كتبه الشيخ عبد الجليل السعدي المليباري الهندي في فيسبوك.
ونقلته هنا
*ഇസ്ലാം ധൈഷണിക ദർപ്പണത്തിൽ*
മനുഷ്യ ഭൂത വിഭാഗങ്ങൾക്ക് മാർഗ്ഗദർശനം നൽകുവാൻ മുഹമ്മദ് നബി (ﷺ) യ്ക്ക് അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമാണു വിശുദ്ധ ഖുർആൻ. ഏക ദൈവികത, പ്രവാചകത്വം, പുനർ ജീവിതം എന്നീ മൗലിക കാര്യങ്ങളെ ഖുർആൻ പ്രമാണ ബന്ധിതമായി കൈകാര്യം ചെയ്യുന്നു
സന്ദേഹം 1
അല്ലാഹു ഉണ്ടെന്നതിന് എന്താണു തെളിവ് ?
നിവാരണം :
നാം അധിവസിക്കുന്ന പ്രപഞ്ചം പരിവർത്തന വിധേയമാണ്.
പരിവർത്തനം ഇല്ലായ്മക്ക് ശേഷം നിലവിൽ വരുന്ന ഒരു പ്രതിഭാസമാണ്
എങ്കിൽ അതിനൊരു കാരണം അനിവാര്യമാണ്.
പ്രസ്തുത കാരണം ഇല്ലായ്മയിൽ നിന്ന് നിർഗമിച്ചതാണെങ്കിൽ അതിനുമൊരു കാരണം ഉണ്ടാകും.
ആ ശൃംഖല അനന്തതയിലേക്ക് നീണ്ടു പോകില്ല.
അല്ലായെങ്കിൽ, ശൃംഖലയിലെ അനന്തമായ മുൻ കണ്ണികളെല്ലാം അവസാനിച്ചതിനു ശേഷമാണ് നിലവിലെ കണ്ണി ഉൺമയിലെത്തുക. എന്നാൽ അനന്തമായത് എങ്ങനെ അവസാനിക്കും !
മാത്രമല്ല,ശൃംഖലയിലെ കണ്ണികൾക്കൊന്നിനും സ്വന്തമായി അസ്ഥിത്വമില്ലെങ്കിൽ ശൃംഖലക്ക് അസ്തിത്വം ഉണ്ടായിരിക്കില്ല.
ഉദാഹരണം :
എ. സ്വയം മൂല്യമില്ലാത്തൊരു സംഖ്യയാണു പൂജ്യം. അനന്ത പൂജ്യങ്ങളെ വിഭാവനം ചെയ്താലും ഇതാണു സ്ഥിതി.
എന്നാൽ, സ്വയം മൂല്യമുള്ള എണ്ണൽ സംഖ്യയിൽ അവസാനിക്കുന്ന പക്ഷം പൂജ്യങ്ങൾക്ക് മൂല്യം കൈവരുന്നു.
ബി. ഒരാൾ അപരനെ ചാരി നിൽക്കുന്നു, അവൻ മറ്റൊരാളെ, അവൻ വേറൊരുത്തനെ..... ഈ ശൃംഖല ആരെയും ചാരാതെ നിൽക്കുന്ന വ്യക്തിയിലോ ഭിത്തിയിലോ അവസാനിക്കുന്നില്ലെങ്കിൽ
ആരും ചാരി നിൽക്കുന്നുണ്ടാവില്ല /എല്ലാവരും വീണു കിടക്കുകയായിരിക്കും.
തഥൈവ, സ്വയം ഉൺമയില്ലാത്ത കാരണ ശൃംഖല അനന്തതയിലേക്ക് പശ്ചാത്ഗമിക്കുകയില്ല
എങ്കിൽ ആ ശൃംഖല, ഒരു കാരണത്തെയും ആശ്രയിക്കാത്ത / മുമ്പൊരു ഇല്ലായ്മ ഉണ്ടായിട്ടില്ലാത്ത / ഉൺമ നിർബന്ധമായ ഹിതാനുസാരം സൃഷ്ടി കർമം നിർവഹിക്കുന്ന ഒരു ആത്യന്തിക കാരണത്തിൽ അവസാനിക്കുക തന്നെ ചെയ്യുമെന്ന് നാം അറിയുന്നു. അവനാണു ദൈവം
സന്ദേഹം 2
സൂക്ഷ്മ ലോകത്ത് കാര്യം കാരണവും കാരണം കാര്യവുമാണ് എന്ന് ചിലർ പറയാറുണ്ടല്ലോ ?
നിവാരണം :
എ, ബി യുടെ ഉൺമയ്ക്കും ബി, എ യുടെ ഉൺമയ്ക്കും കാരണമായാൽ എ, ബി യുടെ മുമ്പും ബി, എ യുടെ മുമ്പും ഉണ്ടായിരുന്നുവെന്ന വൈരുദ്ധ്യം സംഭവിക്കും.
എ, ബി യുടെ ഉൺമയ്ക്കും ബി, സി യുടെ ഉൺമയ്ക്കും സി, എ യുടെ ഉൺമയ്ക്കും
കാരണമായാലും ഇതാണു സ്ഥിതി.
സന്ദേഹം 3
ആ ദൈവം അല്ലാഹു തന്നെ ആവേണ്ടതുണ്ടോ / ഡിങ്കനായാലെന്താ ?
നിവാരണം :
മുസ്‌ലിംകൾ, അല്ലാഹുവെന്ന് വിളിക്കുന്ന പ്രപഞ്ച സ്രഷ്ടാവായ ദൈവത്തെ ഡിങ്കനെന്നോ മറ്റോ ആരെങ്കിലും വിളിക്കുന്നുവെങ്കിൽ അതൊരിക്കലും ദൈവത്തിന്റെ കാര്യത്തിലുള്ള വീക്ഷണ വൈജാത്യമല്ല. പ്രത്യുത, നാമകരണത്തിലെ ഒരു ഭിന്നത മാത്രമാണ്
ഇനി കഥകളിലെ, ദൈവമായി പരിണമിച്ച മൂഷികനാണ് ഡിങ്കനെങ്കിൽ, അതു ശുദ്ധ ഭോഷ്കാണ്. കാരണം ദൈവം, (ഉൺമയ്ക്കു) തുടക്കമില്ലാത്തവനും ഉൺമ അനിവാര്യമായവനും അനാശ്രിതനുമാണ്. ദൈവേതരമായ വസ്തുക്കൾക്കെല്ലാം തുടക്കമുണ്ട്.
എങ്കിൽ, അവയ്ക്ക് ഉൺമ അനിവാര്യമല്ല.അപ്പോൾ ഉൺമയുടെ കാര്യത്തിൽ അവയെല്ലാം പരാശ്രിതമാണ്. തുടക്കമുള്ളത് തുടക്കമില്ലാത്തതായും അനിവാര്യമല്ലാത്തത് അനിവാര്യമായും പരാശ്രിതം അനാശ്രിതമായും പരിണമിക്കുകയില്ലെന്നു വ്യക്തം.
സന്ദേഹം 4
ഏക ദൈവികതക്ക് എന്താണ്
തെളിവ് ?
നിവാരണം :
പ്രവാചകന്മാരുടെ ദൈവിക ബോധനം അതിനു തെളിവാണ്. അതിനുപുറമേ
നമുക്ക് അതൊന്ന് ധൈഷണികമായി വിശകലനം ചെയ്യാം :
ദൈവം സർവ്വസമ്പൂർണനും
സർവ്വശക്തനുമാണ്. ഒന്നാമത്, ഇതൊരു സുഗ്രഹമായ യാഥാർത്ഥ്യമാണ്.
രണ്ടാമത്, അനാദ്യനായ ദൈവത്തിന്റെ ഗുണങ്ങൾ വേറൊരാൾ ഹിതാനുസൃതം നൽകുന്നവയല്ല.
എങ്കിൽ ദൈവ സംഗതമായ ഗുണങ്ങളിൽ / പൂർണതകളിൽ ചിലത് അവനിൽ ഉണ്ടാവുകയും മറ്റു ചിലത് ഉണ്ടാവാതിരിക്കുകയും ചെയ്യുകയില്ലെന്നു വ്യക്തം.
സർവ്വശക്തരായ രണ്ടു പേരുണ്ടായാൽ സ്ഥിതി എന്തായിരിക്കുമെന്ന് നോക്കാം.
ഒരാൾ വലിക്കുന്നു, അപരൻ പിടിച്ചു വെക്കുന്നു. രണ്ടു പേരും വിജയിച്ചാൽ വസ്തു ഒരേസമയം ചലിക്കുകയും നിശ്ചലമാവുകയും ചെയ്യുകയെന്ന വൈരുദ്ധ്യം സംഭവിക്കും.
രണ്ടു പേരും പരാജയപ്പെട്ടാൽ
രണ്ടുതരം വൈരുദ്ധ്യത്തിൽ അത് കലാശിക്കും.
ഒന്ന്, സർവശക്തരുടെ കഴിവു കേട്.
രണ്ട്, ഉപര്യുക്ത ചലന നിശ്ചലത.
കാരണം ; ഒന്നാമൻ വലിച്ചതു മൂലം നിലവിൽവന്ന ചലനമാണ് രണ്ടാമൻ പരാജയപ്പെടാൻ കാരണം.
രണ്ടാമൻ പിടിച്ചു നിർത്തിയതു മൂലം അനിവാര്യമായിത്തീർന്ന നിശ്ചലതയാണ് ഒന്നാമൻ പരാജയപ്പെടാൻ കാരണം
എങ്കിൽ രണ്ടുപേരും പരാജയപ്പെട്ടാൽ ഒരേ സമയം വസ്തു ചലിക്കുകയും നിശ്ചലമാവുകയും ചെയ്യേണ്ടിവരും.
അപ്പോൾ ബഹു ദൈവങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ / ഉണ്ടാകാമായിരുന്നുവെങ്കിൽ ഇത്തരം അസംഭവ്യം സംഭവ്യമാകുമായിരുന്നു. (കാരണം , സൃഷ്ടികർമം നിർവഹിക്കാനും നിശ്ചയിക്കാനും പരമാധികാരം ഉള്ളവനാണല്ലോ ദൈവം) അസംഭവ്യം സംഭവ്യമാകൽ അസംഭവ്യമാണു /വൈരുദ്ധ്യമാണു താനും
സന്ദേഹം 5
മുഹമ്മദ് നബി (ﷺ) പ്രവാചകനാണെന്ന് എങ്ങനെ മനസ്സിലാക്കാം ?
നിവാരണം :
ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.
ഒരു രാജാവ് തന്റെ പ്രജകൾക്ക് ചില സന്ദേശങ്ങൾ കൈമാറുവാൻ അവരിൽ നിന്നൊരാളെ നിയോഗിച്ചു. ദൂതൻ ജനമദ്ധ്യേ ഉറക്കെ സന്ദേശം വായിച്ചു കേൾപിക്കുന്നു.
വ്യാജ ദൂതൻമാരിൽ നിന്നും തന്നെ വ്യതിരിക്തനാക്കുന്ന ചില രാജകീയ മുദ്രകൾ സത്യ ദൂതനിൽ കാണാവുന്നതിനാൽ ജനം വഞ്ചിതരാവുകയില്ല.
തഥൈവ, ജഗരാജനായ ദൈവം തന്റെ ദാസരായ പ്രജകൾക്ക് ചില സന്ദേശങ്ങൾ ചില മഹാമനീഷികളിലൂടെ കൈമാറി യിരിക്കുകയാണ്. വ്യാജവാദികൾക്ക്
/കോമരങ്ങൾക്ക് ഒരിക്കലും പ്രദർശിപ്പിക്കാൻ കഴിയാത്ത സമുജ്ജ്വലമായ രാജകീയ (ദൈവീക) പ്രമാണങ്ങൾ സഹിതമാണ് ദൈവം അവരെ നിയോഗിച്ചിരിക്കുന്നത്.
വ്യാജവാദികളാണെങ്കിൽ സൃഷ്ടി കഴിവുകൾക്ക് അതീതമാണെന്ന് സുതരാം വ്യക്തമായ /മൃതരെ പുനർ ജീവിപ്പിക്കൽ, വിശുദ്ധ ഖുർആൻ പോലുളള ദീപ്ത ദൃഷ്ടാന്തങ്ങളാൽ നിരന്തരം അവർ ശാക്തീകരിക്കപ്പെടുകയില്ല. വിശിഷ്യാ, പ്രവാചകത്വത്തിന്റെ ദൈവിക സാക്ഷ്യങ്ങളായി അവയെ അവർ അവതരിപ്പിക്കുമ്പോൾ
സന്ദേഹം 6
ഖുർആൻ സൃഷ്ടി കഴിവുകൾക്ക് അതീതമാണെന്ന് എങ്ങനെ മനസ്സിലാക്കാം ?
നിവാരണം :
ഖുർആന്റെ ദൈവികതയിൽ സംശയിക്കുന്നവരെ ഖുർആനിന് /ഖുർആനിലെ ഏറ്റവും ചെറിയ അധ്യായത്തിന് സമാനമായ ഒരു വചനം കൊണ്ട് വരാൻ പതിനാല് ശതകങ്ങളായി ഖുർആൻ വെല്ലു വിളിച്ചു കൊണ്ടിരിക്കുകയാണ്.
അറബി ഭാഷാ സാഹിത്യത്തിലെ അഗ്രേസരൻമാർ അന്നും ഇന്നും എന്നും പ്രതിയോഗി പാളയത്തിൽ സുലഭമാണ്. ആധുനികവും പൗരാണികവുമായ സർഗ്ഗാത്മക ഉൽപ്പന്നങ്ങൾ കൺമുന്നിൽ കുമിഞ്ഞ് കൂടിക്കിടക്കുന്നുമുണ്ട്.
എന്നിട്ടും, ഇതാ.. ഇത് ഖുർആനുമായി സമാനത പുലർത്തുന്നുവെന്ന് അവകാശപ്പെട്ട് ഒരു വിദ്വാനും ഇത:പര്യന്തം രംഗത്തു വന്നിട്ടില്ല.സമീപ കാലത്ത് പ്രത്യക്ഷപ്പെട്ട, ഖുർആനേതര ഗദ്യങ്ങളുടെ നാലയലത്തുപോലും എത്താത്ത പിതൃശൂന്യമായ ചവറുകൾ പരാമർശം അർഹിക്കുന്നില്ല
ഇതിന് ബൗദ്ധികമായി രണ്ടിലൊരു കാരണമാണ് പറയാൻ സാധിക്കുക. ഒന്നെങ്കിൽ ഖുർആൻ സൃഷ്ടി കഴിവുകൾക്കതീതമായ ഭാഷാ മികവ് പുലത്തുന്നു. അല്ലെങ്കിൽ, സൃഷ്ടി കഴിവുകൾക്കതീതമല്ലാതിരുന്നിട്ടും സമാനമായത് രചിക്കുന്നതിൽ നിന്നും സർവ്വരെയും അസാധാരണമാം വിധം സ്രഷ്ടാവ് പിന്തിരിപ്പിക്കുന്നു.
രണ്ടായാലും, ഈ ഗ്രന്ഥം എന്റെ പ്രവാചകത്വത്തിന് തെളിവാണെന്ന് വാദിക്കുന്ന മുഹമ്മദ് നബി (ﷺ) യെ ദൈവം പിന്തുണക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തം.
നബി (ﷺ) യിലൂടെ വെളിപ്പെട്ട
(പരശതം പേർക്ക് അംഗസ്നാനം വരുത്താൻ പര്യാപ്തമായ ജലം വിരലുകൾക്കിടയിലൂടെ നിർഗളിച്ചതടക്കം) പരസഹസ്രം ദൃഷ്ടാന്തങ്ങളെയും നബി (ﷺ) യെ യഥാവിധം അനുഗമിച്ച അനുയായികളുടെ
/ഔലിയാക്കളുടെ കൈക്ക് പ്രത്യക്ഷപ്പെട്ട ലക്ഷോപലക്ഷം അൽഭുത കൃത്യങ്ങളെയും
ഇതിലേക്കു ചേർക്കാം.
സന്ദേഹം 7
പുനർജീവിതവും തദനന്തര രക്ഷാ ശിക്ഷകളും എങ്ങനെ തെളിയിക്കാം ?
നിവാരണം :
മുഹമ്മദ് നബി (ﷺ) യുടെ പ്രവാചകത്വവും ഖുർആൻെറ ദൈവികതയും സ്ഥിരീകരിക്കപ്പെട്ടതോടെ തിരുനബി (ﷺ) പഠിപ്പിച്ച ഉപര്യുക്ത കാര്യങ്ങൾ സ്ഥിരീകരിക്കപ്പെട്ടു.
അല്ലെങ്കിലും, ശുദ്ധ ശൂന്യതയിലേക്ക് എന്നെന്നേക്കുമായി നിഷ്ക്രമിക്കാൻ സൃഷ്ടിക്കപ്പെട്ടവനാണോ മനുഷ്യൻ ! അത്തരമൊരു വ്യർത്ഥ നാടകം സംവിധാനിച്ചിരിക്കുകയാണോ ദൈവം !
“നിങ്ങളെ നാം വൃഥാ സൃഷ്ടിച്ചിരിക്കുകയാണെന്നും നിങ്ങളെ നമ്മിലേക്ക് പുനരാഗമനം ചെയ്യിക്കപ്പെടുകയില്ലെന്നും നിനച്ചുവോ” (വി. ഖുർആൻ 23/ 115)
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി
No comments:
Post a Comment