മനുഷ്യനെ ഇതര ജീവജാലങ്ങളിൽ നിന്ന് വ്യതിരക്തനാക്കുന്നത് തന്റെ ചിന്താശേഷിയാണ് ഈ ശേഷി ഉപയോഗപ്പെടുത്തി ബഹുമുഖ സാധ്യതകളിൽ ചിലത് നിർണയിക്കാനും മറ്റുള്ളവ അവഗണിക്കാനും അതിലൂടെ ഭൗതിക ധാർമിക പുരോഗതികളുടെ പടവുകൾ കയറാനും മനുഷ്യന് കഴിയുന്നു. നാഗരികതകളും ശാസ്ത്ര പുരോഗതികളുമെല്ലാം ഇങ്ങനെ നിലവിൽ വന്നതു തന്നെയാണ് ഇതിനെയാണ് ചിന്താ സ്വാതന്ത്ര്യമെന്നും ഇച്ഛാസ്വാതന്ത്ര്യം എന്നും കർമ്മ നിർവഹണ / നിർണയ സ്വാതന്ത്ര്യം എന്നുമെല്ലാം നാം വിളിക്കുന്നത്.
ഇസ്‌ലാമും മുസ്‌ലിംകളുടെ വിശുദ്ധ വേദഗ്രന്ഥമായ ഖുർആനും , ഏതൊരാൾക്കും അനുഭവവേദ്യമാകുന്ന പ്രസ്തുത സ്വാതന്ത്ര്യത്തെ, നിരാകരിക്കുന്നില്ലെന്നു മാത്രമല്ല . ഇതുള്ളവർക്കു മാത്രമേ മതനിയമങ്ങൾ ബാധകമാവുകയുള്ളൂ എന്ന് ഊന്നിപ്പറയുക കൂടി ചെയ്തതായി കാണാൻ സാധിക്കും
എന്നാൽ, ഇതിനു വിപരീതമായി ദൈവ നിഷേധികളും മത വിരോധികളുമായ യുക്തൻമാരിൽ ബഹു ഭൂരിപക്ഷവും മനുഷ്യന് free will ഇല്ലെന്ന വീക്ഷണക്കാരാണ് (Sam Harris ന്റെ free will എന്ന കൃതി കാണുക). Free will ഉണ്ടെന്ന വീക്ഷണം പുലർത്തുന്ന ന്യൂനപക്ഷത്തെയും അവരിൽ കാണാം
ഈ രണ്ടു വിഭാഗത്തോടും നമുക്കു ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്.
ഒന്നാം വിഭാഗത്തോട് ചോദിക്കാനുള്ള ചോദ്യങ്ങൾ ഇതാണ്
1- മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യമില്ലെന്ന് വാദിക്കുന്നത് നിങ്ങളാണ്. എന്നിട്ടും പ്രസ്തുത സ്വാതന്ത്ര്യമുള്ളവർക്ക് മാത്രമേ മത ശാസനകൾ ബാധകമാവുകയുള്ളൂ എന്നു പോലും അസന്ദിഗ്ധം പ്രഖ്യാപിച്ച വേദത്തിന്റെ വക്താക്കളെ ഇച്ഛാ സ്വാതന്ത്ര്യ നിഷേധികളായി നിങ്ങൾ മുദ്രകുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?
2- മനുഷ്യന് കർമ്മ നിർവഹണ സ്വാതന്ത്ര്യം ഇല്ലെങ്കിൽ ധർമ്മാധർമ്മങ്ങളെ നിങ്ങൾ എങ്ങനെ നിശ്ചയിക്കും , ധാർമികമൂല്യങ്ങൾ എന്ന ഒന്നു തന്നെ പ്രഹസനമാവുകയില്ലേ ? മനുഷ്യൻ ചെയ്യുന്ന അധർമ്മവും കുറ്റകൃത്യവും, കർമ്മ നിർവഹണ സ്വാതന്ത്ര്യത്തിന്റെ അഭാവത്തിൽ അധർമ്മവും കുറ്റകൃത്യവും ആകുന്നതെങ്ങനെ ? അങ്ങനെ ചെയ്യാനല്ലാതെ അവന് സാധിക്കില്ലല്ലോ. താൻ നിർവഹിക്കുന്ന ധർമ്മങ്ങളുടെയും സുകൃതങ്ങളുടെയും പേരിൽ അവൻ വാഴ്ത്തപ്പെടുന്നത് എങ്ങനെ ? അവനത് യഥേഷ്ടം ചെയ്യുന്നതൊന്നുമല്ലല്ലോ.
3- ചിന്താ സ്വാതന്ത്ര്യത്തിന്റെയും കർമ്മ സ്വാതന്ത്ര്യത്തിന്റെയും അഭാവത്തിൽ ഞങ്ങൾക്ക് ഞങ്ങളാവാനല്ലാതെ സാധിക്കില്ല. നിങ്ങൾക്ക് നിങ്ങളാവാനല്ലാതെയും കഴിയില്ല. എന്നിരിക്കെ, നിങ്ങൾ, നിങ്ങളുടെ യുക്തി (യില്ലാ) വാദത്തിലേക്ക് ഞങ്ങളെ ക്ഷണിക്കുന്നതിന്റെ സാംഗത്യം എന്താണ് ?
ഇനി, മനുഷ്യൻ, ചിന്താ / നിർവഹണസ്വാതന്ത്ര്യം അനുഭവിക്കുന്നുവെന്ന കാര്യം അംഗീകരിക്കുന്ന ഭൗതികവാദികളോട് ഏതാനും ചോദ്യങ്ങൾ ചോദിക്കാം
4- പ്രകൃതിയുടെ നിയമങ്ങളും നിയാമകങ്ങളുമെല്ലാം അനിവാര്യവും അലംഘനീയവുമാണെന്നും ഇതിന് അതീതമായ മെറ്റാഫിസിക്കലായ കാര്യങ്ങളൊന്നും സത്യമല്ലെന്നും നിങ്ങൾ കരുതുന്നു. ദൈവാസ്തിക്യവും അതീന്ദ്രിയ ജ്ഞാനവുമെല്ലാം നിങ്ങൾ നിഷേധിക്കുന്നത് ആ ഒരു ധാരണയുടെ പുറത്താണ്. ഇതനുസരിച്ച് പ്രകൃതിയുടെ ഭാഗമായ മനുഷ്യനും തന്റെ ചിന്തയും അനിവാര്യവും അലംഘനീയമായിരിക്കണം. മറ്റൊരു വാക്യത്തിൽ, മനുഷ്യൻ എന്തു ചിന്തിക്കുന്നുവോ അതല്ലാതെ അവന് ചിന്തിക്കാൻ കഴിയില്ല, അവന്റെ ചിന്തകളെല്ലാം ചില രാസപ്രതിപ്രവർത്തനങ്ങളുടെ പരിണിത ഫലം മാത്രമാണ്. എന്നിരിക്കെ, അവന് ചിന്താസ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങൾ വാദിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ?
5- ഇനി, ചിന്താസ്വാതന്ത്ര്യമുണ്ടെന്ന് വാദിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടെന്ന് അംഗീകരിച്ചാൽ തന്നെ, പ്രസ്തുത സ്വാതന്ത്ര്യം നല്ലതിനെ തെരഞ്ഞെടുക്കാനും നല്ലതിന് വിനിയോഗിക്കാനുമുള്ളതാണ്. ഇസ്‌ലാമിനേക്കാൾ ഭൗതികവാദത്തിന് നിങ്ങൾ കാണുന്ന നന്മയും മേൻമയും എന്താണ് ? നിങ്ങളല്ലാത്തവരെയെല്ലാം പുച്ഛിച്ചും ട്രോളിയും ജീവിതം സാർത്ഥകമാക്കാൻ നിങ്ങൾക്ക് കഴിയുന്നു എന്നതാണോ അതല്ല, പ്രപഞ്ചോൽപ്പത്തിയെകുറിച്ചും ജീവിത ലക്ഷ്യത്തെക്കുറിച്ചും ചിന്തിച്ച് കൃത്യമായ ഉത്തരം കിട്ടാതെ വിഷാദരോഗത്തിലും തുടർന്ന് ആത്മഹത്യയിലും ജീവിതം അവസാനിപ്പിക്കാൻ കഴിയുന്നു എന്നതാണോ ഭൗതികവാദത്തിന് നിങ്ങൾ കാണുന്ന നന്മ.
6- രാസ പ്രതിപ്രവർത്തനത്തിലൂടെ നിലവിൽ വരുന്ന ചിന്ത സ്വതന്ത്രമാകാം എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചുകൊണ്ട് മറ്റൊരു ചോദ്യം ചോദിക്കാം: ഇച്ഛാ സ്വാതന്ത്ര്യത്തിന് ഹാനികരമല്ലെന്ന് നിങ്ങൾ പറയുന്ന പ്രകൃതിയും പ്രകൃതി നിയമങ്ങളും ഒരു മാറ്റവുമില്ലാതെ ദൈവം സംവിധാനിച്ചതാണെന്ന് കരുതിയാൽ മാത്രം അത് പ്രസ്തുത സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുമോ ?
7- ഇസ്‌ലാമിക പ്രമാണങ്ങൾ, മറ്റൊരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ലാത്ത വിധം ചിന്താ/ കർമ സ്വാതന്ത്ര്യത്ത സ്ഥിരീകരിച്ചിട്ടും ഇസ്‌ലാം മത വിശ്വാസികളെ പ്രസ്തുത സ്വാതന്ത്ര്യത്തിന്റെ നിഷേധികളായി നിങ്ങൾ ചിത്രീകരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി
No comments:
Post a Comment