Tuesday, 23 November 2021

വിധി വിശ്വാസം : ദാർശനിക വിശകലനവും സന്ദേഹ നിവാരണവും

 അല്ലാഹുവിൽ വിശ്വസിക്കുന്നതിന്റെ ഭാഗമായി വരുമെങ്കിലും, പ്രവാചക വചനങ്ങളിൽ ഒരു സ്വതന്ത്ര മൗലിക ഘടകം കണക്കെ ഗണിക്കപ്പെട്ട കാര്യമാണു വിധി വിശ്വാസം. ഉമർ റ നിന്നു നിവേദനം : പ്രവാചകർ സല്ലല്ലാഹു അലൈഹി വസല്ലം പ്രസ്താവിച്ചു : “ഈമാൻ:  അല്ലാഹുവിലും, മലകുകളിലും, വേദങ്ങളിലും,  പ്രവാചകൻമാരിലും, അന്ത്യദിനത്തിലും, അല്ലാഹുവിന്റെ നിർണയത്തിലും –അതിലെ നന്മ തിന്മകളിൽ– വിശ്വസിക്കലാണ് ”


സർവ കാര്യങ്ങളും, ഉണ്മയിലെത്തുക അല്ലാഹുവിന്റെ അനാദ്യ നിർണയമനുസരിച്ചു മാത്രമാണ്. അവയുടെ സമയം, സ്ഥലം, ദിശ, പരിമാണം, സ്വാതന്ത്ര്യം, പാരതന്ത്ര്യം, ഇതര ഗുണങ്ങൾ,  ഒന്നും ഇതിനപവാദമല്ല എന്നു വിശ്വസിക്കുന്നതിനാണ് വിധി വിശ്വാസമെന്നു പറയുക. 

വിധിവിശ്വാസ വിഷയകമായി അനേകം അതിവാദങ്ങളും അബദ്ധ ധാരണകളും പൗരാണിക കാലം മുതൽ നിലനിന്നു പോന്നിട്ടുണ്ട്. ഇസ്‌ലാമിക സമുദായത്തിൽ ഈ വിഷയകമായ അതിവാദങ്ങളവതരിപ്പിച്ച രണ്ടു ചേരികളാണു ഖദറികളും ജബ്റികളും.
ഒന്നാം ചേരി ഹിജ്റ 72 ൽ നിര്യാതനായ മഅ്ബദു ബ്നു ഖാലിദിനിൽ ജുഹനിയുടെ നേതൃത്വത്തിലും രണ്ടാം ചേരി ഹജ്റ 128 ൽ നിര്യാതനായ ജഹമു ബ്നു സഫ്വാന്റെ നേതൃത്വത്തിലുമാണ് രംഗത്തു വരുന്നത്. കാര്യങ്ങൾ അനാദിയിൽ നിർണയിക്കപ്പെടുകയല്ല പ്രത്യുത, സംഭവിക്കുമ്പോൾ മാത്രമാണു അതു സംബന്ധമായ കൃത്യമായ അറിവ് അല്ലാഹുവിന് ലഭിക്കുന്നത്, എന്നാണു ഖദറികൾ വാദിച്ചത്

ജബ്റികൾ വാദിച്ചത് :  മനുഷ്യരുടെ കർമങ്ങളുൾപ്പെടെ സർവ കാര്യങ്ങളും മുൻ നിർണയം അനുസരിച്ച് മാത്രം സംഭവിക്കുന്നതായത് കൊണ്ട്, കാറ്റത്തിടപ്പെട്ട പർണം കണക്കെ അവർ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. അവർക്കു യാതൊരു തരത്തിലുള്ള കർമ നിർവഹണ സ്വാതന്ത്ര്യവും ഇല്ല എന്നാണ്. ഒന്ന് മനുഷ്യർക്കു കർമ നിർവഹണ സ്വാതന്ത്ര്യം സ്ഥീരികരിക്കുവാൻ അവതീർണമായ അതിവാദവും രണ്ടാമത്തേത് അതിന്റെ പ്രതി പ്രവർത്തനമെന്നോണം വിധിവിശ്വാസ സ്ഥിരീകരണാർത്ഥം എഴുന്നള്ളിക്കപ്പെട്ട വികലവാദവുമായിരുന്നു.

ഇത്തരം സംഘടിത ചേരിതിരിവ് ഉണ്ടാകും  മുമ്പ് തന്നെ ഏതാനും ഒറ്റപ്പെട്ട അപശബ്ദങ്ങൾ ഉണ്ടായപ്പോൾ അവയെ പ്രവാചക ശിഷ്യരായ ഹസ്രറത് അലീ റ, ഇബ്നു അബ്ബാസ് റ, ഇബ്നു മസ്ഊദ് റ,എന്നിവർ സംവാദാത്മകമായി നേരിട്ടത് ചരിത്ര ഗ്രന്ഥങ്ങളിലുണ്ട്.

ഖദറികളുടെ പിൽക്കാല വേർഷനായിരുന്നു മുഅ്തസിലികൾ. കർമങ്ങളുടെ സൃഷ്ടി കർതൃത്വം കൂടി മനുഷ്യനുണ്ടെങ്കിൽ മാത്രമേ അവനോട് കർമ നിർവഹണം കൽപിക്കുന്നതിന് സാംഗത്യമുള്ളൂ എന്നായിരുന്നു അവരുടെ ധാരണ. അല്ലാഹുവിന്റെ തീരുമാനം മറികടന്നാണ് മനുഷ്യർ ദുഷ്കർമങ്ങൾ ചെയ്യുക എന്നു പോലും അവരിൽ ചിലർ ജൽപിച്ചു.

ഇസ്‌ലാമിക സാമ്രാജ്യത്തിൽ ഇത്തരം  വ്യതിയാന ചിന്തകൾ പടർന്നു പിടിക്കുകയും രംഗം വളരെ കൂടുതൽ വഷളാവുകയും ചെയ്തപ്പോഴാണ്, പ്രവാചക ശിഷ്യരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മധ്യമ സരണി / ഋജു പാത കാണിച്ചു തരാൻ രണ്ട് നിസ്തുല മാർഗ ദർശകർ രംഗത്തു വരുന്നത്
ഒന്ന്: ഇമാം അബുൽ ഹസനി ൽ അശ്അരീ റ
(260 - 330 ഹി)
രണ്: ഇമാം അബൂ മൻസൂറിനി ൽ മാതുറീദീ റ
(...... - 268 ഹി)

നിരന്തര ധൈഷണിക പോരാട്ടത്തിലൂടെ പ്രതിയോഗികളുടെ കോട്ടയവർ തകർത്തു. സന്ദേഹങ്ങൾക്കു നിവാരണം നൽകി.ധാരണകൾ തിരുത്തി. വിശ്വാസ കാര്യങ്ങൾ രേഖാ ബന്ധിതമായി രേഖപ്പെടുത്തി. പിന്നീട് അവരുടെ പിൻമുറക്കാരായി രംഗത്തു വന്ന  ശിഷ്യൻമാരും അവരുടെ പിൻമുറക്കാരും സമാനമായ മഹത്പ്രവർത്തനങ്ങൾ സമർപണം ചെയ്തു. അവർ വരച്ചു തന്ന നേർ രേഖ എന്താണെന്ന് സന്ദേഹ നിവാര രൂപത്തിൽ നമുക്കവതരിപ്പിക്കാം

[സന്ദേഹം¹]  
എല്ലാം അല്ലാഹുവിന്റെ വിധിയാണെങ്കിൽ ഇസ്‌ലാം കുറ്റകൃത്യമെന്ന് വിശേഷിപ്പിക്കുന്ന കാര്യവും അവൻ നിർണയിച്ചതായിരിക്കും. അപ്പോൾ, അതു ചെയ്യുന്നവന് ചെയ്യാതിരിക്കാൻ സ്വാതന്ത്ര്യമില്ലെന്നു വരും. എങ്കിൽ,അതൊരു കുറ്റകൃത്യമേ അല്ല. എന്നിരിക്കെ, അല്ലാഹു അവനെ എന്തിന് അക്ഷേപിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു ?

[നിവാരണം]
ഏതു കർമം ആരു നിർവഹിക്കുമ്പോഴും അതിനെ ഉണ്മയിലേക്കു നയിക്കുന്നവൻ അല്ലാഹുവാണ്. മനുഷ്യർ സ്വതന്ത്രമായി കർമം നിർവഹിക്കുമ്പോൾ അതിന് ഉണ്മ നൽകണമെന്ന് അനാദിയിൽ അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്. കർമം സൃഷ്ടിക്കണമെന്നു മാത്രമല്ല അതിനു നിദാനമായ കർമ നിർവഹണ സ്വാതന്ത്ര്യം അവനു നൽകണമെന്നും അല്ലാഹു ആദ്യമേ നിശ്ചയിച്ചിട്ടുണ്ട്.

മുകളിൽ നിന്ന്, താഴോട്ട് വീണു പോകുന്നതും സ്വമേധയാ ഇറങ്ങിപ്പോകുന്നതും തമ്മിൽ ആർക്കും അനുഭവവേദ്യമാകുന്ന അന്തരം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. പ്രമാണങ്ങൾ അതു ശാക്തീകരിക്കുകയും ചെയ്യുന്നു. 

[സന്ദേഹം²]
മനുഷ്യർ കർമം നിർവഹിക്കുകയും   അല്ലാഹു അതിന് ഉണ്മ നൽകുകയും ചെയ്യുകയോ! എങ്കിൽ പിന്നെ, പ്രശംസക്കും നിന്ദക്കും രക്ഷാ ശിക്ഷകൾക്കും എങ്ങനെ അവർ അർഹരാകും ? 

[നിവാരണം] 
ഇക്കാര്യം ഉദാഹരണ സഹിതം വിശദമാക്കാം. 
① ഒരധ്യാപകൻ തന്റെ ഏതാനും വിദ്യാർത്ഥികൾക്ക് ഒരു അനുസരണ പരീക്ഷ നടത്താൻ തീരുമാനിക്കുകയും ഒരു ഹാളിലേക്ക് അവരെ ആനയിക്കുകയും ചെയ്തു. ഹാളിൽ രണ്ടറ്റത്തായി രണ്ടു ബൾബുകൾ തൂക്കിയിടപ്പെട്ടിട്ടുണ്ട്. ചുമരിൽ പരസ്പരം അകന്ന നിലയിൽ രണ്ടു ബട്ടണുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

അവയിലേക്കു വിരൽ ചൂണ്ടി അധ്യാപകൻ പറഞ്ഞു : 
“ഈ ബട്ടൺ അമർത്തിയാൽ പച്ച ലൈറ്റ് പ്രകാശിക്കും ആ ബട്ടൺ അമർത്തിയാൽ ചുവപ്പ് ലൈറ്റും പ്രകാശിക്കും. ചുവപ്പ് ലൈറ്റ് കത്താൻ നിമിത്തമാകുന്ന ബട്ടൺ ഒരു കാരണവശാലും ആരും അമർത്തിപ്പോകരുത്. അമർത്തിയാൽ കടുത്ത ശിക്ഷ കിട്ടും. മറ്റേതു  അമർത്തിയാൽ സമ്മാനവും തരും” ഇതും പറഞ്ഞ് അധ്യാപകൻ ഹാളിൽ നിന്നും നിഷ്ക്രമിച്ചു. 

സത്യത്തിൽ ബട്ടണുകൾ ബൾബുകളുമായി ബന്ധിതമായിരുന്നില്ല. പ്രത്യുത, അവരുടെ പ്രവർത്തനം ക്യാമറയിലൂടെ നിരീക്ഷിച്ച് സാക്ഷാൽ ബട്ടൺ അമർത്തപ്പെടുകയും തന്മൂലം ബൾബുകൾ പ്രകാശിക്കുകയും ചെയ്യുക എന്ന സിസ്റ്റമായിരുന്നു ഇവിടെ സ്വീകരിക്കപ്പെട്ടത്. ഈ രഹസ്യം വിദ്യാർത്ഥികൾ അറിഞ്ഞാലും ഇല്ലെങ്കിലും ചുവപ്പ് ലൈറ്റ് കത്തിയാൽ അവർ ശിക്ഷാർഹരും, പച്ച ലൈറ്റ് കത്തിയാൽ സമ്മാനാർഹരുമാകും. കാരണം ചുമരിലെ ബട്ടണുകൾ അമർത്തിയാലല്ലാതെ ബൾബുകൾ പ്രകാശിക്കുകയില്ലെന്ന് അവരെയെല്ലാം അറിയിച്ചിട്ടുണ്ട്. അതിനാൽ, അവരാണതിനു കാരണക്കാർ.

② ദൂരെ നിന്ന് അവനാ കാഴ്ച്ച കാണുകയാണ്. അതികായനായ ഒരാൾ പടുകൂറ്റൻ പാറക്കല്ല് ഉരുട്ടിമറിച്ച് ക്കൊണ്ട് പോവുന്നു. ദുർബലഗാത്രനായ മറ്റൊരാളും തള്ളാൻ സഹകരിക്കുന്നതു കാണാം. രണ്ടാമൻ സഹകരിച്ചില്ലെങ്കിലും ഒന്നാമനു അനായാസം പാറ തള്ളി മറിക്കാനാവുമെന്ന് അടുത്തെത്തിയപ്പോൾ മനസ്സിലായി. അത്രയ്ക്കു പ്രബലനാണവൻ. രണ്ടാമൻ  ഒറ്റക്കു ശ്രമിച്ചാൽ പാറ ഒന്നനങ്ങുക പോലുമില്ല താനും.അത്രയും ദുർബലനാണവൻ. 

എന്നാൽ, “പാറ ഏതു ദിശയിലേക്ക് തള്ളി കൊണ്ടു പോകാൻ വേണ്ടി അതിൽ നീ ബലം പ്രയോഗിക്കുമോ ആ ദിശയിലേക്ക് ഞാനത് തള്ളി നീക്കിത്തരും, ബലപ്രയോഗം നീ നിറുത്തിയാൽ ഞാനും നിറുത്തും” എന്നാണത്രെ ഒന്നാമൻ ദുർബലനായ രണ്ടാമനോട്  പറഞ്ഞിരിക്കുന്നത്. ഇവിടെ ദുർബലനായ മനുഷ്യൻ ബലം പ്രയോഗിക്കുന്നുവെങ്കിലും പ്രസ്തുത ബലം പാറ നീക്കാൻ മാത്രം പര്യാപ്തമായ ബലമല്ല.

എങ്കിലും അതിനാൽ സംഭവിക്കുന്ന നാശ നഷ്ടങ്ങൾക്ക് രണ്ടു കാരണങ്ങളാൽ അവൻ ഉത്തരവാദിയാണെന്നു കാണാം.
ഒന്ന് : പാറ നീക്കാൻ പര്യാപ്തമായ ഒന്നാമന്റെ ബല പ്രയോഗത്തിനു തന്റെ ബല പ്രയോഗം ഹേതുവായി ഭവിക്കുന്നു 
രണ്ട് : താൻ ബലം പ്രയോഗിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെയാണ് 

സർവ്വ മനുഷ്യരും, ദൃശ്യ- അദൃശ്യ മനുഷ്യേതര ജീവികളും തങ്ങളുടെ കർമങ്ങളെ ഉണ്മയിലേക്കു കൊണ്ടു വരാൻ വേണ്ടി ബലം പ്രയോഗിക്കുന്നു. എന്നാൽ, ആ ബല പ്രയോഗമാകുന്ന കർമ നിർവഹണം ഉപര്യുക്ത ഉദാഹരണത്തിലേതു പോലെ അപര്യാപ്തവും പരിമിതവുമാണെന്നും അതിനെ തുടർന്ന് കർമത്തെ ഉണ്മയിലേക്ക് നയിക്കുന്ന സമ്പൂർണ കർമ നിർവഹണം അല്ലാഹുവിൽ നിക്ഷിപ്തമാണെന്നും പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
“അല്ലാഹു, നിങ്ങളെയും നിങ്ങളുടെ കർമങ്ങളേയും സൃഷ്ടിച്ചു” (വി.ഖു 37/96) 
“അല്ലാഹു സമസ്ത സൃഷ്ടികളുടേയും സ്രഷ്ടാവാണ്..” (വി.ഖു 39/62)

പരിമിത കർമ നിർവഹണത്തിന് കസ്ബ് എന്നും അതിനു നിദാനമായ കർമ നിർണയത്തിനും നിർണയ സ്വാതന്ത്ര്യത്തിനും ഇഖ്തിയാർ / ഇറാദഃ / മശീഅഃ എന്നും സൃഷ്ടികളെ ഉണ്മയിലേക്കു നയിക്കുന്ന സമ്പൂർണ കർമ നിർവഹണത്തിന് ഖൽഖ് / ഈജാദ് / ഇഹ്ദാസ് എന്നും ദൈവശാസ്ത്ര പണ്ഡിതർ പ്രയോഗിച്ചു വരുന്നു. ചിലതെല്ലാം ഖുർആനും നബി വചനങ്ങളും പരാമർശിച്ചിട്ടുള്ള പ്രയോഗങ്ങളാണ്

[സന്ദേഹം³]
കർമ നിർവഹണവും അതിനു നിദാനമായ കർമ നിർവഹണ സ്വാതന്ത്ര്യവും കർമ നിർണയവും കർമ നിർണയ സ്വാതന്ത്ര്യവുമെല്ലാം ആത്യന്തികമായി നിർണയിക്കുന്നത് അല്ലാഹുവായിരിക്കെ,  
മനുഷ്യന് എന്തു സ്വാതന്ത്ര്യമ‌ാണുള്ളത്? 

