍ സ്വയം നിര്‍വഹിക്കലാണ് അഭികാമ്യം.
ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ ഇസ്ലാമിക വിധി
നിയമജ്ഞന്മാരെ കുഴക്കിയ ആധുനിക വിഷമപ്രശ്നങ്ങളിലൊന്നാണ് ടെസ്റ്റ്റ്റ്യൂബ് ശിശുവെങ്കിലും ഇസ്ലാമിക കര്‍മശാസ്ത്രം മറ്റുവിഷയങ്ങളിലെന്ന പോലെ ഇവ്വിഷയത്തിലും ധന്യമാണ്. അതു സംബന്ധമായ സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കണ്ടെത്താനാവും. ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ ഉല്‍പാദനം അനുവദനീയമാണോ? എന്നതാണ് ഒന്നാമത്തെ പ്രശ്നം. പുറത്തെടുത്ത ബീജം ഗര്‍ഭപാത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചും അതില്‍ കുട്ടി ജനിക്കാനുള്ള സാധ്യതയെക്കുറിച്ചും അങ്ങനെയുണ്ടാകുന്ന കുട്ടിയുടെ വിധികളെക്കുറിച്ചും ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
ലൈംഗിക ബന്ധത്തിലൂടെയല്ലാതെ തന്നെ ബീജം സ്വീകരിക്കാമെന്ന സങ്കല്‍പത്തെ നേ രത്തെ ഇസ്ലാം അംഗീകരിക്കുകയും തദടിസ്ഥാനത്തില്‍ നിരവധി നിയമങ്ങള്‍ ആവിഷ് കരിക്കുകയും ചെയ്തിട്ടുണ്ട്. ലൈംഗികേതരമാര്‍ഗേണ ഗര്‍ഭധാരണത്തിനുള്ള സാധ്യത നിഷേധിച്ച പൂര്‍വ്വകാല വൈദ്യ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തെ ഇസ്ലാം തള്ളിക്കളയുകയാണുണ്ടായത്. തുഹ്ഫഃ യുടെ പ്രസ്താവന കാണുക: “പുറത്തെടുത്ത ബീജത്തെ വായു ദുഷിപ്പിച്ചുകളയും. അതു കൊണ്ട് അതില്‍ നിന്ന് കുട്ടി ജനിക്കുക സാധ്യമല്ല എന്ന വൈദ്യശാസ്ത്രജ്ഞന്മാരുടെ പ്രസ്താവന കേവലം നിഗമനം മാത്രമാണ്. അതു (യഥാര്‍ഥത്തില്‍) സാധ്യതക്കു വിരുദ്ധമല്ല”(8: 231).
പുറത്തെടുക്കുന്ന ബീജം ഗര്‍ഭാശയത്തിലേക്കു പ്രവേശിപ്പിക്കുന്നതിനു സംയോഗത്തി ന്റെ സ്ഥാനം തന്നെയാണു മിക്ക വിധികളിലും കര്‍മ്മശാസ്ത്രം നല്‍കിയിട്ടുള്ളത്. എടുക്കുമ്പോഴും കയറ്റുമ്പോഴും പവിത്രമായിരിക്കുക എന്ന ഉപാധിയോടെ.
അപ്പോള്‍ ഭര്‍ത്താവിന്റെ ബീജം അവന്റെ ജീവിത കാലത്തു പുറത്തെടുത്ത് അവന്റെ ഭാര്യയുടെ ഗര്‍ഭാശയത്തില്‍ കുത്തി വെച്ചു ശിശുവിനു ജന്മം നല്‍കിയാല്‍ അതു അവരിരുവരുടെയും നിയമാനുസൃത സന്താനമാകും. അവള്‍ മാതാവാണെന്ന പോലെ അവന്‍ ആ ശിശുവിന്റെ പിതാവുമാകും.
