Tuesday, 27 July 2021

ഇച്ഛാസ്വാതന്ത്ര്യവും യുക്തരും



മനുഷ്യനെ ഇതര ജീവജാലങ്ങളിൽ നിന്ന് വ്യതിരക്തനാക്കുന്നത് തന്റെ ചിന്താശേഷിയാണ് ഈ ശേഷി ഉപയോഗപ്പെടുത്തി ബഹുമുഖ സാധ്യതകളിൽ ചിലത് നിർണയിക്കാനും മറ്റുള്ളവ അവഗണിക്കാനും അതിലൂടെ ഭൗതിക ധാർമിക പുരോഗതികളുടെ പടവുകൾ കയറാനും മനുഷ്യന് കഴിയുന്നു. നാഗരികതകളും ശാസ്ത്ര പുരോഗതികളുമെല്ലാം ഇങ്ങനെ നിലവിൽ വന്നതു തന്നെയാണ്  ഇതിനെയാണ് ചിന്താ സ്വാതന്ത്ര്യമെന്നും ഇച്ഛാസ്വാതന്ത്ര്യം എന്നും കർമ്മ നിർവഹണ / നിർണയ സ്വാതന്ത്ര്യം എന്നുമെല്ലാം നാം വിളിക്കുന്നത്. 


ഇസ്‌ലാമും മുസ്‌ലിംകളുടെ വിശുദ്ധ വേദഗ്രന്ഥമായ ഖുർആനും , ഏതൊരാൾക്കും അനുഭവവേദ്യമാകുന്ന പ്രസ്തുത  സ്വാതന്ത്ര്യത്തെ, നിരാകരിക്കുന്നില്ലെന്നു മാത്രമല്ല . ഇതുള്ളവർക്കു മാത്രമേ മതനിയമങ്ങൾ ബാധകമാവുകയുള്ളൂ എന്ന് ഊന്നിപ്പറയുക കൂടി ചെയ്തതായി കാണാൻ സാധിക്കും


എന്നാൽ, ഇതിനു വിപരീതമായി ദൈവ നിഷേധികളും മത വിരോധികളുമായ യുക്തൻമാരിൽ ബഹു ഭൂരിപക്ഷവും മനുഷ്യന് free will ഇല്ലെന്ന വീക്ഷണക്കാരാണ് (Sam Harris ന്റെ free will എന്ന കൃതി കാണുക). Free will ഉണ്ടെന്ന വീക്ഷണം പുലർത്തുന്ന ന്യൂനപക്ഷത്തെയും അവരിൽ കാണാം


ഈ രണ്ടു വിഭാഗത്തോടും നമുക്കു ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. 


ഒന്നാം വിഭാഗത്തോട് ചോദിക്കാനുള്ള ചോദ്യങ്ങൾ ഇതാണ്


1- മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യമില്ലെന്ന് വാദിക്കുന്നത് നിങ്ങളാണ്. എന്നിട്ടും പ്രസ്തുത സ്വാതന്ത്ര്യമുള്ളവർക്ക് മാത്രമേ മത ശാസനകൾ ബാധകമാവുകയുള്ളൂ എന്നു പോലും അസന്ദിഗ്ധം പ്രഖ്യാപിച്ച വേദത്തിന്റെ വക്താക്കളെ ഇച്ഛാ സ്വാതന്ത്ര്യ നിഷേധികളായി നിങ്ങൾ മുദ്രകുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?


2- മനുഷ്യന് കർമ്മ നിർവഹണ സ്വാതന്ത്ര്യം ഇല്ലെങ്കിൽ ധർമ്മാധർമ്മങ്ങളെ നിങ്ങൾ എങ്ങനെ നിശ്ചയിക്കും , ധാർമികമൂല്യങ്ങൾ എന്ന ഒന്നു തന്നെ പ്രഹസനമാവുകയില്ലേ ?   മനുഷ്യൻ ചെയ്യുന്ന അധർമ്മവും കുറ്റകൃത്യവും, കർമ്മ നിർവഹണ സ്വാതന്ത്ര്യത്തിന്റെ അഭാവത്തിൽ അധർമ്മവും കുറ്റകൃത്യവും ആകുന്നതെങ്ങനെ ?  അങ്ങനെ ചെയ്യാനല്ലാതെ അവന് സാധിക്കില്ലല്ലോ. താൻ നിർവഹിക്കുന്ന ധർമ്മങ്ങളുടെയും സുകൃതങ്ങളുടെയും പേരിൽ അവൻ വാഴ്ത്തപ്പെടുന്നത് എങ്ങനെ ? അവനത് യഥേഷ്ടം ചെയ്യുന്നതൊന്നുമല്ലല്ലോ. 


3-  ചിന്താ സ്വാതന്ത്ര്യത്തിന്റെയും കർമ്മ സ്വാതന്ത്ര്യത്തിന്റെയും അഭാവത്തിൽ ഞങ്ങൾക്ക് ഞങ്ങളാവാനല്ലാതെ സാധിക്കില്ല. നിങ്ങൾക്ക് നിങ്ങളാവാനല്ലാതെയും കഴിയില്ല. എന്നിരിക്കെ, നിങ്ങൾ, നിങ്ങളുടെ യുക്തി (യില്ലാ) വാദത്തിലേക്ക് ഞങ്ങളെ ക്ഷണിക്കുന്നതിന്റെ സാംഗത്യം എന്താണ് ?


ഇനി, മനുഷ്യൻ, ചിന്താ / നിർവഹണസ്വാതന്ത്ര്യം അനുഭവിക്കുന്നുവെന്ന കാര്യം അംഗീകരിക്കുന്ന ഭൗതികവാദികളോട് ഏതാനും ചോദ്യങ്ങൾ ചോദിക്കാം 


4- പ്രകൃതിയുടെ നിയമങ്ങളും നിയാമകങ്ങളുമെല്ലാം അനിവാര്യവും അലംഘനീയവുമാണെന്നും ഇതിന് അതീതമായ മെറ്റാഫിസിക്കലായ കാര്യങ്ങളൊന്നും സത്യമല്ലെന്നും നിങ്ങൾ കരുതുന്നു. ദൈവാസ്തിക്യവും അതീന്ദ്രിയ ജ്ഞാനവുമെല്ലാം നിങ്ങൾ നിഷേധിക്കുന്നത് ആ ഒരു ധാരണയുടെ പുറത്താണ്. ഇതനുസരിച്ച് പ്രകൃതിയുടെ ഭാഗമായ മനുഷ്യനും തന്റെ ചിന്തയും അനിവാര്യവും അലംഘനീയമായിരിക്കണം. മറ്റൊരു വാക്യത്തിൽ, മനുഷ്യൻ എന്തു ചിന്തിക്കുന്നുവോ അതല്ലാതെ അവന് ചിന്തിക്കാൻ കഴിയില്ല, അവന്റെ ചിന്തകളെല്ലാം ചില രാസപ്രതിപ്രവർത്തനങ്ങളുടെ പരിണിത ഫലം മാത്രമാണ്. എന്നിരിക്കെ, അവന് ചിന്താസ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങൾ വാദിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ?


5- ഇനി, ചിന്താസ്വാതന്ത്ര്യമുണ്ടെന്ന് വാദിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടെന്ന് അംഗീകരിച്ചാൽ തന്നെ, പ്രസ്തുത സ്വാതന്ത്ര്യം നല്ലതിനെ തെരഞ്ഞെടുക്കാനും നല്ലതിന് വിനിയോഗിക്കാനുമുള്ളതാണ്. ഇസ്‌ലാമിനേക്കാൾ ഭൗതികവാദത്തിന്  നിങ്ങൾ കാണുന്ന നന്മയും മേൻമയും എന്താണ് ? നിങ്ങളല്ലാത്തവരെയെല്ലാം പുച്ഛിച്ചും ട്രോളിയും ജീവിതം സാർത്ഥകമാക്കാൻ നിങ്ങൾക്ക് കഴിയുന്നു എന്നതാണോ അതല്ല, പ്രപഞ്ചോൽപ്പത്തിയെകുറിച്ചും ജീവിത ലക്ഷ്യത്തെക്കുറിച്ചും ചിന്തിച്ച് കൃത്യമായ ഉത്തരം കിട്ടാതെ വിഷാദരോഗത്തിലും തുടർന്ന് ആത്മഹത്യയിലും ജീവിതം അവസാനിപ്പിക്കാൻ കഴിയുന്നു എന്നതാണോ  ഭൗതികവാദത്തിന് നിങ്ങൾ കാണുന്ന നന്മ. 


6- രാസ പ്രതിപ്രവർത്തനത്തിലൂടെ നിലവിൽ വരുന്ന ചിന്ത സ്വതന്ത്രമാകാം എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചുകൊണ്ട് മറ്റൊരു ചോദ്യം ചോദിക്കാം: ഇച്ഛാ സ്വാതന്ത്ര്യത്തിന് ഹാനികരമല്ലെന്ന് നിങ്ങൾ പറയുന്ന പ്രകൃതിയും പ്രകൃതി നിയമങ്ങളും ഒരു മാറ്റവുമില്ലാതെ ദൈവം സംവിധാനിച്ചതാണെന്ന് കരുതിയാൽ മാത്രം അത് പ്രസ്തുത സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുമോ ? 


7- ഇസ്‌ലാമിക പ്രമാണങ്ങൾ,  മറ്റൊരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ലാത്ത വിധം ചിന്താ/ കർമ സ്വാതന്ത്ര്യത്ത സ്ഥിരീകരിച്ചിട്ടും ഇസ്‌ലാം മത വിശ്വാസികളെ പ്രസ്തുത സ്വാതന്ത്ര്യത്തിന്റെ നിഷേധികളായി നിങ്ങൾ ചിത്രീകരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?   


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Monday, 26 July 2021

നബിവചനങ്ങൾ അവഗണിക്കപ്പെട്ടിട്ടില്ല

സന്ദേഹം :

ഖുർആൻ ക്രോഡീകരണത്തിൽ കാണിച്ച അത്ര ശുഷ്കാന്തി ഹദീസ് ക്രോഡീകരണത്തിൽ എന്ത് കൊണ്ട് പ്രവാചകർ കാണിച്ചില്ല ? 


നിവാരണം :

എ. ഖുർആൻ പൊലെ ഹദീസും ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് പ്രവാചക കാലം മുതൽ കൈമാറ്റം ചെയ്യപ്പെട്ടു പോന്നിട്ടുണ്ട്. അന്നു തന്നെ ലിഖിത രൂപത്തിലും സൂക്ഷിക്കുക വഴി അല്ലാഹുവിന്റെ വചനമായ ഖുർആനിനു പ്രത്യേക പരിഗണ നൽകിയെന്നു മാത്രം


ബി. ഖുർആൻ, പാരായണം ചെയ്യാൻ നിർദേശിക്കപ്പെട്ടതിനാലും ഇഅ്ജാസ് പദങ്ങൾക്കു കൂടി ബാധകമായതിനാലും ഖുർആന്റെ പദങ്ങൾ തന്നെ കൈമാറ്റം ചെയ്യൽ അനുപേക്ഷ്യമാണ്.


അതിനാൽ, ഖുർആന്റെ കാര്യത്തിൽ കൂടുതൽ ശുഷ്കാന്തി കാണിക്കുകയും ലിഖിത രൂപേണയും അതു സൂക്ഷിച്ചു വെക്കാൻ നിർദേശിക്കുകയും ചെയ്തു. 


ഹദീസുകളാവട്ടെ, ആശയ കൈമാറ്റം ചെയ്താൽ മതി. ആശയം കൈമാറാൻ നടേ പറഞ്ഞ സൂക്ഷ്മത ആവശ്യമില്ല. വിശിഷ്യാ, ഹൃദിസ്ഥമാക്കാൻ അനിതര ശേഷി കൈവശമുണ്ടായിരുന്ന സമൂഹത്തിൽ.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

ആദ്യമേ നിലവിലുണ്ട്

 സന്ദേഹം :

ദൈവമാണോ അതോ സ്ഥലവും കാലവും ഇല്ലാത്ത അവസ്ഥയാണോ ആദ്യമുണ്ടായത് ?


നിവാരണം :

ഉണ്ടാവുക എന്നതിന് രണ്ടർത്ഥമുണ്ട്.


ഒന്ന്, നിലവിൽ വരിക.  

ഉദാ:  ഉൺമയ്ക്കു ശേഷം ഇല്ലായ്മ ഉണ്ടായി.


രണ്ട്, ഉൺമ പ്രാപിക്കുക  .

ഉദാ : മനുഷ്യൻ ഇല്ലായ്മക്കു ശേഷം ഉണ്ടായി.


ഇനി പറയാം : 

ദൈവവും ദൈവ ഗുണങ്ങളും [സ്ഥലകാല രാഹിത്യമുൾപ്പടെ] ആദ്യം ഉണ്ടായതല്ല. പ്രത്യുത, ആദ്യമേ (അനാദ്യേന) ഉള്ളതാണ്.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

സൃഷ്ടിച്ചവന് അറിയാം എന്തു ചെയ്യണമെന്ന്

  സന്ദേഹം :

വിശന്നു പൊരിയുന്ന ഒരു സിംഹം പെട്ടെന്ന് ഒരു മാനിനെ കണ്ടു. ഉടനെ സിംഹം ദൈവത്തോട് പ്രാർത്ഥിച്ചു ദൈവമേ എനിക്ക് ഈ മാനിനെ തരണമേ. അതെ സമയത്തു തന്നെ മാൻ ദൈവത്തോട് പ്രാർത്ഥിച്ചു ദൈവമേ എന്നെ ഈ സിംഹത്തിൽ നിന്ന് രക്ഷിക്കണമേ ആരുടെ  പ്രാർത്ഥന ദൈവം സ്വീകരിക്കും ?


നിവാരണം :

അവർ പ്രാർത്ഥിച്ചത് അവരുടെ ജനിമൃതികളെ ഔചിത്യപൂർവം നിയന്ത്രിക്കുന്ന പരമാധികാരിയായ ദൈവത്തോടാണെങ്കിൽ, എന്താണോ അവൻ തീരുമാനിച്ചത് അത് അവൻ ചെയ്തുകൊള്ളും. ഒന്നെങ്കിൽ, മാനിനെ സിംഹത്തിൽ നിന്നും അവൻ രക്ഷിക്കും. അല്ലെങ്കിൽ, സിംഹത്തെ വിശപ്പിൽ നിന്നും അവൻ രക്ഷിക്കും. അതുമല്ലെങ്കിൽ, മറ്റൊരു ഭോജ്യം സിംഹത്തിനു നൽകി, മാനിനെയും സിംഹത്തെയും ഒപ്പം അവൻ രക്ഷിക്കും. എല്ലാം അവന്റെ ഹിതം പോലെ. നാളിതുവരെ അവർക്ക് കിട്ടിക്കൊണ്ടിരുന്ന ആയുരാരോഗ്യവും സൗഖ്യവും ദൈവം കനിഞ്ഞേകിയതാണ്. അതു നീട്ടി കിട്ടാനുള്ള അപേക്ഷ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും അവൻ തന്നെയാണ്. 


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Saturday, 24 July 2021

ആരാധനയുടെ സാംഗത്യം

 സന്ദേഹം :

മനുഷ്യരുടെ പുകഴ്ത്തലും ആരാധനയും ദൈവം ആഗ്രഹിക്കുന്നതെന്തിന്?


നിവാരണം :

ആരാധനയും പുകഴ്ത്തലും ദൈവത്തിന്റെ ആഗ്രഹമോ ആവശ്യമോ അല്ല. മറിച്ച്, ദൈവ സാമീപ്യം കൈവരിക്കാൻ തന്റെ ദാസർക്കു വേണ്ടി ദൈവം നിശ്ചയിച്ച ഒരു മാർഗമാണ്. തന്നോട് കൂടുതൽ താൽപര്യവും സ്നേഹവും അകതാരിൽ കാത്ത് സൂക്ഷിക്കുകയും, തന്റെ തിരുസാമീപ്യം കിട്ടാൻ ഏറെ യത്നിക്കുകയും ചെയ്യുന്നവരെ തന്നെ, സാമീപ്യം നൽകാൻ വേണ്ടി ദൈവം സെലക്ട്  ചെയ്തതിലെ സാംഗത്യം സുതരാം വ്യക്തമാണ്.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

അമരനായ ദൈവവും അനശ്വരമായ ലോകവും

 

സന്ദേഹം :

സ്വർഗ നരകങ്ങൾ ശാശ്വതമാണങ്കിൽ മനുഷ്യന് അന്ത്യമില്ലല്ലോ.. ദൈവമല്ലാത്തതെല്ലാം നശിക്കുന്നതാണെങ്കിൽ ഇതെങ്ങനെ സാധ്യമാകും ?


നിവാരണം :

എ. «ഭൂമുഖത്തുള്ളവരെല്ലാം നശിക്കാനുള്ളവരാണ്» എന്ന പ്രസ്താവന പുനരുത്ഥാനത്തിന് മുമ്പുള്ള ആഗോള നാശത്തെയാണ് പരാമർശിക്കുന്നത്. സ്വർഗത്തിലെ ശാശ്വത നിവാസം പുനരുത്ഥാന ശേഷമായിരിക്കുമല്ലോ.


ബി. നാശമുക്തി അല്ലാഹുവിന്റെ സവിശേഷ ഗുണം തന്നെയാണ് «അല്ലാഹുവല്ലാത്തതെല്ലാം നാശോൻമുഖമാണ്». എന്നാൽ, സൃഷ്ടികളെ എക്കാലത്തും നില നിർത്താൻ അല്ലാഹുവിന് കഴിയില്ലെന്നോ അവരെ അവൻ എക്കാലത്തും നില നിർത്തുകയില്ലെന്നോ അതിന് അർത്ഥമില്ല. കാരണം : അല്ലാഹുവിന്റെ വ്യതിരേകമായ നാശമുക്തി നശിക്കാതിരിക്കലല്ല, നാശം സംഭവ്യമല്ലാതിരിക്കലാണ്. 


അബ്ദുൽ ജലീൽ സഅദി രണ്ടത്താണി

Friday, 23 July 2021

സുഗ്രഹമായ സത്യം നിഗ്രഹത്തിലെ സാംഗത്യം

 സന്ദേഹം 1 :

സത്യമാണെന്ന് ബോധ്യപ്പെട്ട ശേഷം ഇസ്ലാമിലേക്ക് വരാത്തവർ കുറവായിരിക്കും, താൻ വിശ്വസിക്കുന്നത് ശരിയാണെന്ന് കരുതി ജീവിക്കുന്നവരാണ് അധികവും അവരെ കാലാകാലം ശിക്ഷിക്കുന്നതിന്റെ സംഗത്യം എന്താണ് ?


നിവാരണം :

സത്യം ബോധ്യപ്പെട്ടതിനു ശേഷം നിരാകരിക്കൽ മാത്രമല്ല അവിശ്വാസം. മറിച്ച്, സത്യം സമാഗതമായതിനു ശേഷം, അത് ബോധ്യപ്പെടാനാവശ്യമായ പഠനവും മനനവും നടത്താതെ വൈമുഖ്യം കാണിച്ചതിനാൽ ബോധ്യത്തിൽ എത്തിപ്പെടാതിരിക്കലും അവിശ്വാസമായി ഗണിക്കപ്പെടുന്നു.


താനുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഭൗതിക ജീവിതത്തിലെ, അത്യന്തം നിസ്സാരമായ കാര്യങ്ങളിൽ പോലും അന്വേഷണ തൃഷ്ണ പ്രകടിപ്പിക്കാറുള്ള മനുഷ്യൻ, ശാശ്വത ജീവിതത്തിലെ തന്റെ സൗഖ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അതീവ ഗൗരവം നിറഞ്ഞ ഒരു കാര്യത്തിൽ നിസംഗത പുലർത്തുന്നതിനെ ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല.


പിന്നെ, അറിഞ്ഞ / ബോധ്യപ്പെട്ട സത്യസരണി തൃപ്തി പൂർവം മനസാ അംഗീകരിച്ചാൽ തന്നെ - അത് പുറത്ത് പറഞ്ഞില്ലെങ്കിൽ പോലും - ശാശ്വത ശിക്ഷ ഒഴിവായിക്കിട്ടും.  കാരണം, ശാശ്വത ശിക്ഷ അവിശ്വാസികൾക്കു മാത്രമാണ്.


മനസാ, തൃപ്തി പൂർവ്വം അംഗീകരിച്ചവനാവട്ടെ വിശ്വാസിയാണ്. ഭൗതിക ജീവിതത്തിലെ മതകീയ വ്യവഹാരങ്ങളിൽ വിശ്വാസിയായി ഗണിക്കപ്പെടണമെങ്കിൽ, വിശ്വാസം പരസ്യപ്പെടുത്തണമെന്നു മാത്രം.  ‘കാലാകാല’ത്തിന്റെ സാംഗത്യം താഴെ വരുന്നു. 


സന്ദേഹം 2 :

ദൈവം അവിശ്വാസികളെ കാലാകാലം നരകത്തിലിട്ട് പൊരിക്കുന്നത് എന്തിനാണ് ? 


നിവാരണം :

രണ്ട് ലോകങ്ങൾ അല്ലാഹു സംവിധാനിച്ചു. അനുഭൂതികളുടെ സ്വർഗ ലോകവും, ദുരിതങ്ങൾ നിറഞ്ഞ നരക ലോകവും. മനസാ കർമണാ സ്വർഗവുമായി താദാത്മ്യം പുലർത്തുന്ന വിശിഷ്ട സമൂഹങ്ങളെ സ്വർഗത്തിലും, നരകവുമായി താദാത്മ്യപ്പെടുന്ന, രൂപത്തിൽ മനുഷ്യരെങ്കിലും പ്രകൃതത്തിൽ മൃഗതുല്യരോ മൃഗങ്ങളേക്കാൾ അധമരോ ആയ സമൂഹങ്ങളെ നരകത്തിലും, കാലാകാലം വസിപ്പിക്കാൻ അവൻ തീരുമാനിച്ചു.


സർവ്വാധിപനും സർവ്വജ്ഞനുമായ അല്ലാഹുവിന് ആരെയും എവിടെയും താമസിപ്പിക്കാനും തന്റെ അറിവു വെച്ച് സ്വർഗ്ഗവാസികളെയും നരകവാസികളെയും തെരഞ്ഞെടുക്കാനും അവകാശവും അധികാരവും ഉണ്ടായിട്ടും അതൊന്നും അവൻ ചെയ്തില്ല. 


മറിച്ച്, തനിക്കു വേണ്ട ലോകം നിർണയിക്കാൻ വിശ്വാസ കർമ്മ സ്വാതന്ത്ര്യങ്ങൾ നൽകി ഒരു പരീക്ഷ അവർക്ക് ഏർപ്പാട് ചെയ്യുകയും അവരുടെ ഗുണദോഷങ്ങൾ അവർക്ക് നേരിട്ട് ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തു. അതിനു വേണ്ടിയാണ് ഇഹലോകം അവൻ സംവിധാനിച്ചത്.


എന്നാൽ രണ്ടു ലോകങ്ങൾ സംവിധാനിച്ചതിന്റെ ആത്യന്തിക ലക്ഷ്യം നമുക്ക് അവൻ അറിയിച്ചു തന്നിട്ടില്ല. അനുഗ്രഹവും നിഗ്രഹവും അല്ലാഹു ചെയ്യുന്നതിലെ സാംഗത്യം നമുക്ക് പൂർണ്ണമായും  അറിയില്ല. അറിയാൻ നാം ബാധ്യസ്ഥരുമല്ല. «അറിവിൽ നിന്ന് കുറഞ്ഞതു മാത്രമേ നിങ്ങൾക്കു നൽകപ്പെട്ടിട്ടുള്ളൂ» ഒരു കാര്യം നമുക്ക് വ്യക്തമായി അറിയാം , അനുഗ്രഹം ചൊരിയാൻ മാനസിക മായ ആർദ്രത അവനു പ്രേരകമല്ല. തഥൈവ, നിഗ്രഹിക്കാൻ മാനസിക ക്രൗര്യവും അവനെ പ്രേരിപ്പിക്കില്ല. കാരണം, അതെല്ലാം സൃഷ്ടികളിൽ അല്ലാഹു ഹിതാനുസാരം സൃഷ്ടിക്കുന്ന വൈകാരികമായ ന്യൂന (ദൈവ സംഗതമല്ലാത്ത) ഗുണങ്ങളാണ്. ഇതു സംബന്ധമായ കൂടുതൽ വിവരണങ്ങൾക്ക് ‘അവകാശമല്ല, ഔദാര്യമാണ്’ ‘ദൈവം കോപിക്കുകയെന്നാൽ’ എന്നീ പോസ്റ്റുകൾ കാണുക


അബ്ദുൽ ജലീൽ സഅദി രണ്ടത്താണി

Thursday, 22 July 2021

ശിക്ഷിക്കപ്പെടാൻ കൂടുതൽ അർഹൻ

സന്ദേഹം :

നന്മയിൽ മാത്രം മുഴുകി ജീവിക്കുന്ന അവിശ്വാസിയാണോ തിൻമകളിൽ അഭിരമിച്ച് ജീവിക്കുന്ന വിശ്വാസിയാണൊ ദൈവിക ശിക്ഷയ്ക്ക് കൂടുതൽ അർഹൻ ?


നിവാരണം :

എ. ഭരണകൂടത്തെയും രാജാവിനെയും അംഗീകരിക്കുന്ന കുറ്റവാളിയാണോ ക്ഷേമൈശ്വര്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന രാജ്യദ്രോഹിയാണോ ശിക്ഷിക്കപ്പെടാൻ കൂടുതൽ അർഹൻ. 


ബി. ഉടയ തമ്പുരാനെ / അവന്റെ തിരുദൂതരെ / അവന്റെ നിയമസംഹിതയെ അംഗീകരിക്കാതിരിക്കുകയെന്ന ഏറ്റവും വലിയ തിന്മ ഉൾവഹിക്കുന്നവരാണ് അവിശ്വാസികൾ. എങ്കിൽ, നന്മയിൽ മാത്രം മുഴുകി ജീവിക്കുന്ന ഒരു അവിശ്വാസിയുമില്ല. 


സി. കുറ്റവാളികളെ ശിക്ഷിക്കൽ അല്ലാഹുവിന്റെ അവകാശമാണ്. കാരണം : താൻ നൽകിയ ഉൺമ ഉൾപ്പെടെയുള്ള അനുഗ്രഹങ്ങളോട് കൃതഘ്നത കാട്ടുകയും അവയെ ദുരുപയോഗപ്പെടുത്തുകയും ചെയ്തവരാണവർ. എങ്കിൽ, ആർക്ക് കൂടുതൽ ശിക്ഷ നൽകണമെന്നും ആർക്ക് ഇളവു നൽകാമെന്നും നൽകരുതെന്നും നിശ്ചയിക്കുവാനുള്ള അവകാശവും അവനു തന്നെ.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Wednesday, 21 July 2021

ദൈവം കോപിക്കുകയെന്നാൽ

സന്ദേഹം 1 :

പരമാധികാരിയായ അല്ലാഹു എന്തിനാണ് കോപിക്കുന്നത് ?


നിവാരണം :

‹കോപം›, ‹കാരുണ്യം›, ‹സ്നേഹം› തുടങ്ങിയവ വൈകാരിക ഗുണങ്ങളാണ്. സർവ്വ ന്യൂനതകളിൽ നിന്നും മുക്തനും സൃഷ്ടികളുമായി നാമമാത്രമല്ലാതെ ഒരു സാദൃശ്യവും പുലർത്താത്തവനുമാണെന്ന് ധിഷണ തെളിയിക്കുകയും ഇസ്‌ലാമിക പ്രമാണങ്ങൾ വിവരിക്കുകയും ചെയ്തിട്ടുള്ള, ദൈവത്തിൽ അവ പ്രയോഗിക്കപ്പെട്ടത് ആലങ്കാരികാർത്ഥത്തിൽ മാത്രമാണ്. പൗരാണികരായ ഖുർആൻ പണ്ഡിതരും ദൈവശാസ്ത്ര പണ്ഡിതരും അലങ്കാര ശാസ്ത്രകാരൻമാരുമെല്ലാം ഇക്കാര്യം സവിസ്തരം വിശദീകരിച്ചിട്ടുണ്ട്.


കോപിക്കുകയെന്നാൽ നിഗ്രഹിക്കലാണ്, കരുണ കാണിക്കുകയെന്നാൽ അനുഗ്രഹിക്കലാണ്. സ്നേഹിക്കുയെന്നു പറഞ്ഞാൽ സവിശേഷമായ ബഹുമതി നൽകി ആദരിക്കലുമാണ്.