[നിവാരണം]
കർമ നിർവഹണ സ്വാതന്ത്ര്യവും കർമ നിർണയ സ്വാതന്ത്ര്യവും തത്വത്തിൽ ഒന്നാണ്. കാരണം എന്തു വേണമെന്ന് നിർണയിക്കാൻ സ്വാതന്ത്ര്യമില്ലെങ്കിൽ അതു നിർവഹിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കില്ലല്ലോ. കർമ നിർവഹണ സ്വാതന്ത്ര്യമാവട്ടേ നാം നേരിട്ട് അനുഭവിക്കുന്ന യാഥാർത്ഥ്യവുമാണ്. “ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖു 2/286 ) എന്ന പ്രസ്താവന അതിനു ശാക്തീകരണവുമാണ്.

പ്രസ്തുത സ്വാതന്ത്ര്യം അല്ലാഹു നിർണയിക്കുകയും നൽകുകയും ചെയ്തത് കൊണ്ട് അതില്ലാതാവുകയല്ല ഉണ്ടാവുകയാണു ചെയ്യുക. മറ്റൊരു വാക്യത്തിൽ, അല്ലാഹു സ്വാതന്ത്ര്യം നിർണയിക്കുകയും സൃഷ്ടിക്കുകയും ചെയ്തുവെങ്കിൽ, സ്വാതന്ത്ര്യമാണു നിലവിൽ വരുക, പാരതന്ത്ര്യമല്ല.

കർമ നിർവഹണം കർമ നിർണയത്തെ ആശ്രയിക്കുന്നവെങ്കിലും കർമ നിർണയം മനുഷ്യനാണു നിർവഹിക്കുന്നത്. അവന്റെ നിർണയവും നിർണിത കർമവും നിർണയിക്കും മുമ്പ്  അല്ലാഹുവിനറിയാം. അവൻ സ്വതന്ത്രമായി കർമ നിർണയം  (തീരുമാനം) നിർവഹിക്കണമെന്നും ആ നിർണയം നടപ്പിൽ വരുത്തിക്കൊടുക്കണമെന്നുമാണ് അല്ലാഹു തീരുമാനിച്ചത്. എങ്കിൽ മാത്രമാണ് കർമ നിർവഹണ സ്വാതന്ത്ര്യം മനുഷ്യന് ഉണ്ടെന്നു പറയാൻ പറ്റൂ. 

ഇതിനു വിപരീതമായി, മനുഷ്യൻ നിർണിത കർമം തന്നെ നിർണയിക്കണമെന്ന് അല്ലാഹു നിശ്ചയിക്കുന്നു, എന്നു വന്നാൽ, കർമ നിർണയ സ്വാതന്ത്ര്യവും അതിനെ ആശ്രയിച്ചു നില കൊള്ളുന്ന കർമ നിർവഹണ സ്വാതന്ത്ര്യവും അവനു നൽകപ്പെടുന്നില്ല എന്നു വരും. അതാണെങ്കിൽ, നമ്മുടെ അനുഭവജ്ഞാനവുമായും മുമ്പ് നാം അവതരിപ്പിച്ച പ്രാമാണിക രേഖയുമായും പൊരുത്തപ്പെടാത്ത കാര്യമാണ്.

[സന്ദേഹം⁴]
അങ്ങനെയെങ്കിൽ, “അല്ലാഹു തീരുമാനിച്ചതിനാലല്ലാതെ നിങ്ങൾ തീരുമാനിക്കുന്നില്ല / കർമ നിർണയം നടത്തുന്നില്ല” (വി. ഖു 30/81) എന്നു പറഞ്ഞത് ശരിയാകുമോ ? 

[നിവാരണം]
മേൽ പ്രസ്താവന ഗ്രഹിക്കുന്നതിൽ അനേകം പേർക്ക് ഭീമമായ അബദ്ധം തന്നെ സംഭവിച്ചിട്ടുണ്ടെന്നതാണ് വസ്തുത. യഥാർത്ഥത്തിൽ നാമിതു വരെ പറഞ്ഞതുമായി100% യോജിക്കുന്നതും അതിനെ ശാക്തീകരിക്കുന്നതുമായ പ്രസ്താവനയാണത്  “നിങ്ങൾ സ്വതന്ത്രമായി തീരുമാനം കൈകൊള്ളണമെന്ന് അല്ലാഹു തീരുമാനിച്ചതിനാൽ മാത്രമാണ് നിങ്ങൾ സ്വതന്ത്രമായി തീരുമാനം കൈകൊള്ളുന്നത്” എന്നു പറഞ്ഞാൽ അത് സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നതെങ്ങനെയാണ്!  

നിശ്ചിത കാര്യം തന്നെ തീരുമാനിക്കണമെന്ന് (ഉദാഹരണം: നിസ്കരിക്കാൻ തീരുമാനിക്കണമെന്ന്) അല്ലാഹു തീരുമാനിക്കുന്നു എന്ന് ആ പ്രസ്താവനയിൽ ഇല്ലേയില്ല. ഉണ്ടായിരുന്നുവെങ്കിൽ, അതൊരു വൈരുദ്ധ്യാത്മക പ്രസ്താവനയാകുമായിരുന്നു. 

കാരണം, തീരുമാന സ്വാതന്ത്ര്യം വിനിയോഗിക്കണമെന്ന് അല്ലാഹു തീരുമാനിച്ചു എന്നു പറയൽ തീരുമാന സ്വാതന്ത്ര്യത്തിന്റെ സ്ഥിരീകരണമാണ്. നിശ്ചിത കർമത്തിൽ അതു വിനിയോഗിക്കണമെന്ന് അല്ലാഹു തീരുമാനിച്ചു എന്നു പറയൽ പ്രസ്തുത സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ്. 

ഇവിടെ അതിവാദികളായ മുഅ്തസിലീ വിഭാഗം നാമുമായി മൂന്ന് സുപ്രധാന പോയൻസുകളിൽ വിയോജിക്കുന്നതു കാണാം. 
① മനുഷ്യനു നൽകപ്പെടുന്ന ബലം കർമത്തെ ഉണ്മയിലേക്കു നയിക്കാൻ പര്യാപ്തമാണെന്ന് അവരും അല്ലെന്ന് നാമും വിശ്വസിക്കുന്നു. 
② പ്രസ്തുത ബലം അവനിൽ നിന്നു നീക്കാൻ അല്ലാഹുവിനു കഴിയുമെങ്കിലും അത് മനുഷ്യന് പൂർണമായും വിട്ടു കൊടുത്തിരിക്കുകയാണെന്ന് അവർ വിശ്വസിക്കുന്നു. നാം വിശ്വസിക്കുന്നത് അത് അനുനിമിഷം നൽകപ്പെട്ടു കൊണ്ടിരിക്കുന്നു വെന്നോ നിലനിറുത്തപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നോ ആണ്.
③ മനുഷ്യന്റെ ദുഷ്കർമങ്ങൾ അല്ലാഹുവിന്റെ തീരുമാനത്തിന് വിരുദ്ധമായി സംഭവിക്കുകയാണെന്ന് അവർ കരുതുന്നു. നാം വിശ്വസിക്കുന്നത് കർമങ്ങൾ അല്ലാഹുവിന്റെ അനാദ്യ തീരുമാനമനുസരിച്ചല്ലാതെ ഉണ്മയിലേക്കു വരില്ല എന്നാണ്.

മാത്രമല്ല, മനുഷ്യന്റെ കർമ നിർവഹണവും കർമ നിർണയം പോലും നമ്മുടെ വീക്ഷണത്തിൽ അല്ലാഹുവിന്റെ തീരുമാനത്തിനു വിരുദ്ധമായല്ല ഉണ്ടാകുന്നത്. കാരണം, കർമ നിർവഹണ/ നിർണയ സ്വാതന്ത്ര്യം അല്ലാഹു മനുഷ്യനു നൽകൽ അവനത് സ്വതന്ത്രമായി  വിനിയോഗിക്കണമെന്ന അല്ലാഹുവിന്റെ തന്നെ തീരുമാനം അല്ലാഹു നടപ്പിൽ വരുത്തലാണ്. 

[സന്ദേഹം⁵]
മനുഷ്യന്റെ കർമ നിർവഹണവും കർമ നിർണയവും (തീരുമാനം) സൃഷ്ടിക്കുന്നത് അല്ലാഹുവാണെങ്കിൽ അവനു സ്വാതന്ത്ര്യമില്ലെന്നു വരുകയും, മനുഷ്യൻ തന്നെയെങ്കിൽ, അല്ലാഹുവാണു സർവ സൃഷ്ടികളുടേയും സ്രഷ്ടാവെന്ന വസ്തുതയോട് അത് വിയോജിക്കുകയും ചെയ്യുകയില്ലേ ?

[നിവാരണം]
കർമ നിർവഹണവും കർമ നിർണയവും കർമ നിർവഹണ സിദ്ധിയുടെയും കർമ നിർണയ സ്വാതന്ത്ര്യത്തിന്റെയും പ്രയോഗവൽക്കരണം മാത്രമാണ്. വേറിട്ട സ്വത്വം അവക്കില്ല. മറ്റൊരു വാക്കിൽ, കർമം നിർണയിക്കപ്പെടുകയോ നിർവഹിക്കപ്പെടുകയോ ചെയ്യുമ്പോൾ കർമത്തിനും കർമ നിർണയത്തിനും / നിർവഹണത്തിനും വെവ്വേറെ ഉണ്മ ഉണ്ടാവുന്നില്ല. ഉണ്ടായിരുന്നുവെങ്കിൽ, സൃഷ്ടിക്കുക എന്ന സമ്പൂർണ കർമ നിർവഹണം അതിനെ സൃഷ്ടിച്ചതു കൊണ്ടാണ് നിലവിൽ വന്നതെന്നും,ആ സൃഷ്ടിക്കൽ നിലവിൽ വന്നത് അതിനെ സൃഷ്ടിച്ചതു കൊണ്ടാണെന്നും അതു നിലവിൽ വരാൻ നിമിത്തമായ സൃഷ്ടിക്കലും അങ്ങനെത്തന്നെയാണെന്നും വരും. ഈ ശൃംഖല അനന്തമായി നീളും. അനന്ത കർമ നിർവഹണ ശൃംഖലയെ ആശ്രയിക്കുന്ന കർമമാണെങ്കിൽ, ഒരു കാലത്തും  നിലവിൽ വരുകയുമില്ല.

[സന്ദേഹം⁶]
“താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നുവെങ്കിൽ ഭൂലോകത്തുള്ളവരാസകലം വിശ്വാസികളാകുമായിരുന്നു...”  “താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നുവെങ്കിൽ മനുഷ്യരെയെല്ലാം അവൻ ഏക സമുദായമാക്കുമായിരുന്നു...” എന്നെല്ലാം ഖുർആനിൽ പ്രസ്താവിച്ചതു കാണാം. ഇതിനർത്ഥം, അല്ലാഹു ചിലരെ വിശ്വാസികളും മറ്റു ചിലരെ അവിശ്വാസികളുമാക്കാൻ തീരുമാനിച്ചു എന്നാണല്ലോ. അപ്പോൾ, അവിശ്വാസം അവർക്കു മേൽ അടിച്ചേൽപിക്കപ്പെടുന്നു എന്നു വരുന്നില്ലേ ? 

[നിവാരണം]
ഇത്തരം വചനങ്ങളിൽ നിന്ന് വിശ്വാസമോ വിശ്വാസരാഹിത്യമോ അടിച്ചേൽപിക്കപ്പെട്ടുവെന്നു ഗ്രഹിക്കാൻ വകുപ്പില്ല. വിശ്വാസവും അവിശ്വാസവും  നിലവിൽ വരുന്നതുമായി ബന്ധപ്പെട്ട് ഏഴു സാധ്യതകൾ നമുക്ക് പറയനാവും.
① എല്ലാവരിലും വിശ്വാസം അടിച്ചേൽപിക്കുക 
② എല്ലാവരിലും അവിശ്വാസം അടിച്ചേൽപിക്കുക
③ ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുക
④ എല്ലാവർക്കും വിശ്വസിക്കാനും അവിശ്വസിക്കാനും സ്വാതന്ത്ര്യം നൽകുക
⑤ ചിലരിൽ വിശ്വാസം അടിച്ചേൽപിക്കുയും മറ്റു ചിലർക്കു സ്വാതന്ത്ര്യം നൽകുകയും ചെയ്യുക
⑥ ചിലരിൽ അവിശ്വാസം അടിച്ചേൽപ്പിക്കുകയും മറ്റു ചിലർക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക.
⑦ ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുകയും മൂന്നാമതൊരു വിഭാഗത്തിന് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക. സപ്ത സാധ്യതകളിൽ ഒന്നാം സാധ്യത  മനുഷ്യരിൽ അല്ലാഹു നടപ്പിലാക്കിയില്ല എന്നു പറഞ്ഞത് കൊണ്ട് രണ്ടാം/മൂന്നാം ക്രമം അവൻ സ്വീകരിച്ചുവെന്ന് വരില്ലല്ലോ. നാലാമതു പറഞ്ഞ ക്രമമാണ് മനുഷ്യരിൽ അല്ലാഹു അനുവർത്തിച്ചിട്ടുള്ളത് എന്നതാണു വസ്തുത 
“ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖു 2/286 )
“...വിശ്വസിക്കണമെന്ന് ആരെങ്കിലും തീരുമാനിക്കുന്നുവെങ്കിൽ അവൻ വിശ്വസിക്കുക, അവിശ്വസിക്കണമെന്ന് ആരെങ്കിലും  തീരുമാനിക്കുന്നുവെങ്കിൽ അവൻ അവിശ്വസിക്കുക....” (വി.ഖു 18/29) 
എന്നീ ആശയം വരുന്ന ഖുർആനിക വചനങ്ങൾ അക്കാര്യം ഉണർത്തുകയും ചെയ്യുന്നു.

[സന്ദേഹം⁷]
ചിലപ്പോൾഅല്ലാഹു വഴിതെറ്റിക്കാൻ തീരുമാനിച്ചവരെ അവൻ വഴിതെറ്റിക്കും, നേർവഴിയിലാക്കാൻ തീരുമാനിച്ചവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യും എന്ന ആശയം വരുന്ന നിരവധി സൂക്തങ്ങൾ ഖുർആനിൽ കാണാം. ഇതെങ്ങനെ കർമ നിർവഹണ സ്വാതന്ത്ര്യവുമായി പൊരുത്തപ്പെടും ?

[നിവാരണം]
വഴിതെറ്റുകയെന്നാൽ 
സത്യത്തെക്കുറിച്ച് അറിവ് കിട്ടാത്തതിനാൽ സത്യവിശ്വാസത്തിൽ എത്തിപ്പെടാതിരിക്കലും 
വഴിതെറ്റിക്കുകയെന്നാൽ പ്രസ്തുത അറിവ് നൽകാതിരിക്കലുമാണ്.