പുരുഷന്റെ ലൈംഗിക കോശമായ ബീജം പുറത്തെടുക്കാമെങ്കില്‍ സ്ത്രീയുടെ ലൈംഗിക കോശമായ അണ്ഡവും പുറത്തെടുക്കാവുന്നതാണ്. ബീജം മാത്രം പുറത്തെടുത്തു ഗര്‍ഭാശയത്തില്‍ പ്രവേശിപ്പിക്കാമെങ്കില്‍ അണ്ഡവും കൂടി പുറത്തെടുത്തു രണ്ടും കൂടി സങ്കലിപ്പിച്ചു ടെസ്റ്റ്റ്റ്യൂബില്‍ രൂപപ്പെടുത്തിയ ഭ്രൂണം ഗര്‍ഭപാത്രത്തില്‍ പ്രവേശിപ്പിക്കാവു ന്നതാണ്. സാധാരണ രീതിയിലുള്ള ഗര്‍ഭ ധാരണത്തിനു വല്ല തടസ്സവും നേരിടുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ബീജാണ്ഡങ്ങള്‍ പുറത്തെടുത്തു ഭ്രൂണം രൂപപ്പെടുത്തി ഭാര്യയുടെ തന്നെ ഗര്‍ഭ പാത്രത്തില്‍ വച്ചു ശിശുവിനു ജന്മം നല്‍കുന്നുവെങ്കില്‍ അത് അനുവദനീയമാ കുന്നതാണ്. പുരുഷബീജം മാത്രം പുറത്തെടുത്തു നടത്തുന്ന ഇസ്തിദ് ഖാലിന്റെ വിധി തന്നെയാണ് ഈ ടെസ്റ്റ്റ്റ്യൂബ് ശിശുവുല്‍പാദനത്തിനുമുണ്ടാവുക.
എന്നാല്‍ ഇവിടെ ചില സംശയങ്ങള്‍ പൊങ്ങിവന്നേക്കാം.
(1) ക്ളോണിങിനു വേണ്ടി ശാരീരിക കോശം പുറത്തെടുക്കുന്നതു ഹറാമാണെന്ന പോലെ ടെസ്റ്റ്റ്റ്യൂബ് ശിശു നിര്‍മ്മാണത്തിനു ലൈംഗിക കോശമെടുക്കുന്നതും ഹറാമാവില്ലേ? (2) എടുക്കല്‍ ഹറാമാണെങ്കില്‍ എടുക്കുമ്പോഴുള്ള പവിത്രത നഷ്ടപ്പെടില്ലേ? (3) ഗര്‍ഭപാത്രത്തിനു പുറത്തു ബീജസങ്കലനവും ഭ്രൂണസൃഷ്ടിയും നടക്കുന്നതു കൊണ്ട് ഇതു പ്രകൃതി വിരുദ്ധ പ്രവര്‍ത്തനമാവില്ലേ?
ചില വസ്തുതകള്‍ മനസ്സിലാക്കിയാല്‍ ഈ സംശയങ്ങള്‍ അന്തര്‍ദ്ധാനം ചെയ്യാം. മനുഷ്യ ശരീരമാകുന്ന കൊട്ടാരത്തിന്റെ ഘടകങ്ങളായ ഇഷ്ടികകളാണ് ശരീര കോശങ്ങള്‍. അനിവാര്യ സാഹചര്യത്തിലല്ലാതെ അവയിലൊന്നും എടുക്കാന്‍ പാടില്ല. (ക്ളോ ണിങ്ങും കര്‍മ്മശാസ്ത്രവും, ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍, മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം എന്നീ ശീര്‍ഷകങ്ങള്‍ കാണുക. ഫിഖ്ഹ് സെക്ഷന്‍).