സന്ദേഹം 2 :

“ശാപവചനങ്ങള്‍ പറയുന്ന,

അധിക്ഷേപ വാക്കുകൾ ഉരുവിടുന്ന,

സൃഷ്ടിയുടെ ശരീര വൈകല്യം നോക്കി പരിഹസിക്കുന്ന,

കോപാകുലനാകുന്ന, യുദ്ധം ചെയ്യാൻ കൽപിക്കുന്ന

നിസ്സാരനായ മനുഷ്യനെ തന്റെ ദീനില്‍ ചേര്‍ക്കാന്‍ പെടാപ്പാടുപെടുന്ന ഒരു ദൈവമാണ് ഖുർആനിലെ ദൈവം” എന്ന പ്രസ്താവനയെക്കുറിച്ച് എന്ത് പറയുന്നു. 


നിവാരണം :

ശാപവചനങ്ങൾ പറയുകയെന്നാൽ നശിപ്പിക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കലാണ്. ദൈവം, ദൈവത്തോടു പ്രാർത്ഥിക്കില്ല. «അബൂലഹ്ബിന്റെ ഹസ്തദ്വയങ്ങൾ നശിച്ചു» എന്നത് പ്രസ്താവനയാണ്, പ്രാർത്ഥനയല്ല.


അത്തരം പ്രസ്താവനകളും ഭൽസസനങ്ങളും പ്രഥമദൃഷ്ട്യാ വ്യക്തി കേന്ദ്രീകൃതമാണെങ്കിലും അവയ്ക്കു നിമിത്തമായ ദൂഷ്യങ്ങൾ ഉൾവഹിക്കുന്ന, കർമങ്ങൾ നിർവഹിക്കുന്ന, സകല നികൃഷ്ട ജന്മങ്ങളും അവയുടെ താത്വിക വൃത്തത്തിൽ ഉൾപ്പെടും. തന്റെ ദാസരെ [വിശിഷ്യാ, കൃതഘ്നരും തിരുനബി നിന്ദകരുമായ, ജനങ്ങളെ] ഭൽസിക്കാൻ സ്രഷ്ടാവിന് അവകാശമുണ്ടെന്നു വ്യക്തം. അവർക്കതു ശിക്ഷയാണെങ്കിൽ, മറ്റുള്ളവർക്ക് അതൊരു ഗുണപാഠമാണ്.


വലീദ് ബ്നു മുഗീറയുടെ ദുഷ്ട പ്രകൃതം വിവരിക്കവെ, «അവന്റെ മൂക്കിന് നാം അടയാളമിടുന്നുണ്ട്» എന്നു പറയാൻ തുമ്പിക്കൈ എന്നും മൂക്ക് എന്നും അർത്ഥം വരുന്ന ‹ഖുർതൂം› തന്നെ പ്രയോഗിച്ചിട്ടുണ്ട്. അവനിലെ മൃഗീയതയുടെ മനോഹരമായ ഒരു ചിത്രീകരണമാണത്. 


ഇസ്‌ലാമിലെ യുദ്ധം ധർമ്മ യുദ്ധമാണ്. ധർമ്മ യുദ്ധത്തിന്റെ ലക്ഷ്യം തകർത്തു തരിപ്പണമാക്കലല്ല. മറിച്ച്, ധാർമ്മികമായ സമൂഹത്തിന്റെ നിർമ്മാണമാണ്. 

ധർമ്മയുദ്ധത്തെ നിർവചിക്കുന്നതിലും നിർണയിക്കുന്നതിലും വീക്ഷണ വൈജാത്യങ്ങൾ ഉണ്ടെങ്കിൽ പോലും ഒരു സമൂഹവും അതിന്റെ ആവശ്യകതയെ തള്ളിക്കളഞ്ഞിട്ടില്ല.


അതിന് ഉത്തരവിട്ടത്, ജനിമൃതികളുടെ സംവിധായകനും കാര്യങ്ങൾ, കാര്യകാരണ ബന്ധങ്ങളിലൂടെ നിർവഹിക്കുന്നവനുമായ അല്ലാഹുവാണ്.


വിശ്വാസത്തെയും കാപട്യത്തെയും തമ്മിൽ വേർത്തിരിക്കുന്ന, തമസ്സിന്റെ വക്താക്കൾക്ക് പ്രകാശത്തിലേക്കു സ്വമേധയാ കടന്നു വരാൻ പ്രചോദനമേകുന്ന ചില പ്രവർത്തനങ്ങൾ അല്ലാഹു നിർദേശിച്ചിട്ടുണ്ട്. ധർമ യുദ്ധം അവയിൽ പ്രഥമഗണനീയമാണ്. എന്നാൽ, അതു നിർവഹിച്ചാൽ കൈവരുന്ന സൗഭാഗ്യവും തമസ്കരിച്ചാൽ കൈവരുന്ന ദൗർഭാഗ്യവും മനുഷ്യർക്കാണ് സംഭവിക്കുക, ദൈവത്തിനല്ല. എങ്കിൽ, ദൈവം പാട്പെടുന്നു എന്ന പരാമർശം അത്യന്തം ബാലിശമാണെന്നു വ്യക്തം. «അവൻ തീരുമാനിച്ചിരുന്നുവെങ്കിൽ നിങ്ങളെയാകമാനം അവൻ നേർമാർഗത്തിലാക്കുമായിരുന്നു»


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Tuesday, 20 July 2021

സർവ്വശക്തനായ അല്ലാഹു

 സന്ദേഹം 1

ഒട്ടകത്തെ സൂചിക്കുഴയിലൂടെ പ്രവേശിപ്പിക്കാൻ സർവ്വശക്തനായ അല്ലാഹുവിന് കഴിയുമോ ? 

കുറിപ്പ് : സൂചിക്കുഴ വലുതാക്കുകയോ ഒട്ടകത്തെ ചെറുതാക്കുകയോ ചെയ്യരുത്


നിവാരണം :

നിനക്ക് വൃത്തം വരക്കാൻ കഴിയുമോ എന്ന് നമുക്കൊരാളോട് ചോദിക്കാം. എന്നാൽ,  കോണുകളുള്ള വൃത്തം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാൻ പറ്റില്ല. കാരണം, അങ്ങനെയൊരു വൃത്തമില്ല.


ത്രികോണം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാം. എന്നാൽ, നാലു കോണുകളുള്ള ത്രികോണം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാൻ പറ്റില്ല. കാരണം; അപ്രകാരമൊരു ത്രികോണമില്ല. 


തഥൈവ, വസ്തുവിനെ വലുതാക്കാൻ കഴിയുമോ എന്ന് ചോദിക്കാം.  ചെറുതാക്കാൻ കഴിയുമോ എന്നും ചോദിക്കാം. ചെറുതാകാതെ ചെറുതാക്കാൻ കഴിയുമോ എന്ന് ചോദിച്ചേക്കരുത് . കാരണം; ചെറുതാകാതെ ചെറുതാവുക എന്നൊരു സംഗതി ഇല്ല.


വലുതിനെ ചെറുതിൽ പ്രവേശിപ്പിക്കാൻ കഴിയുമോ എന്നാൽ ചെറുതാകാതെ ചെറുതാക്കാൻ കഴിയുമോ എന്നാണർത്ഥം. 

പ്രവേശിക്കുന്ന വസ്തു പ്രവേശന ദ്വാരത്തേക്കാൾ ചെറുതായിരിക്കുമല്ലോ അല്ലെങ്കിൽ പിന്നെ എന്താണു പ്രവേശനം.


സന്ദേഹം 2

തനിക്ക് ഉയർത്താൻ കഴിയാത്ത ഒരു പാറ സൃഷ്ടിക്കുവാൻ സർവ്വശക്തനായ അല്ലാഹുവിന് കഴിയുമോ ?


നിവാരണം :

1. സർവ്വശക്തന്  സർവ്വശക്തനല്ലാതിരിക്കാൻ കഴിയുമോ എന്നാണ് ചോദ്യത്തിന്റെ അർത്ഥം. രണ്ടു മണ്ടത്തരങ്ങളെ ചോദ്യം ഉൾവഹിക്കുന്നു.

എ. സർവ്വശക്തൻ സർവ്വ ശക്തനല്ലാതിരിക്കണമെന്ന വൈരുദ്ധ്യാത്മക ആവശ്യം  

ബി. ‹ദൈവ ശക്തി› അനിവാര്യഗുണമല്ല. മറിച്ച്, കഴിവുപയോഗിച്ച് യഥേഷ്ടം ദൈവം ഉണ്ടാക്കിയെടുക്കുന്ന കാര്യമാണെന്ന അസംബന്ധം.


“സർവ്വശക്തനല്ലാതിരിക്കാൻ കഴിയുമോ” എന്നാൽ സർവ്വശക്തനാകാൻ കഴിയുമോ എന്നുമാണല്ലോ അർഥം. കാരണം, ഒരു കാര്യം ചെയ്യാൻ കഴിഞ്ഞാൽ അതു ചെയ്യാതിരിക്കാനും കഴിയണം. അല്ലെങ്കിൽ, ‹ചെയ്യൽ› കഴിവിന്റെ പരിധിയിൽ പെട്ട കാര്യമല്ല. മറിച്ച് സംഭവിക്കൽ അനിവാര്യമായ ഒരു കാര്യമാണ് എന്നു വരും.


2. ഒരാൾ പറഞ്ഞു : എനിക്കു നടക്കാൻ കഴിയില്ല. മറ്റൊരാൾ പറഞ്ഞു : ഒന്നാം ചുവടു വെയ്ക്കും മുമ്പ് രണ്ടാം ചുവടു വെയ്ക്കാൻ എനിക്കാവില്ല. രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. ഒന്നാമത്തേത് കർത്താവിന്റെ അപ്രാപ്തിയും രണ്ടാമത്തേത് കർമത്തിന്റെ അപ്രാപ്യതയുമാണ്. സർവ്വശക്തനെന്നാൽ , പ്രാപ്യമായ / സംഭവ്യമായ സർവ്വ കാര്യങ്ങൾക്കും കഴിവുള്ളവൻ എന്നാണർത്ഥം.


സന്ദേഹം 3

സർവ്വശക്തനായ ദൈവം പ്രപഞ്ചം സൃഷ്ടിക്കാൻ ആറു ദിവസമെടുത്തതെന്തിന്?


നിവാരണം :

1. പ്രപഞ്ചം ആറു ദിവസമെടുത്തു സൃഷ്ടിച്ചുവെന്നാൽ,  പ്രപഞ്ചത്തിന്റെ വിവിധ ഭാഗങ്ങൾ വിവിധ സമയങ്ങളിലായി സൃഷ്ടിച്ച് ആറു ദിവസം കൊണ്ട് പൂർത്തിയാക്കിയെന്നാണല്ലോ അർത്ഥം. എപ്പോഴും നിർവഹിക്കാൻ കഴിയുന്ന ഒരു കാര്യം ഒരു സമയത്ത് ചെയ്യാതെ മറ്റൊരു സമയത്തേക്കു നീട്ടി വെക്കാമെങ്കിൽ, ഒരേ, സമയത്ത് നിർവഹിക്കാൻ കഴിയുന്ന വിവിധ കാര്യങ്ങൾ വിവിധ സമയങ്ങളിലായി നിർവഹിക്കുന്നതിൽ എന്താണു കുഴപ്പം ! എല്ലാം സ്വതന്ത്രമായി നിർണയിക്കുന്ന അല്ലാഹുവിന് സമയങ്ങളും അങ്ങനെ നിർണയിക്കാമല്ലോ. 


2. സർവ്വശക്തനായിരുന്നിട്ടു കൂടി പ്രപഞ്ചം ഒറ്റയടിക്കു സൃഷ്ടിക്കാതെ , ആറു ദിവസമെടുത്ത് സൃഷ്ടി കർമം നിർവഹിച്ചതിൽ, കർമ നിർവഹണത്തിൽ അവധാനത പാലിക്കണമെന്ന സമുന്നത സന്ദേശം അന്തർഭവിച്ചിട്ടുണ്ട്. «നിങ്ങൾ അല്ലാഹുവിന്റെ സ്വഭാവഗുണങ്ങൾ സ്വീകരിക്കുവിൻ»


സന്ദേഹം 4

ഭൂമിയും ഇതര ഗ്രഹങ്ങളും അക്ഷത്തിൽ കറങ്ങാൻ തുടങ്ങിയത് മുതലാണ് ദിവസങ്ങൾ നിലവിൽ വന്നത്. അപ്പോ, താൻ പ്രപഞ്ചം സൃഷ്ടിക്കാൻ ആറു ദിവസമെടുത്തുവെന്ന് ദൈവം പറഞ്ഞത് എങ്ങനെ സത്യമാകും ?


നിവാരണം :

ഭൂമിയും ഇതര ഗ്രഹങ്ങളും അക്ഷത്തിൽ കറങ്ങാൻ തുടങ്ങിയത് മുതലാണ് ദിവസങ്ങൾ നിലവിൽ വന്നതെന്നു പറഞ്ഞത് ശരിയാണ്. എന്നാൽ, ദൈവം പറഞ്ഞത് ശരിയല്ലെന്നു പറയാനല്ല മറിച്ച്, ദൈവിക വചനത്തിന്റെ ഉദ്ദേശ്യം സുപരിചിതമായ ആറു ദിവസങ്ങളല്ല, ആറു ദിവസങ്ങളുടെ ദൈർഘ്യമുള്ള സമയമാണ് എന്നു പറയാനാണ് അതു തെളിവാകുക.  ദിവസമെന്നാൽ സമയത്തിന്റെ, നിർണിത ദൈർഘ്യമുള്ള ഒരു ഏകകമാണല്ലോ. പ്രപഞ്ചം ഉൺമയിലേക്കു വരാൻ തുടങ്ങിയത് മുതൽ തന്നെ സമയം നിലവിൽ വരാം. കാരണം, സമയത്തിനു നിദാനം ചലനമാണ്, ഗോളങ്ങൾ രൂപംകൊള്ളും മുമ്പ് തന്നെ ചലനം നിലവിൽ വരാമല്ലോ. 


സന്ദേഹം 5

ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യം അല്ലാഹു അറിയുകയാണെങ്കിൽ അതിനു വിരുദ്ധം ചെയ്യാൻ അവനു കഴിയില്ല. അപ്പോൾ അവൻ സർവ്വ ശക്തനല്ലെന്നു വരും, അതിനു വിരുദ്ധം ചെയ്യാൻ അവനു കഴിയുകയാണെങ്കിൽ അവൻ ഭാവി അറിയുകയില്ല. അപ്പോൾ അവൻ സർവ്വജ്ഞനല്ലെന്നും വരും [സർവ്വ ശക്തനാവലും സർവ്വജ്ഞനാവലും തമ്മിൽ വൈരുദ്ധ്യം നിലനിൽക്കുന്നു] എന്ന പ്രസ്താവന ശരിയല്ലേ ?


നിവാരണം :

ശരിയല്ല. ഭാവിയിൽ താൻ എന്തു ചെയ്യുമെന്ന് അല്ലാഹു അറിഞ്ഞാൽ അതിനു വിരുദ്ധം അവൻ ചെയ്യില്ലെന്നാണ് (അതിനു കഴിയില്ല എന്നല്ല) വരുക. അറിഞ്ഞ കാര്യം ചെയ്യുകയല്ല. ചെയ്യാനിരിക്കുന്ന കാര്യം മുമ്പേ അറിയുകയാണ്

 

സന്ദേഹം 6

അല്ലാഹുവിന് ഭാവി അറിയാമെങ്കിൽ അതിനെതിരെ തീരുമാനമെടുക്കാൻ അവനു കഴിയില്ലെന്നും അതിനെതിരെ, തീരുമാനമെടുത്താൽ അവന് ഭാവി  അറിയല്ലെന്നും വരില്ലേ


മറുപടി :

അതു വരില്ല. ഭാവി അല്ലാഹു അറിയുകയെന്നാൽ, [ഭാവിയിൽ സംഭവിക്കാനിരിക്കുന്ന] കാര്യങ്ങൾ സംഭവിക്കണമെന്ന് താൻ സ്വതന്ത്രമായി തീരുമാനിക്കുകയും തീരുമാനം താൻ സ്വതന്ത്രമായി നടപ്പിലാക്കുകയും ചെയ്തതിനെ തുടർന്ന് അവ സംഭവിക്കുമെന്ന് അവൻ അറിയലാണ്. തീരുമാനിച്ച കാര്യം അറിയുകയാണ്, അറിഞ്ഞത് തീരുമാനിക്കുകയല്ല


പിന്നെ, അനാദിയിൽ താൻ സ്വതന്ത്രമായി തീരുമാനിച്ച കാര്യത്തിൽ മാറ്റം / പുനർ തീരുമാനം സംഭവ്യമേയല്ല. കാരണം : തീരുമാനം മാറ്റുകയാണെങ്കിൽ, മാറ്റുമെന്ന് ആദ്യമെ സർവ്വജ്ഞനായ അല്ലാഹു അറിയുമല്ലോ. അപ്പൊ ആദ്യത്തേത് തീരുമാനമായിരുന്നില്ലെന്നു വരും.


എന്നാൽ ഒരു കാര്യം തീരുമാനിക്കുന്നതിനു പകരം അതിനു വിപരീതം തീരുമാനിക്കാമായിരുന്നു. അതാണ് കർമ നിർണയ സ്വാതന്ത്ര്യം.


പ്രസ്തുത കാര്യം നടപ്പിലാക്കണമെന്നും, വിപരീതം നടപ്പിൽ വരുത്തേണ്ടെന്നും തീരുമാനിക്കൽ ഉപര്യുക്ത സ്വാതന്ത്ര്യത്തിന്റെ പ്രയോഗമാണ്.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Monday, 19 July 2021

സർവസമ്പൂർണനായ അല്ലാഹു

 സന്ദേഹം:

ദൈവം സർവസമ്പൂർണനാണ് എന്നതിന് തെളിവ് പറയാമോ?


നിവാരണം:

എ. പ്രപഞ്ച സ്രഷ്ടാവായ ദൈവം

സർവസമ്പൂർണനായിരിക്കണമെന്നത് സുഗ്രഹമായ ഒരു കാര്യമാണ്. മതവിശ്വാസികളും അല്ലാത്തവരുമായ  ദൈവവിശ്വാസികളെല്ലാം അക്കാര്യം നിസ്തർക്കം അംഗീകരിക്കാൻ കാരണം ഇതാണ്.


പൂർണത ഏതാണ്, ന്യൂനത ഏതാണ് എന്നു നിർണയിക്കുന്നതിൽ മാത്രമാണ് അവർ തമ്മിൽ ഭിന്നത.


എന്നുമാത്രമല്ല, ദൈവം ഉണ്ടെങ്കിൽ അവൻ സർവസമ്പൂർണ്ണനായിരിക്കണമെന്ന് ദൈവനിഷേധികൾ പോലും പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. അതു കൊണ്ടാണ്, നിങ്ങളുടെ ദൈവം അങ്ങനെയാണ് ഇങ്ങനെയാണ്, അതിനാൽ അവനിൽ വിശ്വസിക്കാൻ ഞങ്ങൾക്കാവില്ല എന്നവർ പറയാറുള്ളത്. ഏതെങ്കിലും തരത്തിലുള്ള ന്യൂനതയുള്ളവൻ ദൈവമാവാൻ കൊള്ളത്തില്ല എന്നാണല്ലോ അവർ ഈ പറയുന്നതിന്റെ പൊരുൾ. ന്യൂനതകളെയല്ല ന്യൂനതകളായി അവർ പൊലിപ്പിച്ചു കണിക്കാറുള്ളതെന്നു മാത്രം.


ബി. അനാദ്യനായ ദൈവത്തിന്, പൂർണതകളിൽ ചിലതു മാത്രം ഉണ്ടാവുകയും മറ്റു ചിലത് ഇല്ലാതിരിക്കുകയും ചെയ്യുകയില്ലെന്ന് ധിഷണ സാക്ഷ്യപ്പെടുത്തുന്നു. കാരണം, പ്രസ്തുത ഗുണങ്ങൾ, ദൈവത്തിന് ആരോ, ഹിതാനുസാരം സമ്മാനിക്കുക വഴി നിലവിൽവന്നവയല്ല . എങ്കിൽ, ദൈവസംഗത ഗുണങ്ങളിൽ ചിലതു മാത്രം തന്നിൽ ഉണ്ടാവുകയും മറ്റു ചിലത് ഉണ്ടാവാതിരിക്കുകയും ചെയ്യുകയില്ലെന്നു വ്യക്തം.


ദൈവം, സർവശക്തനും സർവവിജ്ഞനുമാണെന്നും മറ്റെല്ലാ സമ്പൂർണ്ണതകളും സമഞ്ജസമായി മേളിച്ചവനാണെന്നും ഇതിൽ നിന്ന് ഗ്രാഹ്യമാണ്.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Saturday, 17 July 2021

ഉപ്പിൽ ഉപ്പു പുരട്ടുന്ന നാസ്തികർ

 

    അല്ലാഹുവിൽ വിശ്വസിക്കൽ, ഇസ്‌ലാമിന്റെ  മൗലിക കാര്യങ്ങളിൽ പ്രഥമ ഗണനീയമാണ്. അനിവാര്യനും അനാദ്യനും ഏകനുമായ പ്രപഞ്ച സ്രഷ്ടാവിനെയാണു അറബിയിൽ ‘അല്ലാഹു’ വെന്ന് വിളിക്കുന്നത്. അല്ലാഹുവിന്റെ, പാരാശ്രയ മുക്തമായ ഉൺമയെ മുദ്രണം ചെയ്യുന്ന കോടാനു കോടി ഖണ്ഡിത രേഖകളുടെ സംഘാതമാണു പ്രപഞ്ചം. സ്രഷ്ടാവിന്റെ ഉൺമയുമായി ബന്ധപ്പെട്ട സന്ദേഹങ്ങൾക്കു നിവാരണം കാണാം.


സന്ദേഹം 1

പ്രപഞ്ചം ഉണ്ടാകാൻ സ്രഷ്ടാവു വേണമെന്നും സ്രഷ്ടാവിന് മറ്റൊരു സ്രഷ്ടാവിന്റെ ആവശ്യമില്ലെന്നും പറയുന്നതിൻറെ ന്യായമെന്ത് ?  


നിവാരണം : 

1. പ്രപഞ്ചം സനാദിയാണ്, എങ്കിൽ  അതിനൊരു സ്രഷ്ടാവു വേണമെന്ന് ആസ്തികരും, അനാദിയാണ്, എങ്കിൽ സ്രഷ്ടാവിന്റെ ആവശ്യമില്ലെന്ന് നാസ്തികരും വാദിക്കുന്നു. അനാദ്യ വസ്തുവിന് സ്രഷ്ടാവിന്റെ ആവശ്യമില്ലെന്നും സനാദ്യ വസ്തുക്കൾക്ക് സ്രഷ്ടാവു വേണമെന്നും ഇരുപക്ഷവും ഇവിടെ അംഗീകരിക്കുന്നു. 


2. വെള്ളം, ഉപ്പു രസം കിട്ടാൻ ഉപ്പിനെ ആശ്രയിക്കുന്നു. എന്നാൽ, ഉപ്പ് ഉപ്പു രസം കിട്ടാൻ മറ്റൊരു ഉപ്പിനെ ആശ്രയിക്കുന്നില്ല. കാരണം : ഉപ്പു രസം അതിന്റെ സഹജ ഗുണമാണ്

പൂജ്യം, മൂല്യ ലബ്ദിക്ക് എണ്ണൽ സംഖ്യയെ ആശ്രയിക്കുന്നു. എന്നാൽ, എണ്ണൽ സംഖ്യ മൂല്യ ലബ്ധിക്ക് മറ്റൊരു സംഖ്യയെ ആശ്രയിക്കുന്നില്ല. കാരണം : മൂല്യം അതിന്റെ സഹജ ഗുണമാണ്.


തഥൈവ, സനാദിയായ പ്രപഞ്ചം ഉണ്ടാവാൻ സ്രഷ്ടാവിനെ ആശ്രയിക്കുന്നു. എന്നാൽ, സ്രഷ്ടാവ്  മറ്റൊരു സ്രഷ്ടാവിനെ ആശ്രയിക്കുന്നില്ല. കാരണം : ഉൺമ സ്രഷ്ടാവിന്റെ സഹജവും അനിവാര്യവും അനാദ്യവുമായ ഗുണമാണ്. 

മറ്റൊരു വാക്കിൽ : ഇല്ലാത്തത്, ഉണ്ടാക്കാതെ ഉണ്ടാവില്ല, ഉള്ളതിനെ ഉണ്ടാക്കേണ്ടതുമില്ല.


സന്ദേഹം 2

പ്രപഞ്ചം സനാദിയാണെന്നും സ്രഷ്ടാവ് അനാദ്യനാണെന്നും തെളിയിക്കാമോ ? 


നിവാരണം :

പ്രപഞ്ചം അനു നിമിഷം പരിവർത്തിച്ചു കൊണ്ടിരിക്കുകയാണ്. പരിവർത്തനം പ്രപഞ്ചത്തിന്റെ സഹജ ഗുണമാവാൻ നിർവാഹമില്ല. കാരണം : അതൊരു സഹജ ഗുണമായിരുന്നുവെങ്കിൽ, പരിവർത്തന ശൃംഖല അനാദിയും അസംഖ്യം കണ്ണികൾ ചേർന്നതുമായിരിക്കും, ഓരോ കണ്ണി നിലവിൽ വരും മുമ്പ് അസംഖ്യം കണ്ണികൾ തീർന്നുപോയിരിക്കുകയും ചെയ്യും. അസംഖ്യം കണ്ണികൾ / തീരാത്തത്ര കണ്ണികൾ   തീർന്നു പോകൽ വൈരുദ്ധ്യമാണെന്നു വ്യക്തം.


പരിവർത്തനം സഹജ ഗുണമല്ലെങ്കിൽ, പരിവർത്തനങ്ങളിലൂടെ നിലവിൽ വന്ന ഗുണങ്ങളും സമാനമായ മുൻ ഗുണങ്ങളും പ്രപഞ്ചാതീതനായ സ്രഷ്ടാവു കാരണം ഉൺമയിലേക്കു കടന്നു വന്നതായിരിക്കും. പ്രസ്തുത പുതു ഗുണ ശൃംഖലയും സനാദിയാണ്. അല്ലെങ്കിൽ, അവിടെയും ഉപര്യുക്ത വൈരുദ്ധ്യം സംഭവിക്കും. ഗുണ ശൃഖല സനാദിയാണെങ്കിൽ സനാദ്യ ഗുണങ്ങളിൽ നിന്ന് മുക്തമല്ലാത്ത പ്രപഞ്ചവും സനാദിയാണെന്ന് ഗ്രഹിക്കാം.


പ്രപഞ്ച സ്രഷ്ടാവ് അനാദ്യനല്ലെങ്കിൽ, അവൻ മറ്റൊരു സ്രഷ്ടാവിനെ ആശ്രയിക്കേണ്ടി വരും. അവനും അനാദ്യനല്ലെങ്കിൽ മൂന്നാം സ്രഷ്ടാവ്..... ഈ ശൃംഖല അനുസ്യൂതം പശ്ചാത്ഗമനം നടത്തുകയാണെങ്കിൽ മുൻചൊന്ന വൈരുദ്ധ്യത്തിൽ അതു കലാശിക്കും. എങ്കിൽ, പ്രസ്തുത ശൃംഖല, അനാദ്യനും അനാശ്രിതനുമായ സ്രഷ്ടാവിൽ  അവസാനിക്കാതെ നിർവാഹമില്ല.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

സ്രഷ്ടാവ് ഉണ്ടായവനല്ല

സന്ദേഹം : 

എല്ലാത്തിനും ഒരു സ്രഷ്ടാവ് വേണമെന്നാണെങ്കിൽ സ്രഷ്ടാവിന്റെ സ്രഷ്ടാവ് ആരാണ്


നിവാരണം :

ഉള്ള എല്ലാത്തിനും സ്രഷ്ടാവ് വേണമെന്ന് ആർക്കും വാദമില്ല, ഉണ്ടായ എല്ലാത്തിനും സ്രഷ്ടാവ് (ഉണ്ടാക്കിയവൻ) വേണമെന്നാണ് വാദം.