അല്ലാഹു അല്ലാതെ ആരാധ്യനില്ല. മുഹമ്മദ് നബീ സല്ലല്ലാഹു അലൈഹി വസല്ലം അല്ലാഹുവിന്റെ പ്രവാചകനാണ് എന്നു അംഗീകരിച്ചവർക്ക് ശാശ്വത സ്വർഗവും അംഗീകരിക്കാത്തവർക്കു ശാശ്വത നരകവുമുണ്ടെന്നു കേട്ട ഒരാൾക്കു അതിൽ സത്യമുണ്ടോ എന്ന് സവിനയം അന്വേഷിക്കാനും  അവഗണിക്കാനും കർമ സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടുണ്ട്. അവഗണിക്കാതെ അന്വേഷണത്തിനു ശ്രമിക്കുന്നവർക്ക് അതു സംബന്ധമായ അറിവ് അല്ലാഹു നൽകാതിരിക്കില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങളിൽ കാണാം. 

സത്യത്തെക്കുറിച്ച് അറിവ് കിട്ടിയിട്ടും സത്യം അംഗീകരിക്കാതിരിക്കൽ കർമ നിർവഹണ സ്വാതന്ത്ര്യത്തിന്റെ തെറ്റായ പ്രയോഗവൽക്കരണമാണെന്നു പറയേണ്ടതുമില്ല. 

തനിക്കു നൽകപ്പെട്ട അറിവിനെ മനുഷ്യൻ സ്വതന്ത്രമായി അവഗണിച്ചതിന്റെ തിക്ത ഫലമായി ചിലപ്പോൾ അല്ലാഹുവത് എടുത്തു കളയാറുമുണ്ട്. ഹൃദയത്തിൽ സീൽ വെക്കുക, പൂട്ടിടുക എന്നൊക്കെ ഖുർആനിലും മറ്റും പ്രയോഗിക്കാറുള്ളത് ഇതിനെപ്പറ്റിയാണ്.

[സന്ദേഹം⁸]
ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്ന ഹദീസിൽ ഓരോ ആളുകളും ഗർഭസ്ഥ ശിശുക്കളായിരിക്കെ അവന്റെ ഭക്ഷണം, അവധി, കർമം, ജയം - പരാജയം എന്നിവ രേഖപ്പെടുത്താൻ മലകിനോട് കൽപിക്കപ്പെടുമെന്ന് കാണാം
മനുഷ്യന് തന്റെ ഭാഗധേയം നിർണയിക്കുന്നതിൽ യാതൊരു റോളുമില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാകുന്നത് ? 

[നിവാരണം]
സംഭവിപ്പിക്കുകയെന്ന ധർമമല്ല അറിവ് നിർവഹിക്കുന്നത്. മറിച്ച് സംഭവിക്കുന്ന കാര്യത്തെ സംഭവിക്കും വിധം അനാവരണം ചെയ്യുകയെന്നതാണ് അറിവിന്റെ ധർമം.
എങ്കിൽ, മനുഷ്യൻ സ്വതന്ത്ര്യത്തോടെ, കർമം നിർവഹിക്കുമെന്നും അതു മൂലം ജയ പരാജയങ്ങൾക്ക് അർഹനാവുമെന്നും അല്ലാഹു അറിയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ, ആ കർമ നിർവഹണം സ്വാതന്ത്ര്യത്തോടു കൂടിയാവാതിരിക്കില്ല. അറിഞ്ഞതിനാലോ രേഖപ്പെടുത്തിയതിനാലോ അപ്രകാരമാവുകയല്ല.മറിച്ച്,  അപ്രകാരമാണുണ്ടാവുകയെന്ന് അറിയുകയും രേഖപ്പെടുത്തുകയുമാണ്.

[സന്ദേഹം⁹] 
ഉപര്യുക്ത നബി വചനത്തിന്റെ തുടർച്ചയിൽ “നിങ്ങളിൽ ചിലർ സ്വർഗക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും,  സ്വർഗത്തിനു അവനുമിടയിൽ ഒരു മുഴം മാത്രം അകലമുണ്ട് അപ്പോൾ ലിഖിതം (വിധി) അതു മറികടക്കുകയും അവൻ, നരകക്കാരുടെ കർമ ചെയ്ത് നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവനും നരകത്തിനുമിടയിൽ ഒരു മുഴം മാത്രമുണ്ട്. അപ്പോൾ ലിഖിതം അതു മറികടക്കുകയും അവൻ, സ്വർഗക്കാരുടെ കർമം ചെയ്ത് സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും” എന്നു കൂടി കാണാം. നരകമാണ് വിധിച്ചതെങ്കിൽ സൽകർമം കൊണ്ടു നേട്ടമില്ല, സ്വർഗമാണു വിധിച്ചതെങ്കിൽ ദുഷ്കർമം കൊണ്ട്  കോട്ടവുമില്ല വിധിക്കു മുന്നിൽ നമുക്കൊന്നിനും കഴിയില്ല. എന്നെല്ലാം ഈ വചനം തെര്യപ്പെടുത്തുന്നില്ലേ ? 

[നിവാരണം]
അതായിരുന്നു ഉദ്ദേശ്യമെങ്കിൽ, ഒരാളുടേയും സൽ കർമങ്ങൾ അല്ലാഹു വൃഥാവിലാക്കുകയില്ല എന്നു വിളമ്പരം ചെയ്യുന്ന നിരവധി ഖുർആനിക സൂക്തങ്ങളുമായി ഈ വചനം കലഹിക്കുമായിരുന്നു. 

ഇമാം മുസ്‌ലിമിന്റെ ഒരു നിവേദനത്തിൽ  “ഒരാൾ, ജനദൃഷ്ട്യാ സ്വർഗക്കാരുടെ പ്രവർത്തനം നിർവഹിച്ചു കൊണ്ടിരിക്കും, അവൻ നരകക്കാരനായിരിക്കെ. വേറൊരാൾ ജനദൃഷ്ട്യാ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവൻ സ്വർഗക്കാരനായിരിക്കെ” എന്നു വന്നിട്ടുണ്ട്.

എങ്കിൽ, സ്വർഗസ്ഥനാവുമെന്ന് മാലോകർക്കു തോന്നുന്ന രൂപത്തിൽ സ്വർഗക്കാരുടെ കർമങ്ങൾ ചെയ്ത ചിലർ, അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കുകയും അതിനെ നിഷ്ഫലമാക്കുന്ന മാനസിക വ്യാപാരങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യാത്തതു കൊണ്ട് നരകസ്ഥരായി മാറുന്നു “അല്ലാഹു പരിശുദ്ധനാണ്, പരിശുദ്ധ കർമങ്ങൾ മാത്രമേ അവൻ സ്വീകരിക്കൂ”
മാലോകരുടെ ദൃഷ്ടിയിൽ, നരകസ്ഥരായ ചിലർ, പശ്ചാതാപം, വിനയം, തുടങ്ങിയ മാനസിക സുകൃതങ്ങളും മറ്റു ചില രഹസ്യ സുകൃതങ്ങളും ഉള്ളവരായത് കൊണ്ട് സ്വർഗസ്ഥരായും മാറുന്നു. ബാഹ്യമുഖം മാത്രം നോക്കി വിധി പറയാൻ നമുക്കാവില്ല എന്ന ആശയമാണ് പ്രസ്തുത വചനം പ്രകാശനം ചെയ്യുന്നത്

മനുഷ്യരുടെ മനോവ്യാപാരങ്ങൾ  അല്ലാഹുവിനു ആദ്യമേ അറിയാം. തദനുസൃതം,ജീവിതത്തിന്റെ സായംസന്ധ്യയിൽ ഒന്നാം വിഭാഗത്തിന്റെ പൊയ്മുഖം വലിച്ചു കീറണമെന്നും രണ്ടാം വിഭാഗത്തെ അനുഗ്രഹിക്കണമെന്നും അല്ലാഹു അനാദിയിൽ തീരുമാനമെടുത്തിട്ടുണ്ട്.
അലംഘനീയമായ മേൽ തീരുമാനത്തിന്റെ മനോഹരമായ ആവിഷ്കരിക്കാരമാണ് ‘ലിഖിതം മറികടക്കും’ പ്രയോഗം.

[സന്ദേഹം¹⁰] 
ഇമാം ബുഖാരിയും മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്നു: പ്രവാചകർ പ്രസ്താവിച്ചു
“നിങ്ങളിൽ എല്ലാവരുടെയും സ്വർഗ- നരകങ്ങളിലെ താൻ വസിക്കുന്ന ഇടം അറിയപ്പെട്ടിരിക്കുന്നു” സ്വഹാബിമാർ ചോദിച്ചു: എങ്കിൽ ഞങ്ങളെന്തിനു കർമങ്ങൾ നിർവഹിക്കുന്നു?  ഞങ്ങൾക്ക് അതിനെ ആശ്രയിച്ചു കൂടേ? പ്രവാചകർ പറഞ്ഞു: “എല്ലാവർക്കും, അവൻ എന്തിനു സൃഷ്ടിക്കപ്പെട്ടോ അതു സുഗമമാക്കപ്പെടും”
ഇമാം ബുഖാരിയുടെ ഒരു നിവേദനത്തിൽ
“എന്നാൽ വിജയികൾക്കു വിജയികളുടെ കർമം സുഗമമാക്കപ്പെടും പരാജിതർക്കു പരാജിതരുടെ കർമവും സുഗമമാക്കപ്പെടും” എന്നാണുള്ളത്. ജയ-പരാജയം ആദ്യമേ നിർണയിക്കപ്പെടുകയും അതിനനുസൃതമായി കർമങ്ങൾക്കു സൗകര്യങ്ങൾ നൽകപ്പെടുകയുമാണെന്നു ഇതിൽ നിന്നും മനസ്സിലാകുന്നു. എങ്കിൽ, ജയ-പരാജയം നിർണയിക്കുന്നതിൽ എന്തു സ്വാതന്ത്ര്യമാണ് മനുഷ്യനു നൽകപ്പെട്ടിട്ടുള്ളത് ? 

[നിവാരണം]
വിജയികൾ, വിജയിക്കാൻ ഹേതുവാകുന്ന സത്യവിശ്വാസവും ഇതര സുകൃതങ്ങളും സ്വതന്ത്രമായി നിർവഹിക്കുന്നവരും പരാജിതർ, പരാജയത്തിനു ഹേതുവാകുന്ന അവിശ്വാസവും ദുഷ്കർമങ്ങളും സ്വതന്ത്രമായി ചെയ്യുന്നവരുമാണെന്ന് മുൻ വിവരണങ്ങളിൽ നിന്നും വ്യക്തമായി.
അതു വഴി ആരെല്ലാം വിജയ ശ്രീലാളിതരാവുമെന്നും പരാജയം ഏറ്റു വാങ്ങുമെന്നും ത്രികാലജ്ഞനായ അല്ലാഹുവിന് ആദ്യമേ അറിയാം, എന്നത് ആ സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നില്ല (സംഭവിപ്പക്കലല്ല, സംഭവിക്കാൻ പോകുന്ന കാര്യം സംഭവിക്കും വിധം അനാവരണം ചെയ്യൽ മാത്രമാണ് അറിവ് നിർവഹിക്കുന്ന ധർമമെന്ന് മുമ്പ് നാം ഉണർത്തിയല്ലോ) മറിച്ച്,  വിജയ മാർഗം തെരഞ്ഞെടുത്തവർക്ക്  വിജയിക്കാനാവശ്യമായ സൗകര്യങ്ങളും പരാജയ മാർഗം തെരെഞ്ഞെടുത്തവർക്ക് അതിനു വേണ്ട സൗകര്യങ്ങളും അവൻ നൽകിക്കൊണ്ടിരിക്കും എന്നാണ് ഈ വചനം കുറിക്കുന്നത്. ഇത് നാമിതു വരെ പറഞ്ഞതിന്റെ ശാക്തീകരണമാണ്.

[സന്ദേഹം¹¹]
“എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടോ അത് സുഗമമാക്കപ്പെടും” എന്നതും “വിജയികളുടെ കർമം വിജയികൾക്കു സുഗമമാക്കപ്പെടും ” “പരാജിതരുടെ കർമം പരാജിതർക്കു സുഗമമാക്കപ്പെടും”എന്നതും ചേർത്തു വെച്ചാൽ വിജയികളെ സൽകർമത്തിനും പരാജിതരെ ദുഷ്കർമത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നു വരില്ലേ?

[നിവാരണം]
മനുഷ്യരും ജിന്നുകളും സൽകർമം നിർവഹിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്നു ഖുർആനിലുണ്ട്. സൽകർമം ചെയ്യാൻ സൃഷ്ടക്കപ്പെട്ടവരിൽ ചിലരെ പറ്റി ദുഷ്കർമത്തിനു സൃഷ്ടിക്കപ്പെട്ടു എന്നു പറയൽ യുദ്ധത്തിൽ തോറ്റ പട്ടാളക്കാരെപ്പറ്റി ‘തോൽക്കാൻ വേണ്ടി നിയമിക്കപ്പെട്ടവർ’ എന്നു പറയുന്നതു പോലെയാണ്. തോൽക്കാൻ വേണ്ടി ആരും സൈന്യത്തിൽ നിയമിക്കപ്പെടുകയില്ല. പ്രത്യുത, തോൽവിയായിരുന്നു പരിണിതി എന്നാണതിന്റെ വിവക്ഷ. 

[സന്ദേഹം¹²]
ആദം നബി (അ) നെ കാണിച്ചു കൊടുക്കാൻ  മൂസാ നബി (അ) അല്ലാഹുവിനോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് കൂടിക്കാഴ്ച്ചക്ക് അവസരമൊരുങ്ങിയപ്പോൾ പിതാവിനെ സാദരം ഏതാനും വാക്യങ്ങളിലൂടെ  അഭിവാദനം ചെയ്ത ശേഷം: 
“അങ്ങ് ഞങ്ങളെ സ്വർഗത്തിൽ നിന്നും പുറത്താക്കിയല്ലോ” എന്ന്  മൂസാ നബി (അ)  ചോദിക്കുകയും അതിനോട്, “ എന്നെ സൃഷ്ടിക്കുന്നതിന് നാൽപതു വർഷം മുമ്പേ അല്ലാഹു രേഖപ്പെടുത്തിയ കാര്യത്തിന് എന്നെ താങ്കൾ കുറ്റപ്പെടുത്തുന്നുവോ” എന്ന് ആദം നബി (അ) പ്രതികരിക്കുകയും ചെയ്തു “അങ്ങനെ, ആദം നബി (അ) മൂസാ നബി (അ) നേക്കാൾ പ്രമാണത്താൽ മികവ് പുലത്തി” എന്ന് ഹദീസിൽ കാണാം. തന്നിൽ നിന്നു സംഭവിച്ച തെറ്റ് വിധി വിശ്വാസത്തിലൂടെ ആദം നബി (അ) ന്യായീകരിക്കുകയായിരുന്നുവോ ? 

[നിവാരണം]
ആദം (അ) ൽ നിന്നും സംഭവിച്ച കനി ഭുജിക്കുകയെന്ന കൃത്യം സൂക്ഷ്മ വിശകലനത്തിൽ തെറ്റല്ലെങ്കിലും ആദം നബി (അ) അതൊരു തെറ്റു പോലെ കരുതുകയും അല്ലാഹുവിനോട് കരഞ്ഞു  മാപിരക്കുകയും ചെയ്തതാണ്.

എന്നിരിക്കെ, അതു പറഞ്ഞ് അവരെ അപമാനിക്കാൻ മൂസാ നബി (അ) മുതിരുകയില്ല, അതു ന്യായീകരിച്ചു സംസാരിക്കാൻ ആദം നബി (അ) തയ്യാറാവുകയുമില്ല.

മറിച്ച്, മൂസാ നബി (അ) പറയുന്നത്: അങ്ങു ചെയ്തത് സൂക്ഷ്മാപഗ്രഥനത്തിൽ തെറ്റല്ലെങ്കിൽ പോലും ഭൂമിയിലേക്കു ഞങ്ങൾ വരാൻ അതു നിമിത്തമായില്ലേ ? എന്നാണ്.

ആദം നബി (അ) പറയുന്നത് : ഭൂമിയിലെ പ്രാതിനിധ്യമാണ് നമുക്ക് ആദ്യമേ അല്ലാഹു നിശ്ചയിച്ചത് (ആദം നബിയെ സൃഷ്ടിക്കും മുമ്പേ, ഭൂമിയിൽ ഒരു പ്രതിനിധിയെ നിയമിക്കാൻ പോവുകയാണെന്ന് മലകുകളെ അല്ലാഹു അറിയച്ചത് വിശുദ്ധ ഖുർആനിൽ ഉണ്ടല്ലോ) കനി ഭുജിക്കരുതെന്ന നിർദേശം സത്യത്തിൽ അതിനു അരങ്ങൊരുക്കൽ മാത്രമായിരുന്നു. എന്നുമാണ്.