എന്നാല്‍, ഇതില്‍ നിന്നു വളരെ വ്യത്യസ്തങ്ങളാണു ലൈംഗിക കോശങ്ങളായ അണ്ഡ ബീജങ്ങള്‍. അവ പൂര്‍ണ്ണ ദശ പ്രാപിക്കുമ്പോള്‍ യാന്ത്രികമായിത്തന്നെ അണ്ഡാശയ ത്തില്‍ നിന്നും ബീജാശയത്തില്‍ നിന്നും പുറത്തു പോയിക്കൊണ്ടിരിക്കും. അവയുടെ ലക്ഷ്യം തന്നെ സന്തത്യുല്പാദനമാണ്. അതു സുഗമമാക്കുന്നതിനു വേണ്ടിയാണു ലൈംഗികാസക്തിയും തജ്ജന്യമായ സംയോഗവും വച്ചിട്ടുള്ളത്. ഈ ഇണചേരലും പ്രത്യുല്‍പാദനവും മനുഷ്യന്റെ മഹിമയ്ക്കും കുടുംബ സുരക്ഷയ്ക്കും സാമൂഹ്യ ഭദ്രതയ്ക്കും സഹായകമാകുന്നതിനു വേണ്ടിയാണ് മതം അതിനു ചില ധാര്‍മ്മിക സദാചാര നിയമങ്ങള്‍ വച്ചിട്ടുള്ളത്.
യാന്ത്രികമായി വിസര്‍ജ്ജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബീജാണ്ഡങ്ങള്‍ മനഃപൂര്‍വ്വം പുറത്തെടു ക്കാമോ? അതേ, പുറത്തെടുക്കാം, രണ്ടുപാധികളോടെ. ഒന്ന്, എടുക്കുന്നത് അനുവദനീയമായ ലൈംഗികാസ്വാദനത്തിലൂടെയാവണം. രണ്ട്, പ്രത്യുല്‍പാദന ലക്ഷ്യത്തിനാകണം എടുക്കുന്നത്.
ഒന്നാമത്തെ ഉപാധി ലംഘിക്കുമ്പോള്‍ അതു ഹറാമും രണ്ടാമത്തേതു ലംഘിക്കുമ്പോള്‍ അതു കറാഹത്തുമാകുന്നു. വ്യഭിചാരം, സ്വവര്‍ഗ സംഭോഗം, മൃഗസംഭോഗം, നിതംബസംഭോഗം, മുഷ്ടിമൈഥുനം എന്നിവയെല്ലാം ഒന്നാമിനത്തില്‍ പെടുന്നു; നിഷിദ്ധങ്ങളാകുന്നു. കാരണം, അവിടെയെല്ലാം ആസ്വാദനം നിയമാനുസൃതമല്ലാത്തതു കൊണ്ട് ഒന്നാമത്തെ ഉപാധി ലംഘിക്കപ്പെട്ടിരിക്കുന്നു. ‘അസ്വ്ല് അഥവാ മൈഥുനാന്ത്യത്തില്‍ ശുക്ളം യോനിക്കു പുറത്തേക്കു വിസര്‍ജ്ജിക്കുക, ഭാര്യയുടെ ഹസ്തം കൊണ്ടു സ്ഖലിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ആസ്വാദനം കുറ്റകരമല്ലെങ്കിലും അവിടെ സാധാരണ ഗതിയില്‍ പ്രത്യുല്‍പാദന ലക്ഷ്യം നഷ്ടപ്പെടുന്നതു കൊണ്ടു രണ്ടാമത്തെ ഉപാധി നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവ അനഭികാമ്യം (കറാഹത്ത്) ആകുന്നു.