അബ്ദുൽ ജലീൽ സഅ്ദി

Friday, 16 July 2021

സർഗാതീത ദിവ്യവചനം

സന്ദേഹം :

ഖുർആനിനു സമാനമായ വചനം കൊണ്ട് വരാൻ സൃഷ്ടികളെ അല്ലാഹു വെല്ലുവിളിക്കുകയെന്നാൽ പ്രശസ്തനായൊരു എഴുത്തുകാരൻ തന്റെ ലേഖനത്തിനു സമാനമായത് കൊണ്ടു വരാൻ കൊച്ചു കുട്ടികളെ വെല്ലു വിളിക്കുന്നത് പോലെയല്ലെ ? ഇതൊരു ദൈവത്തിന് അനുയോജ്യമാണോ ? ഖുർആൻ ദൈവ വചനമല്ലെന്ന് ഇത് സൂചന നൽകുന്നില്ലേ?  ഇനി ആ വെല്ലുവിളി സീകരിച്ച് ഖുർആനിനു സമാനമായതുമായി ആരെങ്കിലും വന്നുവെന്നിരിക്കട്ടെ, മൂല്യ നിർണയം ആരു നിർവഹിക്കും ?


നിവാരണം :

ഉപര്യുക്ത എഴുത്തുകാരൻ ഒരു അധ്യാപകനാണെന്ന് കരുതുക. അദ്ദേഹം കൊച്ചു വിദ്യാർത്ഥികൾക്ക്, അവർക്കു ഗ്രാഹ്യവും എന്നാൽ അപ്രാപ്യവുമായ ശൈലിയിൽ ഒരു സന്ദേശം ലീഡർ മുഖാന്തരം കൊടുത്തയച്ചുവെന്നും വിചാരിക്കുക. 


മാഷിന്റെ സന്ദേശമാണെന്ന് ശൈലി കണ്ട മാത്രയിൽ അവർ തിരിച്ചറിഞ്ഞെങ്കിലും, അതു സ്വീകരിക്കാൻ വൈമനസ്യമുള്ള കൂട്ടുകാർ, അത് ലീഡർ എഴുതിയുണ്ടാക്കിയ വ്യാജ സന്ദേശമാണെന്നു വാദിക്കുന്നു.


ഈ സന്ദർഭത്തിൽ, തന്റെ സത്യാവസ്ഥ തെളിയിക്കാൻ വേണ്ടി നിങ്ങളും അതു പോലൊരെണ്ണം  എഴുതിയുണ്ടാക്കൂ.. എന്ന് ലീഡർക്കു വെല്ലുവിളിക്കാം.സന്ദേശം വളരെ സുപ്രധാനമാണെങ്കിൽ വിശേഷിച്ചും.


വെല്ലുവിളിക്കാൻ അധ്യാപകൻ തന്നെ തന്റേതായ ശൈലിയിൽ ലീഡർക്കു നിർദ്ദേശം നൽകിയെന്നും വരാം. അധ്യാപകന്റെ മികവും തങ്ങളുടെ നിസ്സഹായതയും ബോധ്യമുള്ള കുട്ടികൾ അതിനു ശ്രമിക്കില്ല. 


ഇനി പ്രസ്തുത സന്ദേശത്തിനു സമാനമായതാണെന്നും പറഞ്ഞ് ഏതെങ്കിലുമൊരു വിരുതനായ വിദ്യാർത്ഥി വല്ല കുറിപ്പുമായി വന്നുവെന്നിരിക്കട്ടെ, ആർക്കും മൂല്യനിർണയം നടത്താൻ കഴിയും വിധം താണ നിലവാരമാണതു പുലർത്തുക. ഖുർആൻറെ കാര്യവും ഇതിൽ നിന്നു ഭിന്നമല്ല. 


വിശുദ്ധ ഖുർആന്റെ അസംഖ്യം വ്യതിരേകങ്ങൾ വളരെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടതുമാണ്. വേണ്ടി വന്നാൽ ആർക്കു വേണമെങ്കിലും അതവലംബിച്ചു മൂല്യനിർണയം നിർവഹിക്കാം.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Thursday, 15 July 2021

സ്രഷ്ടാവും സൃഷ്ടി കർമവും

സന്ദേഹം :

പ്രപഞ്ചം സൃഷ്ടിക്കും മുമ്പ് അല്ലാഹു എന്ത് ചെയ്യുകയായിരുന്നു ? 


നിവാരണം :

എ. അല്ലാഹുവിന്റെ ചെയ്തി സൃഷ്ടിയാണ്. അപ്പോൾ ഈ ചോദ്യത്തിന്റെ അർത്ഥം : ‘അല്ലാഹു വല്ലതും  സൃഷ്ടിക്കും മുമ്പ് എന്തു സൃഷ്ടിക്കുക യായിരുന്നു’ എന്നാണ്. ഇതൊരു മണ്ടൻ [വൈരുധ്യാത്മക] ചോദ്യമാണെന്നു വ്യക്തം.


ബി. ഒന്നും സൃഷ്ടിക്കാതിരിക്കൽ അല്ലാഹുവിനു ന്യൂനതയല്ല. കാരണം; സൃഷ്ടിക്കുമ്പോൾ നിലവിൽവരുന്ന പൂർണത ഉൺമയാണ്. പ്രപഞ്ചത്തിനാണ് അതു കൈവരുന്നത്, സ്രഷ്ടാവിനല്ല.


എങ്കിൽ, സൃഷ്ടിച്ചാലും ഇല്ലെങ്കിലും സ്രഷ്ടാവിന് യാതൊരു വിധ പൂർണതയും ന്യൂനതയും കൈവരുകയില്ല. ഉൺമയും, ഉൺമ പ്രദാനം ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള സമ്പൂർണ ശക്തിയും ആദ്യമേ അല്ലാഹുവിനുണ്ട് താനും.


സി. മുമ്പും ശേഷവും സമയ സൂചക ശബ്ദങ്ങളാണെങ്കിലും, പ്രപഞ്ചം സൃഷ്ടിക്കപ്പെടും മുമ്പ് എന്ന പ്രയോഗം കാലത്തെ കുറിക്കാനുള്ളതല്ല. പ്രത്യുത ഒന്നുമില്ലായ്മയുടെ / സ്ഥല-കാല രഹിതമായ ശൂന്യതയുടെ  ആവിഷ്കാരം മാത്രമാണത്. 


പ്രപഞ്ചവും, കാലത്തിനു നിദാനമായ ചലനവും, ഉൺമയിലേക്ക് വന്നതിനു ശേഷമാണ് കാലം നിലവിൽ വരുന്നത്. ചലന നിശ്ചലം പോലുള്ള പ്രാപഞ്ചിക ഗുണങ്ങളും, സ്ഥല കാല സങ്കൽപങ്ങളും, സ്ഥല-കാലങ്ങൾ സംവിധാനിച്ച പ്രപഞ്ച ചാലകനായ അല്ലാഹുവിന് ബാധകവുമല്ല.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

ഒട്ടകവും സൂചിക്കുഴയും

 [സന്ദേഹം ]

ഒട്ടകത്തെ സൂചിക്കുഴയിലൂടെ പ്രവേശിപ്പിക്കാൻ സർവ്വശക്തനായ അല്ലാഹുവിന് കഴിയുമോ ? 

കുറിപ്പ് : സൂചിക്കുഴ വലുതാക്കുകയോ ഒട്ടകത്തെ ചെറുതാക്കുകയോ ചെയ്യരുത്


[നിവാരണം] 

നിനക്ക് വൃത്തം വരക്കാൻ കഴിയുമോ എന്ന് നമുക്കൊരാളോട് ചോദിക്കാം. എന്നാൽ,  കോണുകളുള്ള വൃത്തം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാൻ പറ്റില്ല. കാരണം, അങ്ങനെയൊരു വൃത്തമില്ല.


ത്രികോണം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാം. എന്നാൽ, നാലു കോണുകളുള്ള ത്രികോണം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാൻ പറ്റില്ല. കാരണം; അപ്രകാരമൊരു ത്രികോണമില്ല. 


തഥൈവ, വസ്തുവിനെ വലുതാക്കാൻ കഴിയുമോ എന്ന് ചോദിക്കാം.  ചെറുതാക്കാൻ കഴിയുമോ എന്നും ചോദിക്കാം. ചെറുതാകാതെ ചെറുതാക്കാൻ കഴിയുമോ എന്ന് ചോദിച്ചേക്കരുത് . കാരണം; ചെറുതാകാതെ ചെറുതാവുക എന്നൊരു സംഗതി ഇല്ല.


വലുതിനെ ചെറുതിൽ പ്രവേശിപ്പിക്കാൻ കഴിയുമോ എന്നാൽ ചെറുതാകാതെ ചെറുതാക്കാൻ കഴിയുമോ എന്നാണർത്ഥം. 

പ്രവേശിക്കുന്ന വസ്തു പ്രവേശന ദ്വാരത്തേക്കാൾ ചെറുതായിരിക്കുമല്ലോ അല്ലെങ്കിൽ പിന്നെ എന്താണു പ്രവേശനം 


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

**†************************************

For more just touch here👇

https://abnabathisha.blogspot.com


Wednesday, 14 July 2021

തിരുനബി (ﷺ) യുടെ വിവാഹം ഒരു ദാർശനിക വിശകലനം Part 3

തിരുനബി (ﷺ) യുടെ ആഇശ (റളിയല്ലാഹു അൻഹാ) യുമായുള്ള വിവാഹം


തിരുനബി (ﷺ) യുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇസ്‌ലാം വിരോധികൾ ഉന്നയിക്കാറുള്ള മറ്റൊരു കാര്യമാണ് തങ്ങളുടെ പ്രിയ പത്നി ആഇശ (റളിയല്ലാഹു അൻഹാ) യുടെ വിവാഹപ്രായം. ഈ വിഷയകമായി ഏതാനും കാര്യങ്ങൾ പങ്കുവെക്കാം.


ഖദീജ (റളിയല്ലാഹു അൻഹാ) യുമായി ദാമ്പത്യം പങ്കിട്ട സുദീർഘമായ കാലയളവിൽ (25 വർഷം) / 50 വയസ്സ് പിന്നിടുന്നതുവരെ മറ്റാരെയും നബിതിരുമേനി വിവാഹം ചെയ്തിരുന്നില്ലെന്ന കാര്യവും ഖദീജ (റളിയല്ലാഹു അൻഹാ) യുടെ വിയോഗശേഷം 66 വയസ്സുള്ള സൗദ (റളിയല്ലാഹു അൻഹാ) യെ തിരുനബി വിവാഹം ചെയ്ത കാര്യവും മുമ്പ് നാം പ്രതിപാദിച്ചിട്ടുണ്ട്. 


ശേഷം ഖൗല ബിൻതു ഹകീം 

(റളിയല്ലാഹു അൻഹാ) ന്റെ നിർദ്ദേശപ്രകാരമാണ് പ്രിയ കൂട്ടുകാരൻ അബൂബക്ർ സ്വിദ്ദീഖ് (റളിയല്ലാഹു അൻഹാ) ന്റെ ബുദ്ധിമതിയായ മകൾ ആഇശ (റളിയല്ലാഹു അൻഹാ) യെ വിവാഹം ചെയ്യാൻ നബിതിരുമേനി (ﷺ) തീരുമാനിക്കുന്നത്.

 

ആഇശ (റളിയല്ലാഹു അൻഹാ) ഏഴാം വയസ്സിലേക്ക് പ്രവേശിച്ചതിനു ശേഷം തിരുനബി (ﷺ) അവരുമായുള്ള വിവാഹ കരാറിൽ ഏർപ്പെട്ടുവെങ്കിലും ദാമ്പത്യ ജീവിതം അവർ ആരംഭിക്കുന്നത് മഹതി പത്താം വയസ്സിലേക്ക് കാലെടുത്തു വെച്ചതിനു ശേഷമാണ്. ആനന്ദകരമായ ഒരു ദാമ്പത്യ ജീവിതത്തിന് അന്നു മുതൽ തുടക്കം കുറിക്കപ്പെട്ടു. 


പ്രവാചകർ അവരുമായി ഓട്ടമത്സരം നടത്തുകയും ആദ്യ മത്സരത്തിൽ അവർ വിജയിക്കുകയും, അവർ തടി കൂടിയതിനുശേഷം നടന്ന മത്സരത്തിൽ പ്രവാചകർ വിജയിക്കുകയും ഇത് അതിനുപകരമാണ് ട്ടോ എന്ന് തങ്ങൾ തമാശ പറയുകയും ചെയ്ത സംഭവം,


എത്യോപ്യയിൽ നിന്ന് വന്ന ഒരു സംഘം മദീന പള്ളിയിൽ വെച്ച് ആയുധാഭ്യാസ പ്രകടനം നടത്തിയപ്പോൾ ആഇശ (റളിയല്ലാഹു അൻഹാ) യെ തങ്ങൾ പിന്നിൽ നിർത്തി, ചുമലല്പം താഴ്ത്തി കാണാൻ അവസരമൊരുക്കി കൊടുത്ത സംഭവം,... 


അങ്ങനെ തുടങ്ങി പ്രവാചക ജീവിതത്തിലെ ആയിരക്കണക്കിനു സംഭവങ്ങൾ സാവേശം നമ്മിലേക്ക് അവർ കൈമാറുമ്പോൾ, നബിതിരുമേനിയുടെ സ്വഭാവ വൈശിഷ്ട്യത്തെ അവർ വാചാലമായി വർണ്ണിക്കുമ്പോൾ, ഒരിക്കലും വിള്ളൽ വീഴാത്ത / ആനന്ദ തുന്തിലമായ ദാമ്പത്യത്തെ നമുക്ക് അതിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കും. എല്ലാത്തിനും അതോടെ തുടക്കം കുറിക്കപ്പെട്ടുവെന്ന് അതിന് അർത്ഥമില്ല.


ഇസ്‌ലാമിക വീക്ഷണത്തിൽ, പെൺകുട്ടികൾക്ക് ആർത്തവത്തോടെ പ്രായപൂർത്തിയാകും.  പത്താം വയസിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ പലരും ഋതുമതികളാകും. വിശിഷ്യാ, ഉഷ്ണ നാടുകളിൽ താമസിക്കുന്ന  പെൺകൊടികൾ. പ്രായത്തെ വെല്ലുന്ന ശാരീരിക വളർച്ചയും അവരിൽ ദൃശ്യമാണ്. അറേബ്യൻ ഭൂപ്രദേശങ്ങളിൽ താമസിക്കാൻ അവസരം ലഭിച്ചവർക്ക് വേഗം ഇതു  മനസ്സിലാകും


പ്രവാചക തിരുമേനി (ﷺ) തങ്ങളുടെ വിശുദ്ധ  ജീവിതത്തിൽ വിമർശനാത്മകമായ വല്ലതും കാണാൻ അതിയായി ആഗ്രഹിച്ചിരുന്ന ശത്രു സമൂഹത്തെ സാക്ഷിയാക്കിയാണ് ആഇശ (റളിയല്ലാഹു അൻഹാ) യെ തിരുനബി വിവാഹം ചെയ്യുന്നത്. എന്നാൽ, അക്കാലത്തോ പിൽക്കാലത്തോ ഇസ്ലാമിക വിമർശകർ ആരും പ്രസ്തുത വിവാഹത്തെ വിമർശിച്ച് സംസാരിച്ചിട്ടില്ല. അടുത്ത കാലത്ത് മാത്രമാണ് ഇസ്ലാം വിരോധികൾ ഇതൊരു അപരാധമായി പൊക്കി കൊണ്ടുവന്നത്.


പ്രവാചകർ ജീവിക്കുന്ന സമൂഹത്തിൽ ബാലിക വിവാഹം ഒരു പുതുമയുള്ള കാര്യമായിരുന്നില്ല എന്നതാണു സത്യം. തങ്ങൾക്കു മുമ്പും ശേഷവും അത് നടന്നിട്ടുണ്ട്. പ്രവാചകരുടെ പിതാവ് അബ്ദുല്ലാഹ് (റളിയല്ലാഹു അൻഹു) ഇളം പ്രായക്കാരിയായ മാതാവ് ആമിന (റളിയല്ലാഹു അൻഹാ) യെ വിവാഹം ചെയ്തപ്പോൾ തന്നെ അതേ പ്രായക്കാരിയായ ഹാലയെ പിതാമഹൻ അബ്ദുൽ മുത്തലിബ് (റളിയല്ലാഹു അൻഹു) വിവാഹം ചെയ്തതും അലി (റളിയല്ലാഹു അൻഹു) വിന്റെ കൊച്ചുമകളെ വല്യുപ്പയുടെ പ്രായമുള്ള ഉമർ (റളിയല്ലാഹു അൻഹു) വിവാഹം ചെയ്തതുമെല്ലാം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്


നബി (ﷺ) യുടെ കാലത്തു മാത്രമല്ല, സമീപകാലം വരെ ബാലിക വിവാഹം നിരാക്ഷേപം നടന്നുവന്നിരുന്നു. 50 വർഷം മുമ്പുള്ള ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഇതിന് എമ്പാടും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും.


ഗാന്ധിജി കസ്തൂർബയെ വിവാഹം കഴിച്ചത് രണ്ടുപേർക്കും 13 വയസ്സുള്ളപ്പോഴാണ്. ആധുനിക ഭാരതത്തിലെ പ്രതിഭാശാലിയായ ഗണിത ശാസ്ത്രജ്ഞനായിരുന്നു ശ്രീനിവാസ രാമാനുജൻ. അദ്ദേഹം വിവാഹം കഴിക്കുമ്പോൾ ഭാര്യ ജാനകി അമ്മാൾക്ക് 10 വയസ്സായിരുന്നു പ്രായം. ഇതിനെയൊന്നും മത പക്ഷത്തോ മതേതര പക്ഷത്തോ ഉള്ള ഒരാളും മാനവിക വിരുദ്ധമായി/ അധാർമികമായി കണ്ടിട്ടില്ല.


വിമർശനത്തിൽ മുമ്പന്തിയിൽ നിൽക്കുന്ന ക്രൈസ്തവരുടെ വിശുദ്ധരിലും സമാന സംഭവങ്ങൾ കാണാം. 12 വയസ്സുമാത്രമുള്ള മേരിയെ (മർയം ബീവിയെ) 89 കാരനായ ജോസഫാണ് വിവാഹം കഴിച്ചത് / വിവാഹം ആലോചിച്ചത്. (കത്തോലിക് എൻസൈക്ലോപീഡിയ) 


പ്രവാചകൻമാർ മദ്യപിച്ചുവെന്നും വ്യഭിചാരത്തിൽ ഏർപ്പെട്ടു എന്നും ഭാര്യമാരെ പ്രീതിപ്പെടുത്താൻ വിഗ്രഹാരാധന വരെ ചെയ്തുവെന്നും അസംബന്ധം എഴുതിവെച്ചവർക്ക് ധാർമികത എന്ന വാക്ക് ഉരുവിടാൻ പോലും ധാർമികാവകാശമില്ല എന്നത് മറ്റൊരു കാര്യം


ബാലിക വിവാഹം പ്രവാചക കാലത്തെ സമൂഹത്തിൽ മാനവിക വിരുദ്ധമായി / അധാർമികമായി / അനുചിതമായി ഗണിക്കപ്പെടാത്തത്  കൊണ്ട് നബി ചെയ്തത് ഒരു സാധാരണ മനുഷ്യന്റെ തലത്തിൽ നിന്നു ചിന്തിച്ചാൽ തെറ്റല്ലെങ്കിലും സർവ്വ കാലത്തെയും മാതൃകാ പുരുഷനായ, സാർവജനീനമായ ധാർമികത പഠിപ്പിക്കാൻ വന്ന പ്രവാചകർ ഇക്കാലത്ത് മാനവിക വിരുദ്ധമായി സമൂഹം  കണക്കാക്കുന്ന കാര്യം ചെയ്യാമോ എന്നാണ് ചിലരുടെ സംശയം.


നബിതിരുമേനി (ﷺ) സർവ്വർക്കും മാതൃകാ പുരുഷനാണ് എന്നുപറഞ്ഞാൽ തങ്ങളുടെ ഏതു പ്രവൃർത്തിയും പിന്തുടരൽ നിർബന്ധമാണെന്നോ ഐശ്ചികമാണെന്നോ മനസ്സിലാക്കുന്നത് ശരിയല്ല. പ്രവാചകരുടെ പ്രവർത്തനങ്ങളിൽ നിർബന്ധമായും നാം പിന്തുടരേണ്ട കാര്യങ്ങളും ഐച്ഛികമായ കാര്യങ്ങളും പിൻതുടരൽ കേവലം അനുവദനീയമായ കാര്യങ്ങളും ഉണ്ട്.


അറുപത്തി ആറ് വയസ്സുള്ള സൗദ (റളിയല്ലാഹു അൻഹാ) യെ അമ്പത് വയസ്സുള്ള നബിതിരുമേനി വിവാഹം കഴിച്ചത് കൊണ്ട് നാം അതേ പ്രായത്തിൽ അതേ വയസ്സുള്ള സ്ത്രീയെ വിവാഹം കഴിക്കണമെന്ന് പ്രത്യേകം നമ്മോട് കല്പനയില്ല. ഒട്ടകപ്പുറത്ത് നബി തിരുമേനി സവാരി ചെയ്തിരുന്നത് കൊണ്ട് ഒട്ടകപ്പുറത്ത് തന്നെ സവാരി ചെയ്യണമെന്ന് നമ്മോട് പ്രത്യേകം  നിർദ്ദേശമില്ല . 


പ്രമാണങ്ങളെ സമീപിക്കേണ്ടതിന്റെ രീതി ശാസ്ത്രം പഠിപ്പിക്കുന്ന നിദാന ശാസ്ത്ര ഗ്രന്ഥങ്ങൾ ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുണ്ട്. നബിതിരുമേനി (ﷺ) യ്ക്ക് മാത്രം ബാധകമായ / സംഗതമായ കാര്യങ്ങളും തങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന, മുമ്പ് നാം പരാമർശിച്ച വസ്തുത കൂടി ഇവിടെ ചേർത്തു വായിക്കാം. 


പിന്നെ, പ്രസ്തുത വിവാഹം  അധാർമികമാണ് / മാനവിക  വിരുദ്ധമാണ് എന്നു വാദിക്കുന്നവർ ധാർമികതയുടെ / മാനവികതയുടെ മാനദണ്ഡം വിശദീകരിക്കാൻ ബാധ്യസ്ഥരാണ്. ഒരു സമൂഹം ഒരു കാര്യം അധാർമികമാണെന്നൊ ധാർമികമാണെന്നോ /  കരുതിയത് കൊണ്ടോ രാഷ്ട്രങ്ങൾ അങ്ങനെ തീരുമാനമെടുത്തത് കൊണ്ടോ അത് അധാർമികവും ധാർമികവും ആയിക്കൊള്ളണമെന്നില്ല.


അല്ലെങ്കിൽ, ധാർമികത വസ്തുനിഷ്ഠമല്ല. പ്രത്യുത, സമൂഹനിഷ്ഠമാണ് / കാലനിഷ്ഠമാണ് / വ്യക്തിനിഷ്ഠമാണ് എന്ന് ഇവർ തന്നെ പറയേണ്ടിവരും. കാരണം പല കാര്യങ്ങളെയും അധാർമികമായി പരിഗണിക്കുന്നതിൽ വിവിധ കാലങ്ങളിലും വിവിധ ജനപദങ്ങളിലും വീക്ഷണ വൈജാത്യം ശക്തമാണ്.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

തിരുനബി (ﷺ) യുടെ വിവാഹം ഒരു ദാർശനിക വിശകലനം Part 2

 തിരുനബി (ﷺ) യുടെ, സ്വഫിയ്യ (റളിയല്ലാഹു അൻഹാ) യുമായുള്ള  വിവാഹം                            


സ്വഫിയ്യ (റളിയല്ലാഹു അൻഹാ) യെ പ്രവാചക തിരുമേനി വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് വിമർശകർ ഉന്നയിക്കുന്ന ആരോപണങ്ങളെ വിശകലനം ചെയ്തു നോക്കാം. അവർ പറയുന്നു : പിതാവിനെയും ഭർത്താവിനെയും കൊലപ്പെടുത്തി സ്വഫിയ്യയെ പ്രവാചകർ സ്വന്തമാക്കുകയും.  

ഇദ്ദ: കഴിയും മുമ്പ് വിവാഹ ബന്ധത്തിലേർപ്പെടുകയും ചെയ്തു.


വസ്തുത എന്താണെന്ന് നോക്കാം : പ്രവാചക തിരുമേനി (ﷺ) സത്യമതം പ്രബോധനം ചെയ്യാൻ ആരംഭിക്കുന്നു . മക്കയിലെ അവിശ്വാസികൾ പ്രവാചകചരെയും വിശ്വാസികളെയും ക്രൂരമായി മർദ്ദിക്കുന്നു. അല്ലാഹുവിന്റെ അനുമതിയോടുകൂടി ആദ്യം എത്യോപ്യയിലേക്കും പിന്നീട് മദീനയിലേക്കും അവർ പലായനം ചെയ്യുന്നു. മദീനയിൽ വർഷങ്ങളോളം പരസ്പരം പോരടിച്ചുകൊണ്ടിരുന്ന രണ്ടു പ്രബല ഗോത്രങ്ങൾ പ്രവാചക തിരുമേനിക്ക് കീഴിൽ ഐക്യപ്പെടുകയും വിശ്വാസികളായി മാറുകയും ചെയ്യുന്നു. 


തുടർന്ന് ഒരു ഇസ്ലാമിക രാഷ്ട്രം മദീനയിൽ സ്ഥാപിതമാവുകയും ജൂതമത വിശ്വാസികളായ മൂന്ന് പ്രബല ഗോത്രങ്ങളുമായി പ്രവാചക തിരുമേനി കരാറിൽ ഏർപ്പെടുകയും ചെയ്തു.

പ്രവാചകരുടെ ആഗമനത്തിനു മുമ്പ് മദീനയിലെ ജൂമതവിശ്വാസികൾ ഒരു പ്രവാചകൻറെ ആഗമനം പ്രതീക്ഷിക്കുകയും യുദ്ധവേളകളിൽ ആ പ്രവാചകനെ തവസ്സുൽ ചെയ്ത് വിജയം തേടുകയും ചെയ്തിരുന്നതായി ഖുർആൻ പറയുന്നുണ്ട്


രാജ്യ സുരക്ഷാ കരാർ ജൂതന്മാർ ലംഘിച്ചതിനാൽ അവരെ നാടുകടത്തേണ്ടി വന്നു. നാടുകടത്തപ്പെട്ടവർ മക്കയിൽ അവിശ്വാസികളുമായി കൈകോർത്ത് ഇസ്ലാമിക രാഷ്ട്രം തകർക്കാനും പ്രവാചക തിരുമേനിയെ വധിക്കാനും നിരന്തരം കുൽസിത നീക്കങ്ങൾ നടത്തി കൊണ്ടിരുന്നു.


അവക്ക് ധൈഷണികവും സൈനികവുമായ നേതൃത്വം നൽകിയിരുന്നത് ഹുയയ്യു ബ്നു അഖ്ത്വബ് ആയിരുന്നു. ഖൈബറായിരുന്നു അവരുടെ കേന്ദ്രം. കേന്ദ്രം ആക്രമിക്കാൻ പ്രവാചക തിരുമേനി (ﷺ) പുറപ്പെട്ടു. കോട്ടയിൽ യുദ്ധ സജ്ജരായി അവർ നിലയുറപ്പിച്ചു. കീഴടങ്ങാനുള്ള  നിർദ്ദേശം നിരസിച്ചതിനെ തുടർന്ന് അലീ (റളിയല്ലാഹു അൻഹു) വിന്റെ നേതൃത്വത്തിൽ മുസ്ലിംകൾ ഖൈബർ കോട്ട പിടിച്ചെടുത്തു. 


അവിടെ നടന്ന യുദ്ധത്തിൽ ഹുയയ്യും ജാമാതാവ് കിനാനയും കൊല്ലപ്പെട്ടു. 

ഒരുപാടുപേർ യുദ്ധത്തിൽ തടവുകാരായി. യുദ്ധ തടവുകാർ അടിമകളാക്കപ്പെടുകയാണ് ചെയ്യുക.