✍ അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Monday, 2 August 2021

ഇസ്‌ലാമിക വിശ്വാസം [ഒരു വിശ്വാസശാസ്ത്ര നോവൽ]

ഒന്ന്

         

അഹ്മദ് മുസ്‌ലിയാർ ഉറക്കിൽ നിന്നും ഞെട്ടിയുണർന്നു. ചുറ്റുമൊന്ന്  കണ്ണോടിച്ചു. കൗതുകകരമാമായ ആ കാഴ്ച തന്നെ ആഹ്ളാദ ഭരിതനാക്കി. ലബീബും സഈദും പള്ളിയുടെ ഒരു മൂലയിൽ ഓതി കൊണ്ടിരിക്കുന്നു. തനിക്ക് ഏറെ പ്രിയപ്പെട്ട സമർത്ഥരും പഠന തൽപ്പരരുമായ രണ്ടു വിദ്യാർത്ഥികൾ.


ഓത്ത് മൂത്ത് സംവാദമായി മാറിയിരിക്കുന്നു. നല്ല ആവേശത്തിലാണ് രണ്ടുപേരും.

ഇസ്‌ലാമിക് തിയോളജിയിലെ സുപ്രധാന കിതാബായ ശർഹുൽ അഖാഇദാണ് ഇരുവരുടെയും കൈകളിൽ. രണ്ടാളും സംവദിക്കുന്നത് ദൂരെ നിന്ന് അത്ഭുതത്തോടെ നോക്കിയിരിക്കുകയാണ് നജീബ്.


വിശ്വാസ ശാസ്ത്രത്തിലെ ചെറിയ കിതാബായ ജൗഹറതു തൗഹീദ് അധ്യായനം നടത്തുന്ന ചെറിയ വിദ്യാർത്ഥിയാണ് നജീബ്. ചെറിയ കിതാബാണ് ഓതുന്നതെങ്കിലും പേര് സൂചിപ്പിക്കുന്നത് പോലെ ബുദ്ധിമാനാണ് അവൻ. അതിനാൽ വിശ്വാസ ശാസ്ത്രം അവനൊരു ഹരമാണ്. അഹ്മദ് മുസ്‌ലിയാരുടെ അനിതരസാധാരണമായ പാഠനരീതിയും അതിനൊരു കാരണമാണ്.


അഹ്മദ് മുസ്‌ലിയാർ മൂന്നു പേരെയും  അടുത്തേക്ക് വിളിച്ചു. സ്നേഹത്തോടെ ഒന്ന് മന്ദഹസിച്ചു. എന്നിട്ട് നിവർന്നിരുന്ന് ലബീബിനെയും സഈദിനെയും മൃദുലമായി തലോയിട്ട് ചോദിച്ചു : നിങ്ങൾ ഇതു വരെ ഉറങ്ങിയില്ലേ മക്കളേ


സഈദ് : ദൈവവിശ്വാസവുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ലബീബി നോട് ഞാൻ ചോദിക്കുകയും അവൻ മറുപടി പറയാൻ ശ്രമിക്കുകയുമായിരുന്നു.

ഉസ്താദ് : ആ ചോദ്യങ്ങൾ ഇവിടെയൊന്ന് അവതരിപ്പിക്കൂ സഈദേ


സഈദ് : എന്റെ ഒന്നാമത്തെ ചോദ്യം : എന്താണു ദൈവമെന്ന് നിർവചിക്കാതെ ദൈവമുണ്ടെന്ന് എങ്ങനെ നാം വാദിക്കും ?   


ഉസ്താദ് : നല്ല ചോദ്യം. ഈ ചോദ്യത്തിന് മൂന്ന് ഉത്തരങ്ങൾ നമുക്ക് പറയാൻ സാധിക്കും.

 

1. ഒരു കാര്യം ഉണ്ടെന്ന്  വാദിക്കാൻ മാത്രമല്ല, ഇല്ലെന്ന് വാദിക്കാനും അത് എന്താണെന്ന് അറിയലും, നിർവചിക്കലും ആവശ്യമാണ്. അല്ലെങ്കിൽ, എന്ത് ഇല്ലെന്നാണ് വാദിക്കുക.


2. അറിയാത്ത കാര്യങ്ങളെയാണ് നിർവചിക്കേണ്ടത്. എന്താണെന്ന് ഏതൊരാൾക്കും സുഗ്രഹമായ കാര്യം നിർവചിക്കേണ്ട ആവശ്യമില്ല.  എന്താണ് ദൈവമെന്ന് ഭൗതികവാദികൾക്കും അറിയാം. അതുകൊണ്ടാണല്ലോ ദൈവമുണ്ടെങ്കിൽ അവൻ ഇങ്ങനെയാവാൻ പാടില്ല അങ്ങനെയാവാൻ പാടില്ല എന്നെല്ലാം അവർ പറയുന്നത്.


3. പ്രപഞ്ചസ്രഷ്ടാവും നിയന്താവും, പ്രപഞ്ചേതരനുമായ, അനാശ്രിതനും, അനാദ്യനും അനശ്വരനുമായ, സർവ്വ ശക്തനും സർവ്വവിജ്ഞനും സർവ്വസമ്പൂർണനുമായ, അരൂപിയും അമൂർത്തനും, സൃഷ്ടികളോട് ഒരു വിധേനയും സാദൃശ്യം പുലർത്താത്തവനുമായ, ഏക അസ്ഥിത്വമാണ് ദൈവം.


സഈദ് : ലബീബ് പറഞ്ഞത് ഉസ്താദ് പറഞ്ഞ മൂന്നാമത്തെ മറുപടിയാണ്.

ഉസ്താദ് : അല്ലാഹു ബറകത്ത് ചെയ്തു തരട്ടെ. ഇനി പോയി കിടന്നോ. നാളെ മുതൽ ഏതാനും ദിവസങ്ങൾ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുവാനായി നമുക്ക് നീക്കി വെക്കാം. ഇപ്പൊ ഏതായാലും പോയി ഉറങ്ങിക്കോളൂ. 


                          രണ്ട്


പ്രഭാത വാങ്ക് മുഴങ്ങുന്നതിന്റെ അര മണിക്കൂർ മുമ്പ് നജീബ് ഉണർന്നു കഴിഞ്ഞു. ഇന്ന് നടക്കുന്ന ഗഹനമായ ചോദ്യോത്തര വേദിയിൽ മുതിർന്നവരുടെ കൂടെ പങ്കെടുക്കാനുള്ള അതീവ താൽപര്യത്തിലാണ് അവൻ.


പ്രഭാത നമസ്കാരം കഴിഞ്ഞ ഉടനെ മൂന്നുപേരും പെട്ടെന്നുതന്നെ ഉസ്താദിന്റെ സമീപത്തേക്കു നീങ്ങി.

മറ്റു വിദ്യാർഥികളും എത്തിച്ചേർന്നു. ഉപക്രമമില്ലാതെ ഉസ്താദ് തന്നെ വിഷയത്തിലേക്ക് കടന്നു :


ഇന്നലെ ചോദിച്ചതിന്റെ ബാക്കി ചോദിച്ചോളൂ. 

സഈദ് : ദൈവാസ്തിക്യം യുക്തിപരമായി നാം എങ്ങനെ തെളിയിക്കും ? 

   

ഉസ്താദ് : ദൈവാസ്തിക്യത്തിന് അനേകം തെളിവുകളുണ്ട്. ഒന്ന് ഇപ്പോൾ പറയാം :       

നാം അധിവസിക്കുന്ന ഈ പ്രപഞ്ചം പല വിധ മാറ്റങ്ങൾക്കും വിധേയമല്ലേ. 

ലബീബ് : അതെ

ഉസ്താദ് : മാറ്റം ഇല്ലായ്മക്കു ശേഷം നിലവിൽ വരുന്ന പ്രതിഭാസമാണോ അല്ലേ. 

സഈദ് : ഇല്ലായ്മക്കു ശേഷം നിലവിൽ വരുന്നു. 

ഉസ്താദ് : എങ്കിൽ, അതിനൊരു കാരണമുണ്ടാകുമെന്നു വ്യക്തം.


പ്രസ്തുത കാരണവും ഇല്ലായ്മക്കു ശേഷം നിലവിൽ വന്നതാണെങ്കിൽ അതിനു പിന്നിൽ മറ്റൊരു കാരണം ആവശ്യമായി വരും. ആ ശൃംഖല കാരണ മുക്തമായ ആത്യന്തിക കാരണത്തിൽ കലാശിക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ, അസംഭവ്യമായ ‹അനന്ത പശ്ചാത്ഗമനം› സംഭവിക്കും.


അതു വരെ മൗനം അവലംബിച്ചിരുന്ന നജീബ് ഇടപെട്ടു : എന്താണ് അനന്ത പശ്ചാത്ഗമനം ? 


ഉസ്താദ് : ഏതൊരു കാര്യം ഉൺമയിലേക്ക് വരുന്നതിനും മുമ്പ് മറ്റൊരു കാര്യം ഉൺയിലേക്ക് വന്നിട്ടുണ്ടെന്ന സങ്കല്പമാണത്. അറബിയിൽ അതിന് തസൽസുൽ എന്നും ആംഗലേയ ഭാഷയിൽ infinite regression എന്നും പറയും.


ലബീബ് : അനന്ത പശ്ചാത്ഗമനം സംഭവ്യമല്ലെന്ന് ഖണ്ഡിതമായി നമുക്ക് തെളിയിക്കാൻ പറ്റുമോ ?


ഉസ്താദ് : എത്രയോ ഖണ്ഡിതമായ തെളിവുകൾ അതിനു പറയാൻ പറ്റും.

അമ്പത് തെളിവുകൾ അവതരിപ്പിച്ച് ഉത്തരേന്ത്യൻ പണ്ഡിതനായ അബ്ദുൽ ഹയ്യ് ലഖ്നവീ (റ) ഒരു കൃതി തന്നെ രചിച്ചിട്ടുണ്ട്. 

നജീബിന്റെ നയനങ്ങൾ അത്ഭുതം കൊണ്ടു വിടർന്നു. 


ഉസ്താദ് തുടർന്നു. ലളിതമായ രണ്ടു തെളിവുകൾ നമുക്കിന്നു പറയാം :

എ. അനന്ത പശ്ചാത്ഗമനം യഥാർത്ഥത്തിൽ സംഭവിച്ചിരുന്നുവെങ്കിൽ, പശ്ചാത്ഗമിച്ചുവെന്ന് കരുതപ്പെടുന്ന കാര്യങ്ങളിൽ ഒരു കാര്യവും നിലവിൽ വരുമായിരുന്നില്ല .


ഉദാഹരണം പറയാം : തമീം തോക്കുമേന്തി നിൽക്കുന്നു, തമീമിനു മുമ്പ് വസീം  വെടിയുതിർക്കാതെ തമീം വെടി വെക്കില്ലെന്നു കരുതുക, വസീമിനു മുമ്പ് നഈം വെടിയുതിർക്കാതെ വസീമും വെടി വെക്കില്ല, നഈമിനു മുമ്പ് മറ്റൊരാൾ വെടിയുതിർക്കാതെ നഈമും വെടി വെക്കില്ല... അതങ്ങനെ നിലക്കാതെ മുന്നോട്ട് പോയാൽ വെടിവെപ്പ് നടക്കില്ലെന്നു വ്യക്തം.


ബി. അനന്ത പശ്ചാത്ഗമനം സംഭവിക്കുകയാണെങ്കിൽ, പശ്ചാത്ഗമിച്ച കാര്യങ്ങളുടെ എണ്ണത്തിൽ നാലിലൊരു കാര്യം അനിവാര്യമായി വരും.


1.  ഒറ്റയാവുക

2. ഇരട്ടയാവുക

3. ഒറ്റയും ഇരട്ടയുമാവുക

4. ഒറ്റയും ഇരട്ടയുമല്ലാതിരിക്കുക


എന്നാൽ, പ്രസ്തുത എണ്ണം ഒറ്റയാണെന്നു പറയാൻ പറ്റില്ല. കാരണം, ഒറ്റ ഇരട്ടയാവാത്തത് അതിൽ ഒരെണ്ണം കുറവ് വന്നത് കൊണ്ടാണല്ലോ. അനന്തമായ കാര്യങ്ങളിൽ ഒന്നിന്റെ കുറവ് എങ്ങനെ ഉണ്ടാകാനാ !


ഇരട്ടയാണെന്നു പറയാനും പറ്റില്ല. കാരണം, ഇരട്ട ഒറ്റയാവാത്തത് അതിൽ ഒരെണ്ണം കുറവ് വന്നത് കൊണ്ടാണല്ലോ. അനന്തമായ കാര്യങ്ങളിൽ ഒന്നിന്റെ കുറവ് എങ്ങനെ ഉണ്ടാകാനാ !


ഒറ്റയും ഇരട്ടയുമാവാനും പറ്റില്ല. കാരണം, ഒറ്റയെന്നാൽ സമമായി ഭാഗിക്കാൻ പറ്റാത്തതും, ഇരട്ടയെന്നാൽ സമമായി ഭാഗിക്കാൻ പറ്റുന്നതുമാണല്ലോ. 


ഒറ്റയും ഇരട്ടയുമല്ല എന്നു പറയാനും പറ്റില്ല. കാരണം, സമമായി ഭാഗിക്കാൻ പറ്റാത്തതുമല്ല സമമായി ഭാഗിക്കാൻ പറ്റുന്നതുമല്ല എന്നാണല്ലോ അതിന്റെ അർഥം. 


പ്രസ്തുത നാലു സാധ്യതതകളും   അസംബന്ധമാണെന്ന് വരുകിൽ, പശ്ചാത്ഗമനവും അസംബന്ധം തന്നെയാണെന്നു വ്യക്തം. 


ഉസ്താദ് പറഞ്ഞ തെളിവുകൾ

കൃത്യമാണെന്ന് ബോധ്യയെങ്കിലും  നജീബിന്റെ ചെറിയ വലിയ മനസ്സിലേക്ക് ഒരു ചോദ്യം തികട്ടി വന്നു. അവൻ പതുക്കെ ചോദിച്ചു :

ദൈവം അനാദ്യനാണെന്നു നാം വിശ്വസിക്കുന്നു. അനാദ്യത്വം എന്നാൽ, കാലങ്ങളുടെ അനന്ത പശ്ചാത്ഗമനമല്ലേ ?


നജീബിന്റെ ചോദ്യം ഉസ്താദിന് നന്നേ ഇഷ്ടപ്പെട്ടു. സ്വതസിദ്ധമായ ചിരിയോടെ ഉസ്താദ് പ്രതികരിച്ചു.


അല്ല നജീബ്, ദൈവം അനാദ്യനാവുക എന്നു പറഞ്ഞാൽ ദൈവത്തിലൂടെ അനന്ത കാലങ്ങൾ കടന്നു പോവുകയെന്ന് അർത്ഥമില്ല. മറിച്ച്,  ‹അനാദ്യത്വം› ദൈവത്തിൽ പ്രയോഗിക്കപ്പെടുന്നത്, അവൻ ഇല്ലായ്മക്കു ശേഷം ഉണ്ടായവനല്ല എന്ന അർത്ഥത്തിലാണ്.


കാരണം, പ്രപഞ്ചവും ചലനങ്ങളും നിലവിൽ വന്നതിനു ശേഷം പ്രപഞ്ചത്തിനകത്ത് നിലവിൽ വന്ന ഒരു സാങ്കല്പിക പ്രതിഭാസം മാത്രമാണു കാലം. അപ്പൊ, ദൈവത്തിന് അതൊരിക്കലും ബാധകമായിരിക്കില്ലല്ലോ. ഉസ്താദ് പറഞ്ഞു നിറുത്തി. നജീബും കൂടെ മറ്റുള്ളവരും, മറുപടി തങ്ങൾക്കു ബോധ്യമായെന്ന അർത്ഥത്തിൽ തലയാട്ടി.               

          


                               മൂന്ന്


പള്ളിയുടെ സമീപം താമസിക്കുന്ന, എല്ലാ നിസ്കാരത്തിനും സ്ഥിരമായി വരാറുള്ള ഒരാളാണ് ആലി ഹാജി. അദ്ദേഹത്തിന് ആറു മക്കളുണ്ട്. മൂന്ന് ആണും മൂന്ന് പെണ്ണും. മൂത്ത മകൻ എൻജിനീയർ വിദ്യാർത്ഥിയാണ്. ഒരു ദിവസം ആലി ഹാജി ഓടിക്കിതച്ചു വരുന്നത് നജീബ് കണ്ടു.


