തിരുനബി (ﷺ) യുടെ വിവാഹം ഒരു ദാർശനിക വിശകലനം Part 1
തിരുനബി (ﷺ) യുടെ ബഹുഭാര്യത്വം
പ്രവാചക ശൃംഖലയുടെ അവസാന കണ്ണിയും സൃഷ്ടികളിൽ അത്യുൽകൃഷ്ടരും വിശ്വാസികളുടെ ചങ്കിലെ ചോരയും ജീവന്റെ തുടിപ്പുമായ മുഹമ്മദ് നബി (ﷺ) യുടെ സംശുദ്ധ വ്യക്തിത്വത്തെ താറടിക്കാനും ഇകഴ്ത്തി കാണിക്കാനും തൽപര കക്ഷികൾ ജുഗുപ്സാവഹമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമാണ് പ്രവാചകരുടെ ബഹുഭാര്യത്വമായി ബന്ധപ്പെട്ട അവരുടെ ആരോപണം
തിരുനബി (ﷺ) യ്ക്ക് ഒരേസമയം ഒമ്പത് ഭാര്യമാരുണ്ടായിരുന്നത് കാമാസക്തി മൂലമായിരുന്നുവെന്ന് ചില മനോരോഗികൾ ജൽപിക്കുന്നു. ഉഭയ സമ്മത പ്രകാരം എത്ര കാമുകീ കാമുകന്മാരുമായും ലൈംഗികബന്ധമാവാം , അതിൽ യാതൊരു അധാർമികതയുമില്ല എന്നു വാദിക്കുന്ന യുക്തിശൂന്യ വാദികളാണ് അവരുടെ മുൻനിരയിൽ എന്നതാണ് ഏറ്റവും വലിയ തമാശ.
പ്രവാചകരുടെ വൈവാഹിക ജീവിതം പഠനവിധേയമാക്കിയാൽ വിമർശനത്തിൽ അശേഷം കഴമ്പില്ലെന്നു കാണാം. മക്കയിലെ അത്യുന്നത കുലത്തിൽ പിറന്ന, നാട്ടുകാരുടെ സ്നേഹാദരങ്ങളോടെ വളർന്ന സുമുഖരും സുശീലരുമായ പ്രവാചക തിരുമേനിയുടെ ആദ്യ വിവാഹം ഇരുപത്തിയഞ്ചാം വയസിലാണ്. മുമ്പ് രണ്ടു തവണ വിവാഹം കഴിഞ്ഞ 40 വയസ്സു തികഞ്ഞ ഖദീജ ബിന്ത് ഖുവൈലിദ് (റളിയല്ലാഹു അൻഹാ) യാണ് വധു.
ഇനിയൊരു വിവാഹം വേണ്ടെന്നു തീരുമാനമെടുത്ത് കഴിയുകയായിരുന്ന അവർ, തിരുനബിയുടെ വ്യതിരിക്തമായ വിശ്വസ്തതയിലും വിശിഷ്ടമായ സ്വഭാവ മഹിമയിലും ആകൃഷ്ടരായി ഇങ്ങോട്ട് വിവാഹം അന്വേഷിക്കുകയായിരുന്നു. ആ ദാമ്പത്യ ജീവിതം 25 വർഷം തുടർന്നു. സമൂഹത്തിൽ ബഹുഭാര്യത്വം വലിയ തോതിൽ നിലവിലുണ്ടായിരുന്നുവെങ്കിലും സുദീർഘമായ പ്രസ്തുത കാലയളവിൽ മറ്റൊരു വിവാഹത്തിന് തങ്ങൾ ശ്രമിച്ചില്ല.
ഖദീജ (റളിയല്ലാഹു അൻഹാ) യുടെ മരണ ശേഷം തങ്ങളുടെ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നുവന്നത് 66 വയസ്സുള്ള സൗദ ബിൻത് സംഅ (റളിയല്ലാഹു അൻഹാ) യാണ്.
ഖദീജ ബീവി (റളിയല്ലാഹു അൻഹാ) പ്രവാചകരേക്കാൾ 15 വയസ്സ് കൂടിയവരും സൗദ ബീവി (റളിയല്ലാഹു അൻഹാ) 16 വയസ്സ് കൂടിയവരുമായിരുന്നു. മറ്റു ഭാര്യമാരിൽ പലരും 35 ന് മുകളിലുള്ളവരായിരുന്നു. അവരിൽ ആയിഷ (റളിയല്ലാഹു അൻഹാ) അല്ലാത്തവരെല്ലാം വിധവകളായിരുന്നു.
സത്യ മതത്തിൻറെ പ്രചാരണം , വിധവ സംരക്ഷണം തുടങ്ങിയ മഹത് ലക്ഷ്യങ്ങളായിരുന്നു പ്രസ്തുത വിവാഹങ്ങൾക്കെല്ലാം പിന്നിലെന്ന വസ്തുതയ്ക്ക് ഇതെല്ലാം ഉപോൽബലകമാണ്.
പ്രവാചകർ ധാരാളം വിവാഹം കഴിക്കുകയും അനുയായികൾക്ക് നാലിലേറെ വിവാഹം അനുവദിക്കാതിരിക്കുകയും ചെയ്തുവെന്ന ആരോപണം ഉപര്യുക്ത വസ്തുതകളാൽ നിഷ്പ്രഭമാകുമെങ്കിലും അതുമായി ബന്ധപ്പെട്ട് ചില വസ്തുതകൾ കൂടി വിവരിക്കാം.
പ്രവാചക തിരുമേനിക്ക് നിർബന്ധവും സമുദായത്തിന് ഐച്ഛികവുമായ കാര്യങ്ങളുണ്ട്.
ളുഹാ നമസ്കാരം , വിത്റ് നിസ്കാരം , തഹജ്ജുദ് നിസ്കാരം , ബലിദാനം/ ഉളുഹിയ്യത്ത് , വായ ശുദ്ധീകരണം , മതനിയമങ്ങൾ അല്ലാത്തതിൽ കൂടിയാലോചന നടത്തൽ , പത്നിമാർക്ക് തൻറെ കൂടെ കഴിയാനും തന്നെ വിട്ടു പോകാനും സ്വാതന്ത്ര്യം നൽകൽ , യുദ്ധവേളയിൽ ശത്രുക്കൾ എത്ര കൂടുതലാണെങ്കിലും ഉറച്ചുനിന്നു പൊരുതൽ , നിർധനരായി മരിച്ച വ്യക്തികളുടെ കടം വീട്ടൽ എന്നിവ ആ ഗണത്തിൽ വരും
പ്രവാചക തിരുമേനിക്ക് നിഷിദ്ധവും സമുദായത്തിന് അനുവദനീയവുമായ കാര്യങ്ങളുമുണ്ട്. സക്കാത്ത് സ്വീകരിക്കൽ , സ്വദഖ സ്വീകരിക്കൽ , വേദക്കാരിയെ വിവാഹം കഴിക്കൽ തുടങ്ങിയവ ഇതിനുദാഹരണമാണ്.
തഥൈവ, പ്രവാചക തിരുമേനിക്കു മാത്രം അനുവദിച്ച ചില കാര്യങ്ങളുണ്ട്. ഇഫ്ത്വാർ ഇല്ലാതെ തുടർച്ചയായി നോമ്പനുഷ്ഠിക്കാൻ നബിക്കു മാത്രമാണ് അനുമതിയുള്ളത്. അത്തരത്തിലൊന്നാണ് നാലിലേറെ ഭാര്യമാരുടെ ഉത്തരവാദിത്വം ഒന്നിച്ച് ഏറ്റെടുക എന്ന കാര്യം
പ്രസ്തുത നിയമം അല്ലാഹുവിങ്കൽ നിന്ന് അവതീർണമായതല്ലായിരുന്നുവെങ്കിൽ / ഇംഗിതാനുസൃതം തങ്ങൾ തന്നെ കെട്ടിച്ചമച്ചുണ്ടാക്കിയതായിരുന്നുവെങ്കിൽ
എല്ലാവർക്കും എത്രയും വിവാഹം തങ്ങൾ അനുവദിക്കുമായിരുന്നു. കാരണം , മറ്റുള്ളവരുടെ മോഹങ്ങൾ സാക്ഷാത്കരിക്കപ്പെടുക എന്നത് തങ്ങളുടെ മോഹം പൂവണിയുന്നതിന് തടസ്സമല്ലല്ലോ. വിമർശനത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. മുഹമ്മദ് നബി അതിബുദ്ധിമാൻ ആയിരുന്നുവെന്ന് ശത്രുക്കൾ പോലും സമ്മതിക്കുന്നതുമാണ്.
നാലു വിവാഹം കഴിച്ച വ്യക്തിക്ക് ആ ഭാര്യമാരിൽ ചിലർ മരിക്കുകയോ മൊഴി ചൊല്ലേണ്ട സാഹചര്യം ഉണ്ടാവുകയോ ചെയ്താൽ വേറെ വിവാഹം ചെയ്യാം. നാലുപേരും ഭാര്യാ പദവിയിൽ നിന്ന് നീങ്ങിയാൽ വേറെ നാലു പേരെ വിവാഹം ചെയ്യാം. അവർ നീങ്ങിയാൽ വീണ്ടും അപ്രകാരം ചെയ്യാം. എന്നാൽ, നിലവിലുള്ള ഭാര്യമാരല്ലാത്ത ഒരാളെ ഭാര്യമാരായി സ്വീകരിക്കൽ പ്രവാചകർക്കു നിരുപാധികം നിഷിദ്ധമാണ് (വി. ഖുർആൻ 33/52).
അതിനെല്ലാം പുറമേ, പ്രവാചകർ സ്വല്ലല്ലാഹു അലൈഹി വസല്ലമിന്റെ ജീവിതത്തിലെ ദിനരാത്രങ്ങൾ തിരക്കുപിടിച്ചതായിരുന്നു. പ്രബോധനം , അധ്യാപനം , ശിക്ഷണം , വിധിനിർണയം , സൈനിക സജ്ജീകരണം, വിദേശ പ്രതിനിധികൾക്കു സ്വീകരണം, അവരുമായുള്ള ബോധന കൂടിക്കാഴ്ചകൾ, നിരന്തര യാത്രകൾ , വൃതാനുഷ്ഠാനം , രാത്രിയിലെ നീണ്ട നിസ്കാരം , സാന്ത്വന പ്രവർത്തനങ്ങൾ ... തുടങ്ങി സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടമകളുടെ നിർവഹണത്താൽ നിർഭരമായിരുന്നു ആ ജീവിതം. ഇതൊരു അനിഷേധ്യ ചരിത്രമാണ്. തങ്ങൾ ഒരു സുഖലോലുപനായ രാജാവല്ല മറിച്ച് ത്യാഗി വര്യനായ പ്രവാചകനാണ് എന്ന സത്യം ഇതിലൂടെ അനാവൃതമാകുന്നു.
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി
No comments:
Post a Comment