സന്ദേഹം :
ഖുർആനിനു സമാനമായ വചനം കൊണ്ട് വരാൻ സൃഷ്ടികളെ അല്ലാഹു വെല്ലുവിളിക്കുകയെന്നാൽ പ്രശസ്തനായൊരു എഴുത്തുകാരൻ തന്റെ ലേഖനത്തിനു സമാനമായത് കൊണ്ടു വരാൻ കൊച്ചു കുട്ടികളെ വെല്ലു വിളിക്കുന്നത് പോലെയല്ലെ ? ഇതൊരു ദൈവത്തിന് അനുയോജ്യമാണോ ? ഖുർആൻ ദൈവ വചനമല്ലെന്ന് ഇത് സൂചന നൽകുന്നില്ലേ? ഇനി ആ വെല്ലുവിളി സീകരിച്ച് ഖുർആനിനു സമാനമായതുമായി ആരെങ്കിലും വന്നുവെന്നിരിക്കട്ടെ, മൂല്യ നിർണയം ആരു നിർവഹിക്കും ?
നിവാരണം :
ഉപര്യുക്ത എഴുത്തുകാരൻ ഒരു അധ്യാപകനാണെന്ന് കരുതുക. അദ്ദേഹം കൊച്ചു വിദ്യാർത്ഥികൾക്ക്, അവർക്കു ഗ്രാഹ്യവും എന്നാൽ അപ്രാപ്യവുമായ ശൈലിയിൽ ഒരു സന്ദേശം ലീഡർ മുഖാന്തരം കൊടുത്തയച്ചുവെന്നും വിചാരിക്കുക.
മാഷിന്റെ സന്ദേശമാണെന്ന് ശൈലി കണ്ട മാത്രയിൽ അവർ തിരിച്ചറിഞ്ഞെങ്കിലും, അതു സ്വീകരിക്കാൻ വൈമനസ്യമുള്ള കൂട്ടുകാർ, അത് ലീഡർ എഴുതിയുണ്ടാക്കിയ വ്യാജ സന്ദേശമാണെന്നു വാദിക്കുന്നു.
ഈ സന്ദർഭത്തിൽ, തന്റെ സത്യാവസ്ഥ തെളിയിക്കാൻ വേണ്ടി നിങ്ങളും അതു പോലൊരെണ്ണം എഴുതിയുണ്ടാക്കൂ.. എന്ന് ലീഡർക്കു വെല്ലുവിളിക്കാം.സന്ദേശം വളരെ സുപ്രധാനമാണെങ്കിൽ വിശേഷിച്ചും.
വെല്ലുവിളിക്കാൻ അധ്യാപകൻ തന്നെ തന്റേതായ ശൈലിയിൽ ലീഡർക്കു നിർദ്ദേശം നൽകിയെന്നും വരാം. അധ്യാപകന്റെ മികവും തങ്ങളുടെ നിസ്സഹായതയും ബോധ്യമുള്ള കുട്ടികൾ അതിനു ശ്രമിക്കില്ല.
ഇനി പ്രസ്തുത സന്ദേശത്തിനു സമാനമായതാണെന്നും പറഞ്ഞ് ഏതെങ്കിലുമൊരു വിരുതനായ വിദ്യാർത്ഥി വല്ല കുറിപ്പുമായി വന്നുവെന്നിരിക്കട്ടെ, ആർക്കും മൂല്യനിർണയം നടത്താൻ കഴിയും വിധം താണ നിലവാരമാണതു പുലർത്തുക. ഖുർആൻറെ കാര്യവും ഇതിൽ നിന്നു ഭിന്നമല്ല.
വിശുദ്ധ ഖുർആന്റെ അസംഖ്യം വ്യതിരേകങ്ങൾ വളരെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടതുമാണ്. വേണ്ടി വന്നാൽ ആർക്കു വേണമെങ്കിലും അതവലംബിച്ചു മൂല്യനിർണയം നിർവഹിക്കാം.
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി
No comments:
Post a Comment