പള്ളിയുടെ താഴെ നിലയിലെ ഉസ്താദിന്റെ റൂം ലക്ഷ്യമാക്കിയാണ് ഹാജിയാരുടെ വരവ്. അസാധാരണമായ എന്തോ അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് മുഖം കണ്ടാൽ അറിയാം. ഹാജിയാർ ഉസ്താദിന്റെ റൂമിന്റെ അടുത്ത് എത്തി സലാം ചൊല്ലിയ ശേഷം നീട്ടി വിളിച്ചു ഉസ്താദേ..


ഉസ്താദ് അപ്പോൾ ഗ്രന്ഥ പരായണത്തിലായിരുന്നു. ഹാജിയാരെ കണ്ട പാടെ കിതാബ് പൂട്ടി വെച്ചു. മർഹബാ.. വരൂ ഹാജ്യേരേ.. ഹാജിയാരെ സ്വീകരിച്ചിരുത്തീട്ട് ഉസ്താദ് ചോദിച്ചു. എന്തേ എന്തു പറ്റി ? ആമുഖങ്ങളൊന്നും കൂടാതെ ഹാജിയാർ പറഞ്ഞു. ഉസ്താദേ ന്റെ മോൻ അയ്യൂബ്ന് ഔടെ പോയാരെ നിസ്കാരൊംന്നുല്ല്യ. 


ഉസ്താദ് : അവന് എന്തു സംഭവിച്ചു. നാട്ടിൽ വരുമ്പോഴെല്ലാം പള്ളിയിലേക്ക് അവൻ വന്നിരുന്നല്ലോ . 

ഹാജിയാർ : ഒക്കീലും ഓൻക്കൊരു സംശയാ. ഔടെ ചെന്നാരെ ഓന്റെ സ്വഭാവൊം മാറീക്ക്ണ് ഓന്റെ കൂട്ട്കെട്ട് മോശാണ്ന്നാ തോന്ന്ണത്. ഉസ്താദ് പൊരീക്കൊന്ന് വരണം. 


ഉസ്താദ് പെട്ടെന്നു തന്നെ ഡ്രസ്സെല്ലാം മാറ്റി ലബീബിനെയും നജീബിനെയും തന്റെ കൂടെ കൂട്ടി ഹാജിയാരുടെ വീട്ടിലേക്കു നടന്നു.  

വരാന്തയിൽ മകൻ ഇരുന്നിരുന്നു. അവൻ എന്തോ പിറുപിറുക്കുന്നുണ്ട്. വിളറിയ മുഖത്തോടെ അവരെ അവൻ എതിരേറ്റു. മുമ്പത്തെ ശോഭയെല്ലാം മങ്ങിപ്പോയിരിക്കുന്നു.


ഉസ്താദ് അവനെ സ്നേഹപൂർവ്വം ആലിംഗനം ചെയ്ത് സമീപം പിടിച്ചിരുത്തി. അവനോട് കുശലങ്ങളന്വേഷിച്ചു. അപ്പോഴേക്കും തണുത്ത മധുര പാനീയവുമായി ആലി ഹാജി എത്തി. ഉസ്താദേ.. ഇവന് എന്തൊക്കെയോ സംശങ്ങളാ അതൊക്കെ ഉസ്താദൊന്ന് തീർത്ത് കൊട്ത്ത് ന്റെ മോനെ ഒന്ന് രക്ഷപ്പെടുത്തി തരണം. ഹാജിയാർ ഗദ്ഗദകണ്ഠനായി.

ഉസ്താദ് : എന്താ അയ്യൂബേ ബാപ്പ പറയുന്നത്. നിന്നെ ഇപ്പൊ പള്ളിയിലേക്കൊന്നും കാണാറില്ലല്ലോ നീ ഇവിടെ ഉണ്ടാകാറില്ലേ 


അയ്യൂബ് : ദൈവമുണ്ടെന്ന് ഉസ്താദ് എനിക്ക് തെളിയിച്ചു തന്നാൽ ഞാൻ പള്ളിയിലേക്ക് വരാം. 

ഉസ്താദ് : ഓഹോ അതായിരുന്നോ കാര്യം. തെളിവുകൾ ഞാൻ പറയാം. മനസ്സിലാകാത്തത് ചോദിക്കണം. അയ്യൂബ് തലയാട്ടുക മാത്രം ചെയ്തു.

 

ഉസ്താദ് : (അവന്റെ കയ് പിടിച്ചിട്ട്) എന്നാൽ നമുക്ക് തുടങ്ങാം. ആദ്യം ഹൃസ്വമായൊരു തെളിവ് ഞാൻ പറയാം : പ്രപഞ്ചം പദാർത്ഥളുടെ ഒരു സമുച്ചയമാണ്. ശരിയാണോ അല്ലേ 

അയ്യൂബ് : ശരിയാണ്.

ഉസ്താദ് : എങ്കിൽ, ഇടംപിടിക്കാതെ അതു നിലനിൽക്കില്ല. ശരിയാണോ അല്ലേ

അയ്യൂബ് : ശരിയാണ്. 

ഉസ്താദ് : എല്ലായിടത്തും അത് സ്ഥിതി ചെയ്യുകയുമില്ല. ഒരിടത്ത് സ്ഥിതി ചെയ്യണമെങ്കിൽ ബാഹ്യ കാരണം അനിവാര്യവുമാണ്.


അയ്യൂബ് : ഒരേ വസ്തു എല്ലായിടത്തും സ്ഥിതി ചെയ്യുകയില്ല എന്നു നിങ്ങൾ പറഞ്ഞത് ശരിയാണ്.

എന്നാൽ, ഒരിടത്ത് സ്ഥിതി ചെയ്യണമെങ്കിൽ ബാഹ്യ കാരണം അനിവാര്യമാണെന്നു പറഞ്ഞത് മനസ്സിലായില്ല.


ഉസ്താദ് : ബാഹ്യ കാരണം അനിവാര്യമാണെന്നു പറയാൻ കാരണം, പ്രപഞ്ചത്തിനു മുന്നിൽ എല്ലാ ഇടങ്ങളും പരസ്പരം തുല്യമാണ്. എങ്കിൽ, ഒന്നിന് മറ്റൊന്നിനേക്കാൾ പ്രാമുഖ്യം ലഭിക്കാൻ ബാഹ്യ കാരണം അനിവാര്യമാണല്ലോ. ഉദാഹരണത്തിന്, ത്രാസിന്റെ ഒരു തട്ട്, മറ്റെ തട്ടിനേക്കാൾ വെറുതെ/ തനിയെ കനം തൂങ്ങുകയില്ല. പ്രപഞ്ചേതരമായ പ്രസ്തുത കാരണമാണു ദൈവം. 


ഉസ്താദ് തുടർന്നു : ലളിതമായ ഒന്നുരണ്ട് തെളിവുകൾ കൂടി അവതരിപ്പിക്കാം

1. പ്രപഞ്ചമാസകലം വ്യവസ്ഥാപിതവും, മനുഷ്യർക്കും ഇതര ജീവജാലങ്ങൾക്കും  അനുഗുണവുമായ, ക്രമത്തിൽ ഡിസൈൻ ചെയ്യപ്പെട്ടത് നാം കാണുന്നു. ഭൂമിയിൽ നിന്ന് നിർണിത അകലത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്നു. അതിനേക്കാൾ ഭൂമിയോട് അത് അടുക്കുകയോ അകലുകയോ ചെയ്തിരുന്നെങ്കിൽ ഭൂമി വാസയോഗ്യമാകുമായിരുന്നില്ല.


ഭൂമിയിൽ മനുഷ്യർക്കും ഇതര ജീവികൾക്കും ജീവിക്കാനാവശ്യമായ വായുവും മഴയും വെയിലും ആഹാരവും മറ്റു വിഭവങ്ങളും ആവശ്യമായ തോതിൽ സൂക്ഷ്മതയോടെ തയ്യാർ ചെയ്യപ്പെട്ടിരിക്കുന്നു. ജ്ഞാനേന്ദ്രിയങ്ങൾ മുതൽ അത്യന്തം സങ്കീർണ്ണമായ ആന്തരികാവയവങ്ങൾ വരെ അതീവ കൃത്യതയോടെ സംവിധാനിക്കപ്പെട്ടിരിക്കുന്നു. 

 

വിജ്ഞനും ശക്തനും സമ്പൂർണനുമ‌ായ ഒരു ഡിസൈനറുടെ സാന്നിധ്യം ഉച്ചൈസ്തരം അത് വിളിച്ചോതുന്നു. «വാന ഭൂവനങ്ങളുടെ സൃഷ്ടിപ്പിലും ദിനരാത്രങ്ങളുടെ ഒന്നിനു പിറകെ മറ്റൊന്നായുള്ള മാറ്റത്തിലും, ജനങ്ങള്‍ക്കുപയോഗമുള്ള വസ്തുക്കളുമായി സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലും അന്തരീക്ഷത്തില്‍ നിന്നു അല്ലാഹു മഴവര്‍ഷിച്ചു തന്നിട്ട് തദ്വാരാ നിര്‍ജീവതക്കു പിറകെ ഭൂമിക്കു ജീവന്‍ നല്‍കിയതിലും എല്ലാതരം ജീവജാലങ്ങളെയും അതില്‍ വ്യാപിപ്പിച്ചതിലും കാറ്റുകളെ ചലിപ്പിക്കുന്നതിലും അന്തരീക്ഷത്തില്‍ ആജ്ഞാനുവര്‍ത്തിയാക്കപ്പെട്ട മേഘങ്ങളിലും ഗ്രഹിക്കുന്ന ജനങ്ങൾക്ക് ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച» (വി ഖുർആൻ 2/164)


2. നിരക്ഷരനായ ഒരു മലയോര വാസിയോട് ചോദിക്കപ്പെട്ടു: അല്ലാഹുവിൽ വിശ്വസിക്കാൻ താങ്കൾക്കു പ്രചോദനമായ കാര്യമെന്ത്? അദ്ദേഹം അതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ് : “ഒട്ടകകാഷ്ടം കണ്ടാൽ അത് കാഷ്ടിച്ച ഒരൊട്ടകമുണ്ടെന്ന് മനസ്സിലാകില്ലേ ? കാൽപാടുകൾ ദൃഷ്ടിയിൽപെട്ടാൽ അതിലൂടെ ഒരാൾ നടന്നു പോയതായി മനസ്സിലാകില്ലേ? എങ്കിൽ താരനിബിഢമായ ആകാശവും മാമലകളും താഴ്‌വരകളും നിറഞ്ഞ ഭൂമിയും തിരമാലകളടിച്ചുയരുന്ന സമുദ്രവും സൂക്ഷമജ്ഞനായ അല്ലാഹു ഉണ്ടെന്നതിന് തെളിവല്ലേ?”


നജീബ് അയ്യൂബിനെയും ഉസ്താദിനെയും മാറിമാറി നോക്കിക്കൊണ്ടിരുന്നു

അയ്യൂബിന്റെ മുഖഭാവം അനുകൂലമായി വരുന്നത് അവൻ ശ്രദ്ധിച്ചു. അവന്റെ കണ്ണുകളിലേക്കു നോക്കിയപ്പോൾ  മുമ്പത്തേക്കാൾ ഒരു തിളക്കം. തെളിവുകൾ അവനെ കീഴടക്കിയെന്നു മനസ്സിലായി.


                             നാല്


ഇന്നലെ നടന്ന ചർച്ചയിൽ ഉസ്താദ് രണ്ടാമത് അവതരിപ്പിച്ച തെളിവുമായി ബന്ധപ്പെട്ട് സഈദിന് ഒരു സംശയം. കൃത്യമായ ഉത്തരം തേടി അവൻ ലബീബിനെയും നജീബിനെയും കൂട്ടി ഉസ്താദിന്റെ റൂമിലേക്ക് നടന്നു. അവരെ കണ്ടപ്പോൾ ഉസ്താദ് ചെറു പുഞ്ചിരിയോടെ ചോദിച്ചു : അല്ലാ, പുതിയ വല്ല ചോദ്യവും കിട്ടിയോ 


സഈദ് : ഉസ്താദ് ഇന്നലെ പ്രപഞ്ചത്തിന് ഒരു ഡിസൈനർ അനിവാര്യമാണെന്ന് തെളിയിച്ചു. എന്നാൽ, അവനെ ആര് ഡിസൈൻ ചെയ്തു ?

ഉസ്താദ് : ദൈവം പദാർത്ഥവും സങ്കീർണ്ണനുമൊന്നും അല്ല. സങ്കീർണമായതിനെ ഡിസൈൻ ചെയ്യുന്നവൻ സങ്കീർണനാവണം എന്നൊന്നുമില്ല. മറിച്ച്, ഡിസൈനിങ്ങിനുള്ള അറിവ്, കഴിവ്, നിർണയാധികാരം എന്നിവ അവന് ഉണ്ടായാൽ മതി.

സഈദ് : അവൻ സമ്പൂർണ്ണനാണ്, സമ്പൂർണ്ണത അവന് ആരു നൽകി ? എന്നാണുദ്ദേശിച്ചത്. 


ഉസ്താദ് : അവന്റെ ഗുണങ്ങൾ അനിവാര്യമാണ്. അവയ്ക്ക് ഇല്ലാതിരിക്കുകയെന്ന സാധ്യത ഒട്ടുമില്ല. അപ്പൊ ഉൺമയ്ക്ക് ഇല്ലായ്മയേക്കാൾ പ്രാമുഖ്യം നൽകുന്ന ബാഹ്യശക്തിയുടെ  ഇടപെടൽ അവിടെ ആവശ്യമില്ല. 


എന്നാൽ, പ്രാപഞ്ചിക ഗുണങ്ങൾ അങ്ങനെയല്ലല്ലോ, വിവിധ സന്ദർഭങ്ങളിലും ഇടങ്ങളിലും,  വ്യത്യസ്ത രൂപഭാവങ്ങളും ഗുണങ്ങളും പ്രപഞ്ചം സ്വീകരിക്കുന്നതിൽ നിന്നും മനുഷ്യ കരങ്ങളുടെ ദുഷ്ചെയ്തിയാലോ മറ്റോ അവയിൽ അസ്വാഭാവികത പ്രകടമാകുന്നതിൽ നിന്നും അവ അനിവാര്യമല്ലെന്നു നമുക്ക് ഗ്രഹിക്കാൻ കഴിയുമല്ലോ.


നജീബ് അപ്പോൾ മറ്റൊരു ചോദ്യം തൊടുത്തു വിട്ടു : ഭൗതിക വാദികൾ പലപ്പോഴും ചോദിക്കാറുണ്ട് : അവിശ്വാസികൾ നിരന്തരം വിമർശിച്ചിട്ടും അള്ളാഹു എന്തെ പുറത്തു വരാത്തത് ? ഇതിനോട് എങ്ങനെ പ്രതികരിക്കും.


ഉസ്താദ് : പുറത്തുവരാൻ എന്തിന്റെയോ അകത്ത് ഒളിച്ചിരിക്കുന്നവനൊന്നുമല്ല അല്ലാഹു. അവൻ അമൂർത്തനും അരൂപിയും സ്ഥലകാല സങ്കല്പങ്ങൾക്ക് അതീതനുമാണ്.


അല്ലാഹു എന്താണ് പ്രത്യക്ഷപ്പെടാത്തത് എന്നാണ് ചോദ്യമെങ്കിൽ, അവൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണു മറുപടി. പക്ഷെ, നഗ്നനേത്രങ്ങളിലേക്കല്ല, ധിഷണകളിലേക്ക്. 


ധിഷണ കൊണ്ടുള്ള ദർശനത്തെ അവഗണിക്കുകയും അല്ലാഹുവിനെയും, അവന്റെ ദൂതൻമാരെയും, നിയമസംഹിതകളെയും, പുച്ഛിച്ചു തള്ളുകയും ചെയ്യുന്നവർക്ക് നൽകാനുള്ളതല്ല സൗഭാഗ്യങ്ങളിൽ ഏറ്റവും വലിയ സൗഭാഗ്യമായ, നഗ്നനേത്രം കൊണ്ടുള്ള ദർശനം.


