സന്ദേഹം :
പ്രപഞ്ചം സൃഷ്ടിക്കും മുമ്പ് അല്ലാഹു എന്ത് ചെയ്യുകയായിരുന്നു ?
നിവാരണം :
എ. അല്ലാഹുവിന്റെ ചെയ്തി സൃഷ്ടിയാണ്. അപ്പോൾ ഈ ചോദ്യത്തിന്റെ അർത്ഥം : ‘അല്ലാഹു വല്ലതും സൃഷ്ടിക്കും മുമ്പ് എന്തു സൃഷ്ടിക്കുക യായിരുന്നു’ എന്നാണ്. ഇതൊരു മണ്ടൻ [വൈരുധ്യാത്മക] ചോദ്യമാണെന്നു വ്യക്തം.
ബി. ഒന്നും സൃഷ്ടിക്കാതിരിക്കൽ അല്ലാഹുവിനു ന്യൂനതയല്ല. കാരണം; സൃഷ്ടിക്കുമ്പോൾ നിലവിൽവരുന്ന പൂർണത ഉൺമയാണ്. പ്രപഞ്ചത്തിനാണ് അതു കൈവരുന്നത്, സ്രഷ്ടാവിനല്ല.
എങ്കിൽ, സൃഷ്ടിച്ചാലും ഇല്ലെങ്കിലും സ്രഷ്ടാവിന് യാതൊരു വിധ പൂർണതയും ന്യൂനതയും കൈവരുകയില്ല. ഉൺമയും, ഉൺമ പ്രദാനം ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള സമ്പൂർണ ശക്തിയും ആദ്യമേ അല്ലാഹുവിനുണ്ട് താനും.
സി. മുമ്പും ശേഷവും സമയ സൂചക ശബ്ദങ്ങളാണെങ്കിലും, പ്രപഞ്ചം സൃഷ്ടിക്കപ്പെടും മുമ്പ് എന്ന പ്രയോഗം കാലത്തെ കുറിക്കാനുള്ളതല്ല. പ്രത്യുത ഒന്നുമില്ലായ്മയുടെ / സ്ഥല-കാല രഹിതമായ ശൂന്യതയുടെ ആവിഷ്കാരം മാത്രമാണത്.
പ്രപഞ്ചവും, കാലത്തിനു നിദാനമായ ചലനവും, ഉൺമയിലേക്ക് വന്നതിനു ശേഷമാണ് കാലം നിലവിൽ വരുന്നത്. ചലന നിശ്ചലം പോലുള്ള പ്രാപഞ്ചിക ഗുണങ്ങളും, സ്ഥല കാല സങ്കൽപങ്ങളും, സ്ഥല-കാലങ്ങൾ സംവിധാനിച്ച പ്രപഞ്ച ചാലകനായ അല്ലാഹുവിന് ബാധകവുമല്ല.
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി
No comments:
Post a Comment