രണ്ടാമത്തെ ഉപാധിയുടെ മാത്രം ലംഘനം ഉണ്ടാകുമ്പോള്‍ ബീജത്തിന്റെ പവിത്രത നഷ്ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ അതു ഗര്‍ഭപാത്രത്തിലെത്തി ശിശു ജനിക്കാനിടവന്നാല്‍ അതു നിയമാനുസൃതമായിരിക്കും. ഒരാള്‍ തന്റെ കൈകൊണ്ടോ മറ്റോ മൈഥുനം നടത്തി ബീജം വിസര്‍ജ്ജിക്കുന്നുവെങ്കില്‍ അനുവദനീയമല്ലാത്ത ലൈംഗികാസ്വാദനമായതു കൊണ്ട് അതു ഹറാമാണ്. എന്നാല്‍ അയാള്‍ തന്റെ ഭാര്യയുടെ കൈ കൊണ്ടു മൈഥുനം നടത്തി ബീജം വിസര്‍ജ്ജിക്കുന്നുവെങ്കിലോ? അതു കുറ്റകരമല്ലാത്ത ആസ്വാദനമാണ്. പക്ഷേ, അതു കറാഹത്ത് (അനഭികാമ്യം) ആണ്; കാരണം പ്രത്യുല്‍പാദനത്തിനുപയോഗിക്കേണ്ട ബീജം അയാള്‍ പാഴാക്കിക്കളഞ്ഞു. പക്ഷേ, ആ മൈഥുനമോ തജ്ജന്യമായ ബീജവിസര്‍ജനമോ ഹറാമാകുന്നില്ല.
അപ്പോള്‍ ഒരു കാര്യം സ്പഷ്ടമായി: പുരുഷ ബീജം ചില സാഹചര്യങ്ങളില്‍ പുറത്തെടു ക്കുന്നത് അനുവദനീയമാണ്. അങ്ങനെ പുറത്തെടുത്ത ബീജം മുകളില്‍ പറഞ്ഞ പോലെ ഗര്‍ഭപാത്രത്തിലേക്കു പ്രവേശിപ്പിച്ചു പ്രത്യുല്‍പാദനം നടത്താവുന്നതുമാണ്.
എന്നാല്‍ ഇത്രയും പറഞ്ഞതു പുരുഷബീജം പുറത്തെടുക്കുന്ന കാര്യമാണല്ലോ. സ്ത്രീയുടെ അണ്ഡമോ? അതു പുറത്തെടുക്കാമോ? പുറത്തെടുക്കാമെന്നു ഫിഖ്ഹുഗ്രന്ഥങ്ങള്‍ ഭ്രൂണഹത്യയെക്കുറിച്ചും ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചും നടത്തിയ വിശകലനത്തില്‍ നിന്നു മനസ്സിലാക്കാം. ജീവനുണ്ടാകുന്ന പ്രായം (120 ദിവസം) പ്രാപിച്ചതിനു ശേഷം നടത്തുന്ന ഗര്‍ഭച്ഛിദ്രം ഹറാമാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. അതിനു മുമ്പ്, ഗര്‍ഭപാത്രത്തില്‍ സ്ഥാനം പിടിച്ചതിനു ശേഷം അതു ഹറാമുണ്ടോ ഇല്ലേ എന്ന ഒരു ചര്‍ച്ച തുഹ്ഫഃ (7: 186) യില്‍ കാണാം. ഇവിടെ വല്ല നിമിത്തവുമുണ്ടാക്കി ഗര്‍ഭം ഈയവസരത്തില്‍ പുറം തള്ളുന്നത് ഹറാമാണന്ന പക്ഷക്കാര്‍ തന്നെ, അതു ഗര്‍ഭാശയത്തില്‍ സ്ഥലം പിടിച്ചുറച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ ഹറാമാകൂ എന്നാണു പറഞ്ഞിട്ടുള്ളത്.
അപ്പോള്‍ ഒരു കാര്യം വ്യക്തമായി. ബീജസങ്കലിതമായ അണ്ഡം അഥവാ സിക്താണ്ഡം (Zygote) ഗര്‍ഭാശയത്തിലെത്തി അവിടെ സ്ഥലം പിടിച്ചതിനു ശേഷം പുറത്തെടുക്കാന്‍ പാടുണ്ടെന്നും പാടില്ലെന്നും രണ്ടഭിപ്രായമുണ്ട്. പാടില്ലെന്നതാണു പ്രബലം. അപ്പോള്‍ സങ്കലനം നടന്നിട്ടില്ലാത്ത കേവലം അണ്ഡം പുറത്തെടുക്കല്‍ അനുവദനീയമാണെന്ന കാര്യത്തില്‍ എതിരഭിപ്രായമില്ലെന്നു വ്യക്തമായി. ബീജവും അണ്ഡവും മൈഥുനം കൂടാതെ ശാസ്ത്രീയ രീതിയില്‍ പുറത്തെടുക്കുന്നുവെങ്കിലോ? തെറ്റായ ലൈംഗിക ആസ്വാദനമില്ലാത്തതു കൊണ്ടു ഹറാമാകാനിടയില്ല; അതു പ്രത്യുല്‍പാദന ലക്ഷ്യത്തിനായതു കൊണ്ടു കറാഹത്തു വരാനുമിടയില്ല.
ചുരുക്കത്തില്‍ ബീജമോ അണ്ഡമോ പുറത്തെടുക്കുന്നതു ഹറാമല്ല. അതു കൊണ്ടുതന്നെ അങ്ങനെയെടുത്താല്‍ അതിന്റെ പവിത്രത നഷ്ടപ്പെടില്ല. മൈഥുനമാര്‍ഗേണയല്ലാതെ യാണെങ്കിലും പുറത്തെടുക്കാമെന്നു തുഹ്ഫഃ യുടെ പദപ്രയോഗത്തില്‍ നിന്നു മനസ്സിലാക്കാം.
ബീജാണ്ഡങ്ങള്‍ പുറത്തെടുത്തു സങ്കലനം നടത്തി ഭ്രൂണം ട്യൂബില്‍ വളര്‍ത്തി ഗര്‍ഭാശയത്തില്‍ വെക്കുമ്പോള്‍ അതു പ്രകൃതി വിരുദ്ധമാവില്ലേയെന്നതാണ് അടുത്ത സംശയം. പ്രകൃതി വിരുദ്ധമല്ലെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. പ്രത്യുല്‍പാദനത്തിന് അല്ലാഹു മനുഷ്യനു നിശ്ചയിച്ചു തന്ന മാര്‍ഗം ലൈംഗിക കോശങ്ങളുടെ സംയോജനമാണ്. ക്ളോണിങ്ങില്‍ ഇതിനു വിരുദ്ധമായി അണ്ഡത്തിലെ ന്യൂക്ളിയസ് പറിച്ചെടുത്തെറിഞ്ഞുകളയുകയും തല്‍സ്ഥാനത്തു ബീജത്തെ അവഗണിച്ചു തള്ളി ശരീരകോശത്തിലെ ന്യൂക്ളിയസ് വെക്കുകയുമാണു ചെയ്യുന്നത്. അതുകൊണ്ട് അതു പൂര്‍ണ്ണമായും പ്രകൃതി വിരുദ്ധമാണ്. ടെസ്റ്റ്റ്റ്യൂബ് ശിശുവിലാകട്ടെ, അകത്തു നടക്കേണ്ട ബീജസങ്കലനം പുറത്തു നടത്തിയെന്ന ഒരസാധാരണത്വം മാത്രമേ ഉണ്ടായിട്ടുള്ളൂ; ഉല്‍പാദന ഘടകങ്ങളെല്ലാം സ്വാഭാവികവും പ്രകൃതി സഹജവുമാണ്.
ആകയാല്‍, ഗര്‍ഭ ധാരണത്തിനു തടസ്സം നേരിടുമ്പോള്‍, ഒരു പ്രതിവിധിയെന്ന നിലയ്ക്കു ഭാര്യാഭര്‍ത്താക്കന്മാരുടെ ബീജാണ്ഡങ്ങളെടുത്തു ടെസ്റ്റ്റ്റ്യൂബില്‍ ഭ്രൂണ സൃഷ്ടി നടത്തി ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു ശിശുവിനു ജന്മം നല്‍കുന്നതിനു തെറ്റില്ലെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നിന്നു മനസ്സിലാക്കാം. അങ്ങനെ ജനിക്കുന്ന കുഴല്‍ ശിശുവിനു മാനുഷിക നിയമങ്ങള്‍ ബാധകമാണോ എന്നതാണു രണ്ടാമത്തെ പ്രശ്നം. ഇസ്ലാമിക കര്‍മ്മ ശാസ്ത്രം അവനെ മനുഷ്യനായിത്തന്നെ പരിഗണിക്കുന്നു. അഥവാ സാധാരണ മനുഷ്യനു ബാധകമായ എല്ലാ വിധിവിലക്കുകളും അവനും ബാധകമാണ്. വല്ല അപൂര്‍വ്വ കെയ്സിലും വൈകൃതം സംഭവിച്ചു മനുഷ്യേതര രൂപത്തില്‍ പിറന്നാലും മനുഷ്യ ബീജാണ്ഡങ്ങളില്‍ നിന്നു പിറവികൊണ്ട ഈ കുഴല്‍ മനുഷ്യനു, ബുദ്ധിയും വിവേകവുമുണ്ടെങ്കില്‍ മാനുഷിക നിയമങ്ങള്‍ ബാധകമായി രിക്കും.
ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ മാതാപിതാക്കള്‍ ആര് എന്നതാണു മൂന്നാമത്തെ പ്രശ്നം. ലൈംഗിക കോശം എടുക്കുന്നതും ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതും നിയമാനുസൃതമാണെങ്കില്‍ ബീജോടമ പിതാവും അണ്ഡോടമ മാതാവും ആകും. ഭാര്യാഭര്‍ത്താക്കന്മാരില്‍ നിന്നു കുറ്റകരമല്ലാത്ത വിധം എടുത്തു സങ്കലനം നടത്തി ഭ്രൂണം ഭാര്യയുടെ ഗര്‍ ഭപാത്രത്തില്‍ തന്നെ നിക്ഷേപിക്കുമ്പോഴാണ് ഇവ്വിധം നിയമാനുസൃതമാകുന്നത്. തുഹ്ഫഃ യുടെ, ഇസ്തിദ്ഖാലു സംബന്ധമായ വിശദീകരണത്തില്‍ നിന്ന് (7:302303, 8: 231) ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്. ഒരു വാടക ഗര്‍ഭ പാത്രത്തില്‍ അഥവാ ഒരു അന്യസ്ത്രീയുടെ ഗര്‍ഭ പാത്രത്തില്‍ പ്രസ്തുത ഭ്രൂണം നിക്ഷേപിക്കുന്നുവെങ്കില്‍ അവിടെ പ്രവേശം നിയമ വിരുദ്ധമായതു കൊണ്ട് അതിനു പവിത്രത ഉണ്ടായിരിക്കുകയില്ല. അപ്പോള്‍ ഈ ശിശുവിനു മാതാവും പിതാവും ഉണ്ടായിരിക്കില്ല. ഇനി ഒരന്യ പുരുഷന്റെ ബീജം സ്വന്തം അണ്ഡത്തോടു ചേര്‍ത്തു രൂപം നല്‍കിയ ഭ്രൂണം ആ അണ്ഡോടമയായ സ്ത്രീ തന്നെ വഹിക്കുന്നുവെങ്കില്‍ ബീജത്തിനു പവിത്രതയില്ലാത്തതു കൊണ്ട് ആ ശിശുവിനു പിതാവുണ്ടായിരിക്കില്ല. അണ്ഡോടമ തന്നെ പ്രസവിച്ചതു കൊണ്ട് അവള്‍ അതിന്റെ മാതാവാകും. അന്യസ്ത്രീ പുരുഷന്മാരുടെ ബീജാണ്ഡങ്ങളില്‍ നിന്നു രൂപപ്പെടുത്തിയ ഒരു ഭ്രൂണം ഒരു സ്ത്രീ തന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു പ്രസവിക്കുന്നു വെങ്കില്‍ ആ ശിശുവിനു മാതാവും പിതാവും ഉണ്ടാവുകയില്ല (തുഹ്ഫ: 7:302303, 7:431, 8:231).