                              അഞ്ച്


ലബീബ് അങ്ങാടിയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന്! ലബീബേ...പിന്നിൽ നിന്നും വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.

ലബിന്റെ ബാല്യകാല സുഹൃത്ത് ജബ്ബാർ. അവനിപ്പോൾ ഭൗതിക വാദിയാണ്. ചോദ്യങ്ങൾ ചോദിച്ച് ആളുകളെ സംശയാലുക്കളാക്കൽ അവനൊരു ഹോബിയാണ്.


ലബീബ് : താൻ ഇന്ന് പുതിയ എന്തെങ്കിലും കെണിയുമായി ഇറങ്ങിയതിണോ 

ജബ്ബാർ : ഒരു കാര്യം ചോദിക്കട്ടെ. ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ചോദ്യമാണ്.


പ്രപഞ്ചം അല്ലാഹു സൃഷ്ടിച്ചതാണെന്ന് നിങ്ങൾ പറയുന്നു. എന്നാൽ, അല്ലാഹുവിനെ ആരു സൃഷ്ടിച്ചു?

ലബീബ് : ഇമ്മിണി ബല്യ ചോദ്യമാണല്ലോ. എന്നാൽ മറുപടി പിടിച്ചോ. ഒന്നല്ല രണ്ടെണ്ണം. ഇനി ഇതുമായി ഈ വഴിക്ക് വന്നേക്കരുത്


മറുപടി 1 : പ്രപഞ്ചം അനാദിയല്ലാത്തത് കൊണ്ട് അതിനൊരു സ്രഷ്ടാവു വേണമെന്നാണ് ദൈവവിശ്വാസികളുടെ വാദം, പ്രപഞ്ചം അനാദിയായത് കൊണ്ട് സ്രഷ്ടാവിന്റെ ആവശ്യമില്ലെന്നാണ് ദൈവനിഷേധികൾ വാദിക്കുന്നത്. എങ്കിൽ, അനാദ്യമായതിന് സ്രഷ്ടാവിന്റെ ആവശ്യമില്ലെന്നും അനാദിയല്ലാത്തതിന് സ്രഷ്ടാവു വേണമെന്നും ഇരുപക്ഷവും അംഗീകരിക്കുന്നു. 


മറുപടി 2 : വെള്ളം, ഉപ്പു രസം കിട്ടാൻ ഉപ്പിനെ ആശ്രയിക്കുന്നു. എന്നാൽ, ഉപ്പ്, ഉപ്പു രസം കിട്ടാൻ മറ്റൊരു ഉപ്പിനെ ആശ്രയിക്കുന്നില്ല. കാരണം : ഉപ്പു രസം അതിന്റെ സഹജ ഗുണമാണ്. പൂജ്യം, മൂല്യ ലബ്ധിക്ക് എണ്ണൽ സംഖ്യയെ ആശ്രയിക്കുന്നു. എന്നാൽ, എണ്ണൽ സംഖ്യ മൂല്യ ലബ്ധിക്ക് മറ്റൊരു സംഖ്യയെ ആശ്രയിക്കുന്നില്ല. കാരണം : മൂല്യം അതിന്റെ സഹജ ഗുണമാണ്.


തഥൈവ, അനാദിയല്ലാത്ത പ്രപഞ്ചം ഉൺമ കൈവരിക്കാൻ സ്രഷ്ടാവിനെ ആശ്രയിക്കുന്നു. എന്നാൽ, സ്രഷ്ടാവ് മറ്റൊരു സ്രഷ്ടാവിനെ ആശ്രയിക്കുന്നില്ല. കാരണം : ഉൺമ സ്രഷ്ടാവിന്റെ സഹജവും അനിവാര്യവും അനാദ്യവുമായ ഗുണമാണ്. 

മറ്റൊരു വാക്കിൽ : ഇല്ലാത്ത വസ്തു, അതിനെ ഉണ്ടാക്കാതെ ഉണ്ടാവില്ല, ഉള്ള വസ്തുവിനെ ഉണ്ടാക്കേണ്ട കാര്യവുമില്ല.


ജബ്ബാർ : (ജാള്യതയോടെ) പ്രപഞ്ചം അനാദിയല്ലെന്ന് നീ തെളിയിക്ക് ? 

ലബീബ് : പ്രപഞ്ചം അനു നിമിഷം പരിവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ശരിയാണോ അല്ലേ

ജബ്ബാർ : ശരിയാണ്.

പരിവർത്തനം പ്രപഞ്ചത്തിന്റെ സഹജമായൊരു ഗുണല്ല. 

ജബ്ബാർ : എന്ത് കൊണ്ട് 

ലബീബ് : സഹജ ഗുണമായിരുന്നുവെങ്കിൽ,  അനന്തതയിലേക്ക് അത് പശ്ചാത്ഗമിക്കുമായിരുന്നു. പശ്ചാത്ഗമനം സംഭവ്യമല്ലെന്ന് നിനക്കു ഞാൻ മുമ്പൊരിക്കൽ ബോധ്യപ്പെടുത്തി തന്നതാണല്ലോ.


സഹജ ഗുണമല്ലെങ്കിൽ, പരിവർത്തനത്തെ തുടർന്ന് നിലവിൽ വന്ന ഗുണങ്ങളും സമാനമായ മുൻ ഗുണങ്ങളും പ്രപഞ്ചാതീതനായ സ്രഷ്ടാവ് ഉണ്ടാക്കിയതാണ്. അപ്പോൾ അവ അനാദിയല്ല. അനാദിയല്ലാത്ത ഗുണങ്ങളിൽ നിന്നും മുക്തമല്ലാത്ത പ്രപഞ്ചവും അനാദിയല്ലെന്നു ഗ്രഹിക്കാം. അല്ലെങ്കിൽ, പ്രസ്തുത ഗുണങ്ങൾ അനന്തതയിലേക്ക് പശ്ചാത്ഗമിക്കും.


ജബ്ബാർ : സ്രഷ്ടാവും അനാദ്യനല്ലാതിരുന്നു കൂടേ.

ലബീബ് : സ്രഷ്ടാവ് അനാദ്യനല്ലെങ്കിൽ, അവൻ പ്രപഞ്ചത്തിന്റെ ഭാഗമാണെന്നും മറ്റൊരു സ്രഷ്ടാവ് അവന് ആവശ്യമാണെന്നും വരും. രണ്ടാമൻ അനാദ്യനല്ലെങ്കിൽ അവനും അങ്ങനെ തന്നെ. മൂന്നാമതും നാലാമനുമെല്ലാം തഥൈവ... പ്രസ്തുത ശൃംഖല അനാദ്യനും അനാശ്രിതനുമായ യഥാർത്ഥ സ്രഷ്ടാവിൽ അവസാനിച്ചില്ലെങ്കിൽ, പശ്ചാത്ഗമനം അവിടെയും സംഭവിക്കും.


                                   ആറ്


മംഗലാപുരത്തു നിന്ന് കോയമ്പത്തൂർ പോകുന്ന ട്രൈൻ അതിശീഘ്രം ഓടികൊണ്ടിരിക്കുകയാണ്. ആറാമത്തെ കമ്പാർട്ട്മെന്റിൽ വിൻഡോക്ക് സമീപമുളള സീറ്റിലിരുന്ന് അഹ്മദ് മുസ്ലിയാർ ന്യൂസ് പേപ്പർ വായിച്ചു കൊണ്ടിരിക്കുന്നു. ചുറ്റിലും അദ്ദേഹത്തിന്റെ പത്തു ശിഷ്യന്മാരും.

വണ്ടി ഏതോ ഒരു സ്റ്റോപ്പിൽ നിർത്തി. ക്ലീൻ ഷേവ് ചെയ്ത ഒരാൾ കയറിവന്ന് അടുത്ത സീറ്റിൽ ഇരുന്നു. തടിച്ച ശരീരം. ഇരുണ്ട നിറം.

അരമണിക്കൂർ നേരം ഒരക്ഷരം അയാൾ ഉരിയാടിയില്ല. 


എന്തോ നീരസം അയാളുടെ മുഖത്ത് പ്രകടമാണ്. ഉസ്താദിലെ പ്രബോധകൻ ഉണർന്നു. 

ഉസ്താദ് : നിങ്ങൾ എവിടെയാ 

അയാൾ : കോഴിക്കോട് 

ഉസ്താദ് : നിങ്ങളുടെ പേരെന്താ

അയാൾ : നാസർ

ചുരുങ്ങിയ വാക്കുകളിൽ മറുപടി പറഞ്ഞു അയാൾ മിണ്ടാതിരുന്നു.

കുറച്ചുകഴിഞ്ഞ് അയാൾ വിളിച്ചു മോല്യേരേ... ഞാൻ താങ്കളോട് ഒരു ചോദ്യം ചോദിക്കട്ടെ :

ഉസ്താദ് : ചോദിച്ചോളൂ 


അയാൾ : ദൈവമാണോ അതോ സ്ഥലവും കാലവുമില്ലാത്ത അവസ്ഥയാണോ ആദ്യമുണ്ടായത് ?

ഉസ്താദ് : ഉണ്ടാവുകയെന്നതിനെ രണ്ടർത്ഥത്തിൽ പ്രയോഗിക്കാറുണ്ട്.

1. ഇല്ലായ്മക്കു ശേഷം ഉൺമ പ്രാപിക്കുക. ഉദാ : എനിക്കൊരു സംശയം ഉണ്ടായി 

2. നിലവിൽ വരിക. ഉദാ :  ഉൺമയ്ക്കു ശേഷം ഇല്ലായ്മ ഉണ്ടായി. ഇനി പറയാം : ദൈവം, ആദ്യമേ ഉള്ളവനാണ്. ഉണ്ടായവനല്ല. സ്ഥലവും കാലവുമില്ലായ്മ ആദ്യമേ നിലവിലുള്ളതാണ്. നിലവിൽ വന്നതല്ല. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, ദൈവത്തിന്റെ ഉൺമയും സ്ഥലകാലങ്ങളുടെ ഇല്ലായ്മയും അനാദ്യമാണ്. ഉൺമയുടെ അനാദ്യത്വം അല്ലാഹുവിൽ പരിമിതവുമാണ്.


മനസ്സിലായോ ഇല്ലേ എന്നൊന്നും വ്യക്തമാക്കാതെ രണ്ടാമത്തെ ചോദ്യവും അയാൾ എടുത്തിട്ടു. എന്നാൽ ഇത്തവണ അദ്ദേഹം അഭിസംബോധന ചെയ്തത് ഉസ്താദേ എന്നായിരുന്നു.

അയാൾ : ഉസ്താദേ. പ്രപഞ്ചം സൃഷ്ടിക്കും മുമ്പ് അല്ലാഹു എന്ത് ചെയ്യുകയായിരുന്നു ? 


ഉസ്താദ് : മൂന്നു കാര്യങ്ങൾ ഈ ചോദ്യത്തിന്റെ മുനയൊടിക്കുന്നു. 

1. അല്ലാഹുവിന്റെ ചെയ്തി സൃഷ്ടിയാണ്. അപ്പോൾ ഈ ചോദ്യത്തിന്റെ അർത്ഥം : ‘അല്ലാഹു വല്ലതും  സൃഷ്ടിക്കും മുമ്പ് എന്തു സൃഷ്ടിക്കുക യായിരുന്നു’ എന്നാണ്. ഇതൊരു മണ്ടൻ [വൈരുധ്യാത്മക] ചോദ്യമാണെന്നു വ്യക്തം.


2. ഒന്നും സൃഷ്ടിക്കാതിരിക്കൽ അല്ലാഹുവിനു ന്യൂനതയല്ല. കാരണം; സൃഷ്ടിക്കുമ്പോൾ നിലവിൽവരുന്ന പൂർണത ഉൺമയാണ്. പ്രപഞ്ചത്തിനാണ് അതു കൈവരുന്നത്, സ്രഷ്ടാവിനല്ല.


എങ്കിൽ, സൃഷ്ടിച്ചാലും ഇല്ലെങ്കിലും സ്രഷ്ടാവിന് യാതൊരു വിധ പൂർണതയും ന്യൂനതയും കൈവരുകയില്ല. ഉൺമയും, ഉൺമ പ്രദാനം ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള സമ്പൂർണ ശക്തിയും ആദ്യമേ അല്ലാഹുവിനുണ്ട് താനും.


3. മുമ്പും ശേഷവും സമയ സൂചക ശബ്ദങ്ങളാണെങ്കിലും, പ്രപഞ്ചം സൃഷ്ടിക്കപ്പെടും മുമ്പ് എന്ന പ്രയോഗം കാലത്തെ കുറിക്കാനുള്ളതല്ല. പ്രത്യുത ഒന്നുമില്ലായ്മയുടെ / സ്ഥല-കാല രഹിതമായ ശൂന്യതയുടെ  ആവിഷ്കാരം മാത്രമാണത്. 


പ്രപഞ്ചവും, കാലത്തിനു നിദാനമായ ചലനവും, ഉൺമയിലേക്ക് വന്നതിനു ശേഷമാണ് കാലം നിലവിൽ വരുന്നത്. ചലന നിശ്ചലം പോലുള്ള പ്രാപഞ്ചിക ഗുണങ്ങളും, സ്ഥല കാല സങ്കൽപങ്ങളും, സ്ഥല-കാലങ്ങൾ സംവിധാനിച്ച പ്രപഞ്ച ചാലകനായ അല്ലാഹുവിന് ബാധകവുമല്ല.


വസ്തുനിഷ്ഠമായ വിവരണം കേട്ട് അദ്ദേഹം ആശ്ചര്യപെട്ടു നിന്നു. അപ്പോഴേക്കും വണ്ടി അദ്ദേഹത്തിന് ഇറങ്ങാനുള്ള സ്റ്റേഷനിൽ എത്തിക്കഴിഞ്ഞിരുന്നു.  ഉസ്താദിനോടും മറ്റും യാത്ര പറഞ്ഞ് അദ്ദേഹം അവിടെ ഇറങ്ങി.


തുടരും


അബ്ദുൽ ജലീൽ സഅദി രണ്ടത്താണി

Sunday, 1 August 2021

നിയമത്തിലെ യുക്തിയും നിർവഹണ ബാധ്യതയും

 സന്ദേഹം :

ഇസ്‌ലാമിക ശരീഅത്തിനകത്തെ ശാഖാപരമായ കാര്യങ്ങളിൽ എല്ലാത്തിനും ലോജിക്കൽ റീസണിംഗ് നമുക്ക് സാധ്യമാണോ ?


നിവാരണം :

എല്ലാത്തിനും പ്രത്യേകം പ്രത്യേകം റീസണിംഗ് അവതരിപ്പിക്കാൻ നമുക്ക് കഴിയണമെന്നില്ല. ചില കാര്യങ്ങളുടെ ഹിക്മത് നമുക്ക് അറിയിക്കപ്പെട്ടിട്ടില്ല എന്നതാണു കാരണം

എന്നാൽ, എന്തിന് ഈ നിയമം പിന്തുടരുന്നു എന്ന ചോദ്യത്തിന് “ഇത് ഉടയോന്റെ നിയമമാണ്, നാം അവന്റെ അടിമകളാണ് എന്നത് കൊണ്ട്” എന്ന പൊതുവായ ലോജിക്കൽ റീസണിംഗ് പറയാനാവാത്ത ഒരു ഹുക്മും ഇല്ല താനും. മറ്റൊരു വാക്കിൽ, നിയമ നിർവഹണത്തിലെ യുക്തി നമുക്ക് അറിയാം. എന്നാൽ,

നിയമങ്ങളിലെ യുക്തി അറിയാൻ നാം ബാധ്യസ്ഥരല്ല. 


പിന്നെ, ഉടമസ്ഥനായ ദൈവത്തെ അംഗീകരിക്കാത്തവർക്കു മുമ്പാകെയും നമുക്ക് ഇത് അവതരിപ്പിക്കാം. ദാ  ഇങ്ങനെ : 

നമുക്ക് ഒരു (പരമാധിപനായ) ഉടമസ്ഥൻ ഉണ്ടെങ്കിൽ, (അടിമകളായ) നമുക്ക് മേൽ ഈ നിയമം നടപ്പാക്കാൻ അവന് അധികാരമുണ്ടോ എന്ന് ചോദിക്കുക. ഇല്ലെന്നു പറഞ്ഞാൽ ചോദിക്കുക : പിന്നെ, എങ്ങനെ അവൻ പരമാധികാരിയും നാം അടിമകളുമാകും. 


ഉണ്ടെന്നാണ് അവർ പറയുന്നതെങ്കിൽ പറയുക : 

അപ്പോൾ ഇനി അത്തരം ഒരു ഉടമസ്ഥനുണ്ടോ ? അവൻ ആരെങ്കിലും മുഖേന  ഉപര്യുക്ത നിയമങ്ങൾ നമുക്ക് കൈമാറിയിട്ടുണ്ടോ ? എന്നതു മാത്രമാണ് ചർച്ച ചെയ്തു തീരുമാനിക്കാനുള്ളത്. നമുക്ക് നേരെ ആ ചർച്ചയിലേക്ക് പോകാം.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

ഇല്ലാത്തത്, ഉണ്ടാക്കപ്പെടാതെ ഉണ്ടാവില്ല

 സന്ദേഹം : 

ഇല്ലായ്മയിൽ നിന്ന് ഉൺമയിലേക്കു വന്ന വസ്തു തനിയെ (കാരണം / സ്രഷ്ടാവ് ഇല്ലാതെ) ഉൺമയിലേക്ക് വന്നതല്ലെന്ന് പറയുന്നതിന്റെ ന്യായമെന്ത് ? നമ്മുടെ മൈന്റിൽ സെറ്റ് ചെയ്യപ്പെട്ടത് കൊണ്ട് നമുക്കങ്ങനെ തോന്നുന്നതായിരിക്കാൻ സാധ്യതയില്ലേ ?


നിവാരണം : 

വസ്തു ഇല്ലായ്മയിൽ നിന്ന് വന്നുവെന്ന് പറഞ്ഞതിൽ നിന്നും, അതിന് സ്വതേ അനിവാര്യമായ ഒരു അസ്ഥിത്വം (necessary Existence) ഇല്ലെന്നു മനസ്സിലാക്കാം കാരണം : സ്വതേ അനിവാര്യമായിരുന്നെങ്കിൽ ആദ്യം ഒരു ഇല്ലായ്മ അതിനുണ്ടാകില്ലല്ലോ.


ഉൺമയിലേക്ക് വന്നുവെന്ന് പറഞ്ഞതിൽ നിന്ന്, അത്, സ്വതേ അസംഭവ്യമായ (Impossible) കാര്യമല്ലെന്നും മനസ്സിലാക്കാം. 


മറിച്ച്, ഉണ്ടാവാൻ ഉണ്ടാക്കൽ ആവശ്യമായി വരുന്ന, ഇല്ലാതാവാനും ഇല്ലായ്മയിൽ തുടർന്ന് പോകാനും ഇല്ലാതാക്കലോ ഉണ്ടാക്കാതിരിക്കലോ ആവശ്യമായി വരുന്ന, സംഭവ്യമായ (possible) ഒരു കാര്യമാണത്. എങ്കിൽ, തനിയെ എങ്ങനെ അതുണ്ടാകും !


1+1= 2 എന്ന് നമ്മുടെ മൈന്റിൽ സെറ്റ് ചെയ്യപ്പെട്ടത് കൊണ്ട് നമുക്കങ്ങനെ തോന്നുന്നതായിരിക്കാൻ സാധ്യതയില്ലേ എന്നൊരാൾ ചോദിച്ചാൽ ആ ചോദ്യം നിങ്ങളിൽ അശേഷം സംശയം ജനിപ്പിക്കുകയില്ല. ബോധ്യമാണെന്ന ബോധ്യത്തോടു കൂടിയ ബോധ്യമാണ് അതെന്നർത്ഥം. അത്തരമൊരു സുഗ്രഹ ബോധ്യമാണ് ഇല്ലായ്മയിൽ നിന്ന് ഒന്നും തന്നെ തനിയെ ഉണ്ടാവില്ലെന്ന ബോധ്യം


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

ഫിസിക്കൽ നിയമങ്ങൾ പര്യാപ്തമോ !

 സന്ദേഹം : 

പ്രാപഞ്ചിക പരിവർത്തനങ്ങൾ അനിവാര്യമായ അസ്ഥിത്വമുള്ള  കാരണത്തെ ആശ്രയിക്കുന്നുവെന്ന് അംഗീകരിക്കാം. എന്നാൽ, അത് പ്രപഞ്ചാതീതമായ ഒരേ ഒരു കാരണം തന്നെ ആവേണ്ട കാര്യമെന്ത്  ഫിസിക്കൽ നിയമങ്ങൾ തന്നെയാണ് പരിവർത്തനങ്ങൾക്ക് പിന്നിലെന്നും അവയ്ക്ക് അനിവാര്യമായ / സഹജമായ അസ്തിത്വമുണ്ടെന്നും വന്നാൽ മതിയാകില്ലേ ?


നിവാരണം : 

ഫിസിക്കൽ നിയമങ്ങൾക്ക് അനിവാര്യ അസ്തിത്വ (necessary Existence) മുണ്ടെന്ന് പറയുകയാണെങ്കിൽ അനന്ത പശ്ചാത്ഗമനമെന്ന (linear regression/ actual infinity) വൻ അസംബന്ധം / മഹാ മണ്ടത്തരം പറയേണ്ടിവരും. കാരണം:  അനിവാര്യമാണെങ്കിൽ എക്കാലത്തും അവ നിലവിലുണ്ടാവും അഥവാ, അവയ്ക്ക് തുടക്കം ഉണ്ടായിരിക്കുകയില്ല. അവയ്ക്ക് തുടക്കം ഇല്ലെങ്കിൽ അവ കാരണം നിലവിൽ വരുന്ന പരിവർത്തനങ്ങൾക്കും തുടക്കമുണ്ടായിരിക്കുകയില്ല. ; കാരണമുണ്ടാവുമ്പോൾ കാര്യവും ഉണ്ടായിരിക്കണമല്ലോ അല്ലെങ്കിൽ പിന്നെ എന്താണ് കാരണം !


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Tuesday, 27 July 2021

ഇച്ഛാസ്വാതന്ത്ര്യവും യുക്തരും



മനുഷ്യനെ ഇതര ജീവജാലങ്ങളിൽ നിന്ന് വ്യതിരക്തനാക്കുന്നത് തന്റെ ചിന്താശേഷിയാണ് ഈ ശേഷി ഉപയോഗപ്പെടുത്തി ബഹുമുഖ സാധ്യതകളിൽ ചിലത് നിർണയിക്കാനും മറ്റുള്ളവ അവഗണിക്കാനും അതിലൂടെ ഭൗതിക ധാർമിക പുരോഗതികളുടെ പടവുകൾ കയറാനും മനുഷ്യന് കഴിയുന്നു. നാഗരികതകളും ശാസ്ത്ര പുരോഗതികളുമെല്ലാം ഇങ്ങനെ നിലവിൽ വന്നതു തന്നെയാണ്  ഇതിനെയാണ് ചിന്താ സ്വാതന്ത്ര്യമെന്നും ഇച്ഛാസ്വാതന്ത്ര്യം എന്നും കർമ്മ നിർവഹണ / നിർണയ സ്വാതന്ത്ര്യം എന്നുമെല്ലാം നാം വിളിക്കുന്നത്. 


ഇസ്‌ലാമും മുസ്‌ലിംകളുടെ വിശുദ്ധ വേദഗ്രന്ഥമായ ഖുർആനും , ഏതൊരാൾക്കും അനുഭവവേദ്യമാകുന്ന പ്രസ്തുത  സ്വാതന്ത്ര്യത്തെ, നിരാകരിക്കുന്നില്ലെന്നു മാത്രമല്ല . ഇതുള്ളവർക്കു മാത്രമേ മതനിയമങ്ങൾ ബാധകമാവുകയുള്ളൂ എന്ന് ഊന്നിപ്പറയുക കൂടി ചെയ്തതായി കാണാൻ സാധിക്കും


എന്നാൽ, ഇതിനു വിപരീതമായി ദൈവ നിഷേധികളും മത വിരോധികളുമായ യുക്തൻമാരിൽ ബഹു ഭൂരിപക്ഷവും മനുഷ്യന് free will ഇല്ലെന്ന വീക്ഷണക്കാരാണ് (Sam Harris ന്റെ free will എന്ന കൃതി കാണുക). Free will ഉണ്ടെന്ന വീക്ഷണം പുലർത്തുന്ന ന്യൂനപക്ഷത്തെയും അവരിൽ കാണാം


ഈ രണ്ടു വിഭാഗത്തോടും നമുക്കു ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. 


ഒന്നാം വിഭാഗത്തോട് ചോദിക്കാനുള്ള ചോദ്യങ്ങൾ ഇതാണ്


1- മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യമില്ലെന്ന് വാദിക്കുന്നത് നിങ്ങളാണ്. എന്നിട്ടും പ്രസ്തുത സ്വാതന്ത്ര്യമുള്ളവർക്ക് മാത്രമേ മത ശാസനകൾ ബാധകമാവുകയുള്ളൂ എന്നു പോലും അസന്ദിഗ്ധം പ്രഖ്യാപിച്ച വേദത്തിന്റെ വക്താക്കളെ ഇച്ഛാ സ്വാതന്ത്ര്യ നിഷേധികളായി നിങ്ങൾ മുദ്രകുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?


2- മനുഷ്യന് കർമ്മ നിർവഹണ സ്വാതന്ത്ര്യം ഇല്ലെങ്കിൽ ധർമ്മാധർമ്മങ്ങളെ നിങ്ങൾ എങ്ങനെ നിശ്ചയിക്കും , ധാർമികമൂല്യങ്ങൾ എന്ന ഒന്നു തന്നെ പ്രഹസനമാവുകയില്ലേ ?   മനുഷ്യൻ ചെയ്യുന്ന അധർമ്മവും കുറ്റകൃത്യവും, കർമ്മ നിർവഹണ സ്വാതന്ത്ര്യത്തിന്റെ അഭാവത്തിൽ അധർമ്മവും കുറ്റകൃത്യവും ആകുന്നതെങ്ങനെ ?  അങ്ങനെ ചെയ്യാനല്ലാതെ അവന് സാധിക്കില്ലല്ലോ. താൻ നിർവഹിക്കുന്ന ധർമ്മങ്ങളുടെയും സുകൃതങ്ങളുടെയും പേരിൽ അവൻ വാഴ്ത്തപ്പെടുന്നത് എങ്ങനെ ? അവനത് യഥേഷ്ടം ചെയ്യുന്നതൊന്നുമല്ലല്ലോ. 


3-  ചിന്താ സ്വാതന്ത്ര്യത്തിന്റെയും കർമ്മ സ്വാതന്ത്ര്യത്തിന്റെയും അഭാവത്തിൽ ഞങ്ങൾക്ക് ഞങ്ങളാവാനല്ലാതെ സാധിക്കില്ല. നിങ്ങൾക്ക് നിങ്ങളാവാനല്ലാതെയും കഴിയില്ല. എന്നിരിക്കെ, നിങ്ങൾ, നിങ്ങളുടെ യുക്തി (യില്ലാ) വാദത്തിലേക്ക് ഞങ്ങളെ ക്ഷണിക്കുന്നതിന്റെ സാംഗത്യം എന്താണ് ?


ഇനി, മനുഷ്യൻ, ചിന്താ / നിർവഹണസ്വാതന്ത്ര്യം അനുഭവിക്കുന്നുവെന്ന കാര്യം അംഗീകരിക്കുന്ന ഭൗതികവാദികളോട് ഏതാനും ചോദ്യങ്ങൾ ചോദിക്കാം 


4- പ്രകൃതിയുടെ നിയമങ്ങളും നിയാമകങ്ങളുമെല്ലാം അനിവാര്യവും അലംഘനീയവുമാണെന്നും ഇതിന് അതീതമായ മെറ്റാഫിസിക്കലായ കാര്യങ്ങളൊന്നും സത്യമല്ലെന്നും നിങ്ങൾ കരുതുന്നു. ദൈവാസ്തിക്യവും അതീന്ദ്രിയ ജ്ഞാനവുമെല്ലാം നിങ്ങൾ നിഷേധിക്കുന്നത് ആ ഒരു ധാരണയുടെ പുറത്താണ്. ഇതനുസരിച്ച് പ്രകൃതിയുടെ ഭാഗമായ മനുഷ്യനും തന്റെ ചിന്തയും അനിവാര്യവും അലംഘനീയമായിരിക്കണം. മറ്റൊരു വാക്യത്തിൽ, മനുഷ്യൻ എന്തു ചിന്തിക്കുന്നുവോ അതല്ലാതെ അവന് ചിന്തിക്കാൻ കഴിയില്ല, അവന്റെ ചിന്തകളെല്ലാം ചില രാസപ്രതിപ്രവർത്തനങ്ങളുടെ പരിണിത ഫലം മാത്രമാണ്. എന്നിരിക്കെ, അവന് ചിന്താസ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങൾ വാദിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ?


5- ഇനി, ചിന്താസ്വാതന്ത്ര്യമുണ്ടെന്ന് വാദിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടെന്ന് അംഗീകരിച്ചാൽ തന്നെ, പ്രസ്തുത സ്വാതന്ത്ര്യം നല്ലതിനെ തെരഞ്ഞെടുക്കാനും നല്ലതിന് വിനിയോഗിക്കാനുമുള്ളതാണ്. ഇസ്‌ലാമിനേക്കാൾ ഭൗതികവാദത്തിന്  നിങ്ങൾ കാണുന്ന നന്മയും മേൻമയും എന്താണ് ? നിങ്ങളല്ലാത്തവരെയെല്ലാം പുച്ഛിച്ചും ട്രോളിയും ജീവിതം സാർത്ഥകമാക്കാൻ നിങ്ങൾക്ക് കഴിയുന്നു എന്നതാണോ അതല്ല, പ്രപഞ്ചോൽപ്പത്തിയെകുറിച്ചും ജീവിത ലക്ഷ്യത്തെക്കുറിച്ചും ചിന്തിച്ച് കൃത്യമായ ഉത്തരം കിട്ടാതെ വിഷാദരോഗത്തിലും തുടർന്ന് ആത്മഹത്യയിലും ജീവിതം അവസാനിപ്പിക്കാൻ കഴിയുന്നു എന്നതാണോ  ഭൗതികവാദത്തിന് നിങ്ങൾ കാണുന്ന നന്മ. 


6- രാസ പ്രതിപ്രവർത്തനത്തിലൂടെ നിലവിൽ വരുന്ന ചിന്ത സ്വതന്ത്രമാകാം എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചുകൊണ്ട് മറ്റൊരു ചോദ്യം ചോദിക്കാം: ഇച്ഛാ സ്വാതന്ത്ര്യത്തിന് ഹാനികരമല്ലെന്ന് നിങ്ങൾ പറയുന്ന പ്രകൃതിയും പ്രകൃതി നിയമങ്ങളും ഒരു മാറ്റവുമില്ലാതെ ദൈവം സംവിധാനിച്ചതാണെന്ന് കരുതിയാൽ മാത്രം അത് പ്രസ്തുത സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുമോ ? 


7- ഇസ്‌ലാമിക പ്രമാണങ്ങൾ,  മറ്റൊരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ലാത്ത വിധം ചിന്താ/ കർമ സ്വാതന്ത്ര്യത്ത സ്ഥിരീകരിച്ചിട്ടും ഇസ്‌ലാം മത വിശ്വാസികളെ പ്രസ്തുത സ്വാതന്ത്ര്യത്തിന്റെ നിഷേധികളായി നിങ്ങൾ ചിത്രീകരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?   


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Monday, 26 July 2021

നബിവചനങ്ങൾ അവഗണിക്കപ്പെട്ടിട്ടില്ല

സന്ദേഹം :

ഖുർആൻ ക്രോഡീകരണത്തിൽ കാണിച്ച അത്ര ശുഷ്കാന്തി ഹദീസ് ക്രോഡീകരണത്തിൽ എന്ത് കൊണ്ട് പ്രവാചകർ കാണിച്ചില്ല ? 


നിവാരണം :

എ. ഖുർആൻ പൊലെ ഹദീസും ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് പ്രവാചക കാലം മുതൽ കൈമാറ്റം ചെയ്യപ്പെട്ടു പോന്നിട്ടുണ്ട്. അന്നു തന്നെ ലിഖിത രൂപത്തിലും സൂക്ഷിക്കുക വഴി അല്ലാഹുവിന്റെ വചനമായ ഖുർആനിനു പ്രത്യേക പരിഗണ നൽകിയെന്നു മാത്രം


ബി. ഖുർആൻ, പാരായണം ചെയ്യാൻ നിർദേശിക്കപ്പെട്ടതിനാലും ഇഅ്ജാസ് പദങ്ങൾക്കു കൂടി ബാധകമായതിനാലും ഖുർആന്റെ പദങ്ങൾ തന്നെ കൈമാറ്റം ചെയ്യൽ അനുപേക്ഷ്യമാണ്.


അതിനാൽ, ഖുർആന്റെ കാര്യത്തിൽ കൂടുതൽ ശുഷ്കാന്തി കാണിക്കുകയും ലിഖിത രൂപേണയും അതു സൂക്ഷിച്ചു വെക്കാൻ നിർദേശിക്കുകയും ചെയ്തു. 


ഹദീസുകളാവട്ടെ, ആശയ കൈമാറ്റം ചെയ്താൽ മതി. ആശയം കൈമാറാൻ നടേ പറഞ്ഞ സൂക്ഷ്മത ആവശ്യമില്ല. വിശിഷ്യാ, ഹൃദിസ്ഥമാക്കാൻ അനിതര ശേഷി കൈവശമുണ്ടായിരുന്ന സമൂഹത്തിൽ.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

ആദ്യമേ നിലവിലുണ്ട്

 സന്ദേഹം :

ദൈവമാണോ അതോ സ്ഥലവും കാലവും ഇല്ലാത്ത അവസ്ഥയാണോ ആദ്യമുണ്ടായത് ?


നിവാരണം :

ഉണ്ടാവുക എന്നതിന് രണ്ടർത്ഥമുണ്ട്.


ഒന്ന്, നിലവിൽ വരിക.  

ഉദാ:  ഉൺമയ്ക്കു ശേഷം ഇല്ലായ്മ ഉണ്ടായി.


രണ്ട്, ഉൺമ പ്രാപിക്കുക  .

ഉദാ : മനുഷ്യൻ ഇല്ലായ്മക്കു ശേഷം ഉണ്ടായി.


ഇനി പറയാം : 

ദൈവവും ദൈവ ഗുണങ്ങളും [സ്ഥലകാല രാഹിത്യമുൾപ്പടെ] ആദ്യം ഉണ്ടായതല്ല. പ്രത്യുത, ആദ്യമേ (അനാദ്യേന) ഉള്ളതാണ്.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

സൃഷ്ടിച്ചവന് അറിയാം എന്തു ചെയ്യണമെന്ന്

  സന്ദേഹം :

വിശന്നു പൊരിയുന്ന ഒരു സിംഹം പെട്ടെന്ന് ഒരു മാനിനെ കണ്ടു. ഉടനെ സിംഹം ദൈവത്തോട് പ്രാർത്ഥിച്ചു ദൈവമേ എനിക്ക് ഈ മാനിനെ തരണമേ. അതെ സമയത്തു തന്നെ മാൻ ദൈവത്തോട് പ്രാർത്ഥിച്ചു ദൈവമേ എന്നെ ഈ സിംഹത്തിൽ നിന്ന് രക്ഷിക്കണമേ ആരുടെ  പ്രാർത്ഥന ദൈവം സ്വീകരിക്കും ?


നിവാരണം :

അവർ പ്രാർത്ഥിച്ചത് അവരുടെ ജനിമൃതികളെ ഔചിത്യപൂർവം നിയന്ത്രിക്കുന്ന പരമാധികാരിയായ ദൈവത്തോടാണെങ്കിൽ, എന്താണോ അവൻ തീരുമാനിച്ചത് അത് അവൻ ചെയ്തുകൊള്ളും. ഒന്നെങ്കിൽ, മാനിനെ സിംഹത്തിൽ നിന്നും അവൻ രക്ഷിക്കും. അല്ലെങ്കിൽ, സിംഹത്തെ വിശപ്പിൽ നിന്നും അവൻ രക്ഷിക്കും. അതുമല്ലെങ്കിൽ, മറ്റൊരു ഭോജ്യം സിംഹത്തിനു നൽകി, മാനിനെയും സിംഹത്തെയും ഒപ്പം അവൻ രക്ഷിക്കും. എല്ലാം അവന്റെ ഹിതം പോലെ. നാളിതുവരെ അവർക്ക് കിട്ടിക്കൊണ്ടിരുന്ന ആയുരാരോഗ്യവും സൗഖ്യവും ദൈവം കനിഞ്ഞേകിയതാണ്. അതു നീട്ടി കിട്ടാനുള്ള അപേക്ഷ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും അവൻ തന്നെയാണ്. 


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Saturday, 24 July 2021

ആരാധനയുടെ സാംഗത്യം

 സന്ദേഹം :

മനുഷ്യരുടെ പുകഴ്ത്തലും ആരാധനയും ദൈവം ആഗ്രഹിക്കുന്നതെന്തിന്?


നിവാരണം :

ആരാധനയും പുകഴ്ത്തലും ദൈവത്തിന്റെ ആഗ്രഹമോ ആവശ്യമോ അല്ല. മറിച്ച്, ദൈവ സാമീപ്യം കൈവരിക്കാൻ തന്റെ ദാസർക്കു വേണ്ടി ദൈവം നിശ്ചയിച്ച ഒരു മാർഗമാണ്. തന്നോട് കൂടുതൽ താൽപര്യവും സ്നേഹവും അകതാരിൽ കാത്ത് സൂക്ഷിക്കുകയും, തന്റെ തിരുസാമീപ്യം കിട്ടാൻ ഏറെ യത്നിക്കുകയും ചെയ്യുന്നവരെ തന്നെ, സാമീപ്യം നൽകാൻ വേണ്ടി ദൈവം സെലക്ട്  ചെയ്തതിലെ സാംഗത്യം സുതരാം വ്യക്തമാണ്.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

അമരനായ ദൈവവും അനശ്വരമായ ലോകവും

 

സന്ദേഹം :

സ്വർഗ നരകങ്ങൾ ശാശ്വതമാണങ്കിൽ മനുഷ്യന് അന്ത്യമില്ലല്ലോ.. ദൈവമല്ലാത്തതെല്ലാം നശിക്കുന്നതാണെങ്കിൽ ഇതെങ്ങനെ സാധ്യമാകും ?


നിവാരണം :

എ. «ഭൂമുഖത്തുള്ളവരെല്ലാം നശിക്കാനുള്ളവരാണ്» എന്ന പ്രസ്താവന പുനരുത്ഥാനത്തിന് മുമ്പുള്ള ആഗോള നാശത്തെയാണ് പരാമർശിക്കുന്നത്. സ്വർഗത്തിലെ ശാശ്വത നിവാസം പുനരുത്ഥാന ശേഷമായിരിക്കുമല്ലോ.


ബി. നാശമുക്തി അല്ലാഹുവിന്റെ സവിശേഷ ഗുണം തന്നെയാണ് «അല്ലാഹുവല്ലാത്തതെല്ലാം നാശോൻമുഖമാണ്». എന്നാൽ, സൃഷ്ടികളെ എക്കാലത്തും നില നിർത്താൻ അല്ലാഹുവിന് കഴിയില്ലെന്നോ അവരെ അവൻ എക്കാലത്തും നില നിർത്തുകയില്ലെന്നോ അതിന് അർത്ഥമില്ല. കാരണം : അല്ലാഹുവിന്റെ വ്യതിരേകമായ നാശമുക്തി നശിക്കാതിരിക്കലല്ല, നാശം സംഭവ്യമല്ലാതിരിക്കലാണ്. 


അബ്ദുൽ ജലീൽ സഅദി രണ്ടത്താണി

Friday, 23 July 2021

സുഗ്രഹമായ സത്യം നിഗ്രഹത്തിലെ സാംഗത്യം

 സന്ദേഹം 1 :

സത്യമാണെന്ന് ബോധ്യപ്പെട്ട ശേഷം ഇസ്ലാമിലേക്ക് വരാത്തവർ കുറവായിരിക്കും, താൻ വിശ്വസിക്കുന്നത് ശരിയാണെന്ന് കരുതി ജീവിക്കുന്നവരാണ് അധികവും അവരെ കാലാകാലം ശിക്ഷിക്കുന്നതിന്റെ സംഗത്യം എന്താണ് ?


നിവാരണം :

സത്യം ബോധ്യപ്പെട്ടതിനു ശേഷം നിരാകരിക്കൽ മാത്രമല്ല അവിശ്വാസം. മറിച്ച്, സത്യം സമാഗതമായതിനു ശേഷം, അത് ബോധ്യപ്പെടാനാവശ്യമായ പഠനവും മനനവും നടത്താതെ വൈമുഖ്യം കാണിച്ചതിനാൽ ബോധ്യത്തിൽ എത്തിപ്പെടാതിരിക്കലും അവിശ്വാസമായി ഗണിക്കപ്പെടുന്നു.


താനുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഭൗതിക ജീവിതത്തിലെ, അത്യന്തം നിസ്സാരമായ കാര്യങ്ങളിൽ പോലും അന്വേഷണ തൃഷ്ണ പ്രകടിപ്പിക്കാറുള്ള മനുഷ്യൻ, ശാശ്വത ജീവിതത്തിലെ തന്റെ സൗഖ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അതീവ ഗൗരവം നിറഞ്ഞ ഒരു കാര്യത്തിൽ നിസംഗത പുലർത്തുന്നതിനെ ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല.


പിന്നെ, അറിഞ്ഞ / ബോധ്യപ്പെട്ട സത്യസരണി തൃപ്തി പൂർവം മനസാ അംഗീകരിച്ചാൽ തന്നെ - അത് പുറത്ത് പറഞ്ഞില്ലെങ്കിൽ പോലും - ശാശ്വത ശിക്ഷ ഒഴിവായിക്കിട്ടും.  കാരണം, ശാശ്വത ശിക്ഷ അവിശ്വാസികൾക്കു മാത്രമാണ്.


മനസാ, തൃപ്തി പൂർവ്വം അംഗീകരിച്ചവനാവട്ടെ വിശ്വാസിയാണ്. ഭൗതിക ജീവിതത്തിലെ മതകീയ വ്യവഹാരങ്ങളിൽ വിശ്വാസിയായി ഗണിക്കപ്പെടണമെങ്കിൽ, വിശ്വാസം പരസ്യപ്പെടുത്തണമെന്നു മാത്രം.  ‘കാലാകാല’ത്തിന്റെ സാംഗത്യം താഴെ വരുന്നു. 


സന്ദേഹം 2 :

ദൈവം അവിശ്വാസികളെ കാലാകാലം നരകത്തിലിട്ട് പൊരിക്കുന്നത് എന്തിനാണ് ? 


നിവാരണം :

രണ്ട് ലോകങ്ങൾ അല്ലാഹു സംവിധാനിച്ചു. അനുഭൂതികളുടെ സ്വർഗ ലോകവും, ദുരിതങ്ങൾ നിറഞ്ഞ നരക ലോകവും. മനസാ കർമണാ സ്വർഗവുമായി താദാത്മ്യം പുലർത്തുന്ന വിശിഷ്ട സമൂഹങ്ങളെ സ്വർഗത്തിലും, നരകവുമായി താദാത്മ്യപ്പെടുന്ന, രൂപത്തിൽ മനുഷ്യരെങ്കിലും പ്രകൃതത്തിൽ മൃഗതുല്യരോ മൃഗങ്ങളേക്കാൾ അധമരോ ആയ സമൂഹങ്ങളെ നരകത്തിലും, കാലാകാലം വസിപ്പിക്കാൻ അവൻ തീരുമാനിച്ചു.


സർവ്വാധിപനും സർവ്വജ്ഞനുമായ അല്ലാഹുവിന് ആരെയും എവിടെയും താമസിപ്പിക്കാനും തന്റെ അറിവു വെച്ച് സ്വർഗ്ഗവാസികളെയും നരകവാസികളെയും തെരഞ്ഞെടുക്കാനും അവകാശവും അധികാരവും ഉണ്ടായിട്ടും അതൊന്നും അവൻ ചെയ്തില്ല. 


മറിച്ച്, തനിക്കു വേണ്ട ലോകം നിർണയിക്കാൻ വിശ്വാസ കർമ്മ സ്വാതന്ത്ര്യങ്ങൾ നൽകി ഒരു പരീക്ഷ അവർക്ക് ഏർപ്പാട് ചെയ്യുകയും അവരുടെ ഗുണദോഷങ്ങൾ അവർക്ക് നേരിട്ട് ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തു. അതിനു വേണ്ടിയാണ് ഇഹലോകം അവൻ സംവിധാനിച്ചത്.


എന്നാൽ രണ്ടു ലോകങ്ങൾ സംവിധാനിച്ചതിന്റെ ആത്യന്തിക ലക്ഷ്യം നമുക്ക് അവൻ അറിയിച്ചു തന്നിട്ടില്ല. അനുഗ്രഹവും നിഗ്രഹവും അല്ലാഹു ചെയ്യുന്നതിലെ സാംഗത്യം നമുക്ക് പൂർണ്ണമായും  അറിയില്ല. അറിയാൻ നാം ബാധ്യസ്ഥരുമല്ല. «അറിവിൽ നിന്ന് കുറഞ്ഞതു മാത്രമേ നിങ്ങൾക്കു നൽകപ്പെട്ടിട്ടുള്ളൂ» ഒരു കാര്യം നമുക്ക് വ്യക്തമായി അറിയാം , അനുഗ്രഹം ചൊരിയാൻ മാനസിക മായ ആർദ്രത അവനു പ്രേരകമല്ല. തഥൈവ, നിഗ്രഹിക്കാൻ മാനസിക ക്രൗര്യവും അവനെ പ്രേരിപ്പിക്കില്ല. കാരണം, അതെല്ലാം സൃഷ്ടികളിൽ അല്ലാഹു ഹിതാനുസാരം സൃഷ്ടിക്കുന്ന വൈകാരികമായ ന്യൂന (ദൈവ സംഗതമല്ലാത്ത) ഗുണങ്ങളാണ്. ഇതു സംബന്ധമായ കൂടുതൽ വിവരണങ്ങൾക്ക് ‘അവകാശമല്ല, ഔദാര്യമാണ്’ ‘ദൈവം കോപിക്കുകയെന്നാൽ’ എന്നീ പോസ്റ്റുകൾ കാണുക


അബ്ദുൽ ജലീൽ സഅദി രണ്ടത്താണി

Thursday, 22 July 2021

ശിക്ഷിക്കപ്പെടാൻ കൂടുതൽ അർഹൻ

സന്ദേഹം :

നന്മയിൽ മാത്രം മുഴുകി ജീവിക്കുന്ന അവിശ്വാസിയാണോ തിൻമകളിൽ അഭിരമിച്ച് ജീവിക്കുന്ന വിശ്വാസിയാണൊ ദൈവിക ശിക്ഷയ്ക്ക് കൂടുതൽ അർഹൻ ?


നിവാരണം :

എ. ഭരണകൂടത്തെയും രാജാവിനെയും അംഗീകരിക്കുന്ന കുറ്റവാളിയാണോ ക്ഷേമൈശ്വര്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന രാജ്യദ്രോഹിയാണോ ശിക്ഷിക്കപ്പെടാൻ കൂടുതൽ അർഹൻ. 


ബി. ഉടയ തമ്പുരാനെ / അവന്റെ തിരുദൂതരെ / അവന്റെ നിയമസംഹിതയെ അംഗീകരിക്കാതിരിക്കുകയെന്ന ഏറ്റവും വലിയ തിന്മ ഉൾവഹിക്കുന്നവരാണ് അവിശ്വാസികൾ. എങ്കിൽ, നന്മയിൽ മാത്രം മുഴുകി ജീവിക്കുന്ന ഒരു അവിശ്വാസിയുമില്ല. 


സി. കുറ്റവാളികളെ ശിക്ഷിക്കൽ അല്ലാഹുവിന്റെ അവകാശമാണ്. കാരണം : താൻ നൽകിയ ഉൺമ ഉൾപ്പെടെയുള്ള അനുഗ്രഹങ്ങളോട് കൃതഘ്നത കാട്ടുകയും അവയെ ദുരുപയോഗപ്പെടുത്തുകയും ചെയ്തവരാണവർ. എങ്കിൽ, ആർക്ക് കൂടുതൽ ശിക്ഷ നൽകണമെന്നും ആർക്ക് ഇളവു നൽകാമെന്നും നൽകരുതെന്നും നിശ്ചയിക്കുവാനുള്ള അവകാശവും അവനു തന്നെ.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി