സനാദിയായ പ്രപഞ്ചവും അനാദ്യനായ ദൈവവും
- അബ്ദുൽ ജലീൽ സഅദി രണ്ടത്താണി -
സന്ദേഹം 1 :
പ്രപഞ്ചം അനാദിയാണെന്ന സങ്കല്പത്തിൽ എന്ത് യുക്തിരാഹിത്യമാണ് നിങ്ങൾ കാണുന്നത്. അനാദ്യത്വം, ദൈവത്തിന് നിങ്ങളും അവകാശപ്പെടുന്നുണ്ടല്ലോ
നിവാരണം :
അനാദ്യത്വമല്ല, പരിവർത്തന പൂർവമായ അനാദ്യത്വമാണ് യുക്തിശൂന്യം. കാരണം , അങ്ങനെ വരുകിൽ ഓരോ പരിവർത്തനത്തിനും മുമ്പ് തീരാത്തത്രയും പരിവർത്തനങ്ങൾ തീർന്നുവെന്ന അസംബന്ധം പുലമ്പേണ്ടി വരും. അത്തരമൊരു യുക്തിരഹിതമായ അനാദ്യത്വമാണ് പ്രപഞ്ചത്തിന് നിങ്ങൾ ചാർത്തുന്നത്.
സന്ദേഹം 2 :
അങ്ങനെയെങ്കിൽ പ്രപഞ്ചം പരിവർത്തന രഹിതമായി നില കൊള്ളുകയായിരുന്നുവെന്നും പീന്നീട് ഒരു സുപ്രഭാതത്തിൽ അത് പരിവർത്തനം ആരംഭിക്കുകയായിരുന്നുവെന്നും വന്നാൽ ഉപര്യുക്ത പ്രശ്നം ഇല്ലാതാകുമല്ലോ.
നിവാരണം :
പ്രപഞ്ചത്തിന്റെ കാര്യത്തിൽ ‘കാലികമായ’ പ്രശ്നം അവസാനിപ്പിക്കാൻ മേൽ ചൊന്ന സങ്കൽപ്പത്തിനു സധിക്കുമായിരിക്കാം, എന്നാൽ ‘സ്ഥാലികമായ’ പ്രശ്നം അപ്പോഴും നിലനിൽക്കുന്നു.
വിവരണം :
പ്രപഞ്ചം സ്ഥാലികമാണ്, ഏതു സ്ഥലവും അതിന് തുല്യവുമാണ്. നിശ്ചലമായി നിൽക്കുന്ന സന്ദർഭത്തിൽ, ഒരു നിർണിത സ്ഥലത്തായിരിക്കുമല്ലോ അതിന്റെ സാന്നിധ്യം. അവിടെ ഒമ്പത് സാധ്യതകൾ നമുക്ക് കാണാം
1 - ജീവൻ, ഹിതം, ശക്തി എന്നീ ഗുണങ്ങൾ മേളിച്ച ഒന്നാണു പ്രപഞ്ചം. അപ്പൊ, അത് മറ്റൊരു സ്ഥലത്ത് നിന്നും അങ്ങോട്ട് ഹിതാനുസൃതം നീങ്ങിയെത്തിയതാണ്. ഈസാധ്യത അസംബന്ധവും വൈരുധ്യാത്മകവുമാണ്. കാരണം പരിവർത്തനം ആരംഭിക്കുന്നതിന് മുമ്പ് അതെങ്ങനെ അങ്ങോട്ട് നീങ്ങിയെത്തും.
2 - പ്രപഞ്ചം നിർജീവമാണ്. ചലനം അതിന്റെ സഹജ ഗുണമല്ല. എങ്കിലും അകാരണമായി മറ്റൊരു സ്ഥലത്ത് നിന്നും അങ്ങോട്ട് അത് എത്തിച്ചേർന്നു. ഇവിടെ രണ്ടു പ്രശ്നങ്ങൾ കാണാം.
ഒന്ന്, മുകളിൽ പറഞ്ഞ വൈരുധ്യം
രണ്ട്. ചലനം സഹജ ഗുണമല്ലാതിരുന്നിട്ടു കൂടി നിർജീവമായ വസ്തു ബാഹ്യ ചാലകമില്ലാതെ ചലിക്കുക.
3 - പ്രപഞ്ചം നിർജീവമാണ്. എന്നാൽ, ചലനം അതിന്റെ സഹജ ഗുണമാണ്. അതനുസരിച്ച്, മറ്റൊരു സ്ഥലത്ത് നിന്നും അങ്ങോട്ട് അത് സ്വയം എത്തിച്ചേർന്നതാണ്. ഇവിടെയും രണ്ടു പ്രശ്നങ്ങൾ കാണാം.
ഒന്ന്, മുകളിൽ പറഞ്ഞ വൈരുധ്യം തന്നെ,
രണ്ട്, ചലനം പ്രപഞ്ചത്തിന്റെ സഹജ ഗുണമായിട്ടും ആദ്യം അതിന് ചലനമുക്തമായ സാന്നിധ്യമുണ്ടാവുക.
4- ഏതോ ബാഹ്യ ശക്തി അതിനെ അങ്ങോട്ട് നീക്കി. ഇവിടെയും ഉപര്യുക്ത പ്രശ്നം (പരിവർത്തനം ആരംഭിക്കും മുമ്പ് അങ്ങോട്ട് നീങ്ങിയെത്തുകയെന്ന വൈരുദ്ധ്യം) നിലനിൽക്കുന്നു. പ്രപഞ്ചാതീതമായ കാരണത്തെ അംഗീകരിക്കേണ്ടി വരുന്നുമുണ്ട്. (നമുക്കിത് പ്രശ്നമല്ലെങ്കിലും നിരീശ്വര വാദത്തിന്റെ സാധുതക്ക് വേണ്ടി പ്രപഞ്ചത്തിന് അനാദ്യത്വം സങ്കൽപ്പിക്കുന്നവർക്ക് ഇതൊരു വമ്പിച്ച പ്രശ്നം തന്നെയാണ്)
5 - പ്രപഞ്ചം നിർജീവമാണ്. പ്രസ്തുത സ്ഥലത്ത് ആദ്യമേ നിലകൊള്ളുന്നു. ഇത് അസംഭവ്യമാണ്. കാരണം എല്ലാ സ്ഥലവും പ്രപഞ്ചത്തിന് തുല്ല്യമാണ്. പരസ്പരം തുല്യമായ പലതിൽ ചിലതിന് ബാഹ്യ കാരണമില്ലാതെ പ്രാമുഖ്യം ലഭിക്കില്ലെന്ന കാര്യം സുവ്യക്തവുമാണ്.
6- ജീവൻ, ഹിതം, ശക്തി എന്നീ ഗുണങ്ങൾ മേളിച്ച ഒന്നാണു പ്രപഞ്ചം. പ്രസ്തുത സ്ഥലത്ത് ഹിതാനുസാരം ആദ്യമേ അത് നിലകൊള്ളുന്നു. ഇതും ഒരു അസംബന്ധം തന്നെയാണ്. കാരണം, അനന്തമായ ചലനം അസംബന്ധമാണെന്ന് സ്ഥിരപ്പെട്ട സ്ഥിതിക്ക് ചലനം ഒരു പോയിന്റിൽ നിന്നും ആരംഭിച്ചതായിരക്കും.
അപ്പൊ പ്രഥമസ്ഥലം
(ചലനം ആരംഭിക്കും മുമ്പുള്ള സ്ഥലം) ഹിതാനുസാരം തെരഞ്ഞെടുക്കുക സാധ്യമല്ല. കാരണം പ്രഥമസ്ഥലം തെരഞ്ഞെടുക്കുന്നത് അതേ സ്ഥലത്ത് വെച്ചു തന്നെയാണെങ്കിൽ ‘സംലഭ്യമായതിനെ വീണ്ടും ലഭ്യമാക്കാൻ’ ശ്രമിക്കലാകും അത്. മറ്റൊരു സ്ഥലത്ത് വെച്ചാണെങ്കിൽ, തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലം പ്രഥമസ്ഥലമാവുകയുമില്ല.
7- അതിനെ പ്രസ്തുത സ്ഥലത്ത് ഒരു ബാഹ്യ ശക്തി ഹിതാനുസാരം അനാദിയിൽ നിറുത്തി. ഇതും അസംഭവ്യമാണ് കാരണം ബാഹ്യ ശക്തി പ്രഥമ സ്ഥലം അതിന് നിർണയിച്ചു കൊടുത്തപ്പോൾ അത് അതേ സ്ഥലത്തായിരുന്നെങ്കിൽ പ്രസ്തുത നിർണയം ‘സംലഭ്യമായതിനെ വീണ്ടും ലഭ്യമാക്കി കൊടുക്കാൻ’ ശ്രമിക്കലാകും. മറ്റൊരു സ്ഥലത്തായിരുന്നെങ്കിൽ, അത് പ്രഥമസ്ഥലം നിർണയിക്കലാവുകയുമില്ല.
8- പ്രസ്തുത സ്ഥലത്ത് ഇല്ലായ്മക്കു ശേഷം സ്വയം അത് എത്തിച്ചേർന്നു.
ഇതും മൗഢ്യമാണ്. കാരണം പരസ്പരം തുല്യമായ പലതിൽ ചിലതിന് ബാഹ്യ കാരണമില്ലാതെ പ്രാമുഖ്യം ലഭിക്കില്ലെന്ന സുവ്യക്ത സത്യത്തിന്റെ നിരാകരണമാണത്.
9 - പ്രസ്തുത സ്ഥലത്ത് ഇല്ലായ്മക്കു ശേഷം ബാഹ്യ കാരണത്താൽ അത് എത്തിച്ചേർന്നു. സ്ഥലവും മറ്റും നിർണയിക്കാനും ഉണ്മയിലേക്ക് ആനയിക്കാനും അധികാരവും വിജ്ഞാനവുമുള്ള സർവസമ്പൂർണനായ പ്രസ്തുത കാരണത്തെയാണ് അല്ലാഹു എന്നും മറ്റും വിളിക്കുന്നത്.
സന്ദേഹം 3 :
മൂന്നാമത്തെ സധ്യതയനുസരിച്ച് സഹജമായ ഗുണമായിട്ടും ചലനം നിലവിൽ വരാതിരുന്നത് ഏന്തോ വല്ല തടസ്സം മൂലമോ ഏതെങ്കിലും നിബന്ധനയുടെ അഭാവം മൂലമോ ആകാമല്ലോ എന്ന് മറുപടി പറഞ്ഞാൽ എന്ത് പറയും ?
നിവാരണം :
എ. ഈ മറുപടി ശരിയാണെന്ന് വന്നാൽ പോലും മൂന്നാം സാധ്യതയിലെ രണ്ടാം പ്രശ്നത്തെ മാത്രമാണിത് സ്പർശിക്കുന്നത്. അപ്പോഴും ഒന്നാം പ്രശ്നം മറുപടിയില്ലാതെ നെഞ്ച് വിരിച്ചു നിൽക്കുന്നു
ബി. തടസ്സം പ്രപഞ്ചത്തിന്റെ ഭാഗമാണെങ്കിൽ പിന്നീടും പ്രപഞ്ചം ചലിക്കാൻ പാടില്ല. പ്രപഞ്ചേതരമാണെങ്കിൽ, പ്രപഞ്ചേതര ശക്തിയെ അംഗീകരിക്കേണ്ടിയും വരുന്നു.
മാത്രമല്ല, ആ തടസ്സം ഇപ്പോൾ എങ്ങനെ നീങ്ങി സ്വതേ നീങ്ങിയതാണോ അതോ ആരോ ഹിതാനുസാരം നീക്കിയതാണോ ?
അതു പോലെ ഉപര്യുക്ത നിബന്ധന ഇപ്പോൾ എങ്ങനെ നിലവിൽ വന്നു. സ്വതേ നിലവിൽ വന്നതാണോ അതോ അതിനെ ആരോ ഹിതാനുസാരം ഉണ്മയിലേക്ക് ആനയിച്ചതാണോ ? എന്നീ ചോദ്യങ്ങൾ ഉയർന്നു വരുകയും അതുവഴി, മുകളിൽ നാം നിരത്തിയ സാധ്യതകൾ അതിലേക്കു കൂടി കടന്നു വരുകയും അനന്ത പശ്ചാത്ഗമനത്തിൽ അത് കലാശിക്കുകയും ചെയ്യും.
സന്ദേഹം 4 :
പദാർത്ഥികമല്ലാതിരുന്ന പ്രപഞ്ചം പദാർത്ഥികമായി / സ്ഥാലികമായി പരിണമിച്ചതാണെന്നു വന്നാൽ ഉപര്യുക്ത പ്രശ്നങ്ങൾ ഇല്ലാതാകില്ലേ ?
നിവാരണം :
എ. പദാർത്ഥേതര വസ്തുവിന്റെ ആത്മ ഗുണമാണ് സ്ഥലരാഹിത്യം. എങ്കിൽ, അത് ഇല്ലാതായാൽ ആ വസ്തു ഇല്ലാതാകും. അപ്പോൾ വസ്തു പരിണമിക്കുകയല്ല. പ്രത്യുത ശുദ്ധ ശൂന്യതയിലക്ക് അത് നിഷ്ക്രമിക്കുകയും മറ്റൊരു വസ്തു ഉണ്മയിലേക്ക് ബഹിർഗമിക്കുകയുമാണ്. അവിടെ രണ്ടു മഹാപ്രശ്നങ്ങൾ പരിണാമവാദി അഭിമുഖീകരിക്കേണ്ടി വരുന്നു
ഒന്ന്, വസ്തുവിന് സ്വന്തത്തെ ഇല്ലാതാക്കാനാവില്ല. കാരണം : ഇല്ലാതാക്കുകയെന്ന Cause (കാരണം) ഉണ്ടാവുമ്പോൾ ഇല്ലായ്മയെന്ന effect (ഫലം) നിലവിൽ വന്നിരിക്കണം. ഇല്ലാതാക്കുവാൻ ഇല്ലാതാക്കുന്ന സന്ദർഭത്തിൽ ഇല്ലാതാക്കുന്നവൻ ഉണ്ടായിരിക്കുകയും വേണം. അപ്പോൾ , ഒരു വസ്തു സ്വന്തത്തെ ഇല്ലാതാക്കുകയാണെങ്കിൽ ഒരേ സമയം അത് ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്നുവെന്ന് വരുന്നു
രണ്ട്, വസ്തു ഇല്ലാതായ ശേഷം ഉണ്മയിലെത്തുന്ന രണ്ടാം വസ്തു ശുദ്ധ ശൂന്യതയിൽ നിന്ന് ഉണ്മയിലേക്ക് സ്വയം കടന്നു വന്നുവെന്ന അസംബന്ധം പറയേണ്ടി വരുന്നു
ബി. പരിണാമം രണ്ടു രൂപത്തിൽ സങ്കൽപിക്കാം.
ഒന്ന്, സ്ഥാലികല്ലാത്ത ഒരേ ഒരു വസ്തു പ്രപഞ്ചമായി പരിണമിക്കുക. പ്രപഞ്ചം പല വസ്തുക്കളുടെ സംയുക്തമാണല്ലോ. അപ്പൊ പൂർണമായും ഏകമായ വസ്തു അനേകമായി പരിണമിച്ചുവെന്ന് പറയേണ്ടി വരും അത് സംഭവ്യമല്ല. ഒരു വിത്ത് അനേകം കൊമ്പുകളുള്ള മരമായി മാറുന്നില്ലേ എന്ന് ചോദിച്ചേക്കാം . എന്നാൽ, വിത്ത് പൂർണമായും ഏകമല്ല. വൃക്ഷാംശങ്ങൾ പൂർണമായും പരിണാമത്തിലൂടെ നിലവിൽ വരുകയുമല്ല.
രണ്ട്, അനാദ്യവും സ്ഥാലികവുമായ അനേകം വസ്തുക്കൾ അത്രയും അംശങ്ങൾ ചേർന്ന പ്രപഞ്ചമായി പരിണമിക്കുക. അപ്പോൾ അനാശ്രിതമായ വസ്തുക്കൾ പരസ്പരം ആശ്രയിക്കുന്ന അവസ്ഥയിലേക്ക് പരിണമിച്ചുവെന്ന് പറയേണ്ടി വരും. മുമ്പ് നാം പറഞ്ഞ ആത്മ ഗുണത്തിന്റെ ഇല്ലായ്മക്കു പുറമെ ബഹുദൈവത്വമെന്ന അസംബന്ധവും ബഹുദൈവങ്ങൾ ദിവ്യത്വത്തിന്റെ ഉത്തുംഗതയിൽ നിന്നും പ്രാപഞ്ചികതയുടെ നിമ്ന തലത്തിലേക്ക് അധഃപതിച്ചുവെന്ന മിഥ്യയും പുലമ്പേണ്ടതായി വരുന്നു എന്നതാണ് അതിന്റെ പ്രശ്നം.
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി
No comments:
Post a Comment