അടിമത്തം ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള ഒത്തിരി കാര്യങ്ങൾ ഇസ്ലാമിലുണ്ട്. എന്നാൽ ,ഒറ്റയടിക്കു ഇസ്ലാം അതു നിരോധിച്ചിട്ടില്ല ( അതിൻറെ ബൗദ്ധിക കാരണങ്ങൾ മറ്റൊരു ലേഖനത്തിൽ പിന്നീട് വിവരിക്കാം )


സമരാർജ്ജിത ധനം വിതരണം ചെയ്യും മുമ്പ്, അതിലൊരു അടിമ സ്ത്രീയെ തനിക്കു നൽകണമെന്ന് സ്വഹാബിയായ ദിഹ്യതുൽ കൽബീ (റളിയല്ലാഹു അൻഹു) ആവശ്യപ്പെടുകയും തനിക്കിഷ്ടപ്പെട്ട ഒന്ന് എടുത്തുകൊള്ളാൻ പ്രവാചക തിരുമേനി അനുമതി നൽകുകയും ചെയ്തു. ശേഷം മറ്റൊരാൾ കടന്നു വരുന്നു. അദ്ദേഹം പറയുകയാണ് : ദിഹ്യ കൊണ്ടുപോയ അടിമ കൊല്ലപ്പെട്ട, ഖൈബറിലെ തലവൻ ഹുയയ്യിന്റെ മകളാണ് അതിനാൽ, അവൾ പ്രവാചകർക്കു മാത്രമേ യോജിക്കുകയുള്ളൂ. വിവരമറിഞ്ഞ പ്രവാചകർ (ﷺ) അവരെ വിളിച്ചു വരുത്തി.


തങ്ങൾ അവരോട് പറഞ്ഞു: 

ഒന്നെങ്കിൽ, നിന്നെ ഞാൻ മോചിപ്പിച്ചു വിട്ടയക്കാം. അല്ലെങ്കിൽ എൻറെ പത്നിയായി നിന്നെ ഞാൻ സ്വീകരിക്കാം. എന്നാൽ, സ്വഫിയ്യ: (റളിയല്ലാഹു അൻഹാ) അതീവ രഹസ്യമായി ഇസ്ലാം പുൽകിയിരുന്നത്കൊണ്ട് തീരുമാനം പ്രഖ്യാപിക്കാൻ ഒട്ടും അവർക്ക് ആലോചിക്കേണ്ടി വന്നില്ല. അവർ തങ്ങളെ ഭർത്താവായി സ്വീകരിക്കാൻ തയ്യാറായി. 


സ്വഫിയ്യ (റളിയല്ലാഹു അൻഹാ) യുടെ ഇസ്ലാമിക ആശ്ലേഷണത്തിനു കാരണമായ ഒരു സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തൻറെ പിതാവ് ഹുയയ്യും മറ്റൊരാളും അടക്കിപ്പിടിച്ചു സംസാരിക്കുന്നത് ഒരിക്കൽ സ്വഫിയ്യ (റളിയല്ലാഹു അൻഹാ) കേൾക്കുകയാണ്. അദ്ദേഹം പിതാവിനോട് ചോദിക്കുന്നു. ഇത് ആ (പ്രവചിത) പ്രവാചകൻ തന്നെയാണോ. പിതാവ് പറഞ്ഞു ഇത് അദ്ദേഹം തന്നെയാണ്. പ്രവാചകരുടെ അടയാളങ്ങൾ പൂർവ്വ വേദത്തിൽ നിന്ന് ജൂതന്മാർ മനസ്സിലാക്കിയിരുന്നു. സ്വന്തം മക്കളെ അറിയുന്നതു പോലെ പ്രവാചക തിരുമേനിയെ അവർക്കറിയാമായിരുന്നു എന്ന് ഖുർആൻ പറഞ്ഞത് അതാണ്.


ജൂതന്മാരിൽ നിന്നും ഇത് കേട്ടറിഞ്ഞാണ് മദീന നിവാസികൾ പ്രവാചക തിരുമേനിയിൽ വിശ്വസിച്ചത്. എന്നാൽ, മദീനയിലെ ജൂതന്മാർ അവിടേക്ക് കുടിയേറിപ്പാർത്ത ഇസ്രായേൽ വംശജരായിരുന്നു. സമാഗതരായ പ്രവാചകർ ഇസ്രായേൽ വംശജനല്ലെന്ന് അറിഞ്ഞതോടെ പ്രവാചകരിൽ വിശ്വസിക്കാൻ ജൂതന്മാരുടെ വംശീയത വിസമ്മതം കാണിക്കുകയായിരുന്നു. 


യസ്രിബിൽ നിന്നും ഒരു ചന്ദ്രൻ വന്ന് തൻറെ മടിയിൽ വീണതായി താൻ സ്വപ്നം കാണുകയും ഭർത്താവ് കിനാനയോട് സ്വപ്നകഥ വിവരിച്ചപ്പോൾ

മദീനയിൽ നിന്നും വരുന്ന ഈ രാജാവിന്റെ പത്നിയാവാൻ നീ കൊതിക്കുന്നോ എന്ന് ചോദിച്ചിട്ട് അയാൾ കണ്ണിന് ആഞ്ഞൊരു അടി അടിക്കുകയും ചെയ്ത മറ്റൊരു സംഭവം സ്വഫിയ്യ (റളിയല്ലാഹു അൻഹാ) തന്നെ പിന്നീട് ഉദ്ധരിച്ചിട്ടുണ്ട്.


സ്വഫിയ്യ (റളിയല്ലാഹു അൻഹാ) യുടെ ആർത്തവ പിരീഡ് കഴിഞ്ഞ് സദ്ദുൽ റൗഹാഇൽ / സദ്ദുൽ സ്വഹ്ബാഇൽ എത്തിയതിനുശേഷമാണ് പ്രവാചകർ അവരുമായി വിവാഹിതരാകുന്നത്. 


ഇനി അത്തരം പ്രോട്ടോകോളൊന്നും പ്രസ്തുത വിവാഹത്തിൽ സ്വീകരിക്കപ്പെട്ടിരുന്നില്ലെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാലും പ്രശ്നമൊന്നുമില്ല. വൈവാഹികവും വൈവാഹികേതരവുമായ കാര്യങ്ങളിൽ നാം സ്വീകരിക്കുന്ന പ്രോട്ടോകോളുകൾ ദൈവികമാണ്. |അതുകൊണ്ടാണല്ലോ  സാമൂഹിക നിയമങ്ങളുടെ ഭാഗമെന്ന നിലയിൽ ചിലതൊക്കെ സ്വീകരിക്കുമ്പോൾ പോലും അതിനെ അനുപേക്ഷണീയമായി  കാണാൻ ദൈവനിഷേധിക്കു കഴിയാത്തത്|

പ്രോട്ടോകോൾ നടപ്പിലാക്കിയ ദൈവം, തന്റെ ഇഷ്ട ദാസർമാർക്ക് / പ്രവാചകന്മാർക്ക് ഇളവുകൾ നൽകാനും അധികാരമുള്ളവനത്രെ. ദൈവത്തെ തന്നെ അംഗീകരിക്കാത്തവർ അത്തരം അനുബന്ധ കാര്യങ്ങളിൽ ഇടപെട്ടു സംസാരിക്കുന്നത് സംഗതമല്ല


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

തിരുനബി (ﷺ) യുടെ വിവാഹം ഒരു ദാർശനിക വിശകലനം Part 1

 തിരുനബി (ﷺ) യുടെ വിവാഹം ഒരു ദാർശനിക വിശകലനം Part 1

                 

തിരുനബി (ﷺ) യുടെ ബഹുഭാര്യത്വം

പ്രവാചക ശൃംഖലയുടെ അവസാന കണ്ണിയും സൃഷ്ടികളിൽ അത്യുൽകൃഷ്ടരും വിശ്വാസികളുടെ ചങ്കിലെ ചോരയും ജീവന്റെ തുടിപ്പുമായ മുഹമ്മദ് നബി (ﷺ) യുടെ സംശുദ്ധ വ്യക്തിത്വത്തെ താറടിക്കാനും ഇകഴ്ത്തി കാണിക്കാനും തൽപര കക്ഷികൾ ജുഗുപ്സാവഹമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമാണ് പ്രവാചകരുടെ ബഹുഭാര്യത്വമായി ബന്ധപ്പെട്ട അവരുടെ ആരോപണം


തിരുനബി (ﷺ) യ്ക്ക് ഒരേസമയം ഒമ്പത് ഭാര്യമാരുണ്ടായിരുന്നത് കാമാസക്തി മൂലമായിരുന്നുവെന്ന് ചില മനോരോഗികൾ ജൽപിക്കുന്നു. ഉഭയ സമ്മത പ്രകാരം എത്ര കാമുകീ കാമുകന്മാരുമായും ലൈംഗികബന്ധമാവാം , അതിൽ യാതൊരു അധാർമികതയുമില്ല എന്നു വാദിക്കുന്ന യുക്തിശൂന്യ വാദികളാണ് അവരുടെ മുൻനിരയിൽ എന്നതാണ് ഏറ്റവും വലിയ തമാശ.


പ്രവാചകരുടെ വൈവാഹിക ജീവിതം പഠനവിധേയമാക്കിയാൽ വിമർശനത്തിൽ അശേഷം കഴമ്പില്ലെന്നു കാണാം. മക്കയിലെ അത്യുന്നത കുലത്തിൽ പിറന്ന, നാട്ടുകാരുടെ സ്നേഹാദരങ്ങളോടെ വളർന്ന സുമുഖരും സുശീലരുമായ പ്രവാചക തിരുമേനിയുടെ ആദ്യ വിവാഹം ഇരുപത്തിയഞ്ചാം വയസിലാണ്. മുമ്പ് രണ്ടു തവണ വിവാഹം കഴിഞ്ഞ 40 വയസ്സു തികഞ്ഞ ഖദീജ ബിന്ത് ഖുവൈലിദ് (റളിയല്ലാഹു അൻഹാ) യാണ് വധു. 


ഇനിയൊരു വിവാഹം വേണ്ടെന്നു തീരുമാനമെടുത്ത് കഴിയുകയായിരുന്ന അവർ, തിരുനബിയുടെ വ്യതിരിക്തമായ വിശ്വസ്തതയിലും വിശിഷ്ടമായ സ്വഭാവ മഹിമയിലും ആകൃഷ്ടരായി ഇങ്ങോട്ട് വിവാഹം അന്വേഷിക്കുകയായിരുന്നു. ആ ദാമ്പത്യ ജീവിതം 25 വർഷം തുടർന്നു. സമൂഹത്തിൽ ബഹുഭാര്യത്വം വലിയ തോതിൽ നിലവിലുണ്ടായിരുന്നുവെങ്കിലും സുദീർഘമായ പ്രസ്തുത കാലയളവിൽ മറ്റൊരു വിവാഹത്തിന് തങ്ങൾ ശ്രമിച്ചില്ല.


ഖദീജ (റളിയല്ലാഹു അൻഹാ) യുടെ മരണ ശേഷം തങ്ങളുടെ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നുവന്നത് 66 വയസ്സുള്ള സൗദ ബിൻത് സംഅ (റളിയല്ലാഹു അൻഹാ) യാണ്.

ഖദീജ ബീവി (റളിയല്ലാഹു അൻഹാ) പ്രവാചകരേക്കാൾ 15 വയസ്സ് കൂടിയവരും സൗദ ബീവി (റളിയല്ലാഹു അൻഹാ) 16 വയസ്സ് കൂടിയവരുമായിരുന്നു. മറ്റു ഭാര്യമാരിൽ പലരും 35 ന് മുകളിലുള്ളവരായിരുന്നു. അവരിൽ ആയിഷ (റളിയല്ലാഹു അൻഹാ) അല്ലാത്തവരെല്ലാം വിധവകളായിരുന്നു.

സത്യ മതത്തിൻറെ പ്രചാരണം , വിധവ സംരക്ഷണം തുടങ്ങിയ മഹത് ലക്ഷ്യങ്ങളായിരുന്നു പ്രസ്തുത വിവാഹങ്ങൾക്കെല്ലാം പിന്നിലെന്ന വസ്തുതയ്ക്ക് ഇതെല്ലാം ഉപോൽബലകമാണ്.


പ്രവാചകർ ധാരാളം വിവാഹം കഴിക്കുകയും അനുയായികൾക്ക് നാലിലേറെ വിവാഹം അനുവദിക്കാതിരിക്കുകയും ചെയ്തുവെന്ന ആരോപണം ഉപര്യുക്ത വസ്തുതകളാൽ നിഷ്പ്രഭമാകുമെങ്കിലും അതുമായി ബന്ധപ്പെട്ട് ചില വസ്തുതകൾ കൂടി വിവരിക്കാം.


പ്രവാചക തിരുമേനിക്ക് നിർബന്ധവും സമുദായത്തിന് ഐച്ഛികവുമായ കാര്യങ്ങളുണ്ട്. 

ളുഹാ നമസ്കാരം , വിത്റ് നിസ്കാരം , തഹജ്ജുദ് നിസ്കാരം , ബലിദാനം/ ഉളുഹിയ്യത്ത് , വായ ശുദ്ധീകരണം , മതനിയമങ്ങൾ അല്ലാത്തതിൽ കൂടിയാലോചന നടത്തൽ , പത്നിമാർക്ക് തൻറെ കൂടെ കഴിയാനും തന്നെ വിട്ടു പോകാനും സ്വാതന്ത്ര്യം നൽകൽ , യുദ്ധവേളയിൽ ശത്രുക്കൾ എത്ര കൂടുതലാണെങ്കിലും ഉറച്ചുനിന്നു പൊരുതൽ , നിർധനരായി മരിച്ച വ്യക്തികളുടെ കടം വീട്ടൽ എന്നിവ ആ ഗണത്തിൽ വരും


പ്രവാചക തിരുമേനിക്ക് നിഷിദ്ധവും സമുദായത്തിന് അനുവദനീയവുമായ കാര്യങ്ങളുമുണ്ട്. സക്കാത്ത് സ്വീകരിക്കൽ , സ്വദഖ സ്വീകരിക്കൽ , വേദക്കാരിയെ വിവാഹം കഴിക്കൽ തുടങ്ങിയവ ഇതിനുദാഹരണമാണ്. 


തഥൈവ, പ്രവാചക തിരുമേനിക്കു മാത്രം അനുവദിച്ച ചില കാര്യങ്ങളുണ്ട്. ഇഫ്ത്വാർ ഇല്ലാതെ തുടർച്ചയായി നോമ്പനുഷ്ഠിക്കാൻ നബിക്കു മാത്രമാണ് അനുമതിയുള്ളത്. അത്തരത്തിലൊന്നാണ് നാലിലേറെ ഭാര്യമാരുടെ ഉത്തരവാദിത്വം ഒന്നിച്ച് ഏറ്റെടുക എന്ന കാര്യം


പ്രസ്തുത നിയമം അല്ലാഹുവിങ്കൽ നിന്ന് അവതീർണമായതല്ലായിരുന്നുവെങ്കിൽ / ഇംഗിതാനുസൃതം തങ്ങൾ തന്നെ കെട്ടിച്ചമച്ചുണ്ടാക്കിയതായിരുന്നുവെങ്കിൽ

എല്ലാവർക്കും എത്രയും വിവാഹം തങ്ങൾ അനുവദിക്കുമായിരുന്നു. കാരണം , മറ്റുള്ളവരുടെ മോഹങ്ങൾ സാക്ഷാത്കരിക്കപ്പെടുക എന്നത് തങ്ങളുടെ മോഹം പൂവണിയുന്നതിന് തടസ്സമല്ലല്ലോ. വിമർശനത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. മുഹമ്മദ് നബി അതിബുദ്ധിമാൻ ആയിരുന്നുവെന്ന് ശത്രുക്കൾ പോലും സമ്മതിക്കുന്നതുമാണ്.


നാലു വിവാഹം കഴിച്ച വ്യക്തിക്ക് ആ ഭാര്യമാരിൽ ചിലർ മരിക്കുകയോ മൊഴി ചൊല്ലേണ്ട സാഹചര്യം ഉണ്ടാവുകയോ ചെയ്താൽ വേറെ വിവാഹം ചെയ്യാം. നാലുപേരും ഭാര്യാ പദവിയിൽ നിന്ന് നീങ്ങിയാൽ വേറെ നാലു പേരെ വിവാഹം ചെയ്യാം. അവർ നീങ്ങിയാൽ വീണ്ടും അപ്രകാരം ചെയ്യാം. എന്നാൽ, നിലവിലുള്ള  ഭാര്യമാരല്ലാത്ത ഒരാളെ ഭാര്യമാരായി സ്വീകരിക്കൽ പ്രവാചകർക്കു നിരുപാധികം നിഷിദ്ധമാണ് (വി. ഖുർആൻ 33/52).


അതിനെല്ലാം പുറമേ, പ്രവാചകർ സ്വല്ലല്ലാഹു അലൈഹി വസല്ലമിന്റെ ജീവിതത്തിലെ ദിനരാത്രങ്ങൾ തിരക്കുപിടിച്ചതായിരുന്നു. പ്രബോധനം , അധ്യാപനം , ശിക്ഷണം , വിധിനിർണയം , സൈനിക സജ്ജീകരണം, വിദേശ പ്രതിനിധികൾക്കു സ്വീകരണം, അവരുമായുള്ള ബോധന കൂടിക്കാഴ്ചകൾ, നിരന്തര യാത്രകൾ , വൃതാനുഷ്ഠാനം ,  രാത്രിയിലെ നീണ്ട നിസ്കാരം , സാന്ത്വന പ്രവർത്തനങ്ങൾ ... തുടങ്ങി സ്രഷ്ടാവിനോടും  സൃഷ്ടികളോടുമുള്ള കടമകളുടെ നിർവഹണത്താൽ നിർഭരമായിരുന്നു ആ ജീവിതം. ഇതൊരു അനിഷേധ്യ ചരിത്രമാണ്. തങ്ങൾ ഒരു സുഖലോലുപനായ രാജാവല്ല മറിച്ച് ത്യാഗി വര്യനായ പ്രവാചകനാണ് എന്ന സത്യം ഇതിലൂടെ അനാവൃതമാകുന്നു.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

അവകാശമല്ല, ഔദാര്യമാണ്

 അവകാശമല്ല, ഔദാര്യമാണ്


യഥാർത്ഥ അനുഗ്രഹ ദാതാവ് അല്ലാഹുവാണെന്നു സ്ഥിരീകരിക്കുന്ന ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു :


1. സൃഷ്ടികൾ അനുഗ്രഹികളാവുന്നത് അവരുടെ ഹൃദയങ്ങളിൽ അനുഗ്രഹത്തിനു നിദാനമായ കാരുണ്യം /ആർദ്രത അല്ലാഹു നിക്ഷേപിക്കുന്നത് മൂലമാണ്.


2. അല്ലാഹുവല്ലാത്ത അനുഗ്രഹികൾ അല്ലാഹുവിന്റെ അനുഗ്രഹത്തിനു ബാഹ്യ മാധ്യമങ്ങളായി വർത്തിക്കുന്നവർ മാത്രമാണ്.


3. അല്ലാഹു, അനുഗ്രഹം ചൊരിയുന്നത് നിസ്വാർത്ഥമായിട്ടാണ്. [ആരുടേയും സംപ്രീതി ലക്ഷ്യമാക്കിയല്ല] എന്നാൽ, സൃഷ്ടികൾ അത് ചെയ്യുന്നത് ഇതര സൃഷ്ടികളുടേയോ സ്രഷ്ടാവിന്റെയോ പ്രീതി ലക്ഷ്യമാക്കിയാണ് .


[സന്ദേഹം 1]

വിവിധ തരത്തിൽ ദുരിതമനുഭവിക്കുന്ന പരസഹസ്രം ജനങ്ങളുണ്ട്. കാരുണ്യവാനായ അല്ലാഹു എന്തു കൊണ്ടാണ് മനുഷ്യർക്കിടയിൽ സമത്വം പാലിക്കാത്തത്  ? 


[നിവാരണം]

എ. ആദ്യം ഒരു കഥ പറയാം: ഒരു കോടീശ്വരൻ തന്റെ ധനം നിർലോഭം ദാനം ചെയ്തു കൊണ്ടിരിക്കുന്നു. അതു കൈപറ്റാൻ വേണ്ടി വൻ ജനാവലി എത്തിച്ചേർന്നിട്ടുണ്ട്. അവരിൽ, നൂറോ ആയിരമോ പതിനായിരമോ രൂപ കിട്ടിയവരും തേങ്ങയോ മാങ്ങയോ മറ്റു വിഭവങ്ങളോ കിട്ടിയവരുമുണ്ട്. ഒന്നും കിട്ടാത്തവരായി ആരുമില്ല. അവിടെ രണ്ടു തരം ആളുകളെ  കാണാം.


ചിലർ, ഇതെല്ലാം തങ്ങളുടെ  അവകാശമാണെന്ന ഭാവേന, മുതലാളിയോട് കയർത്തു സംസാരിക്കുന്നു. വിതരണത്തിൽ നീതി സമത്വം വേണമെന്നു ആവശ്യമുന്നയിക്കുകയും അസമത്വം അനീതിയാണെന്നു വാദിക്കുകയുമാണവർ ചെയ്യുന്നത്.


വേറെ ചിലർ, കിട്ടിയതെല്ലാം അങ്ങോരുടെ ഔദാര്യം എന്ന ഭാവേന കൃതജ്ഞതാ പൂർവ്വം പിരിഞ്ഞു പോകാനൊരുങ്ങുന്നു. 


സർവ്വേശ്വരനായ അല്ലാഹുവിൽ നിന്നും ഉൺമ, ആരോഗ്യം, ബുദ്ധി, അറിവ്, കഴിവ്, ധനം തുടങ്ങിയ ആനുകൂല്യങ്ങൾ കൈപറ്റിയിട്ട് നീതി / സമത്വ മുദ്രാവാക്യം മുഴക്കുകയും സർവ്വേശ്വരീയത [സർവ്വധന്യത, സർവ്വശക്തി] നിഷേധിക്കുകയും ചെയ്യുന്നതിലെ കഥയില്ലായ്മ ഈ കഥയിൽ തെളിഞ്ഞു കാണാം.   


ബി. ഇഹലോകം ഒരു പരീക്ഷാ സെന്ററാണ്. അനുഗ്രഹം (ഉൺമ, ആരോഗ്യം, ബുദ്ധി, അറിവ്, കഴിവ്, ധനം.....) കൈപറ്റിയവരാണ് പരീക്ഷാർത്ഥികൾ. കൃതജ്ഞത, ക്ഷമ എന്നീ രണ്ടു ചാപ്റ്ററുകൾ അടിസ്ഥാനപ്പെടുത്തിയാണ് പരീക്ഷ നടന്നു കൊണ്ടിരിക്കുന്നത്. എല്ലാവർക്കും ഒരേ ചോദ്യവും ടൈമുമല്ല നിർണയിക്കപ്പെട്ടിട്ടുള്ളത്.


ടൈം അവസാനിക്കുന്നതോടെ, ഒരു ടീം പരീക്ഷാ ഫലത്തെ പറ്റി ശുഭസൂചന ലഭിച്ചവരായി ചാരിതാർത്ഥ്യത്തോടെയും

ചോദ്യത്തിലെ അസമത്വം ചോദ്യം ചെയ്തും ഏകീകരണത്തിന് മുറവിളികൂട്ടിയും മറ്റും സമയം കളഞ്ഞവർ, ശോകപരവശരായും പരീക്ഷാ ഹാളിൽ നിന്ന് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു.


[സന്ദേഹം 2]

അംഗവൈകല്യമുള്ളവരെയും ബുദ്ധി മാന്ദ്യമുള്ളവരെയുമെല്ലാം  സൃഷ്ടിച്ച ദൈവം എങ്ങനെ കാരുണ്യവാനാകും ?


[നിവാരണം ] 

ചിലർ രണ്ടുകാലിൽ നടക്കുന്നു, ചിലർ , മുട്ടിലിഴയുന്നു, ഇനിയും ചിലർ ചലിക്കാൻ കഴിയില്ലെങ്കിലും, ശരീരം തിരിക്കുകയും മറിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. മറ്റു ചിലരാകട്ടെ, നിശ്ചലമായി കിടക്കുകയാണെങ്കിലും മനന-സ്മരണകളിൽ ജീവിക്കാനവർക്ക് സാധിക്കുന്നു. അതുപോലെ, പഞ്ചേന്ദ്രിയങ്ങൾ, ഉള്ളവരും അവയിൽ ചിലതു മാത്രം നൽകപ്പെട്ടവരുമുണ്ട്. അവ പൂർണമായും നഷ്ടപ്പെട്ട് ധിഷണ മാത്രം നിലവിലുള്ളവരുമുണ്ടാകും. 


ചിലർ ചിലരേക്കാൾ മികവ് പുലർത്തുന്നവരാണെങ്കിലും ആരും ദൈവാനുഗ്രഹ മുക്തരല്ല. കിട്ടിയതെല്ലാം ശുദ്ധ ഔദാര്യമാണ്, ഒന്നും അവകാശമല്ല. ഔദാര്യത്തിൽ അസമത്വം ചോദ്യം ചെയ്യൽ കടുത്ത അനീതിയാണ്. അവരെപ്പോലെയോ അവരിലും താഴെയോ ഉള്ളവർ സഹജീവികളിലും ഇതര ജീവികളിലുമുണ്ട് താനും. 

              

[സന്ദേഹം 3]

അല്ലാഹു കാരുണ്യവാനാണെങ്കിൽ, മനുഷ്യരെ ദുരിതങ്ങളിലും ദുരന്തങ്ങളിലും അകപ്പെടുന്നത് എന്തിനാണ് ? അതു ക്രൂരതയല്ലേ ? പരീക്ഷിക്കാൻ വേണ്ടിയാണെങ്കിൽ കൊച്ചുകുട്ടികളെ അപ്രകാരം ചെയ്യുന്നത് എന്തിനാണ് ?


[നിവാരണം ]     

‹മനോവേദന›, ‹ക്രൗര്യം› തുടങ്ങിയ ഗുണങ്ങൾ ദൈവസംഗതമല്ലാത്ത ന്യൂനഗുണങ്ങളാണെന്നു വ്യക്തം. സൃഷ്ടികളുടെ ദുരിതങ്ങൾ നീക്കാൻ ‹മനോവേദന› ദൈവത്തിന് പ്രേരകമായിട്ടില്ലെങ്കിൽ,  ദുരിതത്തിൽ അകപ്പെടുത്താൻ ‹ക്രൗര്യവും› പ്രേരകമായി വർത്തിച്ചിട്ടില്ല. ദുരിത മനുഭവിക്കുന്നവർക്കോ മറ്റോ പരീക്ഷണമായും, സ്ഥാനവർദ്ധന കിട്ടാൻ നിമിത്തമായും ശിക്ഷയെന്ന നിലയിലും അല്ലാതെയും അവനതു ചെയ്യാം. അവന്റെ ചെയ്തിയുടെ സാംഗത്യമറിയാൻ നാം ബാധ്യസ്ഥരല്ല.


ദുരിതങ്ങൾ സൃഷ്ടിക്കുക മാത്രമല്ല അസംഖ്യം അനുഗ്രഹങ്ങളും അല്ലാഹു ചെയ്തു കൊടുക്കുന്നുവെന്ന് / അവനാണത് ചെയ്യുന്നതെന്ന് കൂട്ടത്തിൽ മറക്കാതിരിക്കുക.


[സന്ദേഹം 4] 

അല്ലാഹുവിന് പരീക്ഷ റിസൾട്ട് ആദ്യമേ അറിയാമെങ്കിൽ അവൻ പരീക്ഷിക്കേണ്ട കാര്യമുണ്ടോ? 


[നിവാരണം ]      

എ. പരീക്ഷകന് അറിയാൻ മാത്രമല്ല പരീക്ഷാർത്ഥിയെ നേർക്കുനേർ ബോധ്യപ്പെടുത്താനും ഉപയോഗിക്കാവുത്ത മികച്ച ഒരു രീതിയാണു പരീക്ഷ. മനുഷ്യരുടെ ഗുണ ദൂഷ്യവും, അന്യായമായി അവർ ശിക്ഷിക്കപ്പെടുകയില്ലെന്നും അല്ലാഹു അവരെ പരീക്ഷയിലൂടെ  ബോധ്യപ്പെടുത്തുന്നതിൽ അനൗചിത്യമെന്താണ് ! 


ബി. പരീക്ഷ നടത്താൻ അല്ലാഹു തീരുമാനിച്ചില്ലെങ്കിൽ, പരീക്ഷ നടക്കുകയില്ല. പരീക്ഷ നടക്കാതിരുന്നാൽ റിസൾട്ട് / ജയപരാജയങ്ങൾ ഉണ്ടാവുകയുമില്ല . എങ്കിൽ, പരീക്ഷ നടത്താൻ അല്ലാഹു തീരുമാനിച്ചില്ലായിരുന്നെവെങ്കിൽ, ജയിക്കുമോ തോൽക്കുമോ എന്നല്ല, മറിച്ച്, ജയിക്കുകയും തോൽക്കുകയുമില്ല എന്നായിരുന്നു അല്ലാഹു അനാദിയിൽ അറിയുക


[സന്ദേഹം 5]                      

അല്ലാഹു ലോകം ഇങ്ങനെ [ആദ്യമൊരു പരീക്ഷണ ഗേഹം പിന്നീടൊരു സുഖവാസ ലോകം അല്ലെങ്കിൽ, ദുരിതമാത്ര ലോകം എന്ന ക്രമത്തിൽ] എന്തിന് സംവിധാനിച്ചു ? 


[നിവാരണം]                        

എ. എങ്ങനെ സംവിധാനിച്ചാലും ഉയർന്നു വരുന്ന ഒരു ചോദ്യമാണിത്. കാരണം ; എല്ലാ ക്രമവും അല്ലാഹുവിനു തുല്യമാണ്. എങ്കിൽ, ഇങ്ങനെ എന്തിനു സംവിധാനിച്ചു എന്നാൽ, അങ്ങനെ സംവിധാനിച്ചു കൂടായിരുന്നോ?  എന്നാണർത്ഥം. അങ്ങനെ സംവിധാനിച്ചാലും ഇങ്ങനെ സംവിധാനിച്ചു കൂടായിരുന്നോ? എന്ന ചോദ്യം വരും. 

എങ്കിൽ, “ഇങ്ങനെ എന്തിനു ചെയ്തു അങ്ങനെ ചെയ്യാമായിരുന്നില്ലേ, അങ്ങനെ എന്തിനു ചെയ്തു ഇങ്ങനെ ചെയ്യാമായിരുന്നില്ലേ” എന്ന  വൈരുദ്ധ്യാത്മക ചോദ്യമത്രെ അത്.


ബി. അല്ലാഹുവിന്റെ ചെയ്തികളിൽ ഔചിത്യം നിലീനമായിരിക്കുമെന്ന് ഗ്രഹിക്കാൻ ബുദ്ധിമാനായ മനുഷ്യനു അനായാസം സാധിക്കും. കാരണം : തന്റെ മുന്നിൽ രണ്ടു സാധ്യതകൾ മാത്രമാണ് ഉയർന്നു വരുന്നത്.


1. തന്നിൽ, യുക്തിബോധം സൃഷ്ടിക്കുകയും അനുനിമിഷം അതു നിലനിറുത്തിപ്പോരുകയും ചെയ്യുന്ന അപരിമേയനായ ദൈവത്തിനു തന്റെയത്ര പോലും വിവരമില്ലാതിരിക്കുക.


2. ജ്ഞാനപരിമിതനായ മനുഷ്യന്റെ ഭാഗിക പ്രപഞ്ചവീക്ഷണത്തിൽ, ദൈവിക ചെയ്തികളിലെ ഔചിത്യം ദൃശ്യമാവാതെ വരിക. ഒന്നാം സാധ്യതയെ ബുദ്ധി നിരാകരിക്കുന്നുവെന്നു വ്യക്തം, കോടാനു കോടി ദൈവിക ചെയ്തികളിൽ ഔചിത്യം മനുഷ്യർക്കു തന്നെ ബോധ്യമായതുമാണ്.  

       

അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Tuesday, 13 July 2021

വിധിവിശ്വാസവും സന്ദേഹങ്ങൾക്കു ദാർശനിക നിവാരണവും

വിധിവിശ്വാസവും സന്ദേഹങ്ങൾക്കു ദാർശനിക നിവാരണവും

                  

അല്ലാഹുവിൽ വിശ്വസിക്കുന്നതിന്റെ ഭാഗം തന്നെയാണെങ്കിലും, പ്രവാചക വചനങ്ങളിൽ ഒരു സ്വതന്ത്ര മൗലിക ഘടകം കണക്കെ ഗണിക്കപ്പെട്ട കാര്യമാണു വിധി വിശ്വാസം. ഉമർ (റ) ൽ നിന്നു നിവേദനം : പ്രവാചകർ സല്ലല്ലാഹു അലൈഹി വസല്ലം പ്രസ്താവിച്ചു : “ഈമാൻ: അല്ലാഹുവിലും, മലകുകളിലും, വേദങ്ങളിലും, പ്രവാചകൻമാരിലും, അന്ത്യദിനത്തിലും, അല്ലാഹുവിന്റെ നിർണയത്തിലും –അതിലെ നന്മ തിന്മകളിൽ– വിശ്വസിക്കലാണ് ”


സർവ കാര്യങ്ങളും, ഉൺമയിലേക്കു കടന്നു വരൽ അല്ലാഹുവിന്റെ അനാദ്യ നിർണയമനുസരിച്ചു മാത്രമാണ്. അവയുടെ സമയം, സ്ഥലം, ദിശ, പരിമാണം, സ്വാതന്ത്ര്യം, പാരതന്ത്ര്യം, ഇതര ഗുണങ്ങൾ, എന്നിവയിൽ ഒന്നും തന്നെ ഇതിനു അപവാദമല്ല എന്നു വിശ്വസിക്കുന്നതിനാണ് വിധി വിശ്വാസമെന്നു പറയുക. 


വിധിവിശ്വാസ വിഷയകമായി അനേകം അതിവാദങ്ങളും അബദ്ധ ധാരണകളും പൗരാണിക കാലം മുതൽ നിലനിന്നു പോന്നിട്ടുണ്ട്. ഇസ്‌ലാമിക സമുദായത്തിൽ ഈ വിഷയകമായ അതിവാദങ്ങളവതരിപ്പിച്ച രണ്ടു ചേരികളാണു ഖദറികളും ജബ്റികളും.ഒന്നാം ചേരി ഹിജ്റ 72 ൽ നിര്യാതനായ മഅ്ബദു ബ്നു ഖാലിദിനിൽ ജുഹനിയുടെ നേതൃത്വത്തിലും രണ്ടാം ചേരി ഹജ്റ 128 ൽ നിര്യാതനായ ജഹമു ബ്നു സഫ്വാന്റെ നേതൃത്വത്തിലുമാണ് രംഗത്തു വരുന്നത്.


കാര്യങ്ങൾ അനാദിയിൽ നിർണയിക്കപ്പെടുകയല്ല പ്രത്യുത, സംഭവിക്കുമ്പോൾ മാത്രമാണു അതു സംബന്ധമായ കൃത്യമായ അറിവ് അല്ലാഹുവിന് ലഭിക്കുന്നത്, എന്നാണു ഖദറികൾ വാദിച്ചത്.


ജബ്റികൾ വാദിച്ചത് : മനുഷ്യരുടെ കർമങ്ങളുൾപ്പെടെ സർവ കാര്യങ്ങളും മുൻ നിർണയം അനുസരിച്ച് മാത്രം സംഭവിക്കുന്നത് കൊണ്ട്, കാറ്റത്തിട്ട പർണം കണക്കെ സഞ്ചരിക്കുകയാണവർ/അവർക്ക് യാതൊരു തരത്തിലുള്ള കർമനിർവഹണ സ്വാതന്ത്ര്യവുമില്ല എന്നാണ്. 


ഒന്ന് മനുഷ്യർക്കു കർമ നിർവഹണ സ്വാതന്ത്ര്യം സ്ഥീരികരിക്കുവാൻ അവതീർണമായ അതിവാദവും രണ്ടാമത്തേത് അതിന്റെ പ്രതി പ്രവർത്തനമെന്നോണം വിധിവിശ്വാസ സ്ഥിരീകരണാർത്ഥം എഴുന്നള്ളിക്കപ്പെട്ട വികലവാദവുമായിരുന്നു.

 

ഇത്തരം സംഘടിത ചേരിതിരിവ് ഉണ്ടാകും മുമ്പ് തന്നെ ഏതാനും ഒറ്റപ്പെട്ട അപശബ്ദങ്ങൾ ഉണ്ടായപ്പോൾ അവയെ പ്രവാചക ശിഷ്യരായ ഹസ്രറത് അലീ റ, ഇബ്നു അബ്ബാസ് റ, ഇബ്നു മസ്ഊദ് റ,എന്നിവർ സംവാദാത്മകമായി നേരിട്ടത് ചരിത്രത്തിലുണ്ട്.


ഖദറികളുടെ പിൽക്കാല പതിപ്പായിരുന്നു മുഅ്തസിലികൾ. കർമങ്ങളുടെ സൃഷ്ടി കർതൃത്വം കൂടി മനുഷ്യനു ലഭിക്കാതെ അവനോട് കർമ നിർവഹണം കൽപിക്കുന്നതിന് സാംഗത്യമില്ല എന്നായിരുന്നു അവരുടെ ധാരണ. അല്ലാഹുവിന്റെ തീരുമാനം മറികടന്നാണ് മനുഷ്യർ ദുഷ്കർമങ്ങൾ ചെയ്യുക എന്നു പോലും അവരിൽ ചിലർ ജൽപിച്ചു.


ഇസ്‌ലാമിക ചിന്താലോകത്ത് ഇത്തരം വ്യതിയാന ചിന്തകൾ പടർന്നു പിടിക്കുകയും രംഗം വളരെ കൂടുതൽ വഷളാവുകയും ചെയ്തപ്പോഴാണ്, പ്രവാചക ശിഷ്യരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മധ്യമ സരണി / ഋജു പാത കാണിച്ചു തരാൻ രണ്ട് നിസ്തുല മാർഗ ദർശകർ രംഗത്തു വരുന്നത്

ഒന്ന്: ഇമാം അബുൽ ഹസനി ൽ അശ്അരീ 

(റ - ഹിജ്റ 260 - 330)

രണ്: ഇമാം അബൂ മൻസൂറിനി ൽ മാതുറീദീ 

(റ - ഹിജ്റ 268)


നിരന്തര ധൈഷണിക പോരാട്ടത്തിലൂടെ പ്രതിയോഗികളുടെ കോട്ടയവർ തകർത്തു. സന്ദേഹങ്ങൾക്കു നിവാരണം നൽകി. ധാരണകൾ തിരുത്തി. വിശ്വാസ കാര്യങ്ങൾ പ്രമാണബന്ധിതമായി രേഖപ്പെടുത്തി.


പിന്നീട് അവരുടെ പിൻമുറക്കാരായ ശിഷ്യൻമാരും അവരുടെ പിൻമുറക്കാരും സമാനമായ മഹത്പ്രവർത്തനങ്ങൾ സമർപണം ചെയ്തു. അവർ വരച്ചു തന്ന നേർരേഖ സന്ദേഹ-നിവാരണ രൂപത്തിൽ വിവരിക്കാം .


[സന്ദേഹം1]

എല്ലാം അല്ലാഹുവിന്റെ വിധിയാണെങ്കിൽ ഇസ്‌ലാം കുറ്റകൃത്യമെന്നോ സുകൃതമെന്നോ വിശേഷിപ്പിക്കുന്ന കാര്യങ്ങളും അവൻ നിർണയിച്ചതാണെന്നും, അതു ചെയ്യാതിരിക്കാൻ മനുഷ്യനു സ്വാതന്ത്ര്യമില്ലെന്നും വരുമല്ലോ. അപ്പോൾ, കൽപനകളും രക്ഷാ ശിക്ഷകളും യുക്തി ശൂന്യമാകുന്നില്ലേ ?  


[നിവാരണം ] 

ഏതു കർമം ആരു നിർവഹിക്കുമ്പോഴും അതിനെ ഉൺമയിലേക്കു നയിക്കുന്നവൻ അല്ലാഹുവാണ്. മനുഷ്യർ സ്വതന്ത്രമായി കർമം നിർവഹിക്കുമ്പോൾ അതിന് ഉൺമ നൽകണമെന്ന് അനാദിയിൽ അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്.


കർമം സൃഷ്ടിക്കണമെന്നു മാത്രമല്ല അതിനു നിദാനമായ കർമനിർവഹണ സ്വാതന്ത്ര്യം അവനു നൽകണമെന്നും അല്ലാഹു ആദ്യമേ നിശ്ചയിച്ചിട്ടുണ്ട്.


മുകളിൽ നിന്ന്, താഴോട്ട് വീണു പോകുന്നതും സ്വമേധയാ ഇറങ്ങിപ്പോകുന്നതും തമ്മിൽ ആർക്കും അനുഭവവേദ്യമാകുന്ന അന്തരം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു, പ്രമാണങ്ങൾ അതു ശാക്തീകരിക്കുന്നു. 


[സന്ദേഹം 2]

മനുഷ്യർ കർമം നിർവഹിക്കുകയും അല്ലാഹു അതിന് ഉൺമ നൽകുകയും ചെയ്യുകയോ! എങ്കിൽ പിന്നെ, പ്രശംസക്കും നിന്ദക്കും രക്ഷാ ശിക്ഷകൾക്കും എങ്ങനെ അവർ അർഹരാകും ? 


[നിവാരണം ] 

ഉദാഹരണത്തിലൂടെ അതു വ്യക്തമാക്കാം : 

എ. ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് ഒരു അനുസരണ പരീക്ഷ നടത്താൻ തീരുമാനിക്കുകയും അവരെ ഒരു ഹാളിലേക്ക് നയിക്കുകയും ചെയ്തു. ഹാളിൽ രണ്ടറ്റത്തായി രണ്ടു ബൾബുകൾ തൂക്കിയിട്ടിട്ടുണ്ട്. ചുമരിൽ പരസ്പരം അകന്ന നിലയിൽ രണ്ടു ബട്ടണുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.


അവയിലേക്കു വിരൽ ചൂണ്ടി അധ്യാപകൻ പറഞ്ഞു : “ഈ ബട്ടൺ അമർത്തിയാൽ പച്ച ലൈറ്റ് പ്രകാശിക്കും ആ ബട്ടൺ അമർത്തിയാൽ ചുവപ്പ് ലൈറ്റും. ചുവപ്പ് ലൈറ്റ് കത്താൻ നിമിത്തമാകുന്ന ബട്ടൺ ഒരു കാരണവശാലും ആരും അമർത്തിപ്പോകരുത്. അമർത്തിയാൽ കടുത്ത ശിക്ഷ കിട്ടും. മറ്റേതമർത്തിയാൽ സമ്മാനവും തരും” ഇതു പറഞ്ഞ് അധ്യാപകൻ ഹാളിൽ നിന്ന് നിഷ്ക്രമിച്ചു. 


സത്യത്തിൽ ബട്ടണുകൾ ബൾബുകളുമായി ബന്ധിതമായിരുന്നില്ല. പ്രത്യുത, അവരുടെ പ്രവർത്തനം ക്യാമറയിലൂടെ നിരീക്ഷിച്ച് സാക്ഷാൽ ബട്ടൺ അമർത്തപ്പെടുകയും തന്മൂലം ബൾബുകൾ പ്രകാശിക്കുകയും ചെയ്യുക എന്ന സിസ്റ്റമായിരുന്നു ഇവിടെ സ്വീകരിക്കപ്പെട്ടത്. 


ഈ രഹസ്യം വിദ്യാർത്ഥികൾ അറിഞ്ഞാലും ഇല്ലെങ്കിലും ചുവപ്പ് ലൈറ്റ് കത്തിയാൽ അവർ ശിക്ഷാർഹരും, പച്ച ലൈറ്റ് കത്തിയാൽ സമ്മാനാർഹരുമാകും. കാരണം ചുമരിലെ ബട്ടണുകൾ അമർത്തിയാൽ മാത്രമാണ് ബൾബുകൾ പ്രകാശിക്കുകയെന്ന് അവർക്കെല്ലാം അറിയാം. 


ബി. ദൂരെ നിന്ന് അവനാ കാഴ്ച്ച കാണുകയാണ്. അതികായനായ ഒരാൾ പടുകൂറ്റൻ പാറക്കല്ല് ഉരുട്ടിമറിച്ച് ക്കൊണ്ട് പോവുന്നു. ദുർബലഗാത്രനായ മറ്റൊരാളും തള്ളാൻ സഹകരിക്കുന്നതു കാണാം. 


രണ്ടാമൻ സഹകരിച്ചില്ലെങ്കിലും ഒന്നാമനു അനായാസം പാറ തള്ളി മറിക്കാനാവുമെന്ന് അടുത്തെത്തിയപ്പോൾ മനസ്സിലായി. അത്രയ്ക്കു പ്രബലനാണവൻ. രണ്ടാമൻ ഒറ്റക്കു ശ്രമിച്ചാൽ പാറ ഒന്നനങ്ങുക പോലുമില്ല താനും.അത്രയും ദുർബലനാണവൻ. 


എന്നാൽ, “പാറ ഏതു ദിശയിലേക്ക് തള്ളി കൊണ്ടു പോകാൻ വേണ്ടി അതിൽ നീ ബലം പ്രയോഗിക്കുമോ ആ ദിശയിലേക്ക് ഞാനത് തള്ളി നീക്കിത്തരും, ബലപ്രയോഗം നീ നിറുത്തിയാൽ ഞാനും നിറുത്തും” എന്നാണത്രെ ഒന്നാമൻ ദുർബലനായ രണ്ടാമനോട് പറഞ്ഞിരിക്കുന്നത്. 


ഇവിടെ ദുർബലനായ മനുഷ്യൻ ബലം പ്രയോഗിക്കുന്നുവെങ്കിലും പ്രസ്തുത ബലം പാറ നീക്കാൻ മാത്രം പര്യാപ്തമായ ബലമല്ല. എങ്കിലും അതിനാൽ സംഭവിക്കുന്ന നാശ നഷ്ടങ്ങൾക്ക് രണ്ടു കാരണങ്ങളാൽ അവൻ ഉത്തരവാദിയാണെന്നു കാണാം.


1. പാറ നീക്കാൻ പര്യാപ്തമായ ഒന്നാമന്റെ ബല പ്രയോഗത്തിനു തന്റെ ബല പ്രയോഗം ഹേതുവായി ഭവിക്കുന്നു.                    

2. താൻ ബലം പ്രയോഗിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെയാണ്. 


സർവ്വ മനുഷ്യരും, ദൃശ്യ- അദൃശ്യ മനുഷ്യേതര ജീവികളും തങ്ങളുടെ കർമങ്ങളെ ഉൺമയിലേക്കു കൊണ്ടു വരാൻ വേണ്ടി ബലം പ്രയോഗിക്കുന്നു. എന്നാൽ, ആ ബല പ്രയോഗമാകുന്ന കർമനിർവഹണം ഉപര്യുക്ത ഉദാഹരണത്തിലേതു പോലെ അപര്യാപ്തവും പരിമിതവുമാണെന്നും അതിനെ തുടർന്ന് കർമത്തെ ഉൺമയിലേക്ക് നയിക്കുന്ന സമ്പൂർണ കർമനിർവഹണം അല്ലാഹുവിൽ നിക്ഷിപ്തമാണെന്നും പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.


“അല്ലാഹു, നിങ്ങളെയും നിങ്ങളുടെ കർമങ്ങളേയും സൃഷ്ടിച്ചു” (വി.ഖുർആൻ 37/96) 

“അല്ലാഹു സമസ്ത സൃഷ്ടികളുടേയും സ്രഷ്ടാവാണ്..” (വി.ഖുർആൻ 39/62)


[സന്ദേഹം 3]

കർമനിർവഹണവും അതിനു നിദാനമായ കർമനിർവഹണ സ്വാതന്ത്ര്യവും കർമനിർണയവും കർമനിർണയ സ്വാതന്ത്ര്യവുമെല്ലാം ആത്യന്തികമായി നിർണയിക്കുന്നത് അല്ലാഹുവായിരിക്കെ,  

മനുഷ്യന് എന്തു സ്വാതന്ത്ര്യമ‌ാണുള്ളത്? 


[നിവാരണം ] 

കർമനിർവഹണ സ്വാതന്ത്ര്യവും കർമനിർണയ സ്വാതന്ത്ര്യവും തത്വത്തിൽ ഒന്നാണ്. കാരണം എന്തു വേണമെന്ന് നിർണയിക്കാൻ സ്വാതന്ത്ര്യമില്ലെങ്കിൽ അതു നിർവഹിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കില്ലല്ലോ.


കർമനിർവഹണ സ്വാതന്ത്ര്യമാവട്ടേ, നമുക്ക് നേരിട്ട് അനുഭവവേദ്യകുന്ന യാഥാർത്ഥ്യമാണ്. “ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖുർആൻ 2/286 ) എന്ന പ്രസ്താവന അതിനു ശാക്തീകരണവുമാണ്.


പ്രസ്തുത സ്വാതന്ത്ര്യം അല്ലാഹു നിർണയിക്കുകയും നൽകുകയും ചെയ്തത് കൊണ്ട് അത് ഇല്ലാതാവുകയല്ല ഉണ്ടാവുകയാണു ചെയ്യുക. മറ്റൊരു വാക്യത്തിൽ, അല്ലാഹു സ്വാതന്ത്ര്യം നിർണയിക്കുകയും സൃഷ്ടിക്കുകയും ചെയ്തുവെങ്കിൽ, സ്വാതന്ത്ര്യമാണ് നിലവിൽ വരുക പാരതന്ത്ര്യമല്ല.


കർമനിർവഹണം കർമനിർണയത്തെ ആശ്രയിക്കുന്നവെങ്കിലും കർമനിർണയം മനുഷ്യനാണു നിർവഹിക്കുന്നത്. അവന്റെ നിർണയവും നിർണിത കർമവും നിർണയിക്കും മുമ്പ് അല്ലാഹുവിനറിയാം.


സ്വതന്ത്രമായി കർമനിർണയ നിർവഹിക്കാൻ അനുമതി (നിർണയ സ്വാതന്ത്ര്യം) നൽകണമെന്നും അവൻ നിർണയിച്ച കാര്യം നടപ്പിൽ വരുത്തിക്കൊടുക്കണമെന്നുമാണ് അല്ലാഹു തീരുമാനിച്ചത്. അപ്പോൾ മാത്രമാണല്ലോ മനുഷ്യന് കർമനിർവഹണ സ്വാതന്ത്ര്യമുണ്ടെന്ന് പറയാൻ പറ്റുക. 


ഇതിനു വിപരീതമായി, മനുഷ്യരുടെ നിർണയ സ്വാതന്ത്ര്യത്തിൽ ഇടപെട്ട് കർമ നിർണയം അവനെക്കൊണ്ട് ചെയ്യിക്കണമെന്നാണ് അല്ലാഹു നിശ്ചയിച്ചതെന്നു വന്നാൽ, കർമനിർണയ സ്വാതന്ത്ര്യവും അതിനെ ആശ്രയിച്ചു നില കൊള്ളുന്ന കർമനിർവഹണ സ്വാതന്ത്ര്യവും അവർക്ക് നൽകപ്പെടുന്നില്ലെന്നു വരും. നമ്മുടെ അനുഭവജ്ഞാനവുമായും നടേ, നാം അവതരിപ്പിച്ച പ്രമാണവുമായും അത് യോജിക്കുകയില്ല. 


[സന്ദേഹം 4]

അങ്ങനെയെങ്കിൽ, “അല്ലാഹു നിശ്ചയിച്ചതിനാലല്ലാതെ നിങ്ങൾ നിശ്ചയിക്കുന്നില്ല / കർമ നിർണയം നടത്തുന്നില്ല” (വി. ഖുർആൻ 30/81) എന്നു പറഞ്ഞത് ശരിയാകുമോ ? 


[നിവാരണം ] 

മേൽ പ്രസ്താവന ഗ്രഹിക്കുന്നതിൽ പലർക്കും ഭീമാബദ്ധം സംഭവിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ, നാമിതു വരെ പറഞ്ഞതുമായി നൂറു ശതമാനം യോജിക്കുന്നതും അതിനെ ശാക്തീകരിക്കുന്നതുമായ ഒരു പ്രസ്താവനയാണ് അത്.  


കാരണം, സ്വതന്ത്ര കർമനിർണയമെന്ന അർത്ഥം വരുന്ന ‹മഷീഅ› യിൽ നിന്നും നിഷ്പാദനം ചെയ്ത രണ്ടു ക്രിയകളാണ് പ്രസ്തുത സൂക്തത്തിൽ പ്രയോഗിച്ചിരിക്കുന്നത്. എങ്കിൽ, ആ സൂക്തത്തിന്റെ അർത്ഥം ഇതാണ് : “നിങ്ങൾ സ്വതന്ത്രമായി കർമ നിർണയം നിർവഹിക്കണമെന്ന് അല്ലാഹു നിർണയിച്ചതിനാൽ മാത്രമാണ് നിങ്ങൾ സ്വതന്ത്രമായി കർമ നിർണയം നിർവഹിക്കുന്നത് ” ഇത് എങ്ങനെ കർമ നിർണയ സ്വാതന്ത്ര്യത്തിന്റെ നിഷേധമാകും !


കർമ നിർണയം അവനെക്കൊണ്ട് ബലമായി ചെയ്യിക്കണമെന്ന് അല്ലാഹു തീരുമാനിക്കുന്നുവെന്ന് ആ പ്രസ്താവനയിൽ ഇല്ലേയില്ല. 


ഇവിടെ മുഅ്തസിലീ വിഭാഗം മൂന്ന് സുപ്രധാന ബിന്ദുക്കളിൽ നാമുമായി വിയോജിക്കുന്നതു കാണാം. 

1. മനുഷ്യർക്ക് നൽകപ്പെടുന്ന ബലം കർമത്തെ ഉൺമയിലേക്കു നയിക്കാൻ പര്യാപ്തമാണെന്ന് അവരും അല്ലെന്ന് നാമും വിശ്വസിക്കുന്നു. 


2. പ്രസ്തുത ബലം അവനിൽ നിന്നു നീക്കാൻ അല്ലാഹുവിനു കഴിയുമെങ്കിലും അത് മനുഷ്യന് പൂർണമായും വിട്ടു കൊടുത്തിരിക്കുകയാണെന്ന് അവർ വിശ്വസിക്കുന്നു. നാം വിശ്വസിക്കുന്നത് അത് അനുനിമിഷം നൽകപ്പെട്ടു കൊണ്ടിരിക്കുന്നു വെന്നോ നിലനിറുത്തപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നോ ആണ്.


3. മനുഷ്യരുടെ ദുഷ്കർമങ്ങൾ അല്ലാഹുവിന്റെ നിശ്ചയത്തിന് വിരുദ്ധമായി സംഭവിക്കുകയാണെന്ന് അവർ കരുതുന്നു. നാം വിശ്വസിക്കുന്നത് കർമങ്ങൾ അല്ലാഹുവിന്റെ അനാദ്യ നിർണയമനുസരിച്ചല്ലാതെ ഉണ്മയിലേക്കു വരില്ല എന്നാണ്.


മാത്രമല്ല, നമ്മുടെ വീക്ഷണത്തിൽ, മനുഷ്യരുടെ ഓരോ കർമനിർവഹണവും കർമനിർണയവും അല്ലാഹു ആദ്യമേ നിർണയിച്ചവയിൽ ഉൾപെടുന്നു. കാരണം, മനുഷ്യർ എന്തെല്ലാം നിർണയിക്കുമെന്നും നിർവഹിക്കുമെന്നും കൃത്യമായി അറിഞ്ഞിരിക്കെ തന്നെ അതിനെല്ലാം അവർക്ക് സ്വാതന്ത്ര്യം നൽകണമെന്ന് അല്ലാഹു, നിശ്ചയിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം നൽകപ്പട്ടില്ലെങ്കിൽ ഒന്നും അവർ സ്വതന്ത്രമായി നിർവഹിക്കുകയും നിർണയിക്കുകയുമില്ലല്ലോ


[സന്ദേഹം 5]

മനുഷ്യന്റെ കർമനിർവഹണവും കർമനിർണയവും (തീരുമാനം) അല്ലാഹുവാണു സൃഷ്ടിക്കുന്നതെങ്കിൽ, മനുഷ്യന് സ്വാതന്ത്ര്യമില്ലെന്ന് വരുകയും, മനുഷ്യനാണ് സൃഷ്ടിക്കുന്നതെങ്കിൽ, സർവ സൃഷ്ടികളുടേയും സ്രഷ്ടാവ് അല്ലാഹുവാണെന്ന വസ്തുതയോട് അത് വിയോജിക്കുകയും ചെയ്യുകയില്ലേ ?


[നിവാരണം ] 

കർമനിർവഹണവും കർമനിർണയവും കർമനിർവഹണ സ്വാതന്ത്ര്യത്തിന്റെയും കർമനിർണയ സ്വാതന്ത്ര്യത്തിന്റെയും പ്രയോഗവൽക്കരണം മാത്രമാണ്. കർമ്മത്തിൻറെ ഉൺമയ്ക്കപ്പുറം അവയ്ക്ക് അസ്ഥിത്വമേ ഇല്ല.


‹സൃഷ്ടിക്കൽ› പോലെയാണിത്. ‹സൃഷ്ടിക്കൽ› അസ്തിത്വമുള്ള ഒരു കാര്യമല്ലല്ലോ. ആയിരുന്നുവെങ്കിൽ, അത് അനന്തതയിലേക്കു പശ്ചാത്ഗമിക്കേണ്ടി വരുമായിരുന്നു.


[സന്ദേഹം 6]

“താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നു വെങ്കിൽ ഭൂലോകത്തുള്ളവരാസകലം വിശ്വാസികളാകുമായിരുന്നു...” “താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നുവെങ്കിൽ മനുഷ്യരെയെല്ലാം അവൻ ഏക സമുദായമാക്കുമായിരുന്നു...”

എന്നെല്ലാം ഖുർആനിൽ കാണാം. ഇതിനർത്ഥം, അല്ലാഹു ചിലരെ വിശ്വാസികളും മറ്റു ചിലരെ അവിശ്വാസികളുമാക്കാൻ തീരുമാനിച്ചുവെന്നാണല്ലോ. അപ്പോൾ, അവിശ്വാസം അവർക്കു മേൽ അടിച്ചേൽപിക്കപ്പെടുന്നു എന്നു വരുന്നില്ലേ ? 


[നിവാരണം ] 

ഇത്തരം വചനങ്ങളിൽ നിന്ന് വിശ്വാസമോ വിശ്വാസരാഹിത്യമോ അടിച്ചേൽപിക്കപ്പെട്ടു വെന്നു ഗ്രഹിക്കാൻ വകുപ്പില്ല. വിശ്വാസവും അവിശ്വാസവും നിലവിൽ വരുന്നതുമായി ബന്ധപ്പെട്ട് ഏഴു സാധ്യതകൾ നമുക്ക് പറയനാവും.

1. എല്ലാവരിലും വിശ്വാസം അടിച്ചേൽപിക്കുക 

2. എല്ലാവരിലും അവിശ്വാസം അടിച്ചേൽപിക്കുക

3. ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുക

4. എല്ലാവർക്കും വിശ്വസിക്കാനും അവിശ്വസിക്കാനും സ്വാതന്ത്ര്യം നൽകുക

5. ചിലരിൽ വിശ്വാസം അടിച്ചേൽപിക്കുയും മറ്റു ചിലർക്കു സ്വാതന്ത്ര്യം നൽകുകയും ചെയ്യുക

6. ചിലരിൽ അവിശ്വാസം അടിച്ചേൽപ്പിക്കുകയും മറ്റു ചിലർക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക.

7. ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുകയും മൂന്നാമതൊരു വിഭാഗത്തിന് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക. 


സപ്ത സാധ്യതകളിൽ ഒന്നാം സാധ്യത മനുഷ്യരിൽ അല്ലാഹു നടപ്പിലാക്കിയില്ല എന്നു പറഞ്ഞത് കൊണ്ട് രണ്ടാം/മൂന്നാം ക്രമം അവൻ സ്വീകരിച്ചുവെന്ന് വരില്ലല്ലോ. നാലാമതു പറഞ്ഞ ക്രമമാണ് മനുഷ്യരിൽ അല്ലാഹു അനുവർത്തിച്ചിട്ടുള്ളത് എന്നതാണു വസ്തുത.

 

“ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖുർആൻ 2/286 )

“...വിശ്വസിക്കണമെന്ന് ആരെങ്കിലും തീരുമാനിക്കുന്നുവെങ്കിൽ അവൻ വിശ്വസിക്കുക, അവിശ്വസിക്കണമെന്ന് ആരെങ്കിലും തീരുമാനിക്കുന്നുവെങ്കിൽ അവൻ അവിശ്വസിക്കുക....” (വി.ഖുർആൻ 18/29) 

എന്നീ ആശയം വരുന്ന ഖുർആനിക വചനങ്ങൾ അക്കാര്യം ഉണർത്തുന്നു.


[സന്ദേഹം 7]

ചിലപ്പോൾഅല്ലാഹു വഴിതെറ്റിക്കാൻ തീരുമാനിച്ചവരെ അവൻ വഴിതെറ്റിക്കും, നേർവഴിയിലാക്കാൻ തീരുമാനിച്ചവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യും എന്ന ആശയം വരുന്ന നിരവധി സൂക്തങ്ങൾ ഖുർആനിൽ കാണാം. ഇതെങ്ങനെ കർമ നിർവഹണ സ്വാതന്ത്ര്യവുമായി പൊരുത്തപ്പെടും ?


[നിവാരണം ] 

വഴിതെറ്റുകയെന്നാൽ സത്യത്തെക്കുറിച്ച് അറിവ് കിട്ടാത്തതിനാൽ സത്യവിശ്വാസത്തിൽ എത്തിപ്പെടാതിരിക്കലും 

വഴിതെറ്റിക്കുകയെന്നാൽ പ്രസ്തുത അറിവ് നൽകാതിരിക്കലുമാണ്.


അല്ലാഹു അല്ലാതെ ആരാധ്യനില്ല. മുഹമ്മദ് നബീ (ﷺ) അല്ലാഹുവിന്റെ തിരുദൂതരാണ് എന്ന് അംഗീകരിച്ചവർക്ക് ശാശ്വത സ്വർഗവും അംഗീകരിക്കാത്തവർക്കു ശാശ്വത നരകവുമുണ്ടെന്നു കേട്ടയാൾക്ക് അത് സത്യമാണോ എന്ന് സവിനയം അന്വേഷിക്കാനും അവഗണിക്കാനും കർമ സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടുണ്ട്.


അവഗണിക്കാതെ അന്വേഷണത്തിനു ശ്രമിക്കുന്നവർക്ക് അതു സംബന്ധമായ അറിവ് അല്ലാഹു നൽകാതിരിക്കില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങളിൽ കാണാം. 

സത്യത്തെക്കുറിച്ച് അറിവ് കിട്ടിയിട്ടും സത്യം അംഗീകരിക്കാതിരിക്കൽ കർമ നിർവഹണ സ്വാതന്ത്ര്യത്തിന്റെ തെറ്റായ പ്രയോഗവൽക്കരണമാണെന്നു പറയേണ്ടതുമില്ല.


സത്യം ബോധ്യമായിട്ടും ബോധപൂർവ്വം വൈമനസ്യം കാണിച്ചതു കാരണത്താൽ പിന്നീട് അത് അംഗീകരിക്കുന്നതിന് മാനസികമായ വിഘ്നം അല്ലാഹു സൃഷ്ടിക്കാറുമുണ്ട്. 

“അവർ അവിശ്വസിച്ചതു കാരണം അവരുടെ ഹൃദയത്തിനുമേൽ അല്ലാഹു സീൽ ചെയ്തു„ (വി. ഖുർആൻ 4/155)


[സന്ദേഹം 8] 

ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്ന ഹദീസിൽ ഓരോ ആളുകളും ഗർഭസ്ഥ ശിശുക്കളായിരിക്കെ അവന്റെ ഭക്ഷണം, അവധി, കർമം, ജയം - പരാജയം എന്നിവ രേഖപ്പെടുത്താൻ മലകിനോട് കൽപിക്കപ്പെടുമെന്ന് കാണാം

മനുഷ്യന് തന്റെ ഭാഗധേയം നിർണയിക്കുന്നതിൽ യാതൊരു റോളുമില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാകുന്നത് ? 


[നിവാരണം ]

സംഭവിപ്പിക്കുകയെന്ന ധർമമല്ല അറിവ് നിർവഹിക്കുന്നത്. മറിച്ച് സംഭവിക്കുന്ന കാര്യത്തെ സംഭവിക്കും വിധം അനാവരണം ചെയ്യുകയെന്നതാണ് അറിവിന്റെ ധർമം.


എങ്കിൽ, മനുഷ്യൻ സ്വതന്ത്ര്യത്തോടെ, കർമം നിർവഹിക്കുമെന്നും അതു മൂലം ജയ പരാജയങ്ങൾക്ക് അർഹനാവുമെന്നും അല്ലാഹു അറിയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ, ആ കർമ നിർവഹണം സ്വാതന്ത്ര്യത്തോടു കൂടിയാവാതിരിക്കില്ല.


അറിഞ്ഞതിനാലോ രേഖപ്പെടുത്തിയതിനാലോ അപ്രകാരമാവുകയല്ല.മറിച്ച്, അപ്രകാരമാണുണ്ടാവുകയെന്ന് അറിയുകയും രേഖപ്പെടുത്തുകയുമാണ്.


[സന്ദേഹം 9]

ഉപര്യുക്ത നബി വചനത്തിന്റെ തുടർച്ചയിൽ “നിങ്ങളിൽ ചിലർ സ്വർഗക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, സ്വർഗത്തിനു അവനുമിടയിൽ ഒരു മുഴം മാത്രം അകലമുണ്ട് അപ്പോൾ ലിഖിതം (വിധി) അതു മറികടക്കുകയും അവൻ, നരകക്കാരുടെ കർമ ചെയ്ത് നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവനും നരകത്തിനുമിടയിൽ ഒരു മുഴം മാത്രമുണ്ട്. അപ്പോൾ ലിഖിതം അതു മറികടക്കുകയും അവൻ, സ്വർഗക്കാരുടെ കർമം ചെയ്ത് സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും” എന്നു കൂടി കാണാം.


നരകമാണ് വിധിച്ചതെങ്കിൽ സൽകർമം കൊണ്ടു നേട്ടമില്ല, സ്വർഗമാണു വിധിച്ചതെങ്കിൽ ദുഷ്കർമം കൊണ്ട് കോട്ടവുമില്ല വിധിക്കു മുന്നിൽ നമുക്കൊന്നിനും കഴിയില്ല. എന്നെല്ലാം ഈ വചനം തെര്യപ്പെടുത്തുന്നില്ലേ ? 


[നിവാരണം ]

അതായിരുന്നു ഉദ്ദേശ്യമെങ്കിൽ, ഒരാളുടേയും സൽ കർമങ്ങൾ അല്ലാഹു വൃഥാവിലാക്കുകയില്ല എന്നു വിളമ്പരം ചെയ്യുന്ന നിരവധി ഖുർആനിക സൂക്തങ്ങളുമായി ഈ വചനം കലഹിക്കുമായിരുന്നു. 


ഇമാം മുസ്‌ലിമിന്റെ ഒരു നിവേദനത്തിൽ “ഒരാൾ, ജനദൃഷ്ട്യാ സ്വർഗക്കാരുടെ പ്രവർത്തനം നിർവഹിച്ചു കൊണ്ടിരിക്കും, അവൻ നരകക്കാരനായിരിക്കെ. വേറൊരാൾ ജനദൃഷ്ട്യാ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവൻ സ്വർഗക്കാരനായിരിക്കെ” എന്നു വന്നിട്ടുണ്ട്.


എങ്കിൽ, സ്വർഗസ്ഥനാവുമെന്ന് മാലോകർക്കു തോന്നുന്ന രൂപത്തിൽ സ്വർഗക്കാരുടെ കർമങ്ങൾ ചെയ്ത ചിലർ, അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കുകയും അതിനെ നിഷ്ഫലമാക്കുന്ന മാനസിക വ്യാപാരങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യാത്തതു കൊണ്ട് നരകസ്ഥരായി മാറുന്നു “അല്ലാഹു പരിശുദ്ധനാണ്, പരിശുദ്ധ കർമങ്ങൾ മാത്രമേ അവൻ സ്വീകരിക്കൂ”


മാലോകരുടെ ദൃഷ്ടിയിൽ, നരകസ്ഥരായ ചിലർ, പശ്ചാതാപം, വിനയം, തുടങ്ങിയ മാനസിക സുകൃതങ്ങളും മറ്റു ചില രഹസ്യ സുകൃതങ്ങളും ഉള്ളവരായത് കൊണ്ട് സ്വർഗസ്ഥരായും മാറുന്നു. ബാഹ്യമുഖം മാത്രം നോക്കി വിധി പറയാൻ നമുക്കാവില്ല എന്ന ആശയമാണ് പ്രസ്തുത വചനം പ്രകാശനം ചെയ്യുന്നത്


മനുഷ്യരുടെ മനോവ്യാപാരങ്ങൾ അല്ലാഹുവിനു ആദ്യമേ അറിയാം. തദനുസൃതം,ജീവിതത്തിന്റെ സായംസന്ധ്യയിൽ ഒന്നാം വിഭാഗത്തിന്റെ പൊയ്മുഖം വലിച്ചു കീറണമെന്നും രണ്ടാം വിഭാഗത്തെ അനുഗ്രഹിക്കണമെന്നും അല്ലാഹു അനാദിയിൽ തീരുമാനമെടുത്തിട്ടുണ്ട്.

അലംഘനീയമായ മേൽ തീരുമാനത്തിന്റെ മനോഹരമായ ആവിഷ്കരിക്കാരമാണ് ‘ലിഖിതം മറികടക്കും’ പ്രയോഗം.


[സന്ദേഹം 10]

ഇമാം ബുഖാരിയും മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്നു: പ്രവാചകർ പ്രസ്താവിച്ചു

“നിങ്ങളിൽ എല്ലാവരുടെയും സ്വർഗ- നരകങ്ങളിലെ താൻ വസിക്കുന്ന ഇടം അറിയപ്പെട്ടിരിക്കുന്നു” സ്വഹാബിമാർ ചോദിച്ചു: എങ്കിൽ ഞങ്ങളെന്തിനു കർമങ്ങൾ നിർവഹിക്കുന്നു? ഞങ്ങൾക്ക് അതിനെ ആശ്രയിച്ചു കൂടേ? പ്രവാചകർ പറഞ്ഞു: “എല്ലാവർക്കും, അവൻ എന്തിനു സൃഷ്ടിക്കപ്പെട്ടോ അതു സുഗമമാക്കപ്പെടും”

ഇമാം ബുഖാരിയുടെ ഒരു നിവേദനത്തിൽ

“എന്നാൽ വിജയികൾക്കു വിജയികളുടെ കർമം സുഗമമാക്കപ്പെടും പരാജിതർക്കു പരാജിതരുടെ കർമവും സുഗമമാക്കപ്പെടും” എന്നാണുള്ളത്.


ജയ-പരാജയം ആദ്യമേ നിർണയിക്കപ്പെടുകയും അതിനനുസൃതമായി കർമങ്ങൾക്കു സൗകര്യങ്ങൾ നൽകപ്പെടുകയുമാണെന്ന് ഇതിൽ നിന്നു മനസ്സിലാകുന്നു. എങ്കിൽ, ജയ-പരാജയം നിർണയിക്കുന്നതിൽ എന്തു സ്വാതന്ത്ര്യമാണ് മനുഷ്യനു നൽകപ്പെട്ടിട്ടുള്ളത് ? 


[നിവാരണം ]

വിജയികൾ, വിജയിക്കാൻ ഹേതുവാകുന്ന സത്യവിശ്വാസവും ഇതര സുകൃതങ്ങളും സ്വതന്ത്രമായി നിർവഹിക്കുന്നവരും പരാജിതർ, പരാജയത്തിനു ഹേതുവാകുന്ന അവിശ്വാസവും ദുഷ്കർമങ്ങളും സ്വതന്ത്രമായി ചെയ്യുന്നവരുമാണെന്ന് മുൻ വിവരണങ്ങളിൽ നിന്നും വ്യക്തമായി.


അതു വഴി ആരെല്ലാം വിജയ ശ്രീലാളിതരാവുമെന്നും പരാജയം ഏറ്റു വാങ്ങുമെന്നും ത്രികാലജ്ഞനായ അല്ലാഹുവിന് ആദ്യമേ അറിയാം, എന്നത് ആ സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നില്ല [സംഭവിപ്പക്കലല്ല, സംഭവിക്കാൻ പോകുന്ന കാര്യം സംഭവിക്കും വിധം അനാവരണം ചെയ്യൽ മാത്രമാണ് അറിവ് നിർവഹിക്കുന്ന ധർമമെന്ന് മുമ്പ് നാം ഉണർത്തിയല്ലോ] 


മറിച്ച്, വിജയ മാർഗം തെരഞ്ഞെടുത്തവർക്ക് വിജയിക്കാനാവശ്യമായ സൗകര്യങ്ങളും പരാജയ മാർഗം തെരെഞ്ഞെടുത്തവർക്ക് അതിനു വേണ്ട സൗകര്യങ്ങളും അവൻ നൽകിക്കൊണ്ടിരിക്കും എന്നാണ് ഈ വചനം കുറിക്കുന്നത്. നാമിതു വരെ പറഞ്ഞതിന്റെ ശാക്തീകരണം മാത്രമാണത്.


[സന്ദേഹം 11]

“എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടോ അത് സുഗമമാക്കപ്പെടും” എന്നതും “വിജയികളുടെ കർമം വിജയികൾക്കു സുഗമമാക്കപ്പെടും ” “പരാജിതരുടെ കർമം പരാജിതർക്കു സുഗമമാക്കപ്പെടും”എന്നതും ചേർത്തു വെച്ചാൽ വിജയികളെ സൽകർമത്തിനും പരാജിതരെ ദുഷ്കർമത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നു വരില്ലേ?


[നിവാരണം ]

മനുഷ്യരും ജിന്നുകളും സൽകർമം നിർവഹിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്നു ഖുർആനിൽ കാണാം. സൽകർമം ചെയ്യാൻ സൃഷ്ടക്കപ്പെട്ടവരിൽ ചിലരെ പറ്റി ദുഷ്കർമത്തിനു സൃഷ്ടിക്കപ്പെട്ടു എന്നു പറയൽ യുദ്ധത്തിൽ തോറ്റ പട്ടാളക്കാരെപ്പറ്റി ‘തോൽക്കാൻ വേണ്ടി നിയമിക്കപ്പെട്ടവർ’ എന്നു പറയുന്നതു പോലെയാണ്. തോൽക്കാൻ വേണ്ടി ആരും സൈന്യത്തിൽ നിയമിക്കപ്പെടുകയില്ല. പ്രത്യുത, തോൽവിയായിരുന്നു പരിണിതി എന്നാണതിന്റെ വിവക്ഷ. 


[സന്ദേഹം 12]

ആദം നബി (അലൈഹിസ്സലാം) നെ കാണിച്ചു കൊടുക്കാൻ മൂസാ നബി (അലൈഹിസ്സലാം) അല്ലാഹുവിനോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് കൂടിക്കാഴ്ച്ചക്ക് അവസരമൊരുങ്ങിയപ്പോൾ പിതാവിനെ സാദരം ഏതാനും വാക്യങ്ങളിലൂടെ അഭിവാദനം ചെയ്ത ശേഷം: 

“അങ്ങ് ഞങ്ങളെ സ്വർഗത്തിൽ നിന്നും പുറത്താക്കിയല്ലോ” എന്ന് മൂസാ നബി (അലൈഹിസ്സലാം) ചോദിക്കുകയും അതിനോട്, “ എന്നെ സൃഷ്ടിക്കുന്നതിന് നാൽപതു വർഷം മുമ്പേ അല്ലാഹു രേഖപ്പെടുത്തിയ കാര്യത്തിന് എന്നെ താങ്കൾ കുറ്റപ്പെടുത്തുന്നുവോ” എന്ന് ആദം നബി (അലൈഹിസ്സലാം) പ്രതികരിക്കുകയും ചെയ്തു “അങ്ങനെ, ആദം നബി (അലൈഹിസ്സലാം) മൂസാ നബി (അലൈഹിസ്സലാം) ന്യായത്താൽ മികച്ചു” എന്ന് ഹദീസിൽ കാണാം. തന്നിൽ നിന്നു സംഭവിച്ച തെറ്റ് വിധി വിശ്വാസത്തിലൂടെ ആദം നബി (അലൈഹിസ്സലാം) ന്യായീകരിക്കുകയായിരുന്നുവോ ?


[നിവാരണം ]

ആദം നബി (അലൈഹിസ്സലാം) യിൽ നിന്നും സംഭവിച്ച കനി ഭോജനം സൂക്ഷ്മ വിശകലനത്തിൽ തെറ്റല്ലെങ്കിലും അവർ അതൊരു തെറ്റു പോലെ കരുതുകയും അല്ലാഹുവിനോട് കരഞ്ഞു മാപിരക്കുകയും ചെയ്തതാണ്. എന്നിരിക്കെ, അതും പറഞ്ഞ് അവരെ അപമാനിക്കാൻ മൂസാ നബി (അലൈഹിസ്സലാം) മുതിരുകയില്ല, അതു ന്യായീകരിച്ചു സംസാരിക്കാൻ ആദം നബി (അലൈഹിസ്സലാം) തയ്യാറാവുകയുമില്ല.


മറിച്ച്, മൂസാ നബി (അലൈഹിസ്സലാം) പറയുന്നത് : അങ്ങു ചെയ്തത് തെറ്റല്ലെങ്കിൽ പോലും അതു കാരണം ഞങ്ങൾ, സ്വർഗ്ഗരാജ്യത്തിനു പകരം ഭൂവാസമനുഭവിക്കേണ്ടി വന്നല്ലോ എന്നാണ്. ആദം നബി (അലൈഹിസ്സലാം) പറയുന്നത് ഇതാണ് : 

അല്ലാഹു ആദ്യമേ നമുക്കു നിശ്ചയിച്ച ധർമം ഭൂമിയിലെ പ്രാതിനിധ്യമാണ്. കനി ഭോജനം ഉപരിപ്ലവമായ ഒരു കാരണം മാത്രമാണ്. 


[സന്ദേഹം 13]

ഇമാം മുസ്‌ലിം ആഇഷ (റ) ൽ നിന്നും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം “അൻസ്വാരികളിൽപെട്ട ഒരു ബാലന്റെ ജനാസയിലേക്ക് (നിസ്കരത്തിന്) തങ്ങൾ ക്ഷണിക്കപ്പെട്ടു അപ്പൊ ഞാൻ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ ഈ കുട്ടിയുടെയൊരു ഭാഗ്യം ! സ്വർഗത്തിലെ കുരുവികളിൽപെട്ട ഒരു കുരുവിയല്ലോ ഇവൻ. തെറ്റു ചെയ്തിട്ടില്ല , അതിന് പ്രായമായിട്ടുമില്ല. തങ്ങൾ പറഞ്ഞു : പറയേണ്ടത് മറ്റൊന്നായിരിക്കെ...(ഇങ്ങനെ പറയുന്നോ)


ആഇഷാ..സ്വർഗത്തിന് വേണ്ടി നിവാസികളെ/ അനുയോജ്യരെ അല്ലാഹു സൃഷ്ടിച്ചു. അവർ തങ്ങളുടെ പിതാക്കളുടെ മുതുകുകളിലായിരിക്കെ അവരെ അതിന് വേണ്ടി അവൻ സൃഷ്ടിച്ചു. നരകത്തിന് വേണ്ടിയും നിവാസികളെ/ അനുയോജ്യരെ അവൻ സൃഷ്ടിച്ചു. അവർ തങ്ങളുടെ പിതാക്കളുടെ മുതുകുകളിലായിരിക്കെ അവരെ അതിന് വേണ്ടി അവൻ സൃഷ്ടിച്ചു” 


തെറ്റൊന്നും ചെയ്യാത്ത കുഞ്ഞിന്റെ കാര്യം അനിശ്ചിതമാണെന്നും സ്വർഗത്തിന് വേണ്ടി ചിലരെയും നരകത്തിന് വേണ്ടി മറ്റു ചിലരെയും സൃഷ്ടിച്ചുവെന്നും പറഞ്ഞാൽ, സ്വർഗ നരകങ്ങൾ തീരുമാനിച്ചത് വിശ്വാസ കർമങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ലെന്ന് വരുന്നില്ലേ ?


[നിവാരണം]

എ. ഹദീസിലെ അനിശ്ചിതത്വം ഉടയോന്റെ ശാസനകൾ ബാധകമാകുന്ന പ്രായം തികഞ്ഞിട്ടില്ലാത്ത കുട്ടിയുടെ കാര്യത്തിലാണ്. അനിശ്ചിതത്വം, സ്വർഗ പ്രവേശനത്തിന്റെ അഭാവത്തിൽ നരക പ്രവേശനം അനിവാര്യമാക്കുന്നില്ല. മറിച്ച്, സൽകർമ്മവും ദുഷ്കർമ്മവും അവരിൽനിന്നു സംഭവിക്കാത്തത് കൊണ്ട് സ്വർഗ്ഗവും നരകവും അല്ലാത്ത മറ്റൊരിടത്ത് അവർ പാർപ്പിക്കപ്പെടാം എന്നതാണ് മറു സാധ്യത. എന്നാൽ, അങ്ങനെയൊരു സാധ്യത കൃത്യമായ വിവരം കുട്ടികളുടെ കാര്യത്തിൽ അവതീർണമാവും മുമ്പായിരുന്നു.

മുസ്‌ലിംകളുടെ കുട്ടികൾ സ്വർഗസ്ഥരാണെന്ന കാര്യത്തിൽ ഗണ്യമായ ഭിന്നത മുസ്‌ലിം ലോകത്ത് ഇല്ലാതിരുന്നത് അത് കൊണ്ടാണ്. ഹദീസിൽ പരാമർശിക്കപ്പെട്ട കുഞ്ഞ് അൻസ്വാരി സ്വഹാബിയുടെ മകനായിരുന്നുവല്ലോ.


ബി. അവശ്യ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്കു പോയ ആളെ കോവിഡ് 19 ന്റെ കാലമായതു കാരണം പോലീസ് തല്ലിയോടിച്ചു. കിതച്ചു കൊണ്ട് വീട്ടിൽ തിരിച്ചെത്തിയ അയാൾ ഭാര്യയോട് : ഈ സമയം ഞാൻ പോയത് പോലീസിന്റെ തല്ലു വാങ്ങിക്കാൻ വേണ്ടിയാ.. പോക്ക് തല്ലിൽ കലാശിച്ചുവെന്നാണ് അയാൾ ഉദ്ദേശിച്ചത്. ‹വേണ്ടി›, ഈ അർത്ഥത്തിൽ പലപ്പോഴും പ്രയോഗിക്കപ്പടാറുണ്ട്. പിതാക്കളുടെ മുതുകുകളിലായിരിക്കെ (പുംബീജാവസ്ഥയിലായിരിക്കെ) അവരെ സ്വർഗ നരകങ്ങൾക്കു വേണ്ടി സൃഷ്ടിച്ചു എന്നതും ഇതേ പ്രയോഗമാണ്. 


എന്നാൽ ഉപര്യുക്ത ഉദാഹരണത്തിൽ പോക്കിന്റെ പരിണിതി(തല്ല്) പോയ ശേഷമാണ് പോയവൻ അറിയുന്നത്. എന്നാൽ, മനുഷ്യന്റെ ആദിമ രൂപമായ ബീജത്തിന്റെ പരിണിതി സ്വർഗമാണോ നരകമാണോ എന്ന് സ്രഷ്ടാവിന് സൃഷ്ടിക്കുമ്പോൾ തന്നെ അറിയാം. കുട്ടികളല്ലാത്തവർ പ്രസ്തുത പരിണിതിയിൽ എത്തിച്ചേരുന്നത് വിശ്വാസ കർമങ്ങൾ നിർവഹിക്കുന്നതു മൂലമാണെന്നു മാത്രം. അതു നാം മുമ്പ് തെളിയിച്ചതാണ്. ഹദീസിൽ അനുയോജ്യർ എന്ന അർത്ഥം വരുന്ന ‹അഹ്ൽ› പ്രയോഗിച്ചതും അത് കൊണ്ടാണ്. വിശ്വാസികളായ സൽകർമികൾ നരകത്തിനും അവിശ്വാസികൾ സ്വർഗത്തിനും അനുയോജ്യരല്ലല്ലോ. 


സി. സ്വർഗ നരകങ്ങൾക്കും വേണ്ടി അവയ്ക്ക് അനുയോജ്യരായ ആളുകളെ സൃഷ്ടിക്കാനും, സ്വർഗത്തിന് / നരകത്തിന് അനുയോജ്യരാണ് തങ്ങളെന്ന് വിശ്വാസ കർമ്മ നിർവഹണത്തിലൂടെ അവർക്കു കൂടി ബോധ്യപ്പെടുമാറ് അവരെ സെലക്ട് ചെയ്യുവാനും തീരുമാനിച്ച അല്ലാഹുവിന്, സത്യവിശ്വാസവും സൽകർമ്മവും ആരെല്ലാം നിർവഹിക്കുമെന്നും അവിശ്വാസവും ദുഷ്കർമവും ആരെല്ലാം നിർവഹിക്കുമെന്നും ആദ്യമേ അറിയാം. ആ അറിവിന്റെ അടിസ്ഥാനത്തിൽ ഒന്നാം വിഭാഗത്തെ സ്വർഗത്തിന് വേണ്ടിയും രണ്ടാം വിഭാഗത്തിനെ നരകത്തിന് വേണ്ടിയുമാണ് അവൻ സൃഷ്ടിച്ചിട്ടുള്ളത്. ഇതൊരിക്കലും വിശ്വാസ കർമ സ്വാതന്ത്ര്യത്തിന് വിരുദ്ധമാവുന്നില്ലെന്നു വ്യക്തം. ഇതു ഗ്രഹിച്ചാൽ, ‹വേണ്ടി› യെ തനതായ അർത്ഥത്തിൽ നിന്നും മാറ്റിപ്രതിഷ്ഠിക്കേണ്ടി വരുന്നില്ല.


[സന്ദേഹം 14]

എല്ലാ കാര്യങ്ങളും അല്ലാഹു നിശ്ചിയിച്ച് ഉറപ്പിച്ചിട്ടുണ്ടെങ്കിൽ പിന്നെ പ്രാർത്ഥന എന്തിനാണ് ?


[നിവാരണം ]

പ്രാപഞ്ചികമായ ഫലങ്ങൾ മാത്രമല്ല, അവയും കാരണങ്ങളും തമ്മിലുള്ള [ബാഹ്യമാത്ര] ബന്ധവും അല്ലാഹു നിശ്ചിയിച്ചതു തന്നെയാണ്. ഇവിടെ ഫലം നിലവിൽ വരണമെന്നു മാത്രമല്ല. പ്രത്യുത, പ്രാർത്ഥനയെ തുടർന്ന് അതു നൽകണമെന്നു കൂടി അല്ലാഹു നിശ്ചയിച്ചിട്ടുണ്ടല്ലോ. 


[സന്ദേഹം 15]

മനുഷ്യരുടെ ആയുസ്സ് മുമ്പേ തീരുമാനിച്ചതാണെങ്കിൽ ആയുസ്സ് കൂടാൻ എന്തിന് ദുആ ചെയ്യുന്നു ? 


[നിവാരണം ]

ആയുസ് കൂടാൻ ദുആ ചെയ്യുകയെന്നാൽ, കൂടുതൽ ആയുസ്സ് കിട്ടാൻ / ദീർഘായുസ്സിന് ദുആ ചെയ്യുകയെന്നാണുദ്ദേശ്യം. ദീർഘായുസ്സിനുള്ള ദുആ / അപേക്ഷ അല്ലാഹു സ്വീകരിക്കലും ആദ്യമേ അവനത് നിശ്ചയിച്ചു വെക്കലും തമ്മിൽ സംഘട്ടനമില്ല. കാരണം : ദുആ നിർവഹിക്കപ്പെടുമെന്ന് ആദ്യമേ അറിഞ്ഞ അല്ലാഹുവിന്, ദുആ സ്വീകരിക്കണമെന്ന് മുമ്പേ തീരുമാനിക്കാമല്ലോ. 


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Monday, 12 July 2021

മാലാഖമാർ അല്ലാഹുവിനെ ആശ്രയിക്കുകയാണ്

 മാലാഖമാർ അല്ലാഹുവിനെ ആശ്രയിക്കുകയാണ്


സന്ദേഹം :

അല്ലാഹു നിരാശ്രയനാണെങ്കിൽ എന്ത് കൊണ്ട് മാലാഖമാരെ അവൻ ആശ്രയിക്കുന്നു  ?


നിവാരണം :

എ. കാരണങ്ങളിലൂടെയാണ് കാര്യങ്ങൾ അല്ലാഹു നിർവഹിച്ചു കൊണ്ടിരിക്കുന്നതെങ്കിലും അവയെ അവൻ ആശ്രയിക്കുന്നില്ല. എന്ത്‌ കൊണ്ടെന്നാൽ, പ്രസ്തുത കാരണങ്ങൾ ഉപരിപ്ലവമായ കാരണങ്ങളാണ്, ഫലങ്ങളെ ഉൺമയിലേക്ക് നിർഗമിപ്പിക്കുന്നത് അല്ലാഹു തന്നെയാണ്.  വിശുദ്ധ ഖുർആൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്. 

(ഖുർആന്റെ ദൈവികത ‘പ്രവാചകത്വത്തിന്റ സ്ഥിരീകരണവും സംശയ ദൂരീകരണവും’ എന്ന പോസ്റ്റിൽ തെളിയിച്ചിട്ടുണ്ട്)


ബി. പ്രസ്തുത കാരണങ്ങൾ സക്രിയമാണെന്നു വന്നാൽ പോലും  അല്ലാഹു അവയെ അനുനിമിഷം സക്രിയമാക്കാതെ അവ പ്രവർത്തിക്കില്ല. (‘കർത്താവ് അല്ലാഹു തന്നെ’ എന്ന പോസ്റ്റിൽ ഇത് ധൈഷണികമായി വിവരിച്ചിട്ടുണ്ട്) അപ്പോൾ, അവയെ അല്ലാഹു ആശ്രയിക്കുകയല്ല, അവ അല്ലാഹുവിനെ ആശ്രയിക്കുകയാണ്.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

പ്രവാചകത്വ സ്ഥിരീകരണവും സംശയ ദൂരീകരണവും

 




പ്രവാചകത്വ സ്ഥിരീകരണവും സംശയ ദൂരീകരണവും

     ✍️  അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി              

അല്ലാഹു, ലക്ഷത്തിൽ പരം പ്രവാചകൻമാരെ മനുഷ്യ ഭൂത വിഭാഗങ്ങളിലേക്കു നിയോഗിച്ചു. അവരിൽ ചിലർക്ക് അവൻ വേദങ്ങൾ നൽകി. നാലു വലിയ വേദങ്ങളും ചെറു വിവരണങ്ങൾ അടങ്ങിയ നൂറ് ഏടുകളുമാണ് അവർക്ക് നൽകപ്പെട്ടത്. പ്രവാചക ശൃംഖലയുടെ അവസാന കണ്ണി മുഹമ്മദ് നബി ﷺ യും തങ്ങൾക്ക് അവതീർണമായ വേദം വിശുദ്ധ ഖുർആനുമാണ്. ഇതുമായി ബന്ധപ്പെട്ട് ഏതാനും സന്ദേഹങ്ങൾ നിവാരണ സഹിതം ഇവിടെ കുറിക്കാം.              


സന്ദേഹം 1 :

പ്രവാചകൻമാരെ സമൂഹം എങ്ങനെ തിരിച്ചറിയും ?


നിവാരണം :

ഉദാഹരണത്തിലൂടെ വ്യക്തമാക്കാം :

ഒരു രാജാവ് തന്റെ പ്രജകൾക്ക് ചില സന്ദേശങ്ങൾ കൈമാറുവാൻ അവരിൽ നിന്നൊരാളെ നിയോഗിച്ചു. ദൂതൻ ജനമദ്ധ്യേ ഉറക്കെ സന്ദേശം വായിച്ചു കേൾപിക്കുന്നു.


വ്യാജ ദൂതൻമാരിൽ നിന്നും തന്നെ വ്യതിരിക്തനാക്കുന്ന ചില രാജകീയ മുദ്രകൾ സത്യ ദൂതനിൽ കാണാവുന്നതിനാൽ ജനം വഞ്ചിതരാവുകയില്ല.


തഥൈവ, ജഗരാജനായ ദൈവം തന്റെ ദാസരായ പ്രജകൾക്ക് ചില സന്ദേശങ്ങൾ ചില മഹാമനീഷികളിലൂടെ കൈമാറി യിരിക്കുകയാണ്. വ്യാജവാദികൾക്ക്

/കോമരങ്ങൾക്ക് ഒരിക്കലും പ്രദർശിപ്പിക്കാൻ കഴിയാത്ത സമുജ്ജ്വലമായ രാജകീയ (ദൈവീക) പ്രമാണങ്ങൾ സഹിതമാണ്  ദൈവം അവരെ നിയോഗിച്ചിരിക്കുന്നത്.


വ്യാജവാദികളാണെങ്കിൽ സൃഷ്ടി കഴിവുകൾക്ക് അതീതമാണെന്ന് സുതരാം വ്യക്തമായ /മൃതരെ പുനർ ജീവിപ്പിക്കൽ, വിശുദ്ധ ഖുർആൻ പോലുളള ദീപ്ത ദൃഷ്ടാന്തങ്ങളാൽ നിരന്തരം അവർ ശാക്തീകരിക്കപ്പെടുകയില്ല. വിശിഷ്യാ, പ്രവാചകത്വത്തിന്റെ ദൈവിക സാക്ഷ്യങ്ങളായി അവയെ അവർ അവതരിപ്പിക്കുമ്പോൾ.


സന്ദേഹം 2 :

അത്ഭുതങ്ങൾ സാത്താനോ മറ്റു അദൃശ്യ ജീവികളോ ചെയ്തതാകാൻ സാധ്യതയില്ലേ ?


നിവാരണം :

ലോകക്രമം ദൈവം സംവിധാനിച്ചതാണെന്നും അതിനോട് യോജിച്ചോ അതു ഭേദിച്ചോ സംഭവിക്കുന്ന ഏതു കാര്യവും നടപ്പിൽ വരുത്തുന്നത് അവൻ തന്നെയാണെന്നും ദൈവത്തിന്റെ ഏകത്വം നമ്മെ തെര്യപ്പെടുത്തുന്നു. എങ്കിൽ, അൽഭുതങ്ങൾക്കു പിന്നിൽ ഏത് അദൃശ്യ കരം പ്രവർത്തിച്ചാലും അതിനെ സംവിധാനിക്കുകയും സക്രിയമാക്കുകയും ചെയ്ത് ആ അൽഭുതങ്ങൾ വെളിപ്പെടുത്തുന്നത് ദൈവം തന്നെയായിരിക്കുമല്ലോ. 


സന്ദേഹം 3 :

മാന്ത്രികൻ പ്രവാചത്വം വാദിച്ചു വന്നാൽ എന്ത് ചെയ്യും ?


നിവാരണം :

എ. പ്രവാചകൻമാരുടെ കൈക്ക് ദൈവം വെളിപ്പെടുത്തുന്ന അൽഭുതം അവൻ സംവിധാനിച്ച ലോക ക്രമത്തിൽ അവൻ തന്നെ നടപ്പിൽ വരുത്തുന്ന ഭാഗികവും താൽക്കാലികവുമായ മാറ്റമാണ്. മാന്ത്രിക വിദ്യ ലോകക്രമത്തിന്റെ തന്നെ ഭാഗവും പഠനം വഴി ആർക്കും കൈവശപ്പെടുത്താവുന്ന കാര്യവുമാണ്. അറിയാത്തവർക്ക് അതൊരു അൽഭുതമായി തോന്നാമെന്നു മാത്രം.


ബി. മാന്ത്രിക വിദ്യയും നിലവിലെ ലോക ക്രമത്തിന്റെ മാറ്റമാണ് എന്നു വന്നാലും കുഴപ്പമില്ല. കാരണം മാന്ത്രികൻ അത്തരമൊരു അത്ഭുതം പ്രകടിപ്പിച്ചത് കൊണ്ടു മാത്രം പ്രവാചകനാണെന്നു വരില്ല. പ്രവാചകത്വം അവൻ വാദിക്കുക കൂടി വേണം. അവൻ പ്രവാചകത്വം വാദിച്ചാൽ അത്തരമൊരു അത്ഭുതം അവനിലൂടെ അല്ലാഹു വെളിപ്പെടുത്തുകയില്ല. കാരണം, തന്റെ പേരിൽ വ്യാജവാദവുമായി വന്നവനെ ദൈവം സപ്പോർട്ട് ചെയ്യുകയില്ല. സപ്പോർട്ട് ചെയ്യുകയാണെങ്കിൽ അവൻ വ്യാജനല്ലെന്ന് വരുകയും ചെയ്യും. ഒരാൾ ഒരേസമയം സത്യവാദിയും വ്യാജവാദിയുമാകൽ സംഭവ്യമല്ലല്ലോ.

        

സന്ദേഹം 4 :

ഖുർആൻ സൃഷ്ടി കഴിവുകൾക്ക് അതീതമാണെന്ന് എങ്ങനെ മനസ്സിലാക്കാം ?


നിവാരണം :

ഖുർആന്റെ ദൈവികതയിൽ സംശയിക്കുന്നവരെ ഖുർആനിന് /ഖുർആനിലെ ഏറ്റവും ചെറിയ അധ്യായത്തിന് സമാനമായ ഒരു വചനം കൊണ്ട് വരാൻ പതിനാല് ശതകങ്ങളായി ഖുർആൻ വെല്ലു വിളിച്ചു കൊണ്ടിരിക്കുകയാണ്.


അറബി ഭാഷാ സാഹിത്യത്തിലെ അഗ്രേസരൻമാർ അന്നും ഇന്നും എന്നും പ്രതിയോഗി പാളയത്തിൽ സുലഭമാണ്. ആധുനികവും  പൗരാണികവുമായ സർഗ്ഗാത്മക ഉൽപ്പന്നങ്ങൾ കൺമുന്നിൽ കുമിഞ്ഞ് കൂടിക്കിടക്കുന്നുമുണ്ട്. 


എന്നിട്ടും, ഇതാ.. ഇത്  ഖുർആനുമായി സമാനത പുലർത്തുന്നുവെന്ന് അവകാശപ്പെട്ട് ഒരു വിദ്വാനും ഇത:പര്യന്തം രംഗത്തു വന്നിട്ടില്ല.സമീപ കാലത്ത്  പ്രത്യക്ഷപ്പെട്ട, ഖുർആനേതര ഗദ്യങ്ങളുടെ നാലയലത്തുപോലും എത്താത്ത പിതൃശൂന്യമായ ചവറുകൾ പരാമർശം അർഹിക്കുന്നില്ല


ഇതിന് ബൗദ്ധികമായി രണ്ടിലൊരു കാരണമാണ് പറയാൻ സാധിക്കുക.  ഒന്നെങ്കിൽ, ഖുർആൻ സൃഷ്ടി കഴിവുകൾക്കതീതമായ ഭാഷാ മികവ് പുലത്തുന്നു. അല്ലെങ്കിൽ, സൃഷ്ടി കഴിവുകൾക്കതീതമല്ലാതിരുന്നിട്ടും  സമാനമായത് രചിക്കുന്നതിൽ നിന്നും സർവ്വരെയും അസാധാരണമാം വിധം സ്രഷ്ടാവ് പിന്തിരിപ്പിക്കുന്നു.


രണ്ടായാലും, ഈ ഗ്രന്ഥം എന്റെ പ്രവാചകത്വത്തിന് തെളിവാണെന്ന് വാദിക്കുന്ന മുഹമ്മദ് നബി (ﷺ) യെ ദൈവം പിന്തുണക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തം.


നബി (ﷺ) യിലൂടെ വെളിപ്പെട്ട 

(പരശതം പേർക്ക് അംഗസ്നാനം വരുത്താൻ പര്യാപ്തമായ ജലം വിരലുകൾക്കിടയിലൂടെ നിർഗളിച്ചതടക്കം) പരസഹസ്രം ദൃഷ്ടാന്തങ്ങളെയും നബി (ﷺ) യെ യഥാവിധം അനുഗമിച്ച അനുയായികളുടെ 

/ഔലിയാക്കളുടെ കൈക്ക് പ്രത്യക്ഷപ്പെട്ട ലക്ഷോപലക്ഷം അൽഭുത കൃത്യങ്ങളെയും

ഇതിലേക്കു ചേർക്കാം.


സന്ദേഹം 5 :

ഖുർആനിനു സമാനമായ വചനം കൊണ്ട് വരാൻ സൃഷ്ടികളെ അല്ലാഹു വെല്ലുവിളിക്കുകയെന്നാൽ പ്രശസ്തനായൊരു എഴുത്തുകാരൻ തന്റെ ലേഖനത്തിനു സമാനമായത് കൊണ്ടു വരാൻ കൊച്ചു കുട്ടികളെ വെല്ലു വിളിക്കുന്നത് പോലെയല്ലെ ? ഇതൊരു ദൈവത്തിന് അനുയോജ്യമാണോ ? ഖുർആൻ ദൈവ വചനമല്ലെന്ന് ഇത് സൂചന നൽകുന്നില്ലേ?  ഇനി ആ വെല്ലുവിളി സീകരിച്ച് ഖുർആനിനു സമാനമായതുമായി ആരെങ്കിലും വന്നുവെന്നിരിക്കട്ടെ, മൂല്യ നിർണയം ആരു നിർവഹിക്കും ?


നിവാരണം :

ഉപര്യുക്ത എഴുത്തുകാരൻ ഒരു അധ്യാപകനാണെന്ന് കരുതുക. അദ്ദേഹം കൊച്ചു വിദ്യാർത്ഥികൾക്ക്, അവർക്കു ഗ്രാഹ്യവും എന്നാൽ അപ്രാപ്യവുമായ ശൈലിയിൽ ഒരു സന്ദേശം ലീഡർ മുഖാന്തരം കൊടുത്തയച്ചുവെന്നും വിചാരിക്കുക. 


മാഷിന്റെ സന്ദേശമാണെന്ന് ശൈലി കണ്ട മാത്രയിൽ അവർ തിരിച്ചറിഞ്ഞെങ്കിലും, അതു സ്വീകരിക്കാൻ വൈമനസ്യമുള്ള കൂട്ടുകാർ, അത് ലീഡർ എഴുതിയുണ്ടാക്കിയ വ്യാജ സന്ദേശമാണെന്നു വാദിക്കുന്നു.


ഈ സന്ദർഭത്തിൽ, തന്റെ സത്യാവസ്ഥ തെളിയിക്കാൻ വേണ്ടി നിങ്ങളും അതു പോലൊരെണ്ണം  എഴുതിയുണ്ടാക്കൂ.. എന്ന് ലീഡർക്കു വെല്ലുവിളിക്കാം.സന്ദേശം വളരെ സുപ്രധാനമാണെങ്കിൽ വിശേഷിച്ചും.


വെല്ലുവിളിക്കാൻ അധ്യാപകൻ തന്നെ തന്റേതായ ശൈലിയിൽ ലീഡർക്കു നിർദ്ദേശം നൽകിയെന്നും വരാം. അധ്യാപകന്റെ മികവും തങ്ങളുടെ നിസ്സഹായതയും ബോധ്യമുള്ള കുട്ടികൾ അതിനു ശ്രമിക്കില്ല. 


ഇനി പ്രസ്തുത സന്ദേശത്തിനു സമാനമായതാണെന്നും പറഞ്ഞ് ഏതെങ്കിലുമൊരു വിരുതനായ വിദ്യാർത്ഥി വല്ല കുറിപ്പുമായി വന്നുവെന്നിരിക്കട്ടെ, ആർക്കും മൂല്യനിർണയം നടത്താൻ കഴിയും വിധം താണ നിലവാരമാണതു പുലർത്തുക. ഖുർആൻറെ കാര്യവും ഇതിൽ നിന്നു ഭിന്നമല്ല. 


വിശുദ്ധ ഖുർആന്റെ അസംഖ്യം വ്യതിരേകങ്ങൾ വളരെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടതുമാണ്. വേണ്ടി വന്നാൽ ആർക്കു വേണമെങ്കിലും അതവലംബിച്ചു മൂല്യനിർണയം നിർവഹിക്കാം.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

യഥാർത്ഥ കർത്താവ് അല്ലാഹു തന്നെ

യഥാർത്ഥ കർത്താവ് അല്ലാഹുതന്നെ

✍️അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

സന്ദേഹം :

നടന്നു പോകുന്ന രണ്ടു പേരിൽ ഒരാൾ വാഹനമിടിച്ച്‌ മരണപ്പെടുകയും അപരൻ രക്ഷപ്പെടൂകയും ചെയ്യുന്നതിൽ നിന്ന് ദൈവം ഒന്നിലും ഇടപെടുന്നില്ലെന്നും തികച്ചും ഭൗതികമായ കാര്യ കാരണ ബന്ധങ്ങളാണ് അടിസ്ഥാനമെന്നും മനസ്സിലാക്കിക്കൂടെ ?


നിവാരണം :

എ. ഭൗതിക ലോകം സംവിധാനിച്ചത് അല്ലാഹുവാണ്. (‘ദൈവാസ്തിക്യം ഒരു ധൈഷണിക വിശകലനം’ ‘സ്രഷ്ടാവ് ഒരു ധൈഷണിക വിശകലനം’ എന്നീ പോസ്റ്റുകൾ കാണുക) എങ്കിൽ, ഭൗതികമായ കാര്യകാരണ ബന്ധവും തുടർഫലങ്ങളും അവന്റെ ഇടപെടൽ തന്നെയാണെന്നു മനസ്സിലാക്കാം.


ബി. ഭൗതിക കാരണങ്ങൾ, അനാശ്രിതമായ കാരണങ്ങളല്ലെന്ന് ധിഷണ സാക്ഷ്യപ്പെടുത്തുന്നു.


ഉദാഹരണത്തിലൂടെ നമുക്കിത് വിശദീകരിക്കാം : ഒരു വസ്തുവിന്റെ ഇരുവശത്തും തുല്യഅകലത്തിൽ രണ്ട് അഗ്നികുണ്ഡം സ്ഥിതിചെയ്യുന്നുവെന്നും അതിൽ ഓരോന്നും അതിനെ ഭസ്മമാക്കാൻ പര്യാപ്തമാണെന്നും കരുതുക. 


അത് കത്തിക്കരിയുമെന്ന് ഉറപ്പാണ്. എന്നാൽ, രണ്ട് കാരണളും ഒന്നിച്ചു പ്രവർത്തിച്ചുവെന്നു പറയാൻ പറ്റില്ല. എന്തുകൊണ്ടെന്നാൽ, ഫലം നിലവിൽ വരാൻ ഒരു കാരണം തന്നെ പര്യാപ്തമാണ്. കാരണം ഫലം നിലവിൽ വരാൻ സമ്പൂർണമായ രണ്ടു കാരണങ്ങൾ ആവശ്യമില്ല. അല്ലെങ്കിൽ, അവയിൽ ഓരോന്നും എങ്ങനെ സമ്പൂർണ കാരണങ്ങളാകും/ ഒരു കാരണത്തിന്റെ രണ്ട് അംശങ്ങളല്ലേ ആകൂ.


ഒരു കാരണം മാത്രമാണ് സക്രിയമായതെന്ന് പറയാനും നിർവാഹമില്ല. കാരണം : സമാനമായ രണ്ടു കാര്യങ്ങളിൽ ഒന്നിന് മറ്റൊന്നിനേക്കാൾ തനിയെ (ബാഹ്യ ശക്തിയുടെ ഇടപെടൽ ഇല്ലാതെ) പ്രാമുഖ്യം ലഭിക്കില്ല. 


സി. ഭൗതിക കാരണങ്ങൾ, അനാശ്രിത കാരണങ്ങളല്ലെന്നു മാത്രമല്ല, അവ ഉപരിപ്ലവമായ / ബാഹ്യമാത്രമായ കാരണങ്ങളാണ്, തുടർ ഫലങ്ങൾ അല്ലാഹു നേരിട്ട് സൃഷ്ടിക്കുകയാണ് എന്നു കൂടി ഇലാഹീ വചനമെന്നു സ്ഥിരീകരിക്കപ്പെട്ട പരിശുദ്ധ ഖുർആൻ അസന്ദിഗ്ധം പഠിപ്പിച്ചിട്ടുണ്ട്. «അല്ലാഹു സമസ്ത സൃഷ്ടികളുടേയും സ്രഷ്ടാവാണ്..»


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Sunday, 11 July 2021

ഏകദൈവ വിശ്വാസത്തിന്റെ ധൈഷണികത

#ഏകദൈവ വിശ്വാസത്തിന്റെ ധൈഷണികത

✍️ അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി


സന്ദേഹം 1

ദൈവം ഏകനായിരിക്കേണ്ട ആവശ്യം എന്ത്? ഒരുപാട് ഉണ്ടായാൽ എന്താണ് കുഴപ്പം?


നിവാരണം :

1. ഒന്ന് രണ്ടിന്റെ പകുതി ആവേണ്ട കാര്യമെന്ത് ? രണ്ടിന്റെ മൂന്നിലൊന്നോ നാലിലൊന്നോ ആയാലെന്താ കുഴപ്പം ? രണ്ടും രണ്ടും ചേർന്നാൽ നാലാവേണ്ട ആവശ്യമെന്ത് ? അഞ്ചായാലെന്താ കുഴപ്പം ? എന്നൊക്കെ ചോദിക്കും പോലെയാണിത്. അങ്ങനെ സംഭവിക്കൽ അസംഭവ്യമാണെന്ന കുഴപ്പമല്ലാത്ത മറ്റൊരു കുഴപ്പവുമില്ലെന്നു ചുരുക്കം.


2. രണ്ട് ദൈവങ്ങൾ / സർവ്വശക്തർ ഉണ്ടായാൽ എങ്ങനെയുണ്ടാകുമെന്ന് നോക്കാം. ഒരാൾ ഭൂമിയെ ഒരു ദിശയിലേക്ക് ചലിപ്പിക്കുന്നു, അപരൻ എതിർ ദിശയിലേക്കും. രണ്ടു പേരും ഒന്നിച്ച് അതിൽ വിജയിക്കുകയില്ല. അല്ലെങ്കിൽ, ഭൂമി ഒരേ സമയം രണ്ടു എതിർ ദിശകളിലേക്ക് സഞ്ചരിക്കേണ്ടി വരും.  


രണ്ടു പേരും പരാജയപ്പെടാനും പറ്റില്ല. കാരണം, അങ്ങനെ വന്നാൽ, സർവശക്തർ കഴിവ് കെട്ടവരാവുകയെന്ന വൈരുദ്ധ്യം അവിടെ വന്നു ചേരും. 


അതിനു പുറമെ, ഭൂമി ഒരേ സമയം രണ്ടു എതിർ ദിശകളിലേക്ക് സഞ്ചരിക്കുകയെന്ന അസംബന്ധം അതിലും വരും. കാരണം : ഒന്നാമൻ പരാജയപ്പെട്ടത് രണ്ടാമൻ ചലിപ്പിച്ചതിനാൽ നിലവിൽവന്ന ചലനം മൂലമാണ്. രണ്ടാമൻ പരാജയപ്പെട്ടത് ഒന്നാമൻ ചലിപ്പിച്ചതിനാൽ നിലവിൽവന്ന ചലനം മൂലവുമാണ്


സന്ദേഹം 2

രണ്ടു ദൈവങ്ങൾ പരസ്പരം ധാരണയിലെത്തിയാൽ പോരെ ?


നിവാരണം :

1. ബഹു ദൈവങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ / ഉണ്ടാകാമായിരുന്നുവെങ്കിൽ, ഉപര്യുക്ത അസംഭവ്യം സംഭവ്യമാണെന്ന് വരുമായിരുന്നു. അസംഭവ്യം സംഭവ്യമാകൽ, അസംഭവ്യമാണെന്നു / വൈരുദ്ധ്യമാണെന്നു വ്യക്തം. 


2. പരസ്പര ധാരണയിലൂടെയല്ലാതെ കാര്യം നടപ്പിലാക്കാൻ സാധിക്കാതിരിക്കുകയെന്നതും കഴിവ് കേടു തന്നെയാണ്. ഒരു ദൈവം സൃഷ്ടിച്ചതു മൂലം കാര്യം അനിവാര്യവും വിപരീത കാര്യം അസംഭവ്യവുമായെന്നും ദൈവിക ശക്തിയുടെ വൃത്തത്തിൽ സംഭവ്യമായതു മാത്രമേ ഉൾപ്പെടുകയുള്ളൂ എന്നുമൊക്കെ പറഞ്ഞ് പിടിച്ചു നിൽക്കാൻ നോക്കരുത്. കാരണം : രണ്ട് പേരും ദൈവങ്ങളാണെങ്കിൽ, ഒരാളുടെ ശക്തിപ്രയോഗം വിജയിക്കുകയും അപരന്റേത് പരാജയപ്പെടുകയും ചെയ്യുമോ !


3. ധാരണയിലെത്തുന്നത് ഒരേവസ്തു അവർ രണ്ടുപേർ ചേർന്ന് സൃഷ്ടിക്കുവാനാണെങ്കിൽ അതു സാദ്ധ്യമല്ല.


എന്ത്കൊണ്ടെന്നാൽ, ഒരു കാര്യം സമ്പൂർണമായ രണ്ട് കാരണങ്ങളാൽ നിലവിൽ വരുക സാദ്ധ്യമല്ല. അല്ലെങ്കിൽ, അവയിലോരോന്നും സമ്പൂർണ കാരണങ്ങളല്ല. പ്രത്യുത, ഒരു കാരണത്തിന്റെ രണ്ട് അംശങ്ങളാണെന്നു വരും.


രണ്ടിലൊരാൾ നിർവഹിക്കണമെന്ന് അപരൻ തീരുമാനിക്കലാവട്ടെ വ്യർത്ഥവുമാണ്. കാരണം, അവൻ തീരുമാനിച്ചാലും ഇല്ലെങ്കിലും നിർവ്വഹിക്കുന്നവൻ ദൈവമെങ്കിൽ കാര്യം നടന്നിരിക്കുമല്ലൊ. 


4. പരസ്പരധാരണ രണ്ടു രൂപത്തിൽ വരാം.

എ. ഒരാളുടെ തീരുമാനത്തിന് അപരൻ നിർബന്ധിതനായി വഴങ്ങിക്കൊടുക്കുക. ഇങ്ങനെയാണെങ്കിൽ, ഒന്നാമൻ കഴിവു കെട്ടവനാണെന്ന് വരും 


ബി. ഒരേ കാര്യം രണ്ടു പേരും സ്വതന്ത്രമായി തീരുമാനിക്കുക. തീരുമാനത്തിൽ അധിഷ്ഠിതമായത് കൊണ്ട് പ്രസ്തുത കാര്യം യാദൃശ്ചികമാവില്ല. എന്നാൽ, ഒരാളുടെ തീരുമാനം അപരന്റെ തീരുമാനത്തിൽ അധിഷ്ഠിതമല്ല.


രണ്ടുപേരും സർവ്വശക്തരും പൂർണ സ്വതന്ത്രരുമാണല്ലൊ. അപ്പോൾ, ഏകീകൃത തീരുമാനം യാദൃശ്ചികമായിരിക്കും, ചുരുക്കം കാര്യങ്ങളിൽ യാദൃശ്ചികത ഉണ്ടാകാമെങ്കിലും മുഴുവൻ കാര്യങ്ങളിലും അതു സംഭവ്യമല്ല. 

     

«വാന-ഭൂവനങ്ങളിൽ അല്ലാഹുവല്ലാത്ത ദൈവങ്ങളുണ്ടായിരുന്നുവെങ്കിൽ അവ താറുമാറാകുമായിരുന്നു»


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Saturday, 10 July 2021

സ്രഷ്ടാവിന്റെ മതം

 സ്രഷ്ടാവിന്റെ മതം

✍️ അബ്ദുൽ ജലീൽ സഅദി രണ്ടത്താണി

സന്ദേഹം :

ഏത് മതത്തിന്റെ ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് ?


നിവാരണം :

എ. ബഹുദൈവ സങ്കല്പം മിഥ്യയാണ്. (‘ഏകദൈവ വിശ്വാസത്തിന്റെ ധൈഷണികത’ എന്ന പോസ്റ്റ് കാണുക) എങ്കിൽ, ചോദ്യം പ്രസക്തമല്ല. മറിച്ച്, നിലവിലുള്ള മതങ്ങളിൽ ഏതാണ് ഏകനായ ദൈവത്തിന്റെ മതം എന്നാണു ചോദിക്കേണ്ടത്.  .

  

ബി. ഏകനും അനാശ്രിതനുമായ, അനാദ്യനും അനശ്വരനുമായ, സർവ്വ ശക്തനും സർവ്വവിജ്ഞനും സർവ്വസമ്പൂർണനുമായ, അരൂപിയും അമൂർത്തനുമായ, സൃഷ്ടികളോട് ഒരു വിധേനയും സദൃശനല്ലാത്ത ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചതെന്ന് യുക്തി പറയുന്നു. 

ഉപര്യുക്ത ദൈവത്തെ ഏതു മതമാണോ അംഗീകരിക്കുന്നത് ആ മതത്തിന്റെ (ആ മതം പറയുന്ന) ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത്.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Friday, 9 July 2021

സനാദിയായ പ്രപഞ്ചവും അനാദ്യനായ ദൈവവും

 സനാദിയായ പ്രപഞ്ചവും അനാദ്യനായ ദൈവവും

- അബ്ദുൽ ജലീൽ സഅദി രണ്ടത്താണി -

സന്ദേഹം 1 : 

പ്രപഞ്ചം അനാദിയാണെന്ന സങ്കല്പത്തിൽ എന്ത് യുക്തിരാഹിത്യമാണ് നിങ്ങൾ കാണുന്നത്. അനാദ്യത്വം, ദൈവത്തിന് നിങ്ങളും അവകാശപ്പെടുന്നുണ്ടല്ലോ


നിവാരണം : 

അനാദ്യത്വമല്ല, പരിവർത്തന പൂർവമായ അനാദ്യത്വമാണ് യുക്തിശൂന്യം. കാരണം , അങ്ങനെ വരുകിൽ ഓരോ പരിവർത്തനത്തിനും മുമ്പ് തീരാത്തത്രയും പരിവർത്തനങ്ങൾ തീർന്നുവെന്ന അസംബന്ധം പുലമ്പേണ്ടി വരും. അത്തരമൊരു യുക്തിരഹിതമായ അനാദ്യത്വമാണ് പ്രപഞ്ചത്തിന് നിങ്ങൾ ചാർത്തുന്നത്.


സന്ദേഹം 2 :

അങ്ങനെയെങ്കിൽ പ്രപഞ്ചം പരിവർത്തന രഹിതമായി നില കൊള്ളുകയായിരുന്നുവെന്നും പീന്നീട് ഒരു സുപ്രഭാതത്തിൽ അത് പരിവർത്തനം ആരംഭിക്കുകയായിരുന്നുവെന്നും വന്നാൽ ഉപര്യുക്ത പ്രശ്നം ഇല്ലാതാകുമല്ലോ.


നിവാരണം : 

പ്രപഞ്ചത്തിന്റെ കാര്യത്തിൽ ‘കാലികമായ’ പ്രശ്നം അവസാനിപ്പിക്കാൻ മേൽ ചൊന്ന സങ്കൽപ്പത്തിനു സധിക്കുമായിരിക്കാം, എന്നാൽ ‘സ്ഥാലികമായ’ പ്രശ്നം അപ്പോഴും നിലനിൽക്കുന്നു.


വിവരണം : 

പ്രപഞ്ചം സ്ഥാലികമാണ്, ഏതു സ്ഥലവും അതിന് തുല്യവുമാണ്. നിശ്ചലമായി നിൽക്കുന്ന സന്ദർഭത്തിൽ, ഒരു നിർണിത സ്ഥലത്തായിരിക്കുമല്ലോ അതിന്റെ സാന്നിധ്യം. അവിടെ ഒമ്പത് സാധ്യതകൾ നമുക്ക് കാണാം


1 - ജീവൻ, ഹിതം, ശക്തി എന്നീ ഗുണങ്ങൾ മേളിച്ച ഒന്നാണു പ്രപഞ്ചം. അപ്പൊ, അത് മറ്റൊരു സ്ഥലത്ത് നിന്നും അങ്ങോട്ട് ഹിതാനുസൃതം നീങ്ങിയെത്തിയതാണ്. ഈസാധ്യത അസംബന്ധവും വൈരുധ്യാത്മകവുമാണ്. കാരണം പരിവർത്തനം ആരംഭിക്കുന്നതിന് മുമ്പ് അതെങ്ങനെ അങ്ങോട്ട് നീങ്ങിയെത്തും.


2 - പ്രപഞ്ചം നിർജീവമാണ്. ചലനം അതിന്റെ സഹജ ഗുണമല്ല. എങ്കിലും അകാരണമായി മറ്റൊരു സ്ഥലത്ത് നിന്നും അങ്ങോട്ട് അത് എത്തിച്ചേർന്നു. ഇവിടെ രണ്ടു പ്രശ്നങ്ങൾ കാണാം. 

ഒന്ന്, മുകളിൽ പറഞ്ഞ വൈരുധ്യം 

രണ്ട്. ചലനം സഹജ ഗുണമല്ലാതിരുന്നിട്ടു കൂടി നിർജീവമായ വസ്തു ബാഹ്യ ചാലകമില്ലാതെ ചലിക്കുക. 


3 - പ്രപഞ്ചം നിർജീവമാണ്. എന്നാൽ, ചലനം അതിന്റെ സഹജ ഗുണമാണ്. അതനുസരിച്ച്, മറ്റൊരു സ്ഥലത്ത് നിന്നും അങ്ങോട്ട് അത് സ്വയം എത്തിച്ചേർന്നതാണ്. ഇവിടെയും രണ്ടു പ്രശ്നങ്ങൾ കാണാം. 

ഒന്ന്, മുകളിൽ പറഞ്ഞ വൈരുധ്യം തന്നെ,  

രണ്ട്, ചലനം പ്രപഞ്ചത്തിന്റെ സഹജ ഗുണമായിട്ടും ആദ്യം അതിന് ചലനമുക്തമായ സാന്നിധ്യമുണ്ടാവുക.


4- ഏതോ ബാഹ്യ ശക്തി അതിനെ അങ്ങോട്ട് നീക്കി. ഇവിടെയും ഉപര്യുക്ത പ്രശ്നം (പരിവർത്തനം ആരംഭിക്കും മുമ്പ് അങ്ങോട്ട് നീങ്ങിയെത്തുകയെന്ന വൈരുദ്ധ്യം) നിലനിൽക്കുന്നു. പ്രപഞ്ചാതീതമായ കാരണത്തെ അംഗീകരിക്കേണ്ടി വരുന്നുമുണ്ട്. (നമുക്കിത് പ്രശ്നമല്ലെങ്കിലും നിരീശ്വര വാദത്തിന്റെ സാധുതക്ക് വേണ്ടി പ്രപഞ്ചത്തിന് അനാദ്യത്വം സങ്കൽപ്പിക്കുന്നവർക്ക് ഇതൊരു വമ്പിച്ച പ്രശ്നം തന്നെയാണ്)


5 - പ്രപഞ്ചം നിർജീവമാണ്. പ്രസ്തുത സ്ഥലത്ത് ആദ്യമേ നിലകൊള്ളുന്നു. ഇത് അസംഭവ്യമാണ്. കാരണം എല്ലാ സ്ഥലവും പ്രപഞ്ചത്തിന് തുല്ല്യമാണ്. പരസ്പരം തുല്യമായ പലതിൽ ചിലതിന് ബാഹ്യ കാരണമില്ലാതെ പ്രാമുഖ്യം ലഭിക്കില്ലെന്ന കാര്യം സുവ്യക്തവുമാണ്. 


6- ജീവൻ, ഹിതം, ശക്തി എന്നീ ഗുണങ്ങൾ മേളിച്ച ഒന്നാണു പ്രപഞ്ചം. പ്രസ്തുത സ്ഥലത്ത് ഹിതാനുസാരം ആദ്യമേ അത് നിലകൊള്ളുന്നു. ഇതും ഒരു അസംബന്ധം തന്നെയാണ്. കാരണം, അനന്തമായ ചലനം അസംബന്ധമാണെന്ന് സ്ഥിരപ്പെട്ട സ്ഥിതിക്ക് ചലനം ഒരു പോയിന്റിൽ നിന്നും ആരംഭിച്ചതായിരക്കും. 


അപ്പൊ പ്രഥമസ്ഥലം

(ചലനം ആരംഭിക്കും മുമ്പുള്ള സ്ഥലം) ഹിതാനുസാരം തെരഞ്ഞെടുക്കുക സാധ്യമല്ല. കാരണം പ്രഥമസ്ഥലം തെരഞ്ഞെടുക്കുന്നത് അതേ സ്ഥലത്ത് വെച്ചു തന്നെയാണെങ്കിൽ ‘സംലഭ്യമായതിനെ വീണ്ടും ലഭ്യമാക്കാൻ’ ശ്രമിക്കലാകും അത്. മറ്റൊരു സ്ഥലത്ത് വെച്ചാണെങ്കിൽ, തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലം പ്രഥമസ്ഥലമാവുകയുമില്ല. 


7- അതിനെ പ്രസ്തുത സ്ഥലത്ത് ഒരു ബാഹ്യ ശക്തി ഹിതാനുസാരം അനാദിയിൽ നിറുത്തി. ഇതും അസംഭവ്യമാണ് കാരണം ബാഹ്യ ശക്തി പ്രഥമ സ്ഥലം അതിന് നിർണയിച്ചു കൊടുത്തപ്പോൾ അത് അതേ സ്ഥലത്തായിരുന്നെങ്കിൽ പ്രസ്തുത നിർണയം ‘സംലഭ്യമായതിനെ വീണ്ടും ലഭ്യമാക്കി കൊടുക്കാൻ’ ശ്രമിക്കലാകും. മറ്റൊരു സ്ഥലത്തായിരുന്നെങ്കിൽ, അത് പ്രഥമസ്ഥലം നിർണയിക്കലാവുകയുമില്ല.


8- പ്രസ്തുത സ്ഥലത്ത് ഇല്ലായ്മക്കു ശേഷം സ്വയം അത് എത്തിച്ചേർന്നു.

ഇതും മൗഢ്യമാണ്. കാരണം പരസ്പരം തുല്യമായ പലതിൽ ചിലതിന് ബാഹ്യ കാരണമില്ലാതെ പ്രാമുഖ്യം ലഭിക്കില്ലെന്ന സുവ്യക്ത സത്യത്തിന്റെ നിരാകരണമാണത്.


9 - പ്രസ്തുത സ്ഥലത്ത് ഇല്ലായ്മക്കു ശേഷം ബാഹ്യ കാരണത്താൽ അത് എത്തിച്ചേർന്നു. സ്ഥലവും മറ്റും നിർണയിക്കാനും ഉണ്മയിലേക്ക് ആനയിക്കാനും അധികാരവും വിജ്ഞാനവുമുള്ള സർവസമ്പൂർണനായ പ്രസ്തുത കാരണത്തെയാണ് അല്ലാഹു എന്നും മറ്റും വിളിക്കുന്നത്.


സന്ദേഹം 3 :

മൂന്നാമത്തെ സധ്യതയനുസരിച്ച് സഹജമായ ഗുണമായിട്ടും ചലനം നിലവിൽ വരാതിരുന്നത് ഏന്തോ വല്ല തടസ്സം മൂലമോ ഏതെങ്കിലും നിബന്ധനയുടെ അഭാവം മൂലമോ ആകാമല്ലോ എന്ന് മറുപടി പറഞ്ഞാൽ എന്ത് പറയും ?


നിവാരണം : 

എ. ഈ മറുപടി ശരിയാണെന്ന് വന്നാൽ പോലും മൂന്നാം സാധ്യതയിലെ രണ്ടാം പ്രശ്നത്തെ മാത്രമാണിത് സ്പർശിക്കുന്നത്. അപ്പോഴും ഒന്നാം പ്രശ്നം മറുപടിയില്ലാതെ നെഞ്ച് വിരിച്ചു നിൽക്കുന്നു


ബി. തടസ്സം പ്രപഞ്ചത്തിന്റെ ഭാഗമാണെങ്കിൽ പിന്നീടും പ്രപഞ്ചം ചലിക്കാൻ പാടില്ല. പ്രപഞ്ചേതരമാണെങ്കിൽ, പ്രപഞ്ചേതര ശക്തിയെ അംഗീകരിക്കേണ്ടിയും വരുന്നു. 


മാത്രമല്ല, ആ തടസ്സം ഇപ്പോൾ എങ്ങനെ നീങ്ങി സ്വതേ നീങ്ങിയതാണോ അതോ ആരോ ഹിതാനുസാരം നീക്കിയതാണോ ?

അതു പോലെ ഉപര്യുക്ത നിബന്ധന ഇപ്പോൾ എങ്ങനെ നിലവിൽ വന്നു. സ്വതേ നിലവിൽ വന്നതാണോ അതോ അതിനെ ആരോ ഹിതാനുസാരം ഉണ്മയിലേക്ക് ആനയിച്ചതാണോ ? എന്നീ ചോദ്യങ്ങൾ ഉയർന്നു വരുകയും അതുവഴി, മുകളിൽ നാം നിരത്തിയ സാധ്യതകൾ അതിലേക്കു കൂടി കടന്നു വരുകയും അനന്ത പശ്ചാത്ഗമനത്തിൽ അത് കലാശിക്കുകയും ചെയ്യും. 


സന്ദേഹം 4 :

പദാർത്ഥികമല്ലാതിരുന്ന പ്രപഞ്ചം പദാർത്ഥികമായി / സ്ഥാലികമായി പരിണമിച്ചതാണെന്നു വന്നാൽ ഉപര്യുക്ത പ്രശ്നങ്ങൾ ഇല്ലാതാകില്ലേ ?


നിവാരണം : 

എ. പദാർത്ഥേതര വസ്തുവിന്റെ ആത്മ ഗുണമാണ് സ്ഥലരാഹിത്യം. എങ്കിൽ, അത് ഇല്ലാതായാൽ ആ വസ്തു ഇല്ലാതാകും. അപ്പോൾ വസ്തു പരിണമിക്കുകയല്ല. പ്രത്യുത ശുദ്ധ ശൂന്യതയിലക്ക് അത് നിഷ്ക്രമിക്കുകയും മറ്റൊരു വസ്തു ഉണ്മയിലേക്ക് ബഹിർഗമിക്കുകയുമാണ്. അവിടെ രണ്ടു മഹാപ്രശ്നങ്ങൾ പരിണാമവാദി അഭിമുഖീകരിക്കേണ്ടി വരുന്നു


ഒന്ന്, വസ്തുവിന് സ്വന്തത്തെ ഇല്ലാതാക്കാനാവില്ല. കാരണം : ഇല്ലാതാക്കുകയെന്ന Cause (കാരണം) ഉണ്ടാവുമ്പോൾ ഇല്ലായ്മയെന്ന effect (ഫലം) നിലവിൽ വന്നിരിക്കണം. ഇല്ലാതാക്കുവാൻ ഇല്ലാതാക്കുന്ന സന്ദർഭത്തിൽ ഇല്ലാതാക്കുന്നവൻ ഉണ്ടായിരിക്കുകയും വേണം. അപ്പോൾ , ഒരു വസ്തു സ്വന്തത്തെ ഇല്ലാതാക്കുകയാണെങ്കിൽ ഒരേ സമയം അത് ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്നുവെന്ന് വരുന്നു


രണ്ട്, വസ്തു ഇല്ലാതായ ശേഷം ഉണ്മയിലെത്തുന്ന രണ്ടാം വസ്തു ശുദ്ധ ശൂന്യതയിൽ നിന്ന് ഉണ്മയിലേക്ക് സ്വയം കടന്നു വന്നുവെന്ന അസംബന്ധം പറയേണ്ടി വരുന്നു


ബി. പരിണാമം രണ്ടു രൂപത്തിൽ സങ്കൽപിക്കാം.

ഒന്ന്, സ്ഥാലികല്ലാത്ത ഒരേ ഒരു വസ്തു പ്രപഞ്ചമായി പരിണമിക്കുക. പ്രപഞ്ചം പല വസ്തുക്കളുടെ സംയുക്തമാണല്ലോ. അപ്പൊ പൂർണമായും ഏകമായ വസ്തു അനേകമായി പരിണമിച്ചുവെന്ന് പറയേണ്ടി വരും അത് സംഭവ്യമല്ല. ഒരു വിത്ത് അനേകം കൊമ്പുകളുള്ള മരമായി മാറുന്നില്ലേ എന്ന് ചോദിച്ചേക്കാം . എന്നാൽ, വിത്ത് പൂർണമായും ഏകമല്ല. വൃക്ഷാംശങ്ങൾ പൂർണമായും പരിണാമത്തിലൂടെ നിലവിൽ വരുകയുമല്ല.


രണ്ട്, അനാദ്യവും സ്ഥാലികവുമായ അനേകം വസ്തുക്കൾ അത്രയും അംശങ്ങൾ ചേർന്ന പ്രപഞ്ചമായി പരിണമിക്കുക. അപ്പോൾ അനാശ്രിതമായ വസ്തുക്കൾ പരസ്പരം ആശ്രയിക്കുന്ന അവസ്ഥയിലേക്ക് പരിണമിച്ചുവെന്ന് പറയേണ്ടി വരും. മുമ്പ് നാം പറഞ്ഞ ആത്മ ഗുണത്തിന്റെ ഇല്ലായ്മക്കു പുറമെ ബഹുദൈവത്വമെന്ന അസംബന്ധവും ബഹുദൈവങ്ങൾ ദിവ്യത്വത്തിന്റെ ഉത്തുംഗതയിൽ നിന്നും പ്രാപഞ്ചികതയുടെ നിമ്ന തലത്തിലേക്ക് അധഃപതിച്ചുവെന്ന മിഥ്യയും പുലമ്പേണ്ടതായി വരുന്നു എന്നതാണ് അതിന്റെ പ്രശ്നം. 


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

സ്രഷ്ടാവ് : ഒരു ധൈഷണിക വിശകലനം

 സ്രഷ്ടാവ് : ഒരു ധൈഷണിക വിശകലനം


പ്രവിശാലമായ പ്രപഞ്ചം ഔചിത്യ

പൂർവം സംവിധാനിച്ച സർവ ശക്തനും സർവ്വ വിജ്ഞനുമാണു ദൈവം. ദൈവാസ്തിക്യം ദാർശനികമായി നമുക്കു വിശകലനം ചെയ്യാം. 


...................................................................................


                     പ്രപഞ്ചം അനാദിയല്ല.

                                     +

                     അനാദിയല്ലാത്ത 

                     ഏതു വസ്തുവിനും 

                     ഒരു സ്രഷ്ടാവുണ്ടാകും.

                                     =

                     എങ്കിൽ, പ്രപഞ്ചത്തിന് 

                     ഒരു സ്രഷ്ടാവുണ്ടാകും.


...................................................................................

                              പ്രിമൈസ് 1

...................................................................................


പരിവർത്തന വിധേയമാണു പ്രപഞ്ചം. അനാദിയായിരുന്നുവെങ്കിൽ, പരിവർത്തനം അതിൽ സാദ്ധ്യമാകുമായിരുന്നില്ല. കാരണം, പ്രാപഞ്ചിക പരിവർത്തനം അപ്പോൾ, മൂന്നിലൊരു രൂപത്തിലാണു സംഭവിക്കുക.


1. ഏതൊരു ഗുണം നിലവിൽ വരും മുമ്പും ഒരു എതിർ ഗുണമെന്ന ക്രമത്തിൽ അത് പശ്ചാത്ഗമിക്കുക. അപ്പോൾ ഏതു ഗുണം നിലവിൽ വരുന്നതും അനന്ത ഗുണങ്ങൾ തീർന്നു പോയതിനു ശേഷമായിരിക്കും. അനന്ത ഗുണങ്ങൾ / തീരാത്തത്രയും ഗുണങ്ങൾ തീർന്നു പോകൽ വൈരുദ്ധ്യമാണ് / അസാദ്ധ്യമാണ്.


2. പ്രസ്തുത ശൃംഖല, പ്രപഞ്ചത്തിന്റെ നിർഗുണാവസ്ഥയിൽ നിന്നു പ്രയാണം തുടങ്ങുക. ഇത് അസാദ്ധ്യമാണെന്നു വ്യക്തം. 


3. അനാദ്യ ഗുണങ്ങൾ നിലവിലിരിക്കെ അനാദ്യേതര ഗുണങ്ങൾ നിലവിൽ വരുക. ഈ രൂപവും അസാദ്ധ്യം. എന്തു കൊണ്ടെന്നാൽ, അനാദ്യേതര ഗുണങ്ങൾ നിലവിൽ വന്നപ്പോൾ അനാദ്യമായ പ്രകൃതം പ്രപഞ്ചത്തിനു കൈമോശം വന്നു / ഇല്ലാതായി. എന്നാൽ, അനാദ്യമായ ഉൺമയുള്ള ഒരു കാര്യവും ഇല്ലാതാവില്ല.


കാരണം, അനാദിയുടെ ഉൺമയ്ക്ക് നാലേ നാലു സാധ്യതകളാണുള്ളത്.

1. നിരുപാധികം, സ്വതേ അനിവാര്യം. 

2. നിരുപാധികം, അനിവാര്യത്താൽ അനിവാര്യം. ഇവ രണ്ടും ഇല്ലാതാവുകയില്ലെന്നു വ്യക്തം.

3. സോപാധികം, അനിവാര്യം.

4. സോപാധികം, അനിവാര്യത്താൽ അനിവാര്യം. 


അനാദിയുടെ ഉൺമയ്ക്ക് പുതു ഉപാധി സാദ്ധ്യമല്ല. അനാദ്യ ഉപാധിയാണെങ്കിൽ, നിരുപാധിക ഉപാധിയിൽ കലാശിക്കുകയും ചെയ്യും. ഇല്ലെങ്കിൽ മുകളിൽ സൂചിപ്പിച്ച പശ്ചാത്ഗമനം സംഭവിക്കും. 


നിരുപാധിക ഉപാധിയിൽ കലാശിക്കുന്ന അനാദിയും അനിവാര്യം തന്നെയാണ്. എങ്കിൽ, സോപാധികം അനിവാര്യമായവയിലും ഇല്ലായ്മ സാദ്ധ്യമല്ല. ചുരുക്കത്തിൽ, പ്രപഞ്ചം അനാദിയായിരുന്നുവെങ്കിൽ, ഒരു വിധേനയും പരിവർത്തനം അതിൽ സാദ്ധ്യമാകുമായിരുന്നില്ല.


...................................................................................

                               പ്രിമൈസ് 2

...................................................................................


അനാദിയല്ലാത്ത / ഇല്ലായ്മയ്ക്കു ശേഷമുണ്ടായ ഒന്നും സ്വതേ അനിവാര്യമല്ല. അല്ലെങ്കിൽ, അത് അനാദിയാകുമായിരുന്നുവല്ലോ. എങ്കിൽ മറ്റൊന്നു കാരണമാണതു നിലവിൽ വരുക . മേൽ കാരണം അനിവാര്യമല്ലെങ്കിൽ, അതും തഥൈവ.ആ ശൃംഖല അനുസ്യൂതം നീണ്ടു പോകില്ലെന്നു തീർച്ച.


ഒന്നാമത്, ശൃംഖല അനന്തതയിലേക്കു നീളുന്ന പക്ഷം, ശൃംഖലയിലെ ഏതൊരു കണ്ണി ഉൺമയിലെത്താനും അസംഖ്യം കണ്ണികൾ, /തീരാത്ത കണ്ണികൾ, തീർന്നു പോകണം. അസംഖ്യം കണ്ണികൾ, / തീരാത്ത കണ്ണികൾ, തീർന്നു പോകില്ലെന്നു വ്യക്തം.


രണ്ടാമത്, ശൃംഖലയിലെ എല്ലാകണ്ണിയും പരാശ്രിതമാണ് എങ്കിൽ, ശൃംഖല തന്നെ നിലവിലില്ലെന്നു / നിലവിൽ വന്നിട്ടില്ലെന്നു വരും. ഉദാഹരത്തിലൂടെ വിവരിക്കാം.


എ. പൂജ്യത്തിന് അനാശ്രിത മൂല്യമില്ല. അസംഖ്യം പൂജ്യങ്ങൾ വിഭാവനം ചെയ്താലും ഫലം പൂജ്യം തന്നെ.

എന്നാൽ: പൂജ്യം, എണ്ണൽ സംഖ്യയിൽ കലാശിച്ചാൽ അതിനു പരാശ്രിത മൂല്യം കൈവരുന്നു.


ബി. ഒരാൾ മറ്റൊരാളെ ചാരി നിൽക്കുന്നു. അവൻ മൂന്നാമനെ, മൂന്നാമൻ നാലാമനെ..... ഈ ശൃംഖല, ആരെയും ചാരാതെ നിൽക്കുന്ന വ്യക്തിയിലോ ഭിത്തിയിലോ മറ്റോ അവസാനിച്ചില്ലെങ്കിൽ

ആരും ചാരി നിൽപ്പുണ്ടാവില്ല. 


...................................................................................

                               കൺക്ലൂഷൻ

...................................................................................


അനാദിയല്ലാത്ത ഏതു വസ്തുവിനും അനാശ്രിതനായ ഒരു സ്രഷ്ടാവ് ഉണ്ടാകുമെന്ന നിർണയനത്തിലേക്ക് ഉപര്യുക്ത വിവരണം നമ്മെ നയിക്കുന്നു.


...................................................................